മനശ്ശെ

മനശ്ശെ (Manasseh)

പേരിനർത്ഥം – മറവി ഉണ്ടാക്കുന്നവൻ

യോസേഫിനു മിസ്രയീമ്യ ഭാര്യയായ ആസ്നത്തിൽ ജനിച്ച മൂത്തമകൻ. (ഉല്പ, 41:51; 46:20). യോസേഫിന്റെ പുത്രന്മാരായ മനശ്ശെയെയും എഫ്രയീമിനെയും മരണാസന്നനായ യാക്കോബ് സ്വപുത്രന്മാരായി സ്വീകരിച്ചു. എന്നാൽ ആദ്യജാതപദവിയും അതിന്റെ അനുഗ്രഹവും ലഭിച്ചത് അനുജനായ എഫ്രയീമിനാണ്. (ഉല്പ, 48:5, 14). മനശ്ശെയുടെ അനന്തര ചരിത്രത്തെക്കുറിച്ച് ഒരറിവുമില്ല. 1ദിനവൃത്താന്തത്തിൽ 7:14-ൽ മനശ്ശെയുടെ വെപ്പാട്ടിയായ അരാമ്യ സ്ത്രീ പ്രസവിച്ച മാഖീരിനെക്കുറിച്ചു പറയുന്നുണ്ട്.

മനശ്ശെഗോത്രം: യോസേഫിന്റെ മൂത്തമകനായ മനശ്ശെയിൽ നിന്നുത്ഭവിച്ച ഗോത്രം. മനശ്ശെയും എഫ്രയീമും തമ്മിലുള്ള ബന്ധം അത്ര ദൃഢമായിരുന്നില്ല. മനശ്ലെക്കു ലഭിക്കേണ്ടിയിരുന്ന ആദ്യജാതപദവി എഫ്രയീമിനാണ് ലഭിച്ചത്. യിസ്രായേല്യരുടെ ദേശീയനേതാവായിരുന്ന യോശുവ എഫ്രയീമ്യനായിരുന്നു. എഫ്രയീമ്യർക്കു ലഭിച്ച ദേശം ഫലഭൂയിഷ്ഠവും ഗതാഗത സൗകര്യങ്ങൾ ഉള്ളതും ആയിരുന്നു. ഏബാൽ, ഗെരിസീം , ശീലോവ്, ശെഖേം, ശമര്യ എന്നിവ എഫ്രയീമിലായിരുന്നു. വിഭജനശേഷം ഉത്തര രാജ്യത്തിന്റെ പ്രധാനഭാഗം എഫ്രയീമായി മാറി. 

മനശ്ശെ ജനസംഖ്യയിൽ വലിയ ഗോത്രമായിരുന്നു. സീനായി മരുഭൂമിയിൽ വച്ചു കണക്കെടുത്തപ്പോൾ മനശ്ശെ ഗോത്രത്തിൽ സൈന്യസേവനത്തിനു പ്രാപ്തിയുള്ള 32,200 പേരുണ്ടായിരുന്നു. (സംഖ്യാ, 1:19, 35; 2:20,21). 40 വർഷത്തിനു ശേഷം മോവാബ് സമഭൂമിയിൽ വച്ച് ജനസംഖ്യ എടുത്തപ്പോൾ അവരുടെ എണ്ണം 52,700 ആയി വർദ്ധിച്ചു. ഹെബ്രോനിൽ ദാവീദ് രാജാവായപ്പോൾ പശ്ചിമ മനശ്ശെഗോത്രം 18,000 പേരെയും, പൂർവ്വ മനശ്ശെഗോത്രം രൂബേൻ, ഗാദ് എന്നിവരോടൊപ്പം 120,000 പേരെയും അയച്ചുകൊടുത്തു. (1ദിന, 12:31, 37). മനശ്ശെഗോത്രത്തിൽ ഒരു വിഭാഗം കർഷകരും മറ്റു വിഭാഗം ഇടയന്മാരും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ സന്തതികൾ ഉത്തരഗിലെയാദും ബാശാനും ആക്രമിച്ചു. അമോര്യരെ ഓടിച്ച് അവർ ദേശം കൈവശമാക്കി. (സംഖ്യാ, 32:29-42). 

മനശ്ശെയുടെ പുത്രന്മാരായ മാഖീരും (യോശു, 17:1), യായീരും (ആവ, 3:14), നോബഹും (സംഖ്യാ, 32:42) വീരപരാക്രമികൾ ആയിരുന്നു. ന്യായാധിപന്മാരിൽ നാലുപേർ മനശ്ശെ ഗോത്രത്തിലുള്ളവരാണ്: ഗിദെയോൻ, അബീമേലെക്, യായീർ, യിഫ്താഹ്. ന്യായാധിപന്മാരിൽ വച്ചു ഏറ്റവും മഹാനായിരുന്നു ഗിദെയോൻ. വിഗ്രഹാരാധനയിൽ അവർ വഴുതിവീണു. (1ദിന, 5:25). ആദ്യം തന്നെ അവർക്കു പ്രവാസികളായി പോകേണ്ടിവന്നു. (1ദിന, 5:25,26). ആസാ രാജാവിന്റെ കാലത്തു നടന്ന മതനവീകരണത്തിൽ മനശ്ശെഗോത്രവും സഹകരിച്ചു. (2ദിന, 15;9-15). യെഹിസ്ക്കീയാ രാജാവിന്റെ കാലത്തു ഭക്തന്മാരായ ചിലർ പെസഹ ആചരിക്കുന്നതിനു യെരുശലേമിലേക്കു പോയി. (2ദിന, 30:10-22).

Leave a Reply

Your email address will not be published.