മക്കെദോന്യ

മക്കെദോന്യ (Macedonia)

ഇന്നു ബാൾക്കൻ ഉപദ്വീപെന്ന് അറിയപ്പെടുന്ന പ്രദേശത്തിന്റെ കേന്ദ്രഭാഗം. അഖായയ്ക്ക് വടക്കായി പടിഞ്ഞാറു അദ്രിയാറ്റിക്കു സമുദ്രം മുതൽ കിഴക്കു ഈജിയൻ കടൽവരെ വ്യാപിച്ചു കിടന്നിരുന്നു. പ്രധാനമായും മലമ്പ്രദേശമാണ്. പൗരാണിക കാലത്തു പാശ്ചാത്യ പൗരസ്ത്യദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു മക്കെദോന്യ. ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും നാലാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലും മക്കദോന്യ അഥീനിയൻ സംസ്കാരത്തിന്റെ ശക്തമായ സ്വാധീനത്തിലമർന്നു. ബി.സി. 408/407-ൽ യുറിപ്പിഡീസ് മക്കദോന്യയിൽ കുടിയേറിപ്പാർത്തു. പ്ലേറ്റോയുടെ മരണശേഷം അരിസ്റ്റോട്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ അദ്ധ്യാപകനായി മക്കദോന്യയിലേക്കു (ബി.സി. 343/342 ) വന്നു. ജനത ഏറിയകൂറും ഇൻഡോ-യുറോപ്യൻ വംശജരാണ്. ഹെരൊഡോട്ടസ് പറയുന്നതനുസരിച്ചു മക്കെദോന്യാ രാജ്യം സ്ഥാപിച്ചത് പെർഡിക്കാസ് (Perdikkas I) പ്രഥമനാണ്. ബി.സി. 640-ൽ അദ്ദേഹം മക്കദോന്യ സമതലം ആക്രമിച്ചു കീഴടക്കി. തുടർന്നു ആറു രാജാക്കന്മാരുടെ പേരുകൾ ഹെരൊഡോട്ടസ് പറയുന്നുണ്ട്. ഫിലിപ്പ് ഒന്നാമൻ, അമിന്താസ് ഒന്നാമൻ, അലക്സാണ്ടർ ഒന്നാമൻ, പെർഡിക്കാസ് രണ്ടാമൻ (ബി.സി. 450-413), അർക്കെലാവൊസ് (ബി.സി. 413-399) എന്നിവർ പ്രധാനികളാണ്. ബി.സി. 359-ൽ ഫിലിപ്പ് രണ്ടാമൻ (അമിന്താസ് മൂന്നാമന്റെ പുത്രൻ) അധികാരത്തിൽ വന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് മക്കെദോന്യ സാമ്രാജ്യം പാബല്യം പ്രാപിച്ചത്. ബി.സി. 338-ൽ ഖെയ്റോന്യയിൽ (Chaeroneia) വച്ചുണ്ടായ യുദ്ധത്തിൽ അധികം ഗ്രീക്കു നഗരരാഷ്ട്രങ്ങളെയും അദ്ദേഹം പരാജയപ്പെടുത്തി. അനന്തരം ബി.സി. 336-ൽ പേർഷ്യക്കെതിരെ യുദ്ധത്തിനു സൈന്യം അയച്ചു. യുദ്ധത്തിനു പോകാനൊരുങ്ങവെ അദ്ദേഹം വധിക്കപ്പെട്ടു. ഫിലിപ്പു രണ്ടാമന്റെയും ഒളിംപിയയുടെയും മകനായ അലക്സാണ്ടർ മൂന്നാമൻ രാജാവായി. മഹാനായ അലക്സാണ്ടർ എന്നു ചരിത്രത്തിൽ പ്രഖ്യാതനായ അദ്ദേഹം ഇരുപതാമത്തെ വയസ്സിൽ ചക്രവർത്തിയായി. ബി.സി. 323-ൽ അദ്ദേഹം മരിക്കുമ്പോൾ മക്കെദോന്യ സാമ്രാജ്യം സിന്ധു നദിവരെ വ്യാപിച്ചിരുന്നു. ബി.സി. 167-ൽ മക്കെദോന്യ റോമിന്റെ ഭാഗമായി. 

യൂറോപ്പിൽ ക്രിസ്തുമതം ആദ്യം പ്രവേശിച്ചതു മക്കെദോന്യയിൽ ആയിരുന്നു. (ഫിലി, 4:15). പൗലൊസ് സ്വപ്നത്തിൽ കണ്ട മക്കെദോന്യക്കാരനായ പുരുഷൻ (പ്രവൃ, 16:9) ലൂക്കൊസ് ആയിരിക്കണം. ലൂക്കൊസ് മക്കെദോന്യയിലെ ഫിലിപ്പിയിൽ ദീർഘകാലം പാർക്കുന്നവനായിരുന്നു. ഒന്നിലധികം പ്രാവശ്യം പൗലൊസ് മക്കെദോന്യയിലേക്കു പോയി. പ്രവൃ, 19:21; 20:1-3; 1കൊരി, 16:5; 2കൊരി, 1:16). അപ്പൊസ്തലനോടു വളരെ അടുപ്പം ഉള്ളവരായിരുന്നു മക്കദോന്യർ. സോപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തോസ്, ഗായൊസ്, എപ്പിഫ്രാദിത്തൊസ് (പ്രവൃ, 17:11; 20:4; ഫിലി, 4:10-19; 1തെസ്സ, 2:8, 17-20; 3:10) എന്നിവർ അവരിൽ ചിലരത്രേ. മക്കെദോന്യസഭയിലെ നായകരിൽ സ്ത്രീകളും ഉണ്ടായിരുന്നു. യെരൂശലേം സഭയ്ക്കുവേണ്ടി പൗലൊസ് നടത്തിയ ധർമ്മ ശേഖരത്തിലേക്ക് മക്കദോന്യസഭകൾ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയാ നല്കി. (2കൊരി,8:1-5).

Leave a Reply

Your email address will not be published.