ഫീലിപ്പോസ് II

ഹെരോദാ ഫീലിപ്പോസ് (Herod Philip II)

ഭരണകാലം ബി.സി. 4–എ.ഡി. 34. മഹാനായ ഹെരോദാവിന്റെയും ക്ലിയോപാട്രയുടെയും പുത്രൻ. ഹെരോദാവിന്റെ മരണപ്പത്രം അനുസരിച്ചു രാജ്യത്തിന്റെ പകുതി അർക്കെലയൊസിനും പകുതി ഫീലിപ്പോസ് രണ്ടാമനും അന്തിപ്പാസിനുമായി നല്കി. ബതനയ്യാ, ത്രഖൊനിത്തിസ്, ഔറൊനിത്തിസ്, ഇതുര്യ എന്നിവയാണു ഇയാൾക്കു ലഭിച്ചത്. (ലൂക്കൊ, 3:1). പലസ്തീനിലെ ഉത്തരപൂർവ്വഭാഗത്താണ് ഈ ദേശങ്ങൾ. ഹെരോദാ രാജാക്കന്മാരിൽ വച്ചു ഏറ്റവും നല്ല വ്യക്തി ഇയാളാണ്. ഇയാളുടെ ഭരണം ദീർഘവും ശാന്തവും നീതിപൂർണ്ണവുമായിരുന്നു. പ്രജകളെക്കുറിച്ചുള്ള പരിഗണന പ്രത്യേകം പ്രസ്താവ്യമാണ്. യാത്രയിൽപ്പോലും പ്രജകളുടെ കാര്യം നിവർത്തിച്ചു കൊടുക്കയും ആവലാതികൾ കേട്ടു പരിഹാരം നിർദ്ദേശിക്കയും ചെയ്തിരുന്നു. ധാരാളം വികസന പ്രവർത്തനങ്ങൾ ചെയ്തു. ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിൽ ഒരു പുതിയ പട്ടണം പണിതു ഫിലിപ്പിന്റെ കൈസര്യ എന്നു പേരിട്ടു. (മത്താ, 16:13). ബേത്ത്-സയിദ ഗ്രാമത്തെ ഒരു നഗരത്തിന്റെ പദവിയിലുയർത്തി. ഔഗുസ്തൊസ് കൈസറുടെ പുത്രിയായ ജൂലിയയുടെ സ്മരണാർത്ഥം ആ പട്ടണത്തിനു ജൂലിയാസ് എന്നു പേരിട്ടു. എ.ഡി. 34-ൽ ഇയാൾ മരിച്ചു. ഹെരോദ്യയുടെ മകളായ സലോമിയായിരുന്നു ഭാര്യ. അവർക്കു മക്കളില്ലായിരുന്നു. മരണാനന്തരം അയാളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സുറിയാ പ്രവിശ്യയോടു ചേർത്തു. മേല്പറഞ്ഞ നാലുപേരും മഹാനായ ഹെരോദാവിന്റെ രണ്ടാം തലമുറയിലുള്ളവരാണ്. മൂന്നാം തലമുറയിലുള്ളവരാണ് അഗ്രിപ്പാ ഒന്നാമനും രണ്ടാമനും.

Leave a Reply

Your email address will not be published. Required fields are marked *