ഫിലദെൽഫ്യ

ഫിലദെൽഫ്യ (Philadelphia)

പേരിനർത്ഥം — സഹോദര സ്നേഹം

പശ്ചിമ ഏഷ്യാമൈനറിലെ ലുദിയാ പ്രവിശ്യയിലെ ഒരു പട്ടണം. സർദ്ദീസിനു 48 കി.മീറ്റർ തെക്കുകിഴക്കും ലവൊദിക്ക്യയ്ക്ക് 80 കി.മീറ്റർ വടക്കു പടിഞ്ഞാറുമായി കൊഗാമിസ് നദിയുടെ തെക്കുഭാഗത്തുള്ള പീഠഭൂമിയിൽ ഫിലദെൽഫ്യ സ്ഥിതിചെയ്യുന്നു. ഹെർമസ് നദിയുടെ പോഷകനദിയാണ് കൊഗാമിസ്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ പെർഗ്ഗമൊസ് രാജാവായ യൂമെനിസ് (Eumenes) ആയിരിക്കണം ഈ പട്ടണം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സഹോദരനായ അട്ടാലസ് ഫിലാഡെൽഫസിൻ്റെ (Attalus Philadelphus) പേരാണ് പട്ടണത്തിനു നല്കിയത്. ഇവരുടെ സഹോദരസ്നേഹം പ്രസിദ്ധമാണ്. തുടർച്ചയായുള്ള ഭൂകമ്പങ്ങൾക്കു ഫിലദെൽഫ്യ വിധേയമായിരുന്നു. എ.ഡി. 17-ൽ ഉണ്ടായ വലിയ ഭൂകമ്പം പട്ടണത്തെ നശിപ്പിച്ചു. തുടർച്ചയായ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവപ്പെട്ടതു കൊണ്ട് ആളുകൾ പട്ടണത്തിനു പുറത്തുപോയി പാർത്തു. റോമിൽ നിന്നുളള ധനസഹായം മൂലം പട്ടണം പുതുക്കിപ്പണിതു. തുടർന്നു ‘നെയോകൈസാറിയ’ (പുതിയ കൈസര്യ) എന്നു അറിയപ്പെട്ടു. ഈ പ്രദേശത്തു യെഹൂദന്മാരുണ്ട്. ക്ഷേത്രങ്ങൾക്കും ഉത്സവങ്ങൾക്കും പുകഴ്പെറ്റ സ്ഥലമാണ്. അതിനാൽ ഈ പട്ടണം ‘ചെറിയ ആതൻസ്’ (Little Athens) എന്ന പേരിലറിയപ്പെട്ടു. പ്രധാനകൃഷി മുന്തിരിയാണ്. ഡയോനിസസ് ആണു പ്രധാനദേവൻ. പട്ടണത്തിന്റെ ആധുനികനാമം അലാ-ഷെഹെർ (ദൈവനഗരം) ആണ്. വെളിപ്പാട് 1:11; 3:7-11-ൽ മാത്രമാണ് ഫിലദെൽഫ്യ പട്ടണത്തെക്കുറിച്ചു പരാമർശിച്ചിട്ടുളളത്. ഏഴു സഭകൾക്കുള്ള ലേഖനങ്ങളിൽ ആറാമത്തേത് ഫിലദെൽഫ്യ സഭയാണ്. ഒന്നാം ലോകമഹായുദ്ധം വരെയും ഒരു നാമമാത്രമായ ക്രൈസ്തവസാക്ഷ്യം ഈ പട്ടണത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *