പാനപാത്രവാഹകൻ ന്യായപ്രമാണത്തിലേക്ക്

പാനപാത്രവാഹകൻ ന്യായപ്രമാണത്തിലേക്ക്

ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനും ദൗത്യങ്ങൾ ഏറ്റെടുക്കുവാനും അനേകർ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പ്രാർത്ഥിക്കുന്നതാടൊപ്പം ദൈവം നൽകിയിരിക്കുന്ന അവസരങ്ങൾ അതിനായി പ്രയോജനപ്പെടുത്തുവാൻ അവർക്കു കഴിയാത്തതിനാൽ ദൗത്യങ്ങൾ അവരെ ഏല്പിക്കുവാൻ ദൈവത്തിനു കഴിയുന്നില്ല. ശൂശൻ രാജധാനിയിലെ പാനപാത്ര വാഹകനായിരുന്ന നെഹെമ്യാവ് യെരൂശലേമിൽനിന്നു വന്ന തന്റെ സഹോദരന്മാരിൽ നിന്ന് യെരൂശലേമിന്റെ തകർന്ന അവസ്ഥയെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ വ്യാകുലപ്പെട്ടു കണ്ണുനീരൊഴുക്കി. യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ അഗ്നിയാൽ ദഹിച്ചും കിടക്കുന്നുവെന്നു കേട്ട് ദുഃഖിക്കേണ്ട ആവശ്യം നെഹെമ്യാവിനില്ലായിരുന്നു. കാരണം, രാജാവിന്റെ പാനപാത്രവാഹകനായി ശൂശൻരാജധാനിയിൽ സർവ്വ സുഖസൗകര്യങ്ങളോടും കൂടെയാണ് അവൻ ജീവിച്ചിരുന്നത്. പക്ഷേ, അവൻ യെരുശലേമിന്റെ ഉദ്ധാരണത്തിനായി കണ്ണുനീരോടെ ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. (നെഹെ, 1:4). ഒരു ദിവസം രാജാവിനു വീഞ്ഞു പകർന്നുകൊണ്ടിരിക്കുമ്പോൾ അവന്റെ മുഖം മ്ലാനമായിരിക്കുന്നതിന്റെ കാരണം രാജാവ് അവനോട് ആരാഞ്ഞു. അപ്പോൾ യെരൂശലേമിന്റെ ദയനീയ സ്ഥിതിയെക്കുറിച്ച് രാജാവിനോടറിയിച്ച നെഹെമ്യാവ് യെരുശലേമിന്റെ മതിൽ പണിയുവാൻ തന്നെ അയയ്ക്കണമെന്ന് അപേക്ഷിച്ചു. രാജാവ് നെഹെമ്യാവിന്റെ ആഗ്രഹത്തെ മാനിച്ച് അതിനാവശ്യമായ ശുപാർശക്കത്തുകൾ നൽകി അവനെ യെരുശലേമിലേക്ക് അയച്ചു. മതിൽ പണി ആരംഭിച്ചപ്പോൾ സൻബല്ലത്ത്, തോബിയാവ് തുടങ്ങിയവരുടെ ശക്തമായ എതിർപ്പുണ്ടായി. “ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈകൊണ്ട് ആയുധം പിടിക്കുകയും ചെയ്തു. പണിയുന്നവർ അറയ്ക്കുവാൾ കെട്ടിക്കൊണ്ടു പണിതു.” (നെഹെ, 4:17,18). നിരന്തരമായ പ്രാർത്ഥനയോടെ നെഹെമ്യാവും അവനോടൊപ്പം ഉണ്ടായിരുന്നവരും രാത്രിയും പകലും ഒരുപോലെ പണി നടത്തിക്കൊണ്ടിരുന്നു. അങ്ങനെ 52 ദിവസംകൊണ്ട് യെരൂശലേമിന്റെ മതിൽ പണിതു പൂർത്തിയാക്കി. യെരൂശലേമിന്റെ ഉദ്ധാരണത്തിനുവേണ്ടി കണ്ണുനീരോടെ ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്ന നെഹെമ്യാവിന് പാനപാത്രവാഹകനെന്ന നിലയിൽ രാജാവിന്റെമേൽ സ്വാധീനം ചെലുത്തുവാൻ കഴിയുമായിരുന്നു. ആ അവസരം ഭവിഷ്യത്തുകളെ ഭയപ്പെടാതെ അവൻ ഉപയോഗിച്ചതുകൊണ്ടാണ് തന്റെ ദൗത്യം ഏറ്റെടുക്കുവാൻ ദൈവം അവനെ അനുവദിച്ചത്. അങ്ങനെ ദൈവിക ദൗത്യം പൂർത്തിയാക്കിയപ്പോൾ നെഹെമ്യാവിന് ദൈവം തന്റെ ന്യായപ്രമാണ പുസ്തകത്തിൽ സ്ഥാനം നൽകി. നമുക്കു ലഭിക്കുന്ന ചെറിയ സന്ദർഭങ്ങൾപോലും ദൈവത്തിനായി പ്രയോജനപ്പെടുത്തുമ്പോഴാണ് ദൈവം വലിയ ദൗത്യങ്ങൾ നമ്മെ ഭരമേല്പ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *