പശുക്കൾ

കിടാക്കളെ മറന്നു യാത്രചെയ്ത പശുക്കൾ

യുദ്ധക്കളത്തിൽനിന്നു തോറ്റോടിയ യിസ്രായേൽ സൈന്യങ്ങളിൽനിന്ന് ഫെലിസ്ത്യർ യഹോവയുടെ പെട്ടകം വിജയഭേരിയോടെയാണ് പിടിച്ചെടുത്തത്. അവർ അത് ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി, അവരുടെ ദേവനായ ദാഗോന്റെ ക്ഷേത്രത്തിൽ, ദാഗോന്റെ വിഗ്രഹത്തിനു സമീപത്തുവച്ചു. എന്നാൽ അസ്തോദ് നിവാസികൾ അതിരാവിലെ എഴുന്നേറ്റപ്പോൾ കണ്ടത്, ദാഗോന്റെ വിഗ്രഹം യഹോവയുടെ പെട്ടകത്തിനു മുമ്പിൽ കമിഴ്ന്നു വീണു കിടക്കുന്നതാണ്. അവർ വീണ്ടും തങ്ങളുടെ ദേവനായ ദാഗോന്റെ വിഗ്രഹത്ത പൂർവ്വ സ്ഥാനത്തുറപ്പിച്ചു. അടുത്ത പ്രഭാതത്തിൽ അവർ എഴുന്നേറ്റു നോക്കിയപ്പോൾ ദാഗോന്റെ വിഗ്രഹം പിന്നെയും യഹോവയുടെ പെട്ടകത്തിനു മുമ്പിൽ കമിഴ്ന്നുവീണു കിടക്കുന്നതും അതിന്റെ തലയും കൈകളും ഉടലിൽനിന്നു വേർപെട്ടിരിക്കുന്നതും കണ്ടു. (1ശമൂ, 5:4). മാത്രമല്ല, യഹോവ അസ്തോദ് നിവാസികളെ സംഹരിക്കുകയും അവരെ മൂലക്കുരുക്കളാൽ കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ഭയവിഹ്വലരായ അവർ യഹോവയുടെ പെട്ടകം ഗത്തിലേക്ക് അയച്ചു. അവിടെയും യഹോവയുടെ കൈ അവർക്കു ഭാരമായിരുന്നു. ഗത്തിലെ ചെറിയവരും വലിയവരുമായ പുരുഷന്മാരെ ദൈവം സംഹരിക്കുകയും മൂലക്കുരുക്കളാൽ പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് അവർ പെട്ടകം തങ്ങളുടെ മറ്റൊരു പട്ടണമായ എക്രോനിലേക്ക് അയച്ചു. അവിടെയും യഹോവ അവരെ പീഡിപ്പിച്ച് സംഹാരം തുടർന്നപ്പോൾ ഫെലിസ്ത്യർ തങ്ങളുടെ പ്രശ്നക്കാരുടെയും പുരോഹിതന്മാരുടെയും ഉപദേശപ്രകാരം പ്രായശ്ചിത്തമായി യഹോവയ്ക്ക് സ്വർണ്ണം കൊണ്ട് അഞ്ച് എലികളും അഞ്ചു മൂലക്കുരുക്കളും നിർമ്മിച്ചു. മാത്രമല്ല, ഒരു പുതിയ വണ്ടിയിൽ നുകം വച്ചിട്ടില്ലാത്ത കറവയുള്ള രണ്ടു പശുക്കളെ കെട്ടിയശേഷം യഹോവയുടെ പെട്ടകവും പ്രായശ്ചിത്തമായി നിർമ്മിച്ച സ്വർണ ഉരുപ്പടികളും വണ്ടിയിൽ വച്ച് പശുക്കളെ സ്വതന്ത്രമായി വണ്ടി വലിച്ചുകൊണ്ടു പോകുവാൻ അനുവദിച്ചു. അവയുടെ കിടാക്കളെയാകട്ടെ, അവയുടെ അടുത്തു നിന്നു മടക്കിക്കൊണ്ടുപോയി വീട്ടിൽ അടച്ചിട്ടു. പശുക്കൾ തങ്ങളുടെ കിടാക്കളുടെ അടുത്തേക്കു പോകാതെ, ആരുടെയും നിയന്ത്രണമില്ലാതെ, സ്വയമേവ സഞ്ചരിച്ച് എകദേശം 20 മൈൽ അകലെയുള്ള യിസ്രായേൽ പട്ടണമായ ബേത്ത്-ശേമെശിൽ എത്തി. (1ശമൂ, 6:12). അങ്ങനെ സർവ്വദേവന്മാർക്കുംമീതേ ഉന്നതനും സർവ്വശക്തനായ ദൈവമാണ് താനെന്ന് ഫെലിസ്ത്യർക്കു മാത്രമല്ല, യിസ്രായേൽമക്കൾക്കും യഹോവയാം ദൈവം ഒരിക്കൽക്കൂടി സ്പഷ്ടമായി തെളിയിച്ചുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *