പരീശന്മാർ

പരീശന്മാർ

സെരൂബ്ബാബേലിന്റെയും എസ്രായുടെയും കാലത്ത് വേർപാടു പാലിച്ച ഒരു വിഭാഗം യെഹൂദന്മാർ പരീശന്മാർ എന്നു അറിയപ്പെട്ടു. വിജാതീയരുടെ വാസസ്ഥാനങ്ങളിൽ നിന്നും അവരുടെ അശുദ്ധിയിൽ നിന്നും ഇവർ വേർപെട്ട് വിശുദ്ധജീവിതം നയിച്ചുവന്നു. (എസ്രാ, 6:21; 9:1; 10:11; നെഹെ, 9:2; 10:29). വിജാതീയരുടെ മാത്രമല്ല, യിസ്രായേല്യരുടെയും അശുദ്ധിയിൽ നിന്നൊഴിഞ്ഞു നില്ക്കാൻ അവർ ശ്രമിച്ചു. പരീശന്മാർ എന്ന പേർ പ്രതിയോഗികളായിരിക്കണം അവർക്കു നൽകിയത്. അവർ സ്വയം വിളിച്ചിരുന്നത് ‘ഹബറീം’ എന്നായിരുന്നു. അരാമ്യയിൽ ‘ഹബാർ’ സഖിയാണ്. ബി.സി. നാലാം ശതകത്തിൽ യിസ്രായേല്യർ ഗ്രീക്കുകാരുടെ മേൽക്കോയ്മയ്ക്ക് കീഴടങ്ങി. അതോടു കൂടിയുണ്ടായ ഗ്രീക്കുസംസ്കാരത്തിന്റെ അതിപ്രസരം യെഹൂദന്മാരുടെ വിശ്വാസാചാരങ്ങളിൽ വളരെയധികം മാറ്റം വരുത്തി. ഈ ദുഷ്പ്രവണതയെ ചെറുത്ത് ന്യായപ്രമാണം കൃത്യമായി അനുഷ്ഠിക്കുവാൻ ന്യായപ്രമാണത്തോടു സഖിത്വം പാലിച്ചവൻ എന്ന അർത്ഥത്തിലാണ് ഹബർ എന്ന പദം പ്രയോഗിച്ചു കാണുന്നത്. 

പരീശന്മാർക്കു ഒരു പ്രത്യേക ഉപദേശസംഹിത ഉണ്ടായിരുന്നു. അമർത്ത്യതയിൽ അവർ അടിയുറച്ചു വിശ്വസിച്ചു. ആത്മാവ് അവിനാശിയാണ്. നീതിമാന്മാരുടെ ആത്മാവ് വീണ്ടും ശരീരത്തിൽ പ്രവേശിക്കും (പുനരുത്ഥാനം പ്രാപിക്കും). എന്നാൽ ദുഷ്ടന്മാരുടെ ആത്മാക്കൾ നിത്യദണ്ഡനത്തിനു വിധേയമാകും. ആത്മാക്കൾക്ക് അമർത്യശക്തി ഉണ്ടെന്നു അവർ പഠിപ്പിച്ചു. ദൈവദൂതന്മാരുടെയും ആത്മാക്കളുടെയും അസ്തിത്വം അവർ അംഗീകരിച്ചു. “പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.” (പ്രവൃ, 23:8). എന്നാൽ സദൂക്യർ ദൂതന്മാരുടെയും ആത്മാക്കളുടെയും അസ്തിത്വം നിഷേധിച്ചു. എല്ലാ കാര്യങ്ങളും ദൈവത്തിലും വിധിയിലും ആണ് നിലനിൽക്കുന്നത്. നന്മ ചെയ്യുകയാണ് മനുഷ്യന്റെ കർത്തവ്യം. എല്ലാ പ്രവൃത്തികളിലും വിധി സഹകരിക്കുന്നു. വിശ്വാസത്താലാണ് എല്ലാം പൂർത്തിയാക്കുന്നത്. ദൈവത്തിന്റെ കരുതലിലൂടെയാണ് സർവ്വവും ഭവിക്കുന്നത്.

രാഷ്ട്രീയകാര്യങ്ങളെ മതപരമായ വീക്ഷണത്തിലാണ് പരീശന്മാർ സമീപിച്ചത്. അവർ ഒരു രാഷ്ട്രീയ കക്ഷി ആയിരുന്നില്ല. ന്യായപ്രമാണത്തിന്റെ കൃത്യമായ ആചരണം രാഷ്ട്രീയ ചിന്തയോടെയല്ല മതപരമായ ലക്ഷ്യത്തോടെയാണ് അവർ നിർവ്വഹിച്ചത്. ഏതു സർക്കാരും അവർക്കു സ്വീകാര്യമായിരുന്നു. സർക്കാർ പരീശന്മാരുടെ ന്യായപ്രമാണാചരണ വ്യഗ്രതയെ എതിർക്കുമ്പോൾ മാത്രമാണ് അവർ സർക്കാരിനെ എതിർത്തിരുന്നത്. രണ്ടു വ്യത്യസ്ത മതപര വീക്ഷണങ്ങളിലാണ് അവർ പ്രവർത്തിച്ചത്. ഒന്ന്; ദൈവിക കരുതൽ: ദൈവിക കരുതലിൽ അടിയുറച്ചു വിശ്വസിച്ച അവർ യിസ്രായേലിന്റെ മേൽക്കോയ്മ ദൈവഹിതമാണെന്നു മനസ്സിലാക്കി. തന്മൂലം വിദേശീയ രാജാക്കന്മാർക്കു പോലും പരീശന്മാർ സ്വമനസ്സാ വിധേയപ്പെട്ടു. ന്യായപ്രമാണാചരണം വിഘ്നപ്പെടാതിരുന്നാൽ മാത്രം മതി. രണ്ട്; യിസായേലിന്റെ തിരഞ്ഞെടുപ്പ്: യിസ്രായേലിനു ദൈവം അല്ലാതെ ഒരു രാജാവുമില്ല. ദൈവം അഭിഷേകം ചെയ്ത ദാവീദിന്റെ ഗൃഹത്തിലുള്ളവരെയാണ് അവർ യഥാർത്ഥ രാജാക്കന്മാരായി അംഗീകരിച്ചത്. ജാതികളുടെ മേൽക്കോയ്മ നിയമാനുസരണമുള്ളതല്ല. ഈ വീക്ഷണത്തിലാണ് ഒരു ജാതീയ ശക്തിക്ക് കരം കൊടുക്കുന്നത് ന്യായമാണാനുസരണം ആണോ അല്ലയോ എന്ന പ്രശ്നം വന്നത്. (മത്താ, 22:17; മർക്കൊ, 12:14; ലൂക്കൊ, 20:22). 

തങ്ങൾ അശുദ്ധരാകും എന്ന ഭയം നിമിത്തം വിജാതീയരുമായുള്ള അടുപ്പം യിസ്രായേല്യർ ഒഴിവാക്കിയിരുന്നു. എന്നാൽ പരീശന്മാർ പരീശന്മാർ അല്ലാത്ത യെഹൂദന്മാരോടുള്ള അടുപ്പവും ഒഴിവാക്കി. യേശുക്രിസ്തു ചുങ്കക്കാരോടും പാപികളോടും ഇടപെട്ടതും അവരുടെ വീടുകളിൽ പോയതും പരീശന്മാർ കുറ്റകരമായി കണ്ടു. (മർക്കൊ, 2:14-17; മത്താ, 9:9-13; ലൂക്കൊ, 5:27-32). തല്മൂദ് അനുസരിച്ച് ഏഴുതരത്തിലുള്ള പരീശന്മാർ ഉണ്ടായിരുന്നു. 1. ശെഖേമ്യ പരീശൻ: ഇവർ എന്തെങ്കിലും പ്രയോജനം നേടാൻ വേണ്ടിയാണ് ന്യായപ്രമാണം അനുഷ്ഠിക്കുന്നത്. ദീനയെ നേടുന്നതിനുവേണ്ടി ശെഖേം പരിച്ഛേദനത്തിനു വിധേയപ്പെട്ടതുപോലെ. (ഉല്പ, 34:19). 2. ഇടറിവീഴുന്ന പരീശൻ: എളിയവനെപ്പോലെ തോന്നിപ്പിക്കുന്നതിന് ഇവർ എല്ലായ്പ്പോഴും തലകുനിച്ച് നടക്കുന്നു. 3. രക്തം ഒലിപ്പിക്കുന്ന പരീശൻ: സ്ത്രീയെ കാണാതിരിക്കാൻ വേണ്ടി കണ്ണടച്ചു നടന്നു അവർ ഇടയ്ക്കിടെ വീണു മുറിവേല്ക്കും. 4. ഉരൽ പരീശൻ: അശുദ്ധിയും കളങ്കവും കാണാതിരിക്കാൻ വേണ്ടി കണ്ണുമൂടത്തക്കവണ്ണം ഉരലിന്റെ ആകൃതിയിലുള്ള തൊപ്പി ധരിക്കുന്നു . 5. ‘ഇനിയെന്തു ചെയ്യണം’ പരീശൻ: ന്യായപ്രമാണത്തിൽ അധികം അറിവില്ലാത്ത ഇവർ എന്തെങ്കിലും ചെയ്തു കഴിഞ്ഞശേഷം ‘ഇപ്പോൾ എന്റെ കടമ എന്താണ് അതു ചെയ്യാം’ എന്നു ചോദിക്കും. (മർക്കൊ, 10:1-22). 6  ഭീതപരീശൻ: ഭാവിന്യായവിധിയെ ഭയന്നാണ് ഈ പരീശൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നത്. 7. സ്നേഹപൂർണ്ണനായ പരീശൻ: പൂർണ്ണഹൃദയത്തോടുകൂടെ ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് അവൻ ന്യായപ്രമാണം അനുസരിക്കുന്നത്. 

ന്യായപ്രമാണം നീക്കുവാനല്ല നിവർത്തിക്കാനായിരുന്നു യേശുക്രിസ്തു വന്നത്. (മത്താ, 5:17). അക്ഷരാർത്ഥത്തിൽ ന്യായപ്രമാണം അനുസരിച്ച പരീശന്മാർ അതിന്റെ അന്തസ്സത്തയെ നഷ്ടപ്പെടുത്തുകയായിരുന്നു. കൊലചെയ്യരുത് എന്ന കല്പനയെ അവർ അക്ഷരാർത്ഥത്തിൽ പാലിച്ചു. എന്നാൽ കൊലയ്ക്കു ഹേതുവായ അന്തശ്ചോദനകളെയും വികാരങ്ങളെയും അവർ ലഘുവായി കണ്ടു. കോപം ന്യായയുക്തമാണെന്ന് അവർ കരുതി. (മത്താ, 5:21,22). ചെറിയ കാര്യങ്ങളിൽപ്പോലും കർക്കശമായ നിയമങ്ങൾ അവർ ജനങ്ങളുടെമേൽ ചുമത്തി. ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ സാരവത്തായ കാര്യങ്ങളെ അവർ അവഗണിച്ചു. (മത്താ, 23:23; ലൂക്കൊ, 11:42). തന്മൂലം യേശു അവരെ വെള്ളതേച്ച കല്ലറകളോടുപമിച്ചു. (മത്താ, 23:27). പരീശന്മാർ സ്വയം നീതിമാന്മാരെന്നു അഭിമാനിച്ചിരുന്നു. തങ്ങളുടെ സൽപ്രവൃത്തികൾ മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നതിൽ അവർ ബദ്ധശ്രദ്ധരായിരുന്നു. (മത്താ, 6:2, 16; 23:5,6; ലൂക്കൊ, 14:7; 18:11. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്തുവന്നു. (മത്താ, 23:13). തങ്ങളുടെ സങ്കുചിത വീക്ഷണത്തിലേക്കു പലരെയും പരിവർത്തനം ചെയ്യുവാൻ അവർ ശ്രമിച്ചു. (മത്താ, 23:15). യേശുക്രിസ്തുവിന്റെ ബന്ധനത്തിലും മരണത്തിലും ഒരു ഗണ്യമായ പങ്ക് പരീശന്മാർക്കുണ്ടായിരുന്നു. പൗലൊസ് തന്റെ പരീശത്വത്തെക്കുറിച്ചു ലജ്ജിച്ചില്ല. (അപ്പൊ, 23:6; 26:5-7).

Leave a Reply

Your email address will not be published. Required fields are marked *