ന്യായാധിപന്മാർ

ന്യായാധിപന്മാർ

യോശുവയുടെ മരണത്തിനും ശൗൽ രാജാവിന്റെ ആരോഹണത്തിനും ഇടയ്ക്ക് ജനത്തെ നയിച്ചിരുന്നവർ ന്യായാധിപന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ന്യായാധിപന്മാരെയും അവരുടെ കാലത്തെയും കുറിച്ചുള്ള വ്യക്തമായ വിവരണം ന്യായാധിപന്മാരിലും 1ശമൂവേൽ 1-7 വരെയുള്ള അദ്ധ്യായങ്ങളിലും ഉണ്ട്. അവർ യിസായേലിന്റെ രക്ഷകരായി, ദൈവാത്മാവിനാൽ എഴുന്നേല്പിക്കപ്പെട്ടവരായിരുന്നു. തങ്ങൾക്ക് എതിരെ അണിനിരന്ന വിദേശ ശക്തികളിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ എഴുന്നേറ്റ സൈന്യനേതാക്കന്മാരായിരുന്നു അവർ. ന്യായാധിപന്മാരുടെ കാലം വളരെ പ്രക്ഷുബ്ദവും രക്തരൂഷിതവും ആയിരുന്നു. യിസ്രായേല്യഗോത്രങ്ങൾ പല ഗണങ്ങളായി തിരിഞ്ഞ് കനാനിലെ മലമ്പദേശത്തു ചിതറിപ്പാർത്തിരുന്നു. ശീലോവിലെ തിരുനിവാസം അവർക്കു മതപരമായ ഐക്യമെങ്കിലും നല്കേണ്ടിയിരുന്നു. എന്നാൽ അതിനെ അവഗണിച്ച് അവർ ഓരോ പ്രദേശത്തും പൂജാഗിരികൾ പണിതു. ബെന്യാമീന്യയുദ്ധം പോലുള്ള (ന്യായാ, 19:1-20,48) ഒരസാധാരണമായ പ്രതിസന്ധിക്കു മാത്രമേ അവരെ ഏകോപിപ്പിക്കുവാൻ കഴിയുമായിരുന്നുള്ളൂ. തെക്കെ അറ്റത്തുള്ള യെഹൂദാ മറ്റു ഗോത്രങ്ങളിൽ നിന്നും വളരെയധികം ഒറ്റപ്പെട്ടിരുന്നു. 

ഒത്നീയേൽ: ന്യായാധിപന്മാരിൽ ഒന്നാമനായി പറയപ്പെട്ടിരിക്കുന്നതു ഒത്നീയേൽ ആണ്. (ന്യായാ, 3:7-11). യിസ്രായേൽ മക്കളുടെ വിശ്വാസത്യാഗംമൂലം യഹോവയുടെ കോപം അവരുടെ മേൽ വന്നു. യഹോവ അവരെ മെസൊപ്പൊത്താമ്യയിലെ കൂശൻ രിശാഥയീമിന് വിറ്റുകളഞ്ഞു. എട്ടുവർഷത്തെ അടിമത്തത്തിനു ശേഷം യിസ്രായേൽ നിലവിളിച്ചു. യഹോവ ഒതീയേലിനെ അവരുടെ രക്ഷകനായി എഴുന്നേല്പിച്ചു. അവൻ കുശൻ രിശാഥയിമിനെ ജയിച്ചു. തുടർന്നു നാല്പതു വർഷം ദേശത്തിനു സമാധാനം ലഭിച്ചു. ദക്ഷിണഗോത്രത്തിൽ നിന്നുള്ള ഏക ന്യായാധിപനാണ് ഒത്നീയേൽ. 

ഏഹൂദ്: ഗേരായുടെ പുത്രനായ് ഏഹൂദ് ആണ് രണ്ടാമത്ത ന്യായാധിപൻ. (ന്യായാ, 3:12-30). ബെന്യാമീന്യനായി ഏഹൂദ് ഇടങ്കയ്യനായിരുന്നു. ഇത് അക്കാലത്ത് ഒരു വലിയ ദൌർബല്യമായി പരിഗണിക്കപ്പെട്ടിരുന്നു. മോവാബ് രാജാവായ എഗ്ലോനും അമ്മോന്യരും അമാലേക്യരും യിസ്രായേലിനെ തോല്പിച്ചു ഈന്തപ്പട്ടണം കൈവശമാക്കി. പതിനെട്ടു വർഷം അവർ എഗ്ലോനെ സേവിച്ചു. അവരെ രക്ഷിക്കുവാനായി ദൈവം ഏഹൂദിനെ എഴുന്നേല്പിച്ചു. ഏഹൂദ് ചതിവിൽ എഗ്ലോനെ കൊന്നിട്ടു അവിടെനിന്നു ഒളിച്ചോടി രക്ഷപ്പെട്ടു. തുടർന്നു ഏഹൂദിന്റെ നേതൃത്വത്തിൽ നടന്ന യുദ്ധത്തിൽ എഫ്രയീമ്യരുടെ സഹായത്തോടെ യോർദ്ദാന്റെ കടവുകൾ പിടിക്കുകയും മോവാബ്യരിൽ പതിനായിരം പേരെ കൊല്ലുകയും ചെയ്തു. അനന്തരം ദേശത്തിന് എൺപതു വർഷം സ്വസ്ഥത ലഭിച്ചു. 

ശംഗറും ഫെലിസ്ത്യരും: ആറു ചെറു ന്യായാധിപന്മാരുടെ വിവരണങ്ങളിൽ രണ്ടിടത്ത് പരാമർശിക്കപ്പെടുന്ന ഏകനാമം ശംഗറുടേതാണ്. (3:31; 5:6). അറുനൂറു ഫെലിസ്ത്യരെ ഒരു മുടിങ്കോൽ കൊണ്ട് അടിച്ചുകൊന്നു അവൻ യിസ്രായേലിനെ രക്ഷിച്ചു. ന്യായാധിപന്മാർ 3:3-ലെ ശംഗറുടെ വിവരണം വിവാദഗ്രസ്തമാണ്. 4:1-ൽ ഏഹൂദ് മരിച്ചശേഷം എന്നു തുടങ്ങി ദെബോരയുടെ വിവരണം ആരംഭിക്കുന്നതിനാൽ ഏഹൂദിനും ദെബോരയ്ക്കുമിടയ്ക്ക് മറ്റൊരു രക്ഷകൻ ഉണ്ടായിരുന്നോ എന്നതു സംശയത്തിനിട നല്കുന്നു. ഗ്രീക്കു കൈയെഴുത്തുപ്രതികൾ തന്മൂലം ന്യായായധിപന്മാർ 4:1-ൽ ഏഹൂദിന്റെ സ്ഥാനത്ത് ശംഗർ എന്നു വായിക്കുന്നു. 

ദെബോരയും കനാന്യരും: ദെബോരയുടെ വിമോചനകഥയുടെ കേന്ദ്രം ഉത്തര പലസ്തീനിലെ യിസ്രെയേൽ താഴ്വരയും ഗലീലാമലനാടുമാണ്. കനാൻരാജാവായ യാബീൻ യിസ്രായേൽ മക്കളെ ഞെരുക്കി. അയാളുടെ തൊള്ളായിരം ഇരിമ്പു രഥങ്ങൾ യിസ്രായേൽ മക്കൾക്കു ഒരു പേടി സ്വപ്നമായിരുന്നു. ഈ സന്ദർഭത്തിൽ രക്ഷകർ പ്രവാചികയായ ദെബോരയും അബിനോവാമിന്റെ മകനായ ബാരാക്കും ആയിരുന്നു. ദെബോരയുടെ പ്രേരണയിൽ ബാരാക്ക് സൈന്യത്തെ നയിച്ചു. (4:8). ഗലീലാ മലമ്പ്രദേശത്തിലെ ഗോത്രങ്ങൾ യുദ്ധത്തിന് ഒത്തുചേർന്നു. യിസ്രായേൽ താഴ്വരയിൽ കീശോൻ തോട്ടിന്റെ തീരത്തായിരുന്നു യുദ്ധം. കീശോൻ തോടു കരകവിഞ്ഞൊഴുകി കനാന്യ രഥങ്ങളുടെ ചലനം സ്തംഭിപ്പിച്ചു. (4:15; 5:20-22). യാബീന്റെ സൈന്യം നിശ്ശേഷം പരാജയപ്പെട്ടു. സൈന്യാധിപനായ സീസെര യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി. യായേൽ കൂടാരത്തിന്റെ കുററി ചെന്നിയിൽ തറെച്ചു സീസെരയെ കൊന്നു. (4:17-22). ബൈബിളിലെ പ്രാചീനങ്ങളായ ഗാനങ്ങളിലൊന്നാണ് ദെബോരയും ബാരാക്കും കൂടി പാടിയതായി ന്യായാധിപന്മാർ 5-ൽ കാണുന്ന പാട്ട്. ഇതിനുശേഷം നാല്പതു വർഷം ദേശത്തിനു സമാധാനം ഉണ്ടായി.

ഗിദെയോനും മിദ്യാന്യരും: നാലാമത്തെ പ്രമുഖ ന്യായാധിപനാണ് ഗിദയോൻ. സൈനിക നേതാക്കന്മാരായ ന്യായാധിപന്മാരിൽ നീണ്ട വിവരണമാണ് ഗിദെയോനെക്കുറിച്ചുള്ളത്. (6-8 അ). ഒഫ്ര ഗ്രാമവാസിയാണ് ഗിദയോൻ. ബേത്ശാനും താബോറിനുമിടയ്ക്കു യോർദ്ദാന്റെ പശ്ചിമ ഭാഗത്തായിരിക്കണം ഒഫ്ര. യോർദ്ദാനക്കരയുള്ള മിദ്യാന്യർ യോർദ്ദാൻ കടന്നു പലസ്തീനെ കൊള്ളയടിക്കുക പതിവായിരുന്നു. യിസ്രായേൽ മക്കളുടെ ആന്തരിക ദൗർബല്യമായിരുന്നു കാരണം. യിസ്രായേൽമക്കളെ ഏഴു സംവത്സരം മിദ്യാന്യർ പീഡിപ്പിച്ചു. അവർ യിസ്രായേൽമക്കളെ കൊള്ളയടിച്ചു, അവരുടെ വിളവുകൾ നശിപ്പിച്ചു. മിദ്യാന്യരുടെ ഉപദ്രവം നിമിത്തം യിസ്രായേൽ മക്കൾ പർവ്വതങ്ങളുടെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ആശ്രയമാക്കി. ഈ സന്ദർഭത്തിലാണ് ദൈവം ഗിദെയോനെ വിളിച്ചത്. സംശയാലുവായ ഗിദെയോൻ പ്രതികാരം ചെയ്യുവാൻ വിസമ്മതിച്ചു. (6:15, 17, 36-40; 7:10). എന്നാൽ നേതൃത്വം സ്വീകരിച്ചു കഴിഞ്ഞശേഷം ഗിദയോൻ ദൃഢചിത്തനും ധീരനുമായ യോദ്ധാവായി മാറി. (6:25-27; 7:15-24). ഗിദയോൻ മുന്നൂറു അനുയായികളുമായി ചെന്ന് യിസ്രെയേൽ താഴ്വരയിലുണ്ടായിരുന്ന മിദ്യാന്യരെ പൂർണ്ണമായി ഓടിച്ചു. എഫ്രയീമ്യർ യോർദ്ദാൻ കടവുകൾ പിടിച്ചു. യിസ്രെയേൽ താഴ്വര പ്രദേശത്ത് ഗിദെയോൻ ഒരു ക്രമമായ ഭരണസംവിധാനം നടപ്പിൽ വരുത്തി. ഗിദെയോന് 70 പുത്രന്മാരുണ്ടായിരുന്നു. (8:30). ഒരു രാജഭരണം സ്ഥാപിക്കുന്നതിന് ഗിദയോൻ ഒരുമ്പെട്ടില്ല. (8:22,23). അവൻ നാല്പതു വർഷം ന്യായപാലനം ചെയ്തു.

അബീമേലെക്ക്: ഗിദെയോന് ശെഖേമിലെ വെപ്പാട്ടിയിൽ ജനിച്ച പുത്രനാണ് അബീമേലെക്ക്. (8:31). അബീമേലെക്കിനെ ന്യായാധിപനെന്ന് വിളിക്കുന്നില്ല. ഒരു രാഷ്ട്രീയസൈനിക സാഹസികൻ എന്നു മാത്രമേ ഇയാളെക്കുറിച്ചു പറയാനാവൂ. തിരികല്ലു വീണു തല ചതഞ്ഞ അവനെ ആയുധവാഹകൻ കൊന്നു. ഒരു പ്രാദേശികരാജത്വം സ്ഥാപിക്കുവാനുള്ള നിഷ്ഫലശ്രമം അബീമേലെക്ക് മൂന്നു വർഷം നടത്തി. ദൈവം അംഗീകരിച്ചതായിരുന്നില്ല അബീമേലെക്കിന്റെ ഭരണം. 

യിഫ്താഹ്: അബീമേലെക്കിനും യിഫ്താഹിനും ഇടയ്ക്ക് തോലായും യായീരും നാല്പത്തഞ്ചു വർഷം ന്യായപാലനം ചെയ്തു. (10:1-5). യിഫ്താഹ് യോർദ്ദാനിക്കരെയുളള ഒരു സൈന്യനായകനായിരുന്നു. അയാൾ യിസ്രായേലിനെ അമ്മോന്യരുടെ കയ്യിൽനിന്നു രക്ഷിച്ചു. ഗിലെയാദിന്റെയും മനശ്ശെയുടെയും രക്ഷകനായിട്ടാണ് യിഫ്താഹ് രംഗപ്രവേശനം ചെയ്തത്. ചിന്താശൂന്യമായ നേർച്ച നിമിത്തം (11:30,31) യിഫ്താഹ് എക്കാലവും സ്മരിക്കപ്പെടുന്നു. അമ്മോന്യരുടെ മേൽ ജയം ലഭിച്ചാൽ മടങ്ങിവരുമ്പോൾ വീട്ടു വാതിലിൽ നിന്നു തന്നെ എതിരേറ്റു വരുന്നതിനെ ബലി കൊടുക്കാമെന്നായിരുന്നു നേർച്ച. (ന്യായാ, 11:34-39)

ശിംശോൻ: തോലായെയും യായീരിനെയും പോലെ മൂന്നു ചെറിയ ന്യായാധിപന്മാരായിരുന്നു ഇബ്സാൻ, ഏലോൻ, അബ്ദോൻ എന്നിവർ. യായീരിനുണ്ടായിരുന്നതുപോലെ ഇബ്സാനും അബ്ദോനും വലിയ കുടുംബങ്ങളും സമ്പത്തും ഉണ്ടായിരുന്നു. വലിയ ന്യായാധിപന്മാരിൽ അന്ത്യനാണ് ശിംശോൻ. (ന്യായാ, 13-16 അ). ശിംശോനോടുകൂടി രംഗം ഫെലിസ്ത്യ സമതലത്തിലേക്കു മാറുന്നു. ഈ കാലത്ത് പലസ്തീനിലെ തീരപ്രദേശം ഒരു വലിയ ആക്രമണത്തിന് രംഗഭൂമി ആയിക്കൊണ്ടിരിക്കുകയായിരുന്നു. ആക്രമണകാരികളായ തീരദേശജനത ഈജിപ്റ്റിലേക്കു കടക്കുവാൻ ശ്രമിച്ചിട്ട് സാധിച്ചില്ല. അവർ ഫെലിസ്ത്യ സമതലത്തിൽ പാർപ്പുറപ്പിച്ചു. ഈ സമതലത്തിന്റെ അതിരായിരുന്ന ഷെഫേലയിലായിരുന്നു ശിംശോൻ പാർത്തിരുന്നത്. ജനനത്തിനു മുമ്പുതന്നെ ശിംശോൻ നാസീറായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു . ആത്മനിയന്ത്രണത്തിന്റെ അഭാവത്തിൽ സ്വന്തം മഹാശക്തി നഷ്ടപ്പെടുത്തിയ ഒരു ദുരന്തകഥയാണ് ശിംശോന്റേത്. കായശക്തിക്ക് പ്രഖ്യാതനായിരുന്ന ശിംശോൻ, ഫെലിസ്ത്യർക്കെതിരെ എബ്രായരുടെ നേതാവായി മാറി. ഫെലിസ്ത്യർക്കെതിരെ ശിംശോൻ ഒരു സൈന്യത്തെ നയിച്ചതായി അറിയപ്പെടുന്നില്ല. നേരെമറിച്ച്, ഫെലിസ്ത്യ പ്രദേശത്ത് ശിംശോൻ നടത്തിയ ആക്രമണങ്ങളെല്ലാം ഒറ്റയ്ക്കായിരുന്നു. (ന്യായാ, 14:19; 15:4,5, 8, 15; 16:3). ദെലീലയുടെ കയ്യിൽ ശിംശോൻ കീഴടങ്ങിയ കഥ സുവിദിതമാണ്. തന്റെ ജീവിതകാലത്ത് കൊന്നവരെക്കാൾ അധികം പേരെ ശിംശോൻ തന്റെ മരണസമയത്തു കൊന്നു. (16:30). ശിംശോൻ ഇരുപതു വർഷം യിസ്രായേലിന് ന്യായപാലനം ചെയ്തു. (16:31). 

ഏലിയും ശമൂവേലും: ഏലിയും (1ശമൂ, 1:4), ശമൂവേലും (1ശമൂ, 2:12) ന്യായാധിപന്മാരെന്ന് വിളിക്കപ്പെടുന്നു. ന്യായാധിപന്മാരുടെ പ്രവൃത്തികളിൽ ഇവർ ചെയ്തുവെങ്കിലും എലി പുരോഹിതനും ശമൂവേൽ പ്രവാചകനുമാണ്. രാജവാഴ്ചയ്ക്ക് പാത ഒരുക്കിയത് ഇവരത്രേ. ശമുവേൽ പ്രവാചകൻ തന്റെ പുത്രന്മാരായ യോവേലിനെയും അബീയാവിനെയും ന്യായാധിപന്മാരാക്കുകയും അവർ ദൈവത്തിന്റെ വഴി വിട്ടകന്ന് ദുരാഗഹികളായിത്തീരുകയും ചെയ്തു. തന്നിമിത്തം യിസ്രായേൽമുപ്പന്മാർ ഒരുമിച്ചുകൂടി യിസ്രായേൽമക്കളെ ഭരിക്കുവാൻ ഒരു രാജാവിനെ വാഴിച്ചുതരണമെന്ന് ശമൂവേലിനോട് ആവശ്യപ്പെട്ടു. (1ശമൂ, 8:4,5). അങ്ങനെ ദൈവം ശൗലിനെ രാജാവായി അഭിഷേകം ചെയ്തു. അതോടുകൂടി യിസ്രായേൽമക്കളുടെ ചരിത്രത്തിലെ ന്യായാധിപന്മാരുടെ കാലഘട്ടം അവസാനിച്ച് രാജവാഴ്ച ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *