ദൈവത്തോടുള്ള സമത്വം

ദൈവത്തോടുള്ള സമത്വം

“അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). 

ത്രിത്വപണ്ഡിതന്മാർ അവകാശപ്പെടുന്നത് ദൈവത്തോടു സമത്വമുള്ള മറ്റൊരു വ്യക്തിയാണ് യേശുക്രിസ്തു എന്നാണ്. അതിനാധാരമായിട്ട് അവർ ചൂണ്ടിക്കാണിക്കുന്നത് ഫിലിപ്പിയർ 2:6-ലെ ”അവൻ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല” എന്ന പ്രയോഗമാണ്. ത്രിത്വോപദേശം ബൈബിൾ പ്രകാരം അബദ്ധോപദേശമാണ് എന്നതിൻ്റെ ചില തെളിവുകൾ ചൂണ്ടിക്കാണിച്ചശേഷം, “ദൈവത്തോടുള്ള സമത്വം” എന്താണെന്ന് നോക്കാം:

1. സമത്വം: രണ്ടോ അതിലധികമോ പേരുടെ തുല്യമായ അവസ്ഥയ്ക്കാണ് സമത്വം എന്നു പറയുന്നത്. തുല്യത, സമാനത, സമാനത്വം, സ്ഥിതിസമത്വം എന്നതൊക്കെ സമത്വത്തിൻ്റെ പര്യായങ്ങളാണ്. നിങ്ങളുടെ ത്രിത്വദൈവം സാരാംശത്തിൽ ഏകനും ആ ഏകനിൽ മൂന്നാളുകൾ (One ousia, three hypostasis) അഥവാ മൂന്നു വ്യക്തിയാണുള്ളതെന്ന് നിങ്ങളുടെ Systematic theology-യിൽ പറയുന്നു. അതായത്, മൂന്നു വ്യക്തികൾ ചേർന്ന ത്രിയേകദൈവമാണ് നിങ്ങൾക്കുള്ളത്. ദൈവം മാറാത്തവനാണെന്നു പഴയനിയമത്തിലും ഗതിഭേദത്താൽ ആഛാദനമില്ലാത്തവൻ ആണെന്നു പുതിയനിയമത്തിലും പറയുന്നു: (മലാ, 3:6; യാക്കോ, 1:17). അതിനാൽ, ദൈവം ഏകനായാലും ത്രിയേകനായാലും എല്ലായ്പ്പോഴും ദൈവം സ്ഥിരതയുള്ളവൻ ആയിരിക്കണം: മൂന്നാളുകളുടെ ഏക സാരാംശമായ നിങ്ങളുടെ ദൈവം അഥവാ ത്രിയേകദൈവം എല്ലായ്പ്പോഴും പ്രകൃതിയിൽ മാറ്റംവരാത്തവൻ ആയിരിക്കണം. എന്നാൽ, പ്രസ്തുതവാക്യത്തിൽ ”പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ എന്നല്ല പറഞ്ഞിരിക്കുന്നത്; പ്രത്യുത, ദൈവത്തോടുള്ള അഥവാ, നിങ്ങളുടെ ത്രിയേകദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അവിടുത്തെ പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, എല്ലാ അർത്ഥത്തിലും ത്രിയേകദൈവത്തോടു സമനായ അഥവാ തുല്യതയുള്ള മറ്റൊരു ത്രിയേകദൈവമാണ് യേശുവെന്ന് മനസ്സിലാക്കണം. ദൈവം ത്രിത്വമാണെന്നു പറയുന്നതുതന്നെ ദുരുപദേശമാണ്. അപ്പോൾ മറ്റൊരു ത്രിത്വമെന്നത് അതിനെക്കാൾ ദുരന്ത ഉപദേശമായി മാറും. നിങ്ങൾക്ക് ദൈവം മൂന്നു വ്യക്തികളുടെ സാരാംശത്തിൽ ഏകൻ അഥവാ ത്രിയേകൻ ആണെങ്കിൽ നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശു ത്രിയേകദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിയേകനായിമാറും. ഇനി, അവിടെയുള്ളത് ത്രിയേകദൈവമല്ല, പിതാവായ ദൈവമാണെന്ന് നിങ്ങളുടെ ഉപദേശത്തിനു വിരുദ്ധമായി വാദിച്ചാലും, യേശു പിതാവിനോട് സമത്വമുള്ളവനാണെന്ന് പറയുന്നത് ദുരുപദേശമാണ്. എന്തെന്നാൽ ബൈബിൾ പറയുന്നു: “പിതാവായ ഏകദൈവമെ നമുക്കുള്ളു.” (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11). അപ്പോൾ, അവിടുത്തെ വിഷയം യഥാർത്ഥത്തിൽ ദൈവത്തോടുള്ള സമത്വം അല്ല.

ബൈബിൾ വെളിപ്പെടുത്തുന്ന ആത്മാവായ ദൈവം ഏകൻ എന്ന് പറഞ്ഞാൽ, അത് ദൈവത്തിൻ്റെ പ്രകൃതിയാണ്; അതിൽനിന്നു ദൈവത്തിന് ഗതിഭേദം അഥവാ അവസ്ഥാഭേദം വരുവാൻ കഴിയില്ല. അതുപോലെ ട്രിനിറ്റിയുടെ ദൈവം ത്രിത്വമാണ് അല്ലെങ്കിൽ, ത്രിയേകൻ ആണെന്നു പറഞ്ഞാൽ എല്ലായ്പ്പോഴും അങ്ങനെതന്നെ ആയിരിക്കണ്ടേ? എന്തെന്നാൽ, ദൈവത്തിനു തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിക്കാൻ കഴിയില്ല: (മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ഉദാ: രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് രാവണൻ. രാവണന് പത്ത് തലയും ഇരുപത് കയ്യുമുണ്ട്. അവൻ അതിൽനിന്ന് ഒൻപത് തലയും പതിനെട്ട് കൈയ്യും ഊരിവെച്ചിട്ട് വന്നാൽ അവൻ രാവണനാണെന്ന് ആരെങ്കിലും പറയുമോ? രാവണനെന്നു പറഞ്ഞാൽ, പത്തുതലയും ഇരുപത് കയ്യുമുള്ളവനാണ്; അതാണവൻ്റെ പ്രകൃതി അഥവാ സ്വരൂപം; അത് ത്യജിച്ചാൽ പിന്നെയവനില്ല. രാവണനൊരു സങ്കല്പമാണ്. ആ രാവണനെ ഒരു തല കുറഞ്ഞവനായി സങ്കല്പിക്കാൻപോലും കഴിയില്ല. അങ്ങനെയെങ്കിൽ, സകലത്തിനും കാരണഭൂതനായ ദൈവത്തിന് തൻ്റെ അസ്തിത്വത്തിൽനിന്ന് വ്യതിചലിക്കുവാൻ അഥവാ, തൻ്റെ സ്വരൂപം ത്യജിക്കാൻ എങ്ങനെ കഴിയും? സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവത്തെ തന്നെയല്ലേ നിങ്ങൾ ത്രിയേകൻ എന്ന് പറയുന്നത്. ആ ദൈവത്തിനെങ്ങനെ ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വവുമെന്ന നിലയിൽ സ്ഥിരതയില്ലാത്തവൻ ആകാൻ കഴിയും? നിങ്ങളുടെ ത്രിയേകദൈവം രണ്ടുപേരെ അടർത്തിമാറ്റിയാൽ അവൻ പിന്നെ ദൈവമല്ലാതായിമാറും. ആ ദൈവത്തോട് പിന്നെ ആർക്ക് എന്തിനാണ് സമത്വം? ദൈവം മാറ്റമില്ലാത്തവനാണ്; നിങ്ങളുടെ ദൈവം ത്രിയേകനാണ്. ഫിലിപ്പ്യരിൽ ദൈവത്തോടുള്ള സമത്വം അഥവാ നിങ്ങളുടെ ത്രിയേകദൈവത്തോടുള്ള സമത്വമാണ് യേശുവിനുള്ളത്; അപ്പോൾ യേശു ആരായി? മറ്റൊരു ത്രിയേകദൈവം. സന്ദർഭം (context) മറന്നുകൊണ്ട് ദുരുപദേശം സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും.

2. ഒന്നാം കല്പന: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). ഇതാണ് ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമായ പത്ത് കല്പനകളിലെ ഒന്നാം കല്പന. ഒന്നാം കല്പനയിൽ രണ്ടു കാര്യങ്ങൾ യഹോവ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഒന്ന്; ഞാൻ മാത്രമാണ് നിന്റെ ദൈവം. രണ്ട്; ഞാനല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. ത്രിത്വം പഠിപ്പിക്കുന്നപോലെ ദൈവത്തിനൊരു ബഹുത്വമുണ്ടാകുകയോ, ദൈവത്തോടു സമത്വമുള്ള ഒരു പുത്രൻ ദൈവത്തിന് ഉണ്ടാകുകയോ ചെയ്താൽ; ഒന്നാം കല്പന ഇതാകുമായിരുന്നോ? “ഞങ്ങൾ നിൻ്റെ ദൈവം ആകുന്നു. ഞങ്ങളല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നു കല്പിപ്പിക്കുമായിരുന്നില്ലേ? അതായത്, ഭോഷ്ക്കു പറയാൻ കഴിയാത്ത ദൈവത്തെ ത്രിത്വവിശ്വാസം ഭോഷ്ക്കു പറയുന്നവനാക്കുന്നു. ഒന്നാം കല്പനയ്ക്കുതന്നെ പണി കൊടുത്തിട്ട്, ഏകസത്യദൈവത്തെ ബഹദൈവമാക്കി എല്ലാവനെയും നരകത്തിലോട്ട് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിലെ നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ സാത്താൻ സഭയിൽ നുഴയിച്ചുകയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം. കല്പനകളുടെ ലംഘനം പാപമാണെന്ന് അറിയാത്തവരില്ല. രണ്ടാം കല്പനയുടെ ലംഘനം പാപമാണെന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെയാണ്, ത്രിമൂർത്തി വിശ്വാസത്താൽ ഒന്നാം കല്പന ലംഘിക്കുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത്.

3. യഹോവയായ ദൈവത്തിൻ്റെ സാക്ഷ്യം: ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സമനായോ, സദൃശനായോ ആരുമില്ലെന്ന് യഹോവയായ ഏകദൈവം പറയുന്നു. “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9. ഒ.നോ: യെശ, 43:11; 44:6; 44:8; 45:5; 45:6; 45:21; 45:22; 46:9). “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25; 46:5; യിരെ,49:19; 50:44). “യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). “നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ മറ്റൊരുത്തനുമില്ല; എന്നോടു സമനായും സദൃശനായു ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെ യഹോവയായ ഏകദൈവം ആവർത്തിച്ചു പറഞ്ഞിരിക്കെ, ട്രിനിറ്റി ദൈവത്തോടു മറുതലിച്ചുകൊണ്ട് നിന്നോടു സമനായ രണ്ടുപേർകൂടി ഉണ്ടെന്ന് യഹോവയെ പഠിപ്പിക്കുന്നു. ട്രിനിറ്റിയിൽ വ്യാപരിക്കുന്നത് ദൈവാത്മാവോ?

4. പഴയനിയമ പ്രവാചകന്മാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15. ഒ.നോ: 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35. ഒ.നോ: 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.” (യിരെ, 10:6. ഒ.നോ: പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:10:7; മീഖാ 7:18). “എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: 89:6; 113:5; യെശ, 40:25; 46:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; യഹോവയല്ലാതെ മറ്റൊരുത്തനുമില്ല; യഹോവയ്ക്ക് സമനില്ല; യഹോവയ്ക്ക് സദൃശനില്ല” എന്നൊക്കെ പഴയനിയമഭക്തന്മാർ ആവർത്തിച്ചു പറഞ്ഞിരിക്കെ, ദൈവത്തോടു അഭിമുഖമായി സംസാരിച്ചവനും ഭൂതലത്തിലെ സകല മനുഷ്യരിലും അതിസൗമ്യനെന്ന് ദൈവംതന്നെ സാക്ഷ്യം പറഞ്ഞവനുമായ, മോശെ മുതലുള്ള സകല പ്രവാചകന്മാരും ഭക്തന്മാരും നുണപറയുകയായിരുന്നു എന്നാണോ ട്രിനിറ്റി പഠിപ്പിക്കുന്നത്?

5. ക്രിസ്തുവിൻ്റെ സാക്ഷ്യം: ഏകദൈവം (The one only God) അഥവാ ദൈവം ഒരുത്തൻ മാത്രമാണ് (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവം (യോഹ, 17:3) അവനെമാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നത്, (മത്താ,24:36) ക്രിസ്തു പറയുന്നത് ഒറ്റ’ (single/olny/alone) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന പദം കൊണ്ടാണ്. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവനില്ല (മർക്കൊ, 10:18), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു (യോഹ, 5:30), പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു (8:28), ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു (യോഹ, 12:49), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു എന്നെക്കാൾ വലിയവൻ (14:28) എന്നൊക്കെയാണ് ക്രിസ്തു പറയുന്നത്. ദൈവം ഒരുത്തൻ മാത്രമാണെന്നും; ആ ദൈവം പിതാവ് മാത്രമാണെന്നും; അവനെ മാത്രം ആരാധിക്കണമെന്നും; അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും; പിതാവു എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് സാക്ഷ്യം പറയുന്നതും ക്രിസ്തുവാണ്. ആ ക്രിസ്തു ദൈവത്തോട് സമനാണെന്ന് പറഞ്ഞുകൊണ്ട്, വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ ട്രിനിറ്റി വഞ്ചനകനാക്കുന്നു.

6. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ഏക(monos)ജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം (1തിമൊ, 1:17), ധന്യനായ ഏക(monos)അധിപതി (1തിമൊ, 6:15), താൻ മാത്രം (monos) അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏക(monos)നാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏക(monos)ദൈവം (യൂദാ, 1:24), നീയല്ലോ ഏക(monos)പരിശുദ്ധൻ (വെളി, 15:4) എന്നൊക്കെ അപ്പൊസ്ലന്മാർ പറയുന്നത് ഒറ്റ’ (single/olny/alone) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന പദം കൊണ്ടാണ്. “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നും അപ്പൊസ്തലന്മാർ പറഞ്ഞിരിക്കുന്നു: (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11). ദൈവം ഒരുത്തൻ മാത്രമാണെന്നും; ആ ദൈവം പിതാവാണെന്നും അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും അപ്പൊസ്തലന്മാരെയും പഴയനിയമഭക്തന്മാരെയും തള്ളിയ മാരണ ഉപദേശമാണ് ട്രിനിറ്റി.

7. ക്രിസ്തുവിൻ്റെ ദൈവം: ത്രിത്വവിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ നിത്യദൈവമാണ്. എന്നാൽ, തനിക്കൊരു ദൈവമുണ്ടെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറയുന്നു: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46, 27:46; മർക്കൊ, 15:34, 15:34; യോഹ, 20:17). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവമുണ്ടെന്ന് ക്രിസ്തുവും, ക്രിസ്തുവിനൊരു ദൈവമുണ്ടെന്ന് അപ്പൊസ്തലന്മാരും നുണ പറയുകയാണോ? ദൈവത്തോട് സമനായ ക്രിസ്തുവിൻ്റെ ദൈവമാരാണ്? മാറ്റമില്ലാത്ത ദൈവമെങ്ങനെ മനുഷ്യനായി? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവങ്ങനെ വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു? ചുമ്മാ വല്ലതുമൊക്കെ വിളിച്ചു പറയുന്നതിനു മുമ്പ്, പറയുന്ന കാര്യത്തിന് ബൈബിളിൽ വല്ല തെളിവുമുണ്ടോന്ന് പരിശോധിച്ചായിരുന്നോ???…

ഇനി, എന്താണ് അവിടുത്തെ സമത്വമെന്ന് നോക്കാം: സമത്വത്തിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദമായ ഇസൊസ് (isos) എട്ടു പ്രാവശ്യമുണ്ട്. ‘സമത്വം, ഒക്കുക, അതെ’ എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. അതിലൊരു പദം പ്രവൃത്തികളുടെ പുസ്തകത്തിലുണ്ട്. കൊർന്നേല്യൊസിനോടും കുടുംബത്തോടും പത്രൊസ് സുവിശേഷം അറിയിച്ചപ്പോൾത്തന്നെ പരിശുദ്ധാത്മാവ് അടയാളങ്ങളോടെ അവരുടെമേൽ വരുകയും, പത്രൊസ് അവരെ സ്നാനം കഴിപ്പിച്ചു സഭയോടു ചേർക്കുകയും ചെയ്തു. എന്നാൽ യെരൂശലേമിൽ മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനക്കാരായ വിശ്വാസികൾ പത്രൊസ് അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നിങ്ങനെ അവനോടു വാദിച്ചു. എന്നാൽ പത്രൊസ് ജാതികളോടുള്ള ബന്ധത്തിൽ ദൈവം തന്നിലൂടെ ചെയ്തതെല്ലാം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചു പറഞ്ഞശേഷം ഒടുവിൽ പറയുന്ന ഒരുകാര്യമുണ്ട്: “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:17). ഇവിടെ പത്രൊസ് ‘അതേ ദാനം’ (the same gift) എന്നു പറയുന്നത് പെന്തെക്കൊസ്തു നാളിൽ തങ്ങളുടെമേൽ ശക്തിയോടെ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കുറിച്ചാണ്. പരിച്ഛേദനക്കാരോടുള്ള പത്രൊസിൻ്റെ മറുപടിയെന്താണെന്നു ഒന്നുകൂടി ശ്രദ്ധിക്കുക: “നമുക്കു ലഭിച്ചതുപോലത്തെ ദാനമെന്നല്ല; നമുക്കു ലഭിച്ചതിനു തുല്യമായ അഥവാ സമമായ ദാനമെന്നുമല്ല; നമുക്കു ലഭിച്ചതിനോടു സാദൃശ്യമുള്ള ദാനമെന്നുമല്ല; പിന്നെയോ, നമുക്കു ലഭിച്ച അതേ ദാനം അഥവാ അതേ പരിശുദ്ധാത്മാവിനെയാണ് ദൈവം ജാതികൾക്കും കൊടുത്തത്.” “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസൊ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. അതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ; “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ ആ ദൈവത്വം അഥവാ ദൈവമഹത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി പ്രത്യക്ഷനായതാണ് ഫിലിപ്പിയരിലെ വിഷയം. അതായത്, “The Living God was manifest in the flesh” (KJV) എന്ന ദൈവഭക്തിയുടെ മർമ്മത്തിൻ്റെ മറ്റൊരു പ്രയോഗമാണ് ദൈവസമാനത മുറുകെ പിടിക്കാതെ ദാസരൂപമെടുത്തു എന്നത്: (1തിമൊ, 3:14-16). അല്ലാതെ, യേശു ദൈവത്തോടു സമനായ മറ്റൊരു ദൈവമാണെന്നോ, വ്യക്തിയാണെന്നോ അല്ല അവിടെ പറയുന്നത്.

ദുരുപദേശം സ്ഥാപിക്കാൻ പലരും സന്ദർഭം (context) നോക്കാതെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നത്.  അവിടെ ‘ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ (ഫിലി, 2:5) എന്നു പറഞ്ഞുകൊണ്ടാണ് പൗലൊസ് പ്രസ്തുത വിഷയം അവതരിപ്പിക്കുന്നത്. ദൈവത്തോടുള്ള സമത്വമല്ല അവിടത്തെ വിഷയം; ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവം (mind, attitude, Humbled) ആണ്. ദൈവമായിരുന്നവൻ ദൈവത്വം മുറുകെപ്പിടിക്കാതെ താഴ്ചയുള്ള മനുഷ്യനായതാണ് വിഷയം. അഥവാ, മഹിമയിൽ വസിച്ചിരുന്ന ദൈവം തൻ്റെതന്നെ മഹത്വമുള്ള ശരീരത്തിൽ നിന്ന് താഴ്ചയുള്ള ശരീരത്തിലേക്ക് വന്നതിനെക്കുറിച്ചാണ്. തുടർന്ന് ക്രിസ്തുവിൻ്റെ താഴ്ചയുടെ ഏഴ് പടികൾ അവിടെ പറഞ്ഞിരിക്കുന്നത് നോക്കുക: (1) സമത്വം അഥവാ ദൈവത്വം മുറുകെ പിടിച്ചില്ല; (2) ദാസരൂപം എടുത്തു; (3) മനുഷ്യസാദൃശ്യത്തിലായി; (4) തന്നെത്താൻ ഒഴിച്ചു; (5) വേഷത്തിൽ മനുഷ്യനായി വിളങ്ങി; (6) തന്നെത്താൻ താഴ്ത്തി; (7) ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി. (ഫിലി, 2:6-8). “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” (മത്താ, 23:12; ലൂക്കൊ, 14:11; 18:14) എന്നു പഠിപ്പിക്കുക മാത്രമല്ല അവൻ ചെയ്തത്; ക്രൂശിലെ മരണത്തോളം തന്നെത്തന്നെ താഴ്ത്തുകയും ചെയ്തു: (1തിമൊ, 3:14-16).

താൻ മനുഷ്യനാണെന്നും (യോഹ, 8:40) താൻ ദൈവമല്ലെന്നും (യോഹ, 5:44; 17:3; (മത്താ, 4:10; 24:36) ലൂക്കൊ, 4:8) തനിക്കൊരു ദൈവമുണ്ടെന്നും (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17) മനുഷ്യനായ ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു. ദൈവപുത്രൻ മനുഷ്യനാണെന്നും (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും ഉയിർത്തതും മനുഷ്യനാണെന്നും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33; 1തിമൊ, 2:6; പ്രവൃ, 2:36) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11) ദൈവപുത്രനൊരു ദൈവമുണ്ടെന്നും (യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3; 1:17) അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു. അതായത്, ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയാണ് ട്രിനിറ്റി ദൈവത്തോടു സമനായ മറ്റൊരു ദൈവമാക്കി ക്രൂശിൽ തറച്ചത്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). “നിന്റെ പിതാവു എവിടെ? എന്നു ചോദിച്ച യെഹൂദന്മാരോടു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ് ഉത്തരം പറഞ്ഞത്: (യോഹ, 8:19). യേശു ആരാണെന്നോ, അവൻ്റെ പിതാവ് ആരാണെന്നോ ട്രിനിറ്റിക്ക് ഇന്നും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത.

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആ മർമ്മം അഥവാ രഹസ്യം യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ, അവർ തങ്ങളുടെ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8). യെഹൂദത്മാർക്ക് അത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി. എന്നിട്ടും, ഇന്നും അനേകർക്കും ഇത് യെഹൂദരപ്പോലെ മർമ്മമായിരിക്കുകയാണ്.

പൗലൊസ് തന്നെയാണല്ലോ രണ്ടു ലേഖനങ്ങളും എഴുതിയത്; യഹോവയായ ദൈവത്തോടു സമത്വമുള്ള മറ്റൊരു വ്യക്തിയോ, ദൈവമോ ആണ് ക്രിസ്തുവെന്ന് ഫിലിപ്പ്യരിൽ എഴുതിയിട്ട്, യഹോവയായ ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് തിമൊഥെയൊസിൽ അവൻ എഴുതുമോ? എഴുതിയാൽ, പൗലൊസിൻ്റെ ലേഖനങ്ങൾ പരസ്പരവിരുദ്ധമായില്ലേ? പിന്നെ, ബൈബിളിനെന്ത് വിശ്വാസ്യതയാണുള്ളത്? എന്നുവെച്ചാൽ, ദൈവത്തിൻ്റെ ശ്രേഷ്ഠദാസനായ പൗലൊസിനെ കള്ളനും വഞ്ചകനുമാക്കിയ ഉപദേശമാണ് ദൈവത്തോടുള്ള സമത്വം. യഥാർത്ഥത്തിൽ ക്രിസ്തുവിന് ദൈവത്തോട് സമത്വമാണോ ഉള്ളത്? അല്ല. ഏകത്വം (Oneness) അഥവാ അഖണ്ഡതയാണ് ഉള്ളത്. അതായത്, ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പൂർണ്ണമനുഷ്യനാണ് ക്രിസ്തു: (1തിമൊ, 3:14-16; 1പത്രൊ, 1:20). അതുതന്നെയാണ് ഫിലിപ്പ്യരിലെ വിഷയവും. സുവിശേഷ ചരിത്രകാലത്തൊഴികെ, പിതാവും പുത്രനും ഒന്നുതന്നെയാണ്. ക്രിസ്തുതന്നെ അത് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: “ഞാൻതന്നെ അവൻ അഥവാ പിതാവ് (യോഹ, 8:24,28), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9). ക്രിസ്തു ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയാണെന്നു പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. ഒന്നാം കല്പനയ്ക്കു പണികൊടുക്കാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കി എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിൽ സാത്താൻ സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശമാണ് ട്രിനിറ്റി. നാലാം നൂറ്റാണ്ടിലെ നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെയാണ് ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടാക്കിയതെന്നും അതിനെ ഔദ്യോഗികമായി അംഗീകരിച്ചതെന്നും നിങ്ങളുടെ Systematic theology-യിൽത്തന്നെ പറഞ്ഞിട്ടുണ്ട്. (ദൈവം–ത്രിയേകത്വം, പേജ് 147).

യഹോവയും യേശുവും: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവെന്ന (യോഹ, 14:26) ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളുടെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കൊ, 23:46) ഉണ്ടായിരുന്ന ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്: (ലൂക്കൊ, 23:46: എബ്രാ, 9:14). മൂന്നാംനാൾ ദൈവത്താൽ ഉയിപ്പിക്കപ്പെട്ട ക്രിസ്തു അന്നുതന്നെ സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ കയറിപ്പോയതോടെ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (പ്രവൃ, 2:24; യോഹ, 20:17, എബ്രാ, 9:11,12,24). അതായത്, പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായത് ദൈവം തന്നെയാണ്; അവനെയാണ് തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കില്ല. യെഹൂദാരാജാവായ ദാവീദ് “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” (സങ്കീ, 35:23) എന്ന് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്തോമാസ് “എൻ്റെ ദൈവം” എന്നു എന്നേറ്റുപറഞ്ഞത്. അതായത്, പുതിയനിയമത്തിൽ ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായും (1തിമൊ, 2:6; 3:14-16) അനന്തരം നേരിട്ടും പ്രത്യക്ഷനായത്: (മർക്കൊ, 16:14; യോഹ, 20:28). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *