ദൈവത്തെ തോല്പിക്കുന്ന മനുഷ്യർ

ദൈവത്തെ തോല്പിക്കുന്ന മനുഷ്യർ

കർത്താധികർത്താവും ദൈവാധിദൈവവുമായ യഹോവയാം ദൈവത്തെ വെറും മണ്ണായ മനുഷ്യൻ തോല്പിക്കുന്നു എന്നു പറയുന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. എന്നാൽ അത്യുന്നതനായ ദൈവംതന്നെയാണ് തന്റെ ജനത്തെക്കുറിച്ച്: “മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ” (മലാ, 3:8) എന്നു ദുഃഖത്തോടെ അരുളിച്ചെയ്യുന്നു. തനിക്കായി നൽകേണ്ട ദശാംശവും വഴിപാടുകളുമാണ് തന്റെ ജനം കവർച്ച ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന ദൈവം, തന്നെ തോല്പിക്കുന്നതുകൊണ്ട് അവർ ശപിക്കപ്പെട്ടവരാകുന്നുവെന്നും പ്രഖ്യാപിക്കുന്നു. മിസയീമ്യ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ വിമോചിപ്പിച്ച്, താൻ അവർക്കായി ഒരുക്കിയിരിക്കുന്ന പാലും തേനും ഒഴുകുന്ന കനാൻ ദേശത്തേക്കു നയിക്കുമ്പോൾ അവർ അനുഷ്ഠിക്കേണ്ട കല്പനകൾ ദൈവം അവരോട് അരുളിച്ചെയ്തു. താനാണ് അവർക്കു സർവ്വനന്മകളും നൽകുന്നതെന്നുള്ള യാഥാർത്ഥ്യം അവരുടെ ഹൃദയങ്ങളിൽ രൂഢമൂലമാകുന്നതിനും, തന്നോടുള്ള ഭക്തിയിലും ഭയത്തിലും സ്നേഹത്തിലും ആരാധനയിലും അവർ ജീവിതം തുടരുന്നതിനും, അവർക്കു ലഭിക്കുന്ന ആദായങ്ങളുടെ അഥവാ വരുമാനങ്ങളുടെ പത്തിലൊന്ന് ദൈവത്തിനു നൽകണമെന്ന് ദൈവം അവരോടു കല്പിച്ചു. “നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.” (ലേവ്യ, 27:30). ദൈവം അവർക്കു നൽകുന്ന അനുഗ്രഹങ്ങളുടെ പത്തു ശതമാനം മാത്രം ദൈവത്തിനു തിരിച്ചുനൽകുമ്പോൾ താൻ അവർക്ക് ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് സ്ഥലം പോരാതെ വരുവോളം അവരുടെമേൽ അനുഗ്രഹങ്ങൾ പകരുമെന്ന് വാഗ്ദത്തം ചെയ്യുക മാത്രമല്ല, തന്റെ വാഗ്ദത്തത്തെ പരീക്ഷിച്ചു നോക്കുവാനും ദൈവം തന്റെ ജനത്തെ വെല്ലുവിളിക്കുന്നു. അവർക്കു സംഭരിക്കുവാൻ സ്ഥലം തികയാതാകുവോളം അവരെ അനുഗ്രഹിക്കുന്നത് എങ്ങനെയാണെന്നും ദൈവം വെളിപ്പെടുത്തുന്നു. കാർഷികവിളകളിൽ അധിഷ്ഠിതമായ അവരുടെ സമ്പദ് വ്യവസ്ഥ പലപ്പോഴും പ്രകൃതിക്ഷോഭങ്ങളാലും വെട്ടുക്കിളികളുടെ ആക്രമണങ്ങളാലും താറുമാറായിരുന്നു. ദൈവത്തെ കൊള്ളയടിക്കാതെ ദശാംശം നൽകുമ്പോൾ അവർക്കു നാശം വിതയ്ക്കുന്ന വെട്ടുക്കിളികളെ താൻ ശാസിക്കുമെന്നും കാർഷികവിളകൾക്ക് അനുയോജ്യമായ കാലാവസ്ഥ നകുമെന്നും ദൈവം അവരോടു വാഗ്ദത്തം ചെയ്യുന്നു. ഒരുപക്ഷേ നാം കർഷകർ അല്ലായിരിക്കാം, എന്നാൽ ഒരു വലിയ തത്ത്വം ദൈവം ഇവിടെ അനാവരണം ചെയ്യുന്നു. അതായത് നമ്മുടെ സമ്പദ് വ്യവസ്ഥ കാർഷികവിളകളിൽ അധിഷ്ഠിതമല്ലെങ്കിലും ജീവിതയാത്രയിൽ വിവിധ ഉറവിടങ്ങളിലൂടെ ദൈവം നമുക്കു നൽകുന്ന സർവ്വ സമ്പത്തിന്റെയും പത്തു ശതമാനം ദൈവത്തിനു മടക്കിക്കൊടുക്കുവാൻ കഴിയുന്നില്ലെങ്കിൽ, എന്നെന്നേക്കും ആ ഉറവകൾ വറ്റിച്ചുകളയുമെന്ന് അസന്ദിഗ്ദ്ധമായ ഭാഷയിൽ ദൈവം മുന്നറിയിപ്പു നൽകുന്നു. എന്തെന്നാൽ ദശാംശം നാം നൽകാതിരിക്കുമ്പോൾ ദൈവത്തിനു നൽകേണ്ട പത്തു ശതമാനം നാം കൊള്ളയടിക്കുന്നുവെന്ന് മലാഖി 3:8-ൽ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *