ദൈവത്തിനു കൊടുക്കുക

ദൈവത്തിനു കൊടുക്കുക

അത്യന്നതനായ ദൈവം, തന്റെ ജനം അനുഷ്ഠിക്കേണ്ട നിയമങ്ങളും നിബന്ധനകളും തൻ്റെ ദാസനായ മോശെയോട് അരുളിചെയ്തതു പ്രതിപാദിക്കുന്ന പുസ്തകമാണ് ലേവ്യപുസ്തകം. തന്റെ ജനത്തിന് അത്യധികമായ അനുഗ്രഹങ്ങൾ നൽകുമെന്ന് അരുളിച്ചെയ്യുന്ന ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ അന്ത്യപാദത്തിൽ ആ അനുഗ്രഹങ്ങളുടെ പത്തിൽ ഒന്ന് അഥവാ ദശാംശം തനിക്കു തിരിച്ചു നൽകണമെന്ന നിർബന്ധമായ നിബന്ധനയും അവൻ തന്റെ ജനത്തെ അറിയിക്കുന്നു. “നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.” (ലേവ്യ, 27:30). “മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.” (ലേവ്യ, 27:32). എന്നാൽ യാതൊരു നിബന്ധനയും നിയമവുമില്ലാതെ ദൈവത്തോടുള്ള തന്റെ അദമ്യമായ സ്നേഹത്താൽ താൻ നേടിയതിന്റെ പത്തിൽ ഒന്ന് ദൈവത്തിനായി നൽകി തലമുറകൾക്കു നിത്യമായ അനുഗ്രഹം മടക്കിവാങ്ങിയ അബാഹാമാണ്, ദൈവവചനത്തിന്റെ ആരംഭമായ ഉൽപത്തി പുസ്തകത്തിൽ ദൈവത്തിന് ദശാംശം നൽകി അതിന്റെ മഹത്ത്വം വെളിപ്പെടുത്തുന്നത്. “ അബാം അവന് (മൽക്കീസേദെക്ക്) സകലത്തിന്റെയും ദശാംശം കൊടുത്തു (ഉല്പ, 14:20). അത് അവന്റെ തലമുറയും മാതൃകയാക്കിയിരുന്നുവെന്ന് അവന്റെ പൗത്രനായ യാക്കോബ് ബേഥേലിൽവച്ച്, “നീ എനിക്കു തരുന്ന സകലത്തിന്റെയും ദശാംശം നിശ്ചയമായും ഞാൻ നിനക്കു നൽകും” (ഉല്പ, 28:22) എന്ന് ദൈവത്തോടു ചെയ്യുന്ന നേർച്ചയിൽനിന്നു വ്യക്തമാകുന്നു. എന്നാൽ ഇന്ന് അനവധിയായ കാര്യമില്ലാക്കാരണങ്ങൾ നിരത്തിവച്ച് ദൈവത്തിന്റെ ഈ കല്പന നിഷേധിക്കുന്ന അനേകരെയാണ് ദൈവജനമെന്നു സ്വയം വിശേഷിപ്പിക്കുന്ന സമൂഹത്തിൽ കാണുന്നത്. പുതിയനിയമത്തിൽ ദശാംശം പറഞ്ഞിട്ടില്ലെന്നാണ് പലരും പറയുന്നത്. പരീശന്മാരോടും ശാസ്ത്രിമാരോടും യേശു പറയീന്നത് നോക്കുക: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.” (മത്താ, 23:23). അത് ചെയ്യുകയും = ദശാംശം കൊടുക്കുകയും, ഇതു ത്യജിക്കാതിരിക്കുകയും = ന്യായം, കരുണ, വിശ്വസ്തത ത്യജിക്കാതിരികയും വേണം. ലേഖനങ്ങളിൽ ദശാംശമല്ല; ഓഹരിയാണ് പറഞ്ഞിരിക്കുന്നത്: “വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.” (ഗലാ, 6:6). വചനം പഠിപ്പിക്കുന്നത് ദൈവാത്മാവാണ്; തന്മൂലം ഓഹരി ദൈവത്തിന് കൊടുക്കുകതന്നെ വേണം. ദൈവത്തിൽനിന്നു നാം അനുഗ്രഹങ്ങൾ കേഴുകയും നാം അവ ദൈവത്തിൽനിന്നു പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ, നമുക്കു ലഭ്യമായിരിക്കുന്ന അനുഗ്രഹങ്ങളിൽ നിന്ന് ദൈവം കല്പിക്കുന്നതനുസരിച്ച് നാം ദൈവത്തിനു നൽകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ സ്വർഗ്ഗത്തിന്റെ കിളിവാതിലുകൾ തന്റെ ഭക്തന്മാർക്കായി തുറക്കുന്നത്, അവർ തങ്ങളുടെ സമ്പാദ്യങ്ങളുടെ വാതിലുകൾ തുറന്ന് അതിന്റെ പത്തിലൊരംശം അല്ലെങ്കിൽ അതിലുപരിയായി ഓഹരി ദൈവത്തിനു വേണ്ടി നൽകുമ്പോഴാണ്.

Leave a Reply

Your email address will not be published. Required fields are marked *