ദാനം ചെയ്യൽ

ദാനം ചെയ്യൽ

‘ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ’ (റോമ, 12:8). “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” (പ്രവൃ, 20:35). മനുഷ്യരുടെ എല്ലാ നന്മകളും സമ്പത്തും ദൈവത്തിന്റെ ദാനമാത്രേയാകുന്നു. ഇത് ദൈവാത്മാവിനാൽ ഗ്രഹിക്കുന്ന മനുഷ്യൻ തങ്ങളുടെ ധനവും വസ്തുക്കളും മറ്റുള്ളവർക്കു പ്രയോജനകരമാംവണ്ണം ദാനം ചെയ്യുവാനുള്ള ദൈവദത്തമായ കഴിവാണ് ദാനവരം. എല്ലാ നന്മകളും മനുഷ്യർ ദൈവത്തിൽനിന്നു പ്രാപിക്കുന്നതാണ്. “ധനവും ബഹുമാനവും നിങ്കൽ നിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.” (1ദിന, 29:12). “തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.” (2പത്രൊ, 1:3). വിശ്വാസികൾ എല്ലാവരും മറ്റുള്ളവരെ സഹായിക്കുവാനും ദൈവനാമത്തിനായി കൊടുക്കുവാനും ബാധ്യസ്ഥരാണ്. ‘പ്രാപ്തിയുള്ളതു പോലെ കൊടുക്കണം’ (2കൊരി, 8:12), ‘ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കണം’ (2കൊരി, 9:7), ‘സന്തോഷത്തോടെ കൊടുക്കണം’ (2കൊരി, 9:7), ‘എല്ലാ നന്മയിലും ഓഹരി കൊടുക്കണം’ (ഗലാ, 6:6). “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” (മത്താ, 6:19).

Leave a Reply

Your email address will not be published.