ത്രിത്വം അടിസ്ഥാന പ്രമേയങ്ങളിലെ വൈരുദ്ധ്യം

ത്രിത്വം അടിസ്ഥാന പ്രമേയങ്ങളിലെ വൈരുദ്ധ്യം

ത്രിത്വചിത്രീകരണം

ദൈവവചനത്തിൻ്റെ മൗലികമായ ഉപദേശം ദൈവത്തിൻ്റെ ഏകത്വമാണ്. ആധുനിക ത്രിത്വപണ്ഡിതന്മാർ പറയുന്നതും പഠിപ്പിക്കുന്നതുമനുസരിച്ച് ത്രിത്വം എന്ന ഉപദേശം ബൈബിളിനു വിരുദ്ധമാണ്. ദൈവശാസ്ത്രത്തിൽ ത്രിത്വോപദേശത്തിന് അഞ്ച് അടിസ്ഥാന പ്രമേയങ്ങളുണ്ട്. ഈ അഞ്ച് പ്രമേയങ്ങൾ ബൈബിളുമായി എത്രത്തോളം നീതിപുലർത്തുന്നുണ്ട് എന്നാണ് നാം പരിശോധിക്കുന്നത്. പ്രമേയങ്ങൾ ഇവയാണ്:

1. ദൈവം ഏകനാണ്.

2. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്.

3. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്.

4. ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്.

5. ത്രിത്വത്തിലെ ആളത്വങ്ങൾക്കു തമ്മിൽ സത്താസമത്വം ഉണ്ട്.

1. ദൈവം ഏകനാണ്: ബൈബിൾ പഴയപുതിയനിയമങ്ങളുടെ അടിസ്ഥാന ഉപദേശംതന്നെ ദൈവത്തിൻ്റെ ഏകത്വമാണ്. ദൈവത്തിൻ്റെ ഏകത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര നിർവ്വചനം ഇതാണ്; “ദൈവത്തിൻ്റെ ഏകത്വം വിവക്ഷിക്കുന്നത്, ദൈവം ഏകനാണെന്നും ദൈവത്തിൻ്റെ പ്രകൃതി അവിഭക്തവും (undivided), അഭാജ്യവും (indivisible) ആണെന്നും അത്രേ. പഴയനിയമവും പുതിയനിയമവും ഒന്നുപോലെ വെളിപ്പെടുത്തുന്ന സത്യമാണിത്.” ദൈവശാസ്ത്രത്തിൻ്റെ ഈ അടിസ്ഥാനം കൃത്യമാണ്. അതിന് ഉപോല്‍ബലകമായി നൂറ്റിയിരുപത്തഞ്ചിലേറെ പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിൾ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നുമുണ്ട്. ചില തെളിവുകൾ ചുവടെ ചേർക്കുന്നു:

1. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല: (പുറ, 9:14)

2.. യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35). 

3. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല: (ആവ, 4:39).

4. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ: (ആവ, 6:4).

5. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല: (ആവ, 32:38)

6. ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)

7. നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)

8. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു: (1രാജാ, 8:59).

9. നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)

10. യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)

11. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)

12. ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല: (യെശ, 44:8).

13. യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29)

14. പിതാവായ ഏക ദൈവമേ നമുക്കുള്ളു: (1കൊരി, 8:6).

15. ദൈവവും പിതാവുമായവൻ ഒരുവൻ: (എഫെ, 4:6). ഈ സത്യം എല്ലാ ത്രിത്വപണ്ഡിതന്മാരും അംഗീകരിക്കുന്നു എന്നാണ് വെയ്പ്. താഴോട്ട് ചെല്ലുമ്പോൾ അതെത്രമാത്രം ശരിയാണെന്ന് മനസ്സിലാക്കാം.

2. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നും ബൈബിൾ വ്യക്തമാക്കുന്നു.

പിതാവിന്റെ ദൈവത്വം: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി: (ഗലാ, 1:3. ഒ.നോ: യോഹ, 6:27; റോമ, 1;4; 15;5; 1കൊരി, 1:3; 15:24; 2കൊരി, 1:2; 1:3; ഗലാ, 1:1; 1:3; എഫെ, 1:1; 6:23; ഫിലി,, 1:2; 2:11; കൊലൊ, 1:2; 1:5; 3:17; 1തെസ്സ, 1:1; 2തെസ്സ, 1:1; 1;2; 1തിമൊ, 1;2; 2തിമൊ, 1:2; തീത്താ, 1;4; ഫിലെ, 1;3; യാക്കോ, 1:27; 1പത്രൊ 1:2; 1:3; 2പത്രൊ, 1:17; 2യോഹ, 1:3; യൂദാ, 1:1; വെളി, 1:6).

പുത്രന്റെ ദൈവത്വം: ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു: (യോഹ, 1:1). അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം , നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും: (യെശ, 9:6. ഒ.നോ: മീഖാ, 5:2, യോഹ, 1:1; 6:69; 8:34; 8:28; 8:58; 10:30; 14:7; 14:9; 14:10; 20:28; റോമ, 9:5; പ്രവൃ, 3:14; തീത്തൊ, 2:12; എബ്രാ, 1:8; 1:9; 2പത്രൊ, 2:1; 1യോഹ, 5:20; വെളി, 1:8; 1:17; 19:6; 22:13). 

പരിശുദ്ധാത്മാവിന്റെ ദൈവത്വം: പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? …… മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു: (പ്രവൃ,, 5:3,4. ഒ.നോ: സങ്കീ, 139:7-10; ലൂക്കൊ, 1:35; സങ്കീ, 78:17-22–പ്രവൃ, 7:51; 1കൊരി, 2:10,11;  3:16,17; എബ്രാ, 9:14). 

മേൽവിവരിച്ച രണ്ടു പ്രമേയങ്ങൾ ബൈബിൾ വെളിച്ചത്തിൽ വസ്തുതാപരമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ബാക്കിയുള്ളതുംകൂടി നോക്കാം:

3. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്: ഏകദൈവമേയുള്ളു; ഏകദൈവമല്ലാതെ ദൈവമില്ലെന്ന് അസന്ദിഗ്ധമായി ബൈബിൾ പ്രഖ്യാപിക്കുകയും, പണ്ഡിതന്മാർ ഒന്നാം പ്രമേയത്തിൽ അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോൾ മൂന്നാം പ്രമേയത്തിൽ പറയുന്നു; പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്. വിരുദ്ധോപദേശമെന്നോ, വികടഭാഷണമെന്നോ, ദുരുപദേശമെന്നോ എന്താണിതിനു പറയുക. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങൾ അഥവാ, മൂന്ന് വ്യക്തികളാണെന്നാണ് ഇപ്പോൾ പറയുന്നത്. ആളത്തവും വ്യക്തിത്വവും രണ്ടായിട്ടാണ് ആധുനിക ത്രിത്വപണ്ഡിതന്മാർ അഥവാ, സമനിത്യവാദികൾ പഠിപ്പിക്കുന്നത്. ആളും വ്യക്തിയും ഒന്നാണ്. അതുപോലെ, ആളത്തവും വ്യക്തിത്വവും ഒന്നാണ്. ആളത്വം എന്നൊരു വാക്ക് നിഘണ്ഡുവിലൊന്നുമില്ല. ത്രിത്വപണ്ഡിതന്മാരാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. വ്യക്തി വ്യക്തിത്വം എന്നു പറയുന്നതുപോലെ, ആൾ ആളത്തം എന്നു പറയാമെന്നു മാത്രം. ഒരു വ്യക്തിയുടെ വൈശിഷ്ട്യം അഥവാ, വ്യക്തിയിലുള്ള കഴിവുകളുടെ ആകെത്തുകയാണ് ‘വ്യക്തിത്വം’ എന്നു പറയുന്നത്. അതുതന്നെയാണ് ആളത്തവും. വ്യക്തിയുടെ അഥവാ, ആളിൻ്റെ ഉള്ളിലുള്ള സവിശേഷമായ ഗുണങ്ങളെയാണ് ‘ആളത്തം’ എന്നു പറയുന്നത്. അപ്പോൾ, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങൾ എന്നു പറയുമ്പോൾ, വിഭിന്നരായ മൂന്നു വ്യക്തികൾ അഥവാ, മൂന്നു ദൈവങ്ങൾ എന്നു തന്നെയാണ് പറയാതെ പറയുന്നത്. ഒന്നാം പ്രമേയത്തിൽ ‘ദൈവം ഏകനാണെന്നു’ പറഞ്ഞശേഷം, മൂന്നാം പ്രമേയത്തിൽ ‘വ്യത്യസ്ത ആളത്തങ്ങൾ’ എന്നു പറയുമ്പോൾ ആരായാലും ചോദിക്കും ‘ഏകദൈവം എങ്ങനെയാ മൂന്ന് വ്യക്തികൾ’ ആകുന്നതെന്ന്. അതിനാണിവർ ‘ആളത്തം, സാരാംശം’ എന്നൊക്കെപ്പറഞ്ഞ് വിശ്വാസികളെ കുഴപ്പിക്കുന്നത്. ഇവരുടെ ആളത്തത്തിൻ്റെയും, സാരാംശത്തിൻ്റെയും നിർവ്വചനംകൂടി നോക്കാം.

ആളത്തം: ലത്തീനിൽ persona എന്നു പറയും. ഈ പദത്തിൽ നിന്നാണ് വ്യക്തി (person), വ്യക്തിത്വം (personality) എന്നീ പദങ്ങൾ ഉണ്ടായത്. “ഒരേ വർഗ്ഗത്തിൽ തന്നെയുള്ള ഒന്നിൽനിന്നും മറ്റൊന്നിനെ വിവേചിക്കുന്നത് എന്താണോ അതാണ് ആളത്തം.” ഇത് വിവേചനതത്വമാണ്. ഉദാഹരണവും ഉണ്ട്: വാഴപ്പഴവും മാമ്പഴവും രണ്ടും പഴമാണ്. എന്നാൽ അവയെ വിവേചിക്കുന്നത്; ഒന്ന് വാഴപ്പഴവും, മറ്റേത് മാമ്പഴവുമാണ്. അതുപോലെ, ത്രിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്. ത്രിത്വത്തെ വിവേചിക്കുന്നത്; പിതാവ് പിതാവാണ്; പുത്രനോ പരിശുദ്ധാത്മാവോ അല്ല. പുത്രൻ പുത്രനാണ്; പിതാവോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവാണ്: പിതാവോ പുത്രനോ അല്ല.

പണ്ഡിതന്മാരുടെ ഈ വിവേചന തത്വപ്രകാരം, ഒരേ വർഗ്ഗത്തിലുള്ള അഥവാ, ദൈവവർഗ്ഗത്തിലുള്ള മൂന്ന് ആളത്തങ്ങൾ അഥവാ, വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഉദാഹരണം തരാം: പത്രൊസും, ഈസ്കര്യോത്താ യൂദായും, പൗലോസും. ഇവരുടെ ഏകത്വം എന്നു പറയുന്നത്; ഇവർ ഒരേ വർഗ്ഗത്തിൽ അഥവാ, മനുഷ്യവർഗ്ഗത്തിൽപ്പെട്ടവരും, യേശു തിരഞ്ഞെടുത്തവരും ആണ്. ഇവരുടെ ആളത്വം അഥവാ, വിവേചനത്വം എന്നാൽ: പത്രൊസ് പത്രൊസാണ്; യൂദായുമല്ല പൗലൊസുമല്ല. യൂദാ യൂദായാണ്; പത്രൊസുമല്ല പൗലൊസുമല്ല. പൗലൊസ് പൗലോസാണ്; പത്രൊസുമല്ല യൂദായുമല്ല. ഇനിയുമുണ്ട് ഇവരുടെ ആളത്തത്തിൻ്റെ സവിശേഷതകൾ: പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞുവെങ്കിലും, യഥാസ്ഥാനപ്പെട്ടശേഷം അവനുവേണ്ടി വളരെ അദ്ധ്വാനിക്കുകയും ഒടുവിൽ അവൻ്റെ നാമത്തിനുവേണ്ടി മരിക്കുകയും ചെയ്തു. യൂദാ യേശുവിൻ്റെ കൂടെനടന്ന് സകല നന്മയും അനുഭവിച്ചശേഷം അവനെ ഒറ്റിക്കൊടുത്ത് മാനസാന്തരപ്പെടാതെ സ്വയം നാശത്തിലേക്ക് കടന്നുപോയവനാണ്. പൗലൊസ് ക്രിസ്തുശിഷ്യന്മാർക്ക് വളരെ ദോഷം ചെയ്തവനെങ്കിലും, യേശുവിനാൽ പിടിക്കപ്പെട്ട് അവൻ്റെ നാമത്തിനുവേണ്ടി അനേകം കഷ്ടങ്ങൾ സഹിക്കുകയും, അവനുവേണ്ടി പ്രാണാത്യാഗം ചെയ്തവനുമാണ്. ത്രിത്വപണ്ഡിതന്മാരുടെ നിർവ്വചനപ്രകാരം പത്രൊസും യൂദായും പൗലൊസും ഒരേ മനുഷ്യവർഗ്ഗത്തിൽപ്പെട്ടവർ ആയിരിക്കുമ്പോൾത്തന്നെ, എങ്ങനെ വ്യത്യസ്ത വ്യക്തികൾ ആയിരിക്കുന്നുവോ, അങ്ങനെതന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത ആളത്തങ്ങൾ അഥവാ, വ്യക്തിത്വങ്ങൾ ആയിരിക്കുന്നതെന്നാണ് ത്രിത്വന്മാർ പറയുന്നത്. ഇത് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവമോ?????

സാരാംശം: ഇംഗ്ലീഷിൽ substance എന്നും, ലത്തീനിൽ substantia എന്നും, ഗ്രീക്കിൽ ഊസിയ (ousia) എന്നും പറയും. “ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം.” ഉദാഹരണവും ഉണ്ട്: മാമ്പഴവും, പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്. ദൈവത്തിൻ്റെ സാരാംശം എന്ന് പറയുന്നത്; നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയവയാണ്. ത്രീയേകത്വത്തിൽ സാരാംശത്തിൻ്റെ നിർവ്വചനവും കാണുക:

ത്രിത്വം — മുന്നു ആളത്തങ്ങൾ (പിതാവ് പുത്രൻ പരിശുദ്ധാത്മാവ്).

ഏകത്വം — സാരാംശം (നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം)

ത്രിത്വം — വിവേചനതത്വം (പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വിഭിന്ന ആളത്തങ്ങളാണ് അഥവാ, വ്യക്തികളാണ്).

ഏകത്വം — ഏകീകരണതത്വം (മൂന്ന് ആളത്തങ്ങളും ദൈവമാണ്. ദൈവത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ ‘നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം’ മുതലായവ മൂന്ന് ആളത്തങ്ങൾക്കും ഒന്നാണ്). 

“ത്രിയേകത്വോപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. സാരാംശത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം എന്നിവ വിഭജിക്കപ്പെടാൻ സാദ്ധ്യമല്ല. ഈ സാരാശം വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നുപേരും മൂന്നു ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും.സർവ്വശക്തി ഒന്നേയുള്ളൂ; അത് സമ്പൂർണ്ണമാണ്.”

ദൈവത്തെ മൂന്ന് വ്യക്തികളാക്കി വിഭജിച്ചവർക്കാണ് സാരാംശം വിഭജിക്കാൻ ബുദ്ധിമുട്ട്. സാരാംശം ഒന്നാണോ അതോ മൂന്നാണോന്ന് താഴോട്ട് വരുമ്പോൾ മനസ്സിലാകും.

ഒന്നാം പ്രമേയം എന്താണ്; “ദൈവം ഏകനാണെന്നും ദൈവത്തിൻ്റെ പ്രകൃതി അവിഭക്തവും (undivided), അഭാജ്യവും (indivisible) ആണെന്നും അത്രേ.” എന്നുവെച്ചാൽ ദൈവത്തിൻ്റെ ഏകത്വത്തെ വിഭജിക്കുവാനോ വിഭാഗിക്കുവാനോ അല്ലെങ്കിൽ, വേർപെടുത്തുവാനോ (separate), വേർതിരിക്കാനോ കഴിയില്ലെന്ന് ഒന്നാമതായി പറഞ്ഞശേഷമാണ് മൂന്ന് വ്യത്യസ്ത ആളത്തങ്ങളാണെന്ന് പറയുന്നത്. ഇനി മൂന്നാം പ്രമേയത്തെക്കുറിച്ചുള്ള അഥവാ, വ്യത്യസ്ത ആളത്തങ്ങളെക്കുറിച്ചുള്ള ത്രിത്വപണ്ഡിതന്മാരുടെ ദൈവശാസ്ത്ര നിർവ്വചനവും നോക്കാം; “ദൈവിക ആളത്തങ്ങൾ വിഭിന്നങ്ങളാണെന്ന് പറയുമ്പോൾ, പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ലെന്നും, പുത്രൻ പിതാവോ പരിശുദ്ധാത്മാവോ അല്ലെന്നും, പരിശുദ്ധാത്മാവ് പിതാവോ പുത്രനോ അല്ലെന്നും വ്യക്തമാക്കുന്നു.” 

ത്രിത്വപണ്ഡിതന്മാർ പറയുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവു വ്യത്യസ്തരായ ആളുകളാണ്. അഥവാ, വിഭിന്ന വ്യക്തികളാണ്. പറയുന്നതു കേട്ടാൽ, ഒരു ബന്ധവും അവർ തമ്മിൽ ഇല്ലെന്ന് തോന്നിപ്പോകും. അതാണിവർ പറയുന്ന സമനിത്യരായ മൂന്നു വ്യക്തികൾ. മുകളിൽ ഇവർ പറഞ്ഞത്, സാരാംശം വിഭജിക്കാൻ പാടില്ലെന്നാണ്. സാരാംശമെന്നാൽ, നിത്യത്വം, സർവ്വജ്ഞാനം സർവ്വവ്യാപകത്വം സർവ്വശക്തി തുടങ്ങിയ ദൈവത്തിനു മാത്രമുള്ള സവിശേഷ ഗുണങ്ങളാണെന്നും പറഞ്ഞു. മാത്രമല്ല, മേല്പറപ്പറഞ്ഞ ഏതെങ്കിലും ഗുണം ഒരാൾക്കുണ്ടെന്നു പറഞ്ഞാൽ ആ വ്യക്തി ദൈവം തന്നെയാണ്; അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അപ്പോൾ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നു വ്യക്തികൾ എന്നു പറഞ്ഞാൽ, മൂന്നു ദൈവങ്ങൾ എന്നല്ലേ വരൂ. കാരണം, നിത്യത്വം എന്നുപറയുന്നത് ദൈവത്തിന്റെ സവിശേഷ ഗുണമാണ്; വ്യക്തിയുടേതല്ല. മൂന്നു നിത്യനെന്നാൽ, മൂന്നു ദൈവമെന്നാണ്; മൂന്നു വ്യക്തിയെന്നല്ല. ഇനി, ഏകദൈവത്തിൻ്റെ ‘നിത്യത്വം’ മൂന്നു വ്യക്തികൾക്കും സമമായി വിഭജിച്ചിരിക്കയാണെന്നു വന്നാലോ, പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലെന്നുവരും. കാരണം, ദൈവത്തിൻ്റെ സാരാംശം വിഭജിക്കപ്പെടാവുന്നതല്ല. എന്നാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നു ബൈബിൾ വളരെ കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു. അങ്ങനെവരുമ്പോൾ, സമനിത്യരായ മൂന്നു വ്യക്തികളെന്ന ത്രിത്വോപദേശം തോട്ടിൽക്കൊണ്ടുപോയി കളയേണ്ടിവരും. അതവിടെ നില്ക്കട്ടെ; ഇനി മഹാദൈവമായ യേശുക്രിസ്തു പറയുന്നത് ശ്രദ്ധിക്കാം: “ഞാനാകുന്നവന്‍ ഞാന്‍തന്നെ’ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും:” (യോഹ, 8:24). ആരാണീ ഞാനാകുന്നവൻ; ഞാനാകുന്നവൻ യഹോവയാണ്: (പുറ, 3:14,15). യഹോവ തന്നെയാണ് താനെന്നാണ് യേശു പല സ്ഥലങ്ങളിൽ പറയുന്നത്. “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ‘ഞാനാകുന്നവന്‍ ഞാന്‍ തന്നെ’ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.” (യോഹ, 8:28). “ഞാനും പിതാവും ഒന്നാകുന്നു:” (യോഹ, 10:30). “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു:” (യോഹ, 14:9). “ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു:” (യോഹ, 14:10). യേശു പറയുന്നു; പിതാവും പുത്രനും അഭിന്നരല്ലെന്ന്. പണ്ഡിതന്മാർ പറയുന്നു പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളാണെന്ന്???? നിങ്ങൾ ആരെയാണ് സേവിക്കുന്നതെന്ന് ആദ്യം തീരുമാനിക്ക്.

പരിശുദ്ധാത്മാവിനെ, കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 8:39), ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), പുത്രത്വത്തിൻ ആത്മാവ് (റോമ, 8:15) എന്നിങ്ങനെ അഭിന്നമായിട്ടാണ് വിളിക്കുന്നത്. കൂടാതെ, ദൈവം ആത്മാവാകുന്നു (യോഹ, 4:24), കർത്താവ് ആത്മാവാകുന്നു (2കൊരി, 3:17), മഹത്വത്തിൻ്റെ ആത്മാവായ ദൈവാത്മാവ് (1പത്രൊ, 4:14. ഒ.നോ: ദൈവത്തിൻ്റെ മഹത്വം: റോമ, 15:7; കർത്താവിൻ്റെ മഹത്വം: 2കൊരി, 8:19; മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു: കൊലൊ, 1:27) എന്നുംകൂടി പറയുമ്പോൾ, ഇതൊന്നും വ്യത്യസ്ത വ്യക്തികളല്ല; ഏകദൈവംതന്നെയെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ?????

ഇതാണ് ദൈവത്തെ കുറിക്കുന്ന യഥാർത്ഥ ചിത്രീകരണം

പിതാവും പുത്രനും വ്യതിരിക്തരായ വ്യക്തികളല്ല; ഏകവ്യക്തി അഥവാ, ഒരൊറ്റ വ്യക്തിയാണെന്ന് മനസ്സിലാക്കാൻ ദൈവവചനം മുഴുവൾ അരച്ചുകലക്കി കുടിക്കേണ്ട ആവശ്യമില്ല. യോഹന്നാൻ 1:1 മാത്രം മനസ്സിരുത്തി പഠിച്ചാൽ മതി. “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു” (യോഹ, 1:14) എന്നെഴുതിയിരിക്കയാൽ വചനം പുത്രനാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഒന്നാം വാക്യത്തിലെ ദൈവത്തെ പിതാവെന്നോ, യഹോവയെന്നോ മാറ്റുകയും; വചനത്തെ പുത്രനെന്നോ, യേശുവെന്നോ മാറ്റുകയും ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ. മൂന്ന് വാക്യങ്ങളും ചുവടെ ചേർക്കുന്നു:

“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.”

“ആദിയിൽ പുത്രൻ ഉണ്ടായിരുന്നു; പുത്രൻ പിതാവിനോടുകൂടെ ആയിരുന്നു; പുത്രൻ പിതാവു ആയിരുന്നു.”

“ആദിയിൽ യേശു ഉണ്ടായിരുന്നു; യേശു യഹോവയോടുകൂടെ ആയിരുന്നു; യേശു യഹോവ ആയിരുന്നു.”

ഇവിടെ ചിലർക്കുള്ള പ്രശ്നം, വചനം ‘ദൈവം ആയിരുന്നു’ (word was God), അല്ലെങ്കിൽ, ‘പുത്രൻ പിതാവായിരുന്നു’ അതുമല്ലെങ്കിൽ, ‘യേശു യഹോവ ആയിരുന്നു’ എന്നു പറയുന്നതാണ്. അവർക്ക് ‘ആയിരുന്നു’ (was) എന്ന പ്രയോഗമാണ് ദഹിക്കാത്തത്. ദൈവത്തിന് ഭൂതമോ, വർത്തമാനമോ, ഭാവിയോ ഇല്ലാതിരിക്കേ, അഥവാ, ദൈവം നിത്യവർത്തമാനം ആയിരിക്കേ, ‘ആയിരുന്നു’ എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും? ഇതാണവരുടെ വിഷയം. യോഹന്നാൻ ഒന്നാമദ്ധ്യായത്തിൻ്റെ വിഷയം ദൈവം ജഡത്തിൽ വന്നതിനെ അഥവാ, മനുഷ്യനായി വെളിപ്പെട്ടതിനെക്കുറിച്ചാണ്. (യോഹ, 1:14). നിത്യരാജാവും അക്ഷയനും അദൃശ്യനും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവമേ (1തിമൊ, 1:17; 6:16) നമുക്കുള്ളൂ. സർവ്വപ്രപഞ്ചവും നിറഞ്ഞു നില്ക്കുന്നവനാണ് നമ്മുടെ ദൈവം: (യിരെ, 23:23,24). ഈ ദൈവത്തിൻ്റെ സ്ഥായിയായ രൂപം ഒരു മനുഷ്യനും കാണാൻ കഴിയില്ല. (പുറ, 33:20). എങ്കിലും, താൻ ഇച്ഛിക്കുന്ന മനുഷ്യരുടെ മുമ്പിൽ അവർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ ദൈവം വെളിപ്പെടുത്താറുണ്ട്. (ഉദാ: അബ്രാഹാം, മോശെ, പുറപ്പാടിലെ ജനം, മനോഹ, ശലോമോൻ തുടങ്ങിയവർ). ഈ മഹാദൈവത്തിൻ്റെ സമ്പൂർണ്ണ വെളിപ്പാടാണ് ‘പുത്രൻ’ എന്ന ആഭിധാനത്തിൽ അഥവാ, സ്ഥാനപ്പേരിൽ (appellation) ഉള്ളത്: (യോഹ, 1:18). ഇപ്പോൾ അവൻ തന്നെത്താൻ ഒഴിച്ച് സമ്പൂർണ്ണ മനുഷ്യനായിരിക്കുകയാണ്: (ഫിലി, 2:6-8). സമവീക്ഷണ സുവിശേഷങ്ങൾ ജഡത്തിൽ വെളിപ്പെട്ടവൻ്റെ സമ്പൂർണ്ണ ചരിത്രം പറയുമ്പോൾ, യോഹന്നാൻ ‘അവൻ ആരായിരുന്നുവെന്നും ഇപ്പോൾ എന്തായിത്തീർന്നു’ എന്നും പറഞ്ഞുകൊണ്ടാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. യോഹന്നാൻ 1:1-ൽ പറയുന്നത്, ജഡത്തിൽ വെളിപ്പെട്ടവൻ ആരായിരുന്നു എന്നാണ്; വചനം ദൈവം ആയിരുന്നു (word was God). ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ, അവൻ ദൈവമല്ല; പൂർണ്ണ മനുഷ്യനാണ്. എന്നാൽ, ജഡത്തിൽ വന്നു നില്ക്കുന്നവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ, അവൻ സാക്ഷാൽ ദൈവമായിരുന്നു. അതാണ് യോഹന്നാൻ വെളിപ്പെടുത്തുന്നത്.

‘ദൈവത്തോടുകൂടെ ആയിരുന്ന വചനം’ (യോഹ, 1:1,2) എന്ന പ്രയോഗവും അനേകർക്കും ഇടർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ദൈവത്തോടു കൂടെയുള്ള മറ്റൊരു ദൈവമെന്നും, മറ്റൊരു വ്യക്തിയെന്നും പലരും ഇതിനെ വ്യാഖ്യാനിച്ചു. ആദിയിൽ ദൈവം സകലവും ‘ഉളവാകട്ടെ’ എന്നു കല്പിച്ചത് തൻ്റെ വായിലെ വചനത്താലാണ്: (ഉല്പ, 1:24). ദൈവത്തെയും ദൈവത്തിൻ്റെ വചനത്തെയും വേർപെടുത്തുവാനോ, വ്യത്യസ്ത ആളത്തങ്ങൾ ആണെന്നു പറയുവാനോ കഴിയുമോ? ‘ദൈവം അഥവാ, യഹോവ ജഡമായി തീർന്നു’ എന്നതിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണ് ‘വചനം ജഡമായി തീർന്നു’ (1:14) എന്നത്. ‘വചനം ദൈവം ആയിരുന്നു’ (1:1) എന്നതും കുറിക്കൊള്ളുക. അർത്ഥാൽ, മഹാദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ അക്കാലത്തെ ഗ്രേക്കന്മാർക്ക് സുപരിചിതമായ ലൊഗോസ് (Logos) ആയിട്ട് യോഹന്നാൻ അവതരിപ്പിച്ചുവന്നുമാത്രം. ‘പുത്രൻ’ എന്നതുപോലെ, ‘വചനം’ എന്നതും ദൈവം ജഡത്തിൽ വെളിപ്പെട്ടതിനോട് ബന്ധപ്പെട്ടുള്ള സ്ഥാനപ്പേരാണ്: (യോഹ, 1:1, 1:14, 1യോഹ, 1:1; വെളി, 19:13). യോഹന്നാൻ പറയുന്നത്; “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ‘ജീവന്റെ വചനം’ (1യോഹ, 1:1) എന്നാണ്. ‘കണ്ണുകൊണ്ട് കണ്ടതും, കൈ തൊട്ടതും’ എന്തായാലും വായിൽനിന്ന് വരുന്ന വചനമല്ല. ആ വചനമാണ് ‘ജഡമായി തീർന്നതെന്നും’ അഥവാ മനുഷ്യനായി വെളിപ്പെട്ട പുത്രനായ ക്രിസ്തുവെന്നും (യോഹ, 1:14) രേഖപ്പെടുത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല; ‘ജീവനുള്ള ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നും’ (1തിമൊ, 3:15,16) വ്യക്തമാക്കിയിട്ടുണ്ട്. ‘പിതാവായ ഏകദൈവമേ നമക്കുള്ളൂ’ (യോഹ, 17:1-3; 1കൊരി, 8:6; എഫെ, 4:6) എന്നു യേശുവും പൗലൊസും പറയുന്നു. “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയതും” (പ്രവൃ, 14:15), “സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവും” (1തിമൊ, 4:10) ഈ ജീവനുള്ള ദൈവമാണെന്നുകൂടി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവം മൂന്നാളത്വങ്ങൾ അഥവാ, വ്യക്തിത്വങ്ങൾ ആണെന്നു പറയുന്ന ദുരുപദേശത്തിൻ്റെ കടയ്ക്കൽ കോടാലി ആഞ്ഞുപതിക്കുന്നു.

4. ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്: ഈ നാലാം പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ്, ‘സമനിത്യരായ മൂന്നു വ്യക്തികളാണ് ദൈവം’ എന്നു ത്രിത്വപണ്ഡിതന്മാർ അഥവാ, സമനിത്യവാദികൾ പറയുന്നത്. മൂന്നാം പ്രമേയത്തിൽ ദൈവത്തിൻ്റെ സാരാംശത്തിൻ്റെ സവിശേഷതകളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി എന്നിവ വിഭജിക്കപ്പെടാൻ പാടുള്ളതല്ല എന്ന് പറഞ്ഞതാരാണ്? ത്രിത്വപണ്ഡിതന്മാർ. ഇപ്പോൾ അവർതന്നെ പറയുന്നു; പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളും നിത്യരുമാണെന്ന്. സാരാംശം മൂന്നുപേർക്കുംകൂടി ഒന്നേയുള്ളൂ എന്നു പറഞ്ഞവരാണ് മൂന്ന് നിത്യന്മാരുണ്ടെന്ന് പറയുന്നതും. ആരോടാണ് ഇതൊക്കെ പറയുന്നത്??? പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്നരായ ആളത്തങ്ങളല്ല; ഏക വ്യക്തിത്വമാണെന്ന് മൂന്നാം പ്രമേയത്തോടുള്ള ബന്ധത്തിൽ തെളിയിച്ചതാണ്. മൂന്നാം വാദവിഷയത്തിനോടുള്ള ബന്ധത്തിലാണ് നാലും അഞ്ചും വിഷയങ്ങൾ വരുന്നത്. മൂന്നാം വിഷയം ബൈബിൾ വിരുദ്ധവും പരമാബദ്ധവും ആണെന്നു തെളിഞ്ഞിരിക്കേ, നാലും അഞ്ചും വിഷയങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ലാത്തതാണ്. ഏങ്കിലും പറഞ്ഞുവിടാം; യഹോവ നിത്യദൈവമാണ്: (ഉല്പ, 21:33; യെശ, 40:28). യേശു ആദ്യനും അന്ത്യനുമാണ്: (വെളി, 1:17; 2:8). പഴയനിയമത്തിൽ ‘യഹോവ’ എന്ന നാമധേയത്തിൽ വെളിപ്പെട്ടിരിക്കുന്നവൻ തന്നെയാണ്, പുതിയനിയമത്തിൽ ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള ‘യഹോശൂവ അഥവാ, യേശു’ എന്ന നാമത്തിൽ വെളിപ്പെട്ടതെന്നും തെളിഞ്ഞുകഴിഞ്ഞു. നിത്യാത്മാവ് (എബ്രാ, 9:14) എന്നല്ലാതെ, നിത്യപിതാവെന്ന് പിതാവിനെ കുറിക്കുവാനോ, നിത്യപുത്രനെന്ന് പുത്രനെ കുറിക്കുവാനോ ഒരു പദം ബൈബിളിലില്ല. ‘നിത്യപിതാവു’ എന്നുള്ളതാകട്ടെ; പുത്രനെ കുറിക്കുവാനാണ്: (യെശ, 9:6). ഇത് പിതാവിൻ്റെയു പുത്രൻ്റെയും അഭിന്നത്വത്തിന് ശക്തമായ ഒരു തെളിവുകൂടിയാണ്. “നിത്യപിതാവെന്ന് പിതാവിനെയും, നിത്യപുത്രനെന്ന് പുത്രനെയും ബൈബിൾ ഒരിടത്തുപോലും വിശേപ്പിച്ചിട്ടില്ലാതിരിക്കേ, ഇല്ലാത്ത ത്രിത്വത്തിലെ വ്യത്യസ്ത വ്യക്തികളെന്ന് സമനിത്യവാദികൾ പറയുന്ന പിതാവും പുത്രനും നിത്യരാകുന്നതെങ്ങനെ???”

നിഖ്യാവിശ്വാസമല്ല ദൈവത്തിൻ്റെ ദൈവത്തിൻ്റെ പ്രകൃതി നിശ്ചയിക്കുന്നത്; ബൈബിളാണ്. ബൈബിളിൻ്റെ ആഖ്യാനവും വ്യാഖ്യാനവും ഒന്നല്ല. ആഖ്യാനം ദൈവദത്തവും; വ്യാഖ്യാനം മനുഷ്യസൃഷ്ടിയുമാണ്. ദൈവശാസ്ത്രം ബൈബിളല്ല; ബൈബിൾ പഠിക്കാനുള്ള ഉപാധി മാത്രമാണ്. ദൈവശാസ്ത്രം പഠിക്കുന്നത് നല്ലതാണ്. പക്ഷെ, അതിൽ പഠിക്കുന്ന കാര്യങ്ങൾ അങ്ങനെതന്നെ ബൈബിളിൽ ഉണ്ടോയെന്നുകൂടി പരിശോധിച്ചുറപ്പുവരുത്താനും ഒരോ പഠിതാവും മിനക്കെടണം.

5. ത്രിത്വത്തിലെ ആളത്വങ്ങൾക്കു തമ്മിൽ സത്താസമത്വം ഉണ്ട്: ആധുനിക പണ്ഡിതന്മാർ പറയുന്നതുപോലെ ഒരു ത്രിത്വവുമില്ല; വ്യത്യസ്ത ആളത്തങ്ങളുമില്ല. അത് നാം മുകളിൽ കണ്ടുകഴിഞ്ഞു. ഇല്ലാത്ത ത്രിത്വത്തിലെ ഇല്ലാത്ത ആളത്തങ്ങൾക്കു തമ്മിൽ എങ്ങനെ സമത്വമുണ്ടാകും??? എങ്കിലും, സമനിത്യവാദികളുടെ തട്ടിപ്പു തുറന്നുകാണിക്കാൻ വേണ്ടി ചിലത് ചൂണ്ടിക്കാണിക്കാം: ഇവർ പറയുന്ന സമത്വമുള്ള മൂന്നാളത്തങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവും ആണല്ലോ? ഈ ആളത്തങ്ങൾ സമന്മാരാണെന്ന് ഇവരെ ആരാണ് പഠിപ്പിച്ചത് ബൈബിളാണോ? അല്ല; ദൈവശാസ്ത്രമാണ്. പിതാവിനും പുത്രനും തമ്മിൽ ഏതർത്ഥത്തിലാണ് സമത്വമുണ്ടാകുന്നത്? പുത്രൻ എന്ന പ്രയോഗംതന്നെ സൂചിപ്പിക്കുന്നത് പിതാവിനോട് വിധേയത്വമള്ളവൻ എന്നാണ്. ദൈവശാസ്ത്രമവിടെ നില്ക്കട്ടെ; യേശു ഇക്കാര്യത്തിൽ എന്തു പറയുന്നുവെന്നു നോക്കാം: “ദൈവം ഒരുവനല്ലാതെ നല്ലവനില്ല (മർക്കൊ, 10:18); പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19); ഞാൻ എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത് (5:30); പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു (8:28); ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു (12:49); പിതാവു അരുളിച്ചെയ്തതുപോലെ ഞാൻ സംസാരിക്കുന്നു (12:50); ഞാൻ സ്വയമായിട്ട് ഒന്നും സംസാരിച്ചിട്ടില്ല (14:31); എന്റെ പിതാവു എല്ലാവരിലും വലിയവൻ (10:29); പിതാവു എന്നെക്കാൾ വലിയവൻ (14:28); എൻ്റെ പിതാവ് എൻ്റെ ദൈവം” (യോഹ, 20:17) എന്നൊക്കെയാണ് പിതാവിനെക്കുറിച്ച് പറയുന്നത്. ക്രമത്തിൽ മൂന്നാമനായി പറയപ്പെട്ടുന്ന ‘പരിശുദ്ധാത്മാവും തന്നേക്കാൾ വലിയവൻ’ (മത്താ, 12:32) ആണെന്നാണ് യേശു പറയുന്നത്. താൻ ജഡത്തിൽ വെളിപ്പെട്ടപ്പോൾ പറഞ്ഞ ഈ കാര്യങ്ങളൊക്കെ സത്യമാകണമെങ്കിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമത്വമുള്ളവരായാൽ പറ്റുമോ??? ഏകത്വമാണ് ഉണ്ടാകേണ്ടത്.

പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളല്ല; ഏക വ്യക്തിയാണ്. അതുകൊണ്ടുതന്നെ സമത്വത്തിൻ്റെ അസമത്വത്തിൻ്റെയോ ആവശ്യവുമില്ല. ഒരേയൊരു ദൈവം തന്നെയാണ് പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നുമുള്ള സ്ഥാനപ്പേരുകളിൽ വെളിപ്പെട്ടിരിക്കുന്നത്. മൂന്നാം പ്രമേയത്തിൽ അത് തെളിയിച്ചിട്ടുള്ളതാണ്. അതിലേക്കായി ഒരു തെളിവുകൂടി നല്കാം. യഹോവയുടെ തേജസ്സ് ക്രിസ്തുവിന്റെ തേജസ്സായും, യഹോവയുടെ ഭാഷണങ്ങൾ പരിശുദ്ധാത്മാവിന്റെ ഭാഷണങ്ങളായും പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നതു കാണാം: 6:1-10-ൽ യെശയ്യാവ് കണ്ട തേജസ്സും ഭാഷണങ്ങളും യഹോവയുടേതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് ക്രിസ്തുവിന്റെ തേജസ്സായിരുന്നുവെന്ന് യോഹന്നാനിൽ പറയുന്നു; “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി. ഹൃദയം തടിപ്പിച്ചിരിക്കുന്നു യെശയ്യാവു അവന്റെ (ക്രിസ്തുവിൻ്റെ) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു:” (12:40,41). കൂടാതെ, ഈ ഭാഷണങ്ങൾ പരിശുദ്ധാത്മാവിന്റെതാണെന്ന് പൗലൊസും വ്യക്തമാക്കുന്നു: “ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ. (പ്രവൃ, 28:27). പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമത്വമല്ല; ഏകത്വമാണുള്ളതെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു.

ക്രൈസ്തവസഭകളിൽ കടന്നുകൂടിയിരിക്കുന്ന സകല ദുരുപദേശങ്ങളുടേയും കാരണക്കാർ വിശ്വാസികൾ തന്നെയാണ്. അവർക്കിത് കിട്ടണം. അവർ ദൈവവചനം വായിക്കുകയോ പഠിക്കുകയോ ചെയ്യാൻ വിമുഖത കാട്ടുന്നവരാണ്. പകരം, ദൈവത്തേക്കാളും, ദൈവവചനത്തേക്കാളും ഉപരിയായി പണ്ഡിതന്മാരെ വിശ്വസിക്കും. ക്രൈസ്തവ പണ്ഡിതന്മാരോട് ഒന്നു ചോദിച്ചോട്ടെ; മുസ്ലിങ്ങളോ, യഹോവസാക്ഷികളോ ആണ് ഈവിധം പഠിപ്പിക്കുന്നതെങ്കിൽ മനസ്സിലാക്കാം. അവർക്ക് ക്രിസ്ത്യാനികൾ ബഹുദൈവവിശ്വാസികളാണെന്ന് വരുത്തിത്തീർക്കുകയോ അല്ലെങ്കിൽ, യേശുവിൻ്റെ ദൈവത്വം നിഷേധിക്കുകയോ ചെയ്യണം. പക്ഷെ, ക്രിസ്തുവിൻ്റെ അനുയായികൾ എന്നവകാശപ്പെടുന്ന നിങ്ങളെന്തിനാ വിശ്വാസികളെക്കൊണ്ട് ഈ വിഴുപ്പു ചുമപ്പിക്കുന്നത്??? ദൈവം ഏകനാണെന്നുള്ള ബൈബിളിൻ്റെ മൗലികമായ ഉപദേശത്തെ മാറ്റിമറിക്കാൻ നിങ്ങൾക്കാരാണ് അധികാരം തന്നത്??? പിതാവെന്നതും പുത്രനെന്നതും പരിശുദ്ധാത്മാത്മാവെന്നതും ഒരു പേരല്ല; സ്ഥാനപ്പേരാണ്. സ്ഥാനപ്പേരെന്നത് ഒരു വ്യക്തി അലങ്കരിക്കുന്ന പദവി ഇന്നതെന്ന് വ്യക്തമാക്കുകയാണ്. ഏകസത്യദൈവത്തിൻ്റെ മൂന്ന് സ്ഥാനനാമങ്ങൾ മാത്രമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പദവികൾക് വ്യക്തിത്വം നല്കി മൂന്നു ദൈവങ്ങളാക്കിയത് എന്തായാലും ബൈബിളല്ല; ക്രൈസ്തവ പണ്ഡിതന്മാരാണ്. ദൈവത്തിൻ്റെ ഏകത്വത്തിൽ ഒരു ബഹുത്വം ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വാസികളെ പഠിപ്പിച്ചത് നിങ്ങളാണ്. നിങ്ങൾതന്നെ ദൈവാത്മാവിൽ ശരണപ്പെട്ട് സത്യം മനസ്സിലാക്കി വിശ്വാസികളെ തിരുത്തണമെന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *