തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് (election)

“നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1പത്രൊ, 2:9)

ചില പ്രത്യേക വ്യക്തികളെയോ ഗണത്തയോ പ്രത്യേക അനുഗ്രഹത്തിനും വിശിഷ്ടാനുകൂല്യങ്ങൾക്കുമായി വേർതിരിക്കുന്നതാണ് തിരഞ്ഞെടുപ്പ്. പാപികളുടെ രക്ഷയുമായി ബന്ധപ്പെടുമ്പോൾ തിരഞ്ഞെടുപ്പ് മുന്നിയമന സിദ്ധാന്തത്തിന്റെ പ്രയുക്തിയാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന വിഷയമാണിത്. പുതിയനിയമത്തിൽ മാത്രം തിരഞ്ഞെടുപ്പ് 48 സ്ഥാനങ്ങളിലുണ്ട്. 

തിരഞ്ഞെടുക്കുക എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള പ്രധാനപ്പെട്ട എബ്രായധാതു ‘ബാഹർ (בָּחַר – bachar) ആണ്. ഒരു വലിയ ഗണത്തിലോ കൂട്ടത്തിലോ ഉൾപ്പെടുന്നവയെ എല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷം ഒരു വ്യക്തിയെയോ വസ്തുവിനെയോ സ്വന്തം ഇച്ഛപോലെ തിരഞ്ഞെടുക്കുക എന്ന ആശയമാണ് ബാഹർ എന്ന ധാതുവിനുള്ളത്. കവിണക്കല്ലുകളെ തിരഞ്ഞെടുക്കുക (1ശമൂ, 17:40), ഭാര്യയെ തിരഞ്ഞെടുക്കുക (ഉല്പ, 6:2), നന്മ തിരഞ്ഞെടുക്കുക (യെശ, 7:15), ജീവനെ തിരഞ്ഞെടുക്കുക (ആവ, 30:20), യഹോവയുടെ സേവ തിരഞ്ഞെടുക്കുക (യോശു, 24:22) എന്നിവ ഉദാഹരണങ്ങൾ. ഈ എബ്രായ ധാതുവിന് സമാനമായ ഗ്രീക്കു ധാതു എക്ലെഗോമായ് (ἐκλέγομαι – eklegomai – മർക്കൊ, 13:20) ആണ്. തിരഞ്ഞെടുക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ എബ്രായയിൽ ബാഹിർ(בָּחִיר – bachiyr -2ശമൂ, 21:6)-ഉം ഗ്രീക്കിൽ എക്ലെക്ടൊസും (ἐκλεκτός – eklektos – മത്താ, 20:16) പ്രയോഗിക്കുന്നു. തിരഞ്ഞെടുക്കുന്നതു ദൈവമാണ്. മോശെ വൃതനാണ് (സങ്കീ, 106:23). യിസ്രായേല്യരെ ദൈവം തിരഞ്ഞെടുത്തു എന്ന് ആറു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (1ദിന, 16:12; സങ്കീ, 105:5, 43; 106:4; യെശ, 43:20; 45:4). ശൗൽ രാജാവിനെയും (2ശമൂ, 21:6), ദാവീദിനെയും (സങ്കീ, 89:3) വൃതൻ എന്നു ഓരോ പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവചനത്തിൽ മശീഹയെ ഒരുപ്രാവശ്യം (യെശ, 42:1) വൃതൻ എന്നു വിളിച്ചിട്ടുണ്ട്. വീണ്ടെടുക്കപ്പെട്ട യിസ്രായേൽ ഭാവിയിൽ ദൈവത്തിന്റെ വൃതർ ആയിരിക്കും. (യെശ, 65:9, 15, 22). ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചവരെ പുതിയനിയമത്തിൽ 20 പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടവർ എന്നു വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ കുറിക്കുന്ന ഗ്രീക്കുപദം ‘എക്ലോഗീ’ (ἐκλογή – ekloge – പ്രവൃ, 9:15) ആണ്.

പഴയനിയമത്തിൽ യിസ്രായേൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. രണ്ടു പരസ്പര ബദ്ധമായ പ്രവൃത്തികളിലൂടെയാണ് ദൈവം അവരെ തിരഞ്ഞെടുത്തത്. ഒന്നാമതായി, ദൈവം അബ്രാഹാമിനെയും സന്തതിയെയും തിരഞ്ഞെടുത്തു. കല്ദയരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനെ വിളിച്ചു വേർതിരിച്ച് വാഗ്ദത്തനാടായ കനാനിൽ കൊണ്ടു വന്നു. അനന്തരം അബ്രാഹാമിനോടും അവന്റെ സന്തതികളോടും ശാശ്വത നിയമം ചെയ്തു. ഈ നിയമമനുസരിച്ച് അബ്രാഹാമിൻ്റെ സന്തതിയിലൂടെ ഭൂമി അനുഗ്രഹിക്കപ്പെടും. (ഉല്പ, 11:31-12:7; 15:17; 22:15-18; നെഹെ, 9:7; യെശ, 41:8). രണ്ടാമതായി, മിസ്രയീമിലെ അടിമത്തത്തിൽനിന്നും വീണ്ടടുത്തുകൊണ്ട് യിസ്രായേലിനെ ദൈവം തന്റെ ജനമായി തിരഞ്ഞെടുത്തു. അബ്രാഹാമിനോടു ചെയ്ത നിയമം സീനായിയിൽ വച്ചു പുതുക്കി വാഗ്ദത്തദേശം അവർക്കു ജന്മഭൂമിയായി നല്കി. (പുറ, 3:6-10; ആവ, 6:2-23; സങ്കീ, 105). ഈ തിരഞ്ഞെടുപ്പുകളെ ദൈവത്തിന്റെ വിളി എന്നും പ്രസ്താവിച്ചിട്ടുണ്ട്. അബ്രാഹാമിനെയും അബ്രഹാമിന്റെ സന്തതികളെയും ദൈവം വിളിച്ചത് തന്റെ ജനമായിരിക്കുവാൻ വേണ്ടിയാണ്. 

തിരഞ്ഞെടുപ്പും മുന്നിയമനവും: രക്ഷിക്കപ്പെടുന്നവർ ആരെന്നത് ദൈവം മുന്നിർണ്ണയിച്ചു കഴിഞ്ഞു എന്നു വ്യക്തമാക്കുന്ന അനേകം ഭാഗങ്ങളുണ്ട്. പൗലൊസും ബർന്നബാസും ജാതികളുടെ ഇടയിൽ സുവിശേഷം പ്രസംഗിച്ചപ്പോൾ ഉണ്ടായ ഫലത്തെക്കുറിച്ച് ലൂക്കൊസ് എഴുതി: “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.” (അപ്പൊ, 13:48). എത്രപേർ വിശ്വസിച്ചു എന്ന ചോദ്യത്തിനുത്തരം നിത്യജീവനായി നിയമിക്കപ്പെട്ടവർ എന്നത്രേ. (ഒ.നോ: റോമ, 8:28-30). ഏശാവിനെ ഉപേക്ഷിച്ച് ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു. (റോമ, 9:11,12,13). യിസ്രായേലിൽ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് രക്ഷ പ്രാപിച്ചത്. (റോമ, 11:7). “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പ് നമ്മെ അവനിൽ തിരഞ്ഞെടുക്കു കയും . . . . . സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ.” (എഫെ, 1:4-6. ഒ.നോ: എഫെ, 1:11,12; 1കൊരി, 2:7). 

തിരഞ്ഞെടുപ്പിന്റെ സവിശേഷതകൾ: പുതിയനിയമത്തിൽ പൗലൊസിന്റെ ലേഖനങ്ങളിലാണ് തിരഞ്ഞെടുപ്പിനെക്കുറിച്ചുളള ദൈവശാസ്ത്രപരമായ വിചിന്തനം വ്യക്തമായി കാണുന്നത്: 

1. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് കൃപയാലാണ്: പാപത്തിൽ വീണുപോയ മനുഷ്യവർഗ്ഗത്തോട് ദൈവം സൗജന്യമായി കാട്ടിയ കൃപയാണ് തിരഞ്ഞെടുപ്പ്. (റോമ, 11:5). മനുഷ്യൻ സാക്ഷാൽ അർഹിക്കുന്നത് ദൈവക്രോധം മാത്രമാണ്. (റോമ, 1:18). 

2. തിരഞ്ഞെടുപ്പ് ദൈവത്തിന്റെ സർവ്വാധികാരത്തിൽ പെടുന്നു: തിരുഹിതത്തിന്റെ പ്രസാദപ്രകാരമാണ് ദൈവം മനുഷ്യരെ തിരഞ്ഞെടുത്തത്. മനുഷ്യരുടെ പ്രവൃത്തികൾ അതിനു കാരണമല്ല. (എഫെ, 1:5, 9; റോമ, 9:11). പാപികളിൽ നിന്ന് ഒരു വിഭാഗത്തെ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്താനായി ദൈവം കരുണാപാത്രങ്ങളായി തിരഞ്ഞെടുത്തു. (റോമ, 9:23). പാപികളിൽ ചിലരെ അവർ അർഹിക്കുന്നത് അനുസരിച്ച് ഹൃദയകാഠിന്യത്തിനും നാശത്തിനും ഏല്പിച്ചു. (റോമ, 9:18, 21; 11:7-10). ഈ വിവേചനത്തിൽ അനീതിയായി ഒന്നുംതന്നെയില്ല. മത്സരികളായ മനുഷ്യരോടു എന്തു ചെയ്യാനുമുള്ള അവകാശം സ്രഷ്ടാവിനുണ്ട്. (റോമ, 9:14-21). ചിലരോടു ദൈവം കരുണ കാണിക്കുന്നില്ലെന്നതിനേക്കാൾ പ്രധാനം ചിലരോടു ദൈവം കരുണ കാണിക്കുന്നു എന്നതാണ്. അബ്രാഹാമിനോടുള്ള വാഗ്ദാനം ഏശാവിനെ ഉപേക്ഷിച്ചുകൊണ്ട് യാക്കോബിനു മാത്രമായി പരിമിതപ്പെടുത്തിയതിൽ നിന്നും ഇതു വ്യക്തമാണ്. (റോമ, 9:7-13). യിസ്രായേലിൽ നിന്നു ജനിച്ചവരെല്ലാം യിസ്രായേല്യർ അല്ല. തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു വാഗ്ദാനം ചെയ്തിട്ടുള്ള രക്ഷ അനുഭവിക്കുന്നവരത്രേ യിസ്രായേലിലെ ശേഷിപ്പ്. (റോമ, 11:5; 9:27-29). 

3. തിരഞ്ഞെടുപ്പു നിത്യമാണ്: ഭൂതകാലനിത്യതയിൽ തന്നെ തിരഞ്ഞെടുപ്പു പൂർത്തിയായി. ലോകസ്ഥാപനത്തിനു മുമ്പു തന്നെ ദൈവത്തിന്റെ നിത്യമായ ആലോചനയിൽ മനുഷ്യനെ സംബന്ധിക്കുന്ന സകലകാര്യങ്ങളും നിർണ്ണയിച്ചു കഴിഞ്ഞു. “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മ അവനിൽ തിരഞ്ഞെടുക്കുകയും.” (എഫെ, 1:4). തിരഞ്ഞെടുപ്പും വിളിയും പരസ്പര ബദ്ധമാണ്. (2തിമൊ, 1:9; 2തെസ്സ, 2:13,14). തിരഞ്ഞെടുപ്പു ദൈവത്തിന്റെ നിത്യനിർണ്ണയത്തിന്റെ ഭാഗമാണ്. (എഫെ, 1:9). 

4. തിരഞ്ഞെടുപ്പു ക്രിസ്തുവിലാണ്: (എഫെ, 1:4). ക്രിസ്തുവിന്റെ ജഡധാരണവും പ്രായശ്ചിത്ത മരണവും ദൈവത്തിന്റെ നിത്യനിർണ്ണയത്തിൽ ഉൾപ്പെട്ടതാണ്. പത്രൊസ് അപ്പൊസ്തലൻ ഈ വിഷയം സ്പഷ്ടമായി പ്രസ്താവിച്ചു: “ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തുവിലൂടെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലം തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിന്റെ രൂപത്തോടു അനുരൂപരാകുകയും ക്രിസ്തുവിന്റെ തേജസ്സിനു പങ്കാളികളാകുകയും ചെയ്യുക എന്നതത്രേ. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29,30). ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കുന്നവർ ദൈവം ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ്. ദൈവം ക്രിസ്തുവിനു നല്കിയവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. അവർക്കു ക്രിസ്തു നിത്യജീവൻ നല്കുന്നു. (യോഹ, 17:2, 6, 9, 24). 

തിരഞ്ഞെടുപ്പിന്റെ ലക്ഷ്യവും ഫലവും: തിരഞ്ഞെടുപ്പിന്റെ ആത്യന്തികലക്ഷ്യം ദൈവനാമ മഹത്വമാണ്. തിരഞ്ഞെടുപ്പിലൂടെ ലഭിച്ച വിശിഷ്ട പദവിയും ആനുകൂല്യങ്ങളും നിമിത്തം യിസ്രായേൽ ദൈവത്തിനു സ്തോത്രം ചെയ്യുകയും അവന്റെ സ്തുതി പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിനു മഹത്വവും ബഹുമാനവും നല്കുന്നു. (യെശ, 43:20; സങ്കീ, 79:13; 96:1-10). ഒരു വിശ്വാസി ദൈവത്തിൽ പ്രശംസിച്ച് (1കൊരി, 1:31) ദൈവത്തിനു എന്നേക്കും മഹത്വം നല്കേണ്ടതാണ്. (റോമ, 11:36; എഫെ, 1:5,6, 12). തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ദൈവിക വെളിപ്പാട് വാദപ്രതിവാദത്തിലേക്കല്ല ആരാധനയിലേക്കാണ് നയിക്കേണ്ടത്. 

1.ദൈവത്തിന്റെ ആർദ്രനേഹം വെളിപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ്: തന്റെ പ്രത്യേക സ്നേഹത്തിനു പാത്രമായതുകൊണ്ടാണ് യഹോവ യിസ്രായേലിനെ തിരഞ്ഞെടുത്തത്. യിസ്രായേൽ ദൈവത്തെ തിരഞ്ഞെടുക്കകയോ ദൈവത്തിന്റെ പ്രീതി അർഹിക്കുകയോ ചെയ്തില്ല. അവർ സംഖ്യയിൽ കുറവുളളവരും ദുർബലരും മത്സരികളും ആയിരുന്നു. (ആവ, 7:7; 9:4,5,6; 23:5). തിരുഹിതത്തിന്റെ പ്രസാദപ്രകാരമായിരുന്നു യിസ്രായേലിൻ്റെ തിരഞ്ഞെടുപ്പ്. പുതിയനിയമത്തിൽ സഭയുടെ തിരഞ്ഞടുപ്പിനും കാരണമായതു ദൈവത്തിന്റെ സ്നേഹം മാത്രം. പാപികളും അഭക്തരും ബലഹീനരും ശത്രുക്കളും (റോമ, 5:6, 8, 10) ആയി അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരെ (എഫെ, 2:1) ആണ് ദൈവം തിരഞ്ഞെടുത്തത്. (യോഹ, 3:16). 

2 തിരഞ്ഞെടുപ്പ് വിശ്വാസിയുടെ നിത്യരക്ഷ ഉറപ്പാക്കുന്നു. ഒരു വ്യക്തി ഇപ്പോൾ ക്യയിലാണെങ്കിൽ അവൻ എന്നേക്കും കൃപയിൽ തന്നെയാണ്. അവൻ നീതികരണം ഒന്നിനാലും ബാധിക്കപ്പെടുകയില്ല. (റോമ, 8:33). ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് അവനെ വേർപെടുത്തുവാൻ ഒന്നിനും കഴിയുകയില്ല. (റോമ, 8:35-39). 

3. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസിയെ സൽപ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നു. ദുർന്നടപ്പ്, അഹങ്കാരം തുടങ്ങിയവ വിട്ടൊഴിഞ്ഞ് സ്വയം താഴ്ത്തി ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ടു വിശുദ്ധജീവിതം ചെയ്യുവാൻ അവനു പ്രചോദനം നല്കുന്നു. (റോമ, 11:19-22; കൊലൊ, 3:12-17). 

പ്രതിവാദങ്ങൾ: 1. തിരഞ്ഞെടുക്കപ്പെടാത്തവരെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് അനീതിയും പക്ഷപാതപരവുമാണ്. എല്ലാ മനുഷ്യരും നല്ലവരാണെങ്കിൽ അവരിൽ നിന്ന് ഒരു വിഭാഗത്തെ തിരഞ്ഞെടുത്ത് മറ്റുള്ളവരെ പൂർണ്ണനാശത്തിനു ഉപേക്ഷിക്കുന്നത് അനീതിയാണ്. എന്നാൽ എല്ലാവരും പാപികളായിരിക്കെ അവരിൽ നിന്ന് ചിലരെയെങ്കിലും തിരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ കൃപാമഹത്വം എന്നേ പറയേണ്ടു. അതിനു ദൈവത്തെ മഹത്വപ്പെടുത്തുകയാണു വേണ്ടത്. (റോമ, 3:23, 25). ദൈവിക തിരഞ്ഞെടുപ്പിന് അടിസ്ഥാനമായി ഒരു ഗുണവും മനുഷ്യനിലില്ല. ഏതെങ്കിലും ഗുണം അടിസ്ഥാനമായി ഉണ്ടെങ്കിലും അതു മാനദണ്ഡമായി സ്വീകരിക്കപ്പെട്ടിരുന്നെങ്കിലും അതിനു വിരുദ്ധമായി ചെയ്യുന്ന തിരഞ്ഞെടുപ്പിൽ മാത്രമേ പക്ഷപാതം ആരോപിക്കാനാവു. (റോമ, 9:18-24). 

2. തിരഞ്ഞെടുപ്പനുസരിച്ച് ക്രിസ്തുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ട അവകാശം വ്യക്തിക്കില്ല. കാൽവിന്റെ ഉപദേശമനുസരിച്ച് രക്ഷിക്കപ്പെടുന്നവരുടെ സംഖ്യ മുന്നിർണ്ണയിച്ചു കഴിഞ്ഞു. ആ നിലയ്ക്കു സുവിശേഷവേല നിഷ്പ്രയോജനമാണ്. തിരിഞ്ഞെടുപ്പ് ഒരു രഹസ്യ നിർണ്ണയമാണ്. അതു സുവിശേഷവേലയ്ക്ക് തടസ്സം സൃഷ്ടിക്കാതെ പ്രചോദനം നല്കുന്നു. മുന്നിയമനം ഇല്ലെന്നു വരികിൽ എല്ലാവരും നഷ്ടപ്പെട്ടു പോകും. (പ്രവൃ, 18:10). ദൈവത്തിന്റെ തിരഞ്ഞെടുപ്പു പൂർത്തിയാകുന്നത് സുവിശേഷ പ്രവർത്തനത്തിലൂടെയാണ്. (പ്രവൃ, 13:48; 2തിമൊ, 2:10). ക്രിസ്തുവിനെ സ്വീകരിക്കുവാനും നിഷേധിക്കുവാനുമുളള സ്വാതന്ത്യം വ്യക്തികൾക്കുണ്ട്. വ്യക്തിയുടെ തീരുമാനം സ്വമേധയാ ഉള്ളതാണ്. എന്നാൽ ഈ തീരുമാനം പൂർണ്ണസ്വതന്ത്രമെന്നു പറയുവാൻ കഴിയുകയില്ല. ദൈവം ഇച്ഛാശക്തിയിലൂടെ പ്രവർത്തിക്കുകയും മുന്നിയമനം അനുസരിച്ചുളള തീരുമാനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. 

3. തിരഞ്ഞെടുപ്പിന്റെ നിർണ്ണയം ശാപനിർണ്ണയം ഉൾക്കൊള്ളുന്നു. ഈ ശാപത്തിന്റെ ഉത്തരവാദിത്വം ദൈവത്തിനാണ്. സ്വയം തിരഞ്ഞെടുത്ത ലംഘനത്തിന്റെയും മത്സരത്തിൻ്റെയും ഫലം അനുഭവിക്കാൻ പാപിയെ ഉപേക്ഷിക്കുന്നത് ദൈവത്തിന്റെ അനുവദനീയ നിർണ്ണയം മാത്രമാണ്. തിരഞ്ഞെടുപ്പിൽ ദൈവം ഇടപെടുന്നത് പാപികളായ മനുഷ്യവർഗ്ഗത്തോടാണ്. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താലാണ്. ദൈവകൃപ സ്വീകരിക്കുന്നവർ ആരെന്നും, വൃഥാവാക്കുന്നവർ ആരെന്നുമുള്ള മുന്നറിവിലാണ് ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ്. ഏതൊരു വ്യക്തിയും രക്ഷിക്കപ്പെടുന്നത് ദൈവകൃപയാലാണ്. തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്തവർ തങ്ങളുടെ പാപത്തിനു യോഗ്യമായ ശിക്ഷ മാത്രമേ അനുഭവിക്കുന്നുള്ളൂ. ദൈവം ചിലരെ നരകത്തിനു തിരഞ്ഞെടുത്തു എന്നു പറയുന്നതു തെറ്റാണ്. അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു (1പത്രൊ, 2:8) എന്നെഴുതുമ്പോൾ പത്രൊസ് വ്യക്തമാക്കുന്നത് അവർ അനുസരണക്കേടിനു നിയമിക്കപ്പെട്ടു എന്നല്ല, മറിച്ച് അനുസരണം കെട്ടവരാകയാൽ ഇടറിപ്പോകാൻ നിയമിക്കപ്പെട്ടു എന്നത്രേ. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടണമെന്നതാണ് ദൈവഹിതം. (2പത്രൊ, 3:9; യെഹെ, 33:11; യോഹ, 3:16; 1തിമൊ, 2:6).

One thought on “തിരഞ്ഞെടുപ്പ്”

Leave a Reply

Your email address will not be published. Required fields are marked *