താക്കോൽ

താക്കോൽ (key)

പൂട്ടു തുറക്കുന്നതും പുട്ടുന്നതും താക്കോലുപയോഗിച്ചാണ്. സഭയിലായാലും, രാഷ്ടത്തിലായാലും അധികാരത്തിൻ്റെയും ശക്തിയുടെയും പ്രതീകമാണ് താക്കോൽ. രാജാവിന്റെ പ്രധാനോപദേഷ്ടാവായ എല്യാക്കീമിന്റെ കയ്യിൽ ദാവീദുഗൃഹത്തിന്റെ താക്കോൽ കൊടുക്കുമെന്നു യെശയ്യാവ് പ്രസ്താവിച്ചു. (22:22). രാജകീയ ഭണ്ഡാരത്തിൻ്റെ മേൽനോട്ടവും, രാജാവിന്റെ ശുശ്രൂഷയ്ക്കു സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ആരെയാണെന്നുള്ള വിവേചനാധികാരവും താക്കോലിൽ ഉൾപ്പെടുന്നു. ഉന്നതമായ അർത്ഥത്തിൽ ദാവീദു ഗൃഹത്തിന്റെ ഭരണം കർത്താവിന്റെ കരങ്ങളിലാണ്. അതിനാലാണ് ക്രിസ്തുവിനെ ദാവീദിന്റെ താക്കോലുളളവനെന്നു പറഞ്ഞിരിക്കുന്നത്. (വെളി, 3:7). ക്രിസ്തു ദൈവരാജ്യത്തിന്റെ താക്കോൽ അപ്പൊസ്തലന്മാരിൽ പ്രധാനിയായ പത്രോസിനും (മത്താ, 16:19), തുടർന്നു മറ്റപ്പൊസ്തലന്മാർക്കും നല്കി. (മത്താ, 18:18; യോഹ, 20:23). “ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കള ഞ്ഞു.” (ലൂക്കൊ, 11:52). പരിജ്ഞാനത്തിന്റെ താക്കോൽ തിരുവെഴുത്തുകളാണ്. ന്യായശാസ്ത്രിമാർ അതു കൈക്കലാക്കി. അവർ കടക്കുകയോ മറ്റുളളവരെ കടക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. ‘മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ’ (വെളി, 1:18) ക്രിസ്തുവിനു മനുഷ്യരുടെ ആത്മാക്കളുടെയും ശരീരങ്ങളുടെയും മേലുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. സകലതിൻ്റെയും സൃഷ്ടിതാവെന്ന നിലയിലും മരിച്ചുയിർത്തവനെന്ന നിലയിലും ക്രിസ്തുവിനു മരണത്തിന്മേലും പാതാളത്തിന്മേലും അധികാരമുണ്ട്. അഗാധ കൂപത്തിന്റെ താക്കോൽ അതിന്മേലുള്ള അധികാരത്തെ കാണിക്കുന്നു. (വെളി, 9:1; 20:1).

Leave a Reply

Your email address will not be published. Required fields are marked *