ഞാൻ വിവാഹമോചനം വെറുക്കുന്നു

ഞാൻ വിവാഹമോചനം വെറുക്കുന്നു

ക്രൈസ്തവ സമൂഹത്തിൽ വിവാഹമോചനം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യനാടുകളിൽ പ്രതിവർഷം നടത്തപ്പെടുന്ന വിവാഹങ്ങളിൽ നാല്പതു ശതമാനത്തോളം വിവാഹമോചനങ്ങളിൽ കലാശിക്കുന്നു. ചില ക്രൈസ്തവസഭകൾ വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. പൗരോഹിത്യ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർ പോലും വിവാഹമോചനം നേടി പുനർവിവാഹം ചെയ്ത് പൗരോഹിത്യശുശ്രൂഷ തുടരുന്നു. വിവാഹമോചനം നേടി പുനർവിവാഹം ചെയ്തവർ പരിശുദ്ധാത്മശക്തിയിൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് വലിയ ശുശ്രൂഷകൾ നയിക്കുന്നു. രാഷ്ട്രീയത്തലവന്മാരാകുവാനോ രാഷ്ട്രീയ നേതാക്കന്മാരാകുവാനോ വിവാഹമോചനം ഒരു തടസ്സമല്ലാതായി തീർന്നിരിക്കുന്നു. മൂന്നാം സഹസ്രാബ്ദം സമ്മാനിക്കുന്ന ഈ സ്ഥിതിവിശേഷത്തിലാണ്, വിവാഹമോചനത്തെക്കുറിച്ചുള്ള അത്യുന്നതനായ ദൈവത്തിന്റെ കാഴ്ചപ്പാട് നാം മനസിലാക്കേണ്ടത്. “ഞാൻ വിവാഹമോചനം വെറുക്കുന്നു” (മലാ, 2:16) എന്ന് യാതൊരു അർത്ഥശങ്കയ്ക്കോ വ്യാഖ്യാനഭേദങ്ങൾക്കോ പഴുതു നൽകാതെ ദൈവം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി ഒന്നായിത്തീരുന്ന ദമ്പതികളിൽനിന്ന് സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നത് ദൈവഭക്തരായ സന്താനങ്ങളെയാണ്. പരിശുദ്ധവും പരിപാവനവുമായ ആ ബന്ധത്തിൽ, യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുതെന്ന് ദൈവം പ്രത്യേകം കല്പിക്കുന്നു. കാരണം കന്യകയായിരുന്ന അവൾ ഭാര്യയായി, അമ്മയായി തീർന്നശേഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുമ്പോൾ അവൾക്ക് സന്തോഷപ്രദമായ ഒരു പുനർവിവാഹം ഏറെക്കുറെ അപ്രായോഗികമാണ്. എന്തെന്നാൽ തന്നെ വിവാഹം ചെയ്യുവാൻ ആഗ്രഹിക്കുന്ന മറ്റൊരു പുരുഷന്റെ പ്രതീക്ഷകൾ പൂർണ്ണമാക്കുവാൻ ക്ഷതമേറ്റ അവളുടെ ശരീരമനസ്സുകൾക്കു കഴിയുകയില്ല. ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന് യാതൊന്നും നഷ്ടപ്പെടാത്തതിനാൽ അവന് ഒരു പുനർവിവാഹത്തിനു പ്രയാസമില്ല. യൗവനത്തിൽ ഭാര്യയുമായി തന്റെ സന്നിധിയിൽ ഉടമ്പടി ചെയ്തിരിക്കുന്ന ഒരുവൻ അവളോട് അവിശ്വസ്തത കാണിക്കുകയോ അവളെ ഉപേക്ഷിക്കുകയോ ചെയ്തശേഷം തന്റെ ബലിപീഠത്തെ കണ്ണുനീർകൊണ്ടു മൂടിയാലും താൻ അവന്റെ വഴിപാടുകൾ സ്വീകരിക്കുകയില്ലെന്ന് ദൈവം അരുളിച്ചെയ്യുന്നതിൽ നിന്ന് വിവാഹമോചനം നടത്തുന്നവരെ ദൈവം എത്രമാത്രം വെറുകാകുന്നുവെന്നു വ്യക്തമാകുന്നു. വിവാഹമോചനത്തെ ഇത്രയധികം വെറുക്കുന്ന ദൈവത്തിന്റെ സന്നിധിയിലാണ് പുനർവിവാഹങ്ങൾ നിരന്തരം നടക്കുന്നതും നടത്തുന്നതുമെന്നതാണ് ഇന്നു ക്രൈസ്തവലോകത്തു ദർശിക്കാവുന്ന വൈപരീത്യം. അതോടൊപ്പം ഭാര്യാഭർത്താക്കന്മാരുടെ വേർപിരിയലോടുകൂടി ദൈവഭക്തരായിത്തീരണമെന്ന് ദൈവം ആഗ്രഹിച്ച അവരുടെ സന്താനങ്ങൾ, മാതാപിതാക്കളുടെ സ്നേഹപരിലാളനകൾ നഷ്ടപ്പെട്ട്, നിരാശയാലും മാനസിക സംഘർഷങ്ങളാലും മുരടിച്ച് ദൈവമില്ലാത്തവരായി വളർന്ന് അവരും നശിക്കുന്നു.

Leave a Reply

Your email address will not be published.