ചാവുകടൽ

ചാവുകടൽ (Dead Sea)

ചാവുകടലിന്റെ പ്രാചീനനാമം ഉപ്പുകടൽ എന്നത്രേ: (ഉല്പ, 14:3; സംഖ്യാ, 34:3, 12; ആവ, 3:17; യോശു, 3:16). ഇതിനെ ‘അരാബയിലെ കടൽ’ (ആവ, 3:17; 4:49; യോശു, 3:16; 12:3) എന്നും ‘കിഴക്കെകടൽ’ (യെഹെ, 47:18; യോവേ, 2:20; സെഖ, 14:8) എന്നും വിളിക്കുന്നു. വാഗ്ദത്തനാടിന്റെ കിഴക്കെ അതിരിലാകയാലാണ് കിഴക്കെ കടലെന്നു വിളിക്കുന്നത്. മെഡിറ്ററേനിയൻ സമുദ്രമാണ് പടിഞ്ഞാറെ കടൽ. ചാവുകടൽ എന്ന പേര് ബൈബിളിൽ ഇല്ല. എ.ഡി. രണ്ടാം നൂറ്റാണ്ടു മുതലാണ് ചാവുകടൽ എന്നപേർ പ്രയോഗത്തിൽ വന്നത്. ഇതിനെ സൊദോമിലെ കടൽ എന്നും ആസ്ഫാൾട്ട് കടൽ എന്നും വേദേതരസാഹിത്യത്തിൽ വിളിക്കുന്നു. ആധുനികനാമം ബാഹാർലൂട്ട് അഥവാ ലോത്തിൻ കടൽ എന്നാണ്. ചാവുകടൽ യോർദ്ദാൻ നദീമുഖത്തുനിന്നു ആരംഭിക്കുന്നു. യോർദ്ദാൻ പിളർപ്പിന്റെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് ചാവുകടൽ. ചാവുകടലിന്റെ ജലോപരിതലം സമുദ്രനിരപ്പിൽ നിന്ന് ശരാശരി 427 മീറ്റർ താഴെയാണ്. ഏറ്റവും ആഴം കൂടിയ ഭാഗത്തിന് വീണ്ടും 433 മീറ്റർ താഴ്ചയുണ്ട്. ലോകത്തിലേയ്ക്കും ഏറ്റവും അഗാധമായ സ്ഥാനമാണിത്. ചാവുകടലിന്റെ നീളം ഏകദേശം 77 കിലോമീറ്ററും വീതി 14 കിലോമീറ്ററും ആണ്. പടിഞ്ഞാറുഭാഗത്ത് പല തിട്ടകളാൽ ചുറ്റപ്പെട്ട ഒരു ഇടുങ്ങിയ തീരമുണ്ട്. ചില നീരുറവകൾ (ഉദാ: ഏൻ-ഗെദി; ഉത്ത, 1:14) ഒഴികെ യെഹൂദ്യതീരം വരണ്ടതും നഗ്നവുമാണ്. ഇവിടെനിന്നും വെളളത്തിന് ഒഴുകിപ്പോകുവാൻ ഒരു സാധ്യതയുമില്ല. അതിനാൽ സാധാരണ സമുദ്രജലത്തെ അപേക്ഷിച്ചു നാലിരട്ടിയിലേറെ സാന്ദ്രത ചാവുകടലിലെ ഉപ്പുവെള്ളത്തിനുണ്ട്. വെള്ളത്തിലെ 25%-ഉം ഉപ്പ്, പൊട്ടാഷ്, മഗ്നീഷ്യം, കാൽസ്യം ക്ലോറൈഡുകൾ, ബ്രോമൈഡ് എന്നീ രാസപദാർത്ഥങ്ങളാണ്. ചാവുകടലിലെ ജലത്തിന്റെ സ്പെസിഫിക് ഗ്രാവിറ്റി വളരെ കൂടുതലാണ്. തന്മൂലം ഈ വെളളത്തിൽ മുങ്ങുവാൻ സാധ്യമല്ല. നീന്തുന്നവർ ഉപരിതലത്തിൽ ഒരു കോർക്കുപോലെ പൊങ്ങി കിടക്കുകയേയുള്ളൂ. ചാവുകടലിൽ നിന്ന് ജലത്തിന് ബഹിർഗമനമാർഗ്ഗം ഒന്നും തന്നെയില്ല. ബാഷ്പീകരണം കൊണ്ടു മാത്രമെ ജലത്തിനെന്തെങ്കിലും മാറ്റം ഉണ്ടാകുന്നുള്ളൂ. ദിവസവും ഏകദേശം 70 ലക്ഷം ടൺ വെള്ളം വന്നുചേരുകയും അത്രയും വെള്ളം നീരാവിയായി പോകുകയും ചെയ്യുന്നു. അതിനാൽ ഇതിലെ ജലനിരപ്പ് സ്ഥിരമായിരിക്കുന്നു. ജലത്തിന്റെ താപം വേനൽക്കാലത്തു 43°c വരെ ഉയരുന്നു. യാതൊരു ജീവിയും ചാവുകടലിൽ വളരുന്നില്ല. ജീവികളില്ലാത്തതു കൊണ്ടായിരിക്കണം ഇതിനു ചാവുകടൽ എന്നു പേരുകിട്ടിയത്. കടുത്ത പുളിരസമാണു ഇതിലെ ജലത്തിന്. വെളളം വായിൽ കൊള്ളുന്നതിനോ കുളിക്കുന്നതിനോ നല്ലതല്ല. ചാവുകടലിനു ചുറ്റും വൃക്ഷലതാദികൾ സമൃദ്ധമായി വളരുകയോ മുകളിലൂടെ പക്ഷികൾ പറക്കുകയോ ചെയ്യുന്നില്ല. യോർദാൻ, അർന്നോൻ, സെർക്കാമെയിൻ, കേറെക്, സേരെക്, സേരെദ് എന്നീ നദികളും ചെറുതോടുകളും ഇതിൽ പതിക്കുന്നു. യോർദ്ദാൻ നദിയിൽകൂടി ഏതെങ്കിലും മീൻ ചാവുകടലിൽ എത്തുകയാണെങ്കിൽ ഉടൻതന്നെ ചത്തുപോകുന്നു. യോർദ്ദാൻ നദിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തു സൊദോം പർവ്വതത്തിനടുത്തു ഉപ്പുകുന്നുകൾ കാണാം. ഇവയെ അറബികൾ ലോത്തിന്റെ ഭാര്യ എന്നു വിളിക്കുന്നു. ചാവുകടലിന്റെ വടക്കെ അറ്റത്തുനിന്നു് 7 കിലോമീററർ അകലെയാണ് കുമ്രാൻ പ്രദേശം. ഇവിടെ നിന്നാണ് 1947-ൽ ചാവുകടൽ ചുരുളുകൾ കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *