ഗിദെയോൻ

ഗിദെയോൻ (Gideon)

പേരിനർത്ഥം – വെട്ടുകാരൻ

യിസ്രായേലിന്റെ ആറാമത്തെ ന്യായാധിപൻ. മനശ്ശെ ഗോത്രത്തിൽ അബിയേസ്ര്യ കുടുംബത്തിൽ യോവാശിൻറ മകൻ: (ന്യായാ, 6:11). യോർദ്ദാനക്കരെ ഗിലെയാദിലെ ഒഫ്രയിൽ പാർത്തിരുന്നു. യിസ്രായേൽ മക്കൾ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചതുകൊണ്ടു യഹോവ അവരെ ഏഴുവർഷം മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചു. മിദ്യാന്യർ നിമിത്തം യിസ്രായേല്യർ പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് യിസ്രായേല്യരുടെ വിള നശിപ്പിക്കുകയും ആട് കാള കഴുത എന്നിവയെ കൊണ്ടുപോകുകയും ചെയ്തു: (ന്യായാ, 6:1-6). ഇങ്ങനെ യിസ്രായേൽ ഏറ്റവും ക്ഷയിച്ചിരുന്ന കാലത്ത് ഗിദെയോൻ മുന്തിരിച്ചക്കിന്നരികെ വച്ച് കോതമ്പ് മെതിക്കുകയായിരുന്നു: (ന്യായാ, 6:11). യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷപ്പെട്ട് “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടു കൂടെ ഉണ്ട്” എന്നറിയിച്ചു. അതിനു ഗിദയോൻ; “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു” എന്നു നിരാശാപൂർണ്ണമായ മറുപടി നല്കി. യഹോവ അവനെ യിസ്രായേലിനെ രക്ഷിക്കുവാൻ നിയോഗിച്ചു. എന്നാൽ അത് അസാദ്ധ്യമാകയാൽ യഹോവയുടെ സഹായം ഉണ്ടെന്നതിൻ്റെ ഉറപ്പിനായി സ്വർഗ്ഗത്തിൽ നിന്നൊരടയാളം ഗിദെയോൻ ആവശ്യപ്പെട്ടു. അവനടയാളം ലഭിച്ചു. ഗിദെയോൻ അർപ്പിച്ച കോലാട്ടിൻ കുട്ടിയുടെ മാംസത്തെയും പുളിപ്പില്ലാത്ത വടയെയും യഹോവയുടെ ദൂതൻ വടിയുടെ അറ്റം കൊണ്ടു തൊട്ടപ്പോൾ പാറയിൽ നിന്നു അഗ്നി പുറപ്പെട്ടു അതിനെ ദഹിപ്പിച്ചു. ഗിദെയോൻ പരിഭ്രമിച്ചു എങ്കിലും യഹോവ അവനെ ആശ്വസിപ്പിച്ചു. ഗിദെയോൻ ഒരു യാഗപീഠം നിർമ്മിച്ച് അതിനു “യഹോവ ശലോം” എന്നു പേരിട്ടു: (ന്യായാ, 6:1-24). 

അനന്തരം ഗിദെയോൻ പിതൃഭവനത്തെ ശുദ്ധീകരിച്ചു. ബാലിന്റെ ബലിപീഠം ഇടിക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളകയും ചെയ്തു. തുടർന്നു യഹോവയ്ക്ക് യാഗപീഠം പണിതു. അപ്പൻ്റെ ഏഴുവയസ്സു പ്രായമുള്ള രണ്ടാമത്തെ കാളയെ യഹോവയ്ക്ക് യാഗം കഴിച്ചു. പട്ടണവാസികൾ ഗിദെയോനെതിരെ തിരിഞ്ഞ് അവനെ കല്ലെറിയാനൊരുങ്ങി. ബാൽതന്നെ ഇവൻറ നേരെ വ്യവഹരിക്കട്ടെ എന്ന് പിതാവായ യോവാശ് പറഞ്ഞു. അങ്ങനെ അവനു യെരൂബ്ബാൽ എന്നു പേരായി: (ന്യായാ, 6:32). മിദ്യാന്യരും കൂട്ടരും ഒരിക്കൽ കൂടി യിസ്രായേലിനെ ആക്രമിച്ചു. യഹോവയുടെ ആത്മാവ് ഗിദയോൻ മേൽവന്നു. മനശ്ശെ, ആശേർ, സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിൽ നിന്നും ഒരു സൈന്യം ശേഖരിച്ചു. വിജയസൂചകമായി ഒരടയാളം ഗിദെയോൻ ദൈവത്തോടു ചോദിച്ചു. താൻ നിലത്തിടുന്ന ആട്ടിൻതോൽ മഞ്ഞിനാൽ നിറഞ്ഞിരിക്കണമെന്നും ചുറ്റുമുള്ള നിലം ഉണങ്ങിയിരിക്കണമെന്നും ഗിദെയോൻ ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ തോൽ പിഴിഞ്ഞപ്പോൾ ഒരുകിണ്ടി മഞ്ഞു വെളളം ലഭിച്ചു. പിറ്റേ ദിവസം ഈ അത്ഭുതം മറിച്ചു സംഭവിക്കണമെന്നു ഗിദെയോൻ അപേക്ഷിച്ചു. അതനുസരിച്ചു മണ്ണു നനഞ്ഞും ആട്ടിൻതോൽ ഉണങ്ങിയും ഇരുന്നു: (ന്യായാ, 6:36-40). 

വിജയനിശ്ചയത്തോടുകൂടി ഗിദെയോൻ മിദ്യാന്യർക്കെതിരെ പുറപ്പെട്ടു, ജെസ്രീൽ താഴ്വരയിൽ ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി. ശത്രുക്കൾ 135000 ഉണ്ടായിരുന്നു; യിസ്രായേൽ സൈന്യമാകട്ടെ 32000-ഉം. ഈ സൈന്യത്തിൽനിന്നും ഭീരുക്കൾ പിന്മാറുവാൻ ഗിദെയോൻ ആവശ്യപ്പെട്ടു. അതനുസരിച്ച് 22000 പേർ പിൻവാങ്ങി. പതിനായിരം പേർ ശേഷിച്ചു. എന്നാൽ അതും കൂടുതലാകയാൽ അവരെ വെള്ളത്തിലിറക്കി പരിശോധിക്കുവാൻ യഹോവ ആവശ്യപ്പെട്ടു. പട്ടിയെപ്പോലെ മുട്ടുകുത്തി വെള്ളം നക്കിക്കുടിച്ചവരെ ഉപേക്ഷിച്ചു. കൈ വായ്ക്കുവച്ചു നക്കിക്കുടിച്ചവരെ സ്വീകരിച്ചു. അവർ മുന്നൂറു പേർ ആയിരുന്നു. യഹോവയുടെ കല്പന അനുസരിച്ച് ഗിദെയോനും ബാല്യക്കാരനായ പൂരയും കൂടി രാത്രി പാളയത്തിലേക്കിറങ്ങിച്ചെന്നു. അപ്പോൾ ഒരുവൻ ഒരുവനോടു തന്റെ സ്വപ്നം പറയുന്നതു ഗിദെയോൻ കേട്ടു. ഒരു യവത്തപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു ചെന്നു കൂടാരത്തെ തള്ളിയിട്ടു എന്നായിരുന്നു സ്വപ്നം. ഈ സ്വപ്നവും ഗിദെയോനു ധൈര്യം നല്കി. മുന്നൂറു പേരെയും മൂന്നു ഗണമായി തിരിച്ചു. ഓരോരുത്തർക്കും കാഹളവും ഒഴിഞ്ഞ കുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. സൈന്യം മുന്നേറുമ്പോൾ ജ്വലിക്കുന്ന പന്തത്തെ മറയ്ക്കുവാനായിരുന്നു കുടം. അവർ കാഹളം ഊതി കുടം ഉടച്ചു. ശബ്ദവും പന്തത്തിൻ്റെ പെട്ടെന്നുള്ള പ്രകാശവും ഗിദെയോൻ സൈന്യത്തിന്റെ എണ്ണം തെറ്റിദ്ധരിക്കാൻ കാരണമായി. മിദ്യാന്യരെ അവർ പൂർണ്ണമായി പരാജയപ്പെടുത്തി. യിസ്രായേല്യർ അവരെ പിന്തുടർന്നു നശിപ്പിച്ചു; രണ്ടുപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും കൊന്നു, അവരുടെ തലകളെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു. ഈ പ്രവൃത്തി ഗിദെയോന്റെ നേതൃത്വം അവർ അംഗീകരിച്ചതിന്റെ അടയാളമാണ്. മിദ്യാന്യരെ പിന്തുടരുമ്പോൾ സുക്കോത്തിലെയും പെനുവേലിലെയും ആളുകൾ യിസ്രായേല്യർക്കു സഹായം നിരസിച്ചു. മടങ്ങിവന്നപ്പോൾ ഗിദെയോൻ രണ്ടു സ്ഥലങ്ങളെയും നശിപ്പിച്ചു: (ന്യായാ, 8:4-17). സേബഹിനോടും സൽമുന്നയോടും ‘നിങ്ങൾ താബോരിൽ വച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു” എന്നു ഗിദെയോൻ ചോദിച്ചു. നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരനു തുല്യൻ ആയിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്വന്തം സഹോദരന്മാരായ അവരെ കൊന്നതു കൊണ്ടു ഗിദയോൻ ഇരുവരെയും കൊന്നു: (8:18-21). 

മിദ്യാന്യരുടെ കയ്യിൽനിന്നും തങ്ങളെ രക്ഷിച്ചതുകൊണ്ട് ഗിദെയോൻ തങ്ങൾക്കു രാജാവായിരിക്കണമെന്നു യിസ്രായേല്യർ ഗിദയോനോടപേക്ഷിച്ചു. ഇവിടെ യിസ്രായേല്യർ 6:35-ൽ പറഞ്ഞിട്ടുള്ള ഉത്തരഗോത്രങ്ങൾ മാത്രമാണ്. ഗിദെയോൻ ആ അപേക്ഷ തിരസ്കരിച്ചു: (8:23). ഗിദെയോൻ ആളുകളുടെ കയ്യിൽനിന്നും സ്വർണ്ണത്തിലുളള കർണ്ണാഭരണങ്ങൾ വാങ്ങി. അത് ഉദ്ദേശം 1700 ശേക്കെൽ ഉണ്ടായിരുന്നു. ഈ സ്വർണ്ണം കൊണ്ട് ഒരു ഏഫോദുണ്ടാക്കി ഒഫ്രയിൽ പ്രതിഷ്ഠിച്ചു. അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കണിയായിത്തീർന്നു: (8:27). അവർ അതിനെ പൂജാവസ്തുവാക്കി മാറ്റി. ഗിദെയോൻ്റെ കാലത്തു ദേശത്തിന് നാല്പതു വർഷം സ്വസ്ഥത ലഭിച്ചു. ഗിദെയോനു പല ഭാര്യമാരിലായി എഴുപതു പുത്രന്മാരും വെപ്പാട്ടിയിൽ അബീമേലെക്ക് എന്നൊരുവനും ജനിച്ചു. ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു. ഒഫ്രയിൽ പിതാവിന്റെ കല്ലറയിൽ അവനെ അടക്കി. മശീഹായിലൂടെ ലഭിക്കുന്ന വിടുതലിന്റെ ഉദാഹരണമായി യെശയ്യാപ്രവാചകൻ ഗിദെയോൻ്റെ മിദ്യാന്യവിജയം ചൂണ്ടിക്കാണിച്ചു: (യെശ, 9:4). എബായലേഖനത്തിലെ വിശ്വാസവീരന്മാരുടെ പട്ടികയിൽ ഗിദെയോനും സ്ഥാനം പിടിച്ചു: (എബ്രാ, 11:32).

Leave a Reply

Your email address will not be published.