കർത്താവിന്റെ പ്രാർത്ഥന

കർത്താവിന്റെ പ്രാർത്ഥന (Lord’s Prayer)

ഒരു മാതൃകാപ്രാർത്ഥനയായി കർത്താവ് സ്വശിഷ്യന്മാരെ പഠിപ്പിച്ചത്. മത്തായി സുവിശേഷത്തിൽ ഇത് ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ്. മറ്റൊരു ചുറ്റുപാടിലാണ് ലൂക്കൊസിൽ ഈ പ്രാർത്ഥന കർത്താവ് പഠിപ്പിച്ചത്. ഒരു മാതൃക എന്ന നിലയ്ക്ക് വിഭിന്ന സന്ദർഭങ്ങളിൽ ക്രിസ്തു ഈ പ്രാർത്ഥന പറഞ്ഞിരിക്കാനിടയുണ്ട്. ‘നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ’ എന്ന മുഖവുരയോടെയാണ് പ്രാർത്ഥനയുടെ രീതി ക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ചത്. കപടഭക്തിക്കാർ പ്രാർത്ഥിക്കുമ്പോലെ പ്രാർത്ഥിക്കരുതെന്നും (മത്താ, 6:5), ജാതികൾ ചെയ്യുന്നപോലെ ജല്പനം ചെയ്യരുതെന്നും (മത്താ, 6:7), ഉപദേശിച്ചശേഷം ദൈവത്തിന്റെ മുമ്പാകെ സ്വീകാര്യമായ പ്രാർത്ഥന എങ്ങനെയുള്ളതെന്നു ക്രിസ്തു വ്യക്തമാക്കി. ഒരു ശിഷ്യന്റെ അപേക്ഷയ്ക്കുത്തരമായാണ് ലൂക്കൊസ് സുവിശേഷത്തിൽ (11:114) ഈ പ്രാർത്ഥന പഠിപ്പിച്ചത്. പ്രാർത്ഥനയുടെ ഹസ്വരൂപമാണ് ലൂക്കൊസിൽ. ലൂക്കൊഹിൽ വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നതൊഴിച്ചുള്ള ഭാഗങ്ങൾ മാത്രമാണ് മൗലികമെന്നും ശേഷിച്ചത് പ്രക്ഷിപ്തമാണെന്നും പണ്ഡിതന്മാർ കരുതുന്നു. പ്രക്ഷിപ്തമെന്നു കരുതപ്പെടുന്ന ഭാഗങ്ങൾ സത്യവേദപുസ്തകത്തിൽ വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നു. മലയാളം ബൈബിളിൽ അതു ഒഴിവാക്കിയിരിക്കുന്നു. ഹ്രസ്വ രൂപമായിരിക്കണം യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ മലികരൂപം എന്നു പൊതുവെ കരുതപ്പെടുന്നു. പിതാവേ എന്ന ലളിതമായ സംബോധനയാണ് ക്രിസ്തു ഉപയോഗിച്ചതും (മർക്കൊ, 14:36), ആദിമ ക്രൈസ്തവർ പിന്തുടർന്നതും: (റോമ, 8:15; ഗലാ, 4:6). മത്തായി സുവിശേഷത്തിൽ കൊടുത്തിട്ടുള്ള പ്രാർത്ഥനയുടെ പൂർണ്ണമായ പാഠമാണ് ഇവിടെ പരിഗണിക്കുന്നത്.

1. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ദൈവത്തോടു പ്രാർത്ഥിക്കേണ്ടത് ഏതു മനോഭാവത്തിലായിരിക്കണമെന്നു യേശു വ്യക്തമാക്കുന്നു. സമ്പൂർണ്ണമായ സ്നേഹത്തിലും കൃപയിലും സമീപസ്ഥനായിരിക്കുന്ന നമ്മുടെ പിതാവായി ദൈവത്തെ സംബോധന ചെയ്യുന്നു. വിശ്വാസത്തോടും സ്നേഹത്തോടും കൂടെ നാം പിതാവിനെ സമീപിക്കുന്നു. സ്വർഗ്ഗസ്ഥനായ എന്ന പ്രയോഗത്തിലൂടെ സർവ്വത്തിന്റെയും ഭരണകർത്താവായ സർവ്വശക്തനോടു നമുക്കുള്ള ഭക്തിയും ബഹുമാനവും പ്രകടമാക്കുന്നു. മത്തായി സുവിശേഷത്തിൽ സ്വർഗ്ഗസ്ഥനായ പിതാവു എന്നു ഇരുപതിലേറെ പ്രാവശ്യം ക്രിസ്തു ദൈവത്തെ പരാമർശിക്കുന്നു. ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 7:21; 10:32; 12:50; 15:13; 16:17; 18:11,19,35), ‘സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു’ (മത്താ, 5:16,45,48; 61,14,26,32; 7:11; 18:14), ‘സ്വർഗ്ഗസ്ഥനായ പിതാവു’ (മത്താ, 23:9) എന്നീ പ്രയോഗങ്ങൾ ശ്രദ്ധാർഹമാണ്. ‘ഞങ്ങളുടെ പിതാവേ’ എന്ന സംബോധന എല്ലാ വിശ്വാസികളും ദൈവത്തിൽ ഒന്നാണെന്നു സ്പഷ്ടമാക്കുന്നു.

2. നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; സ്വർഗ്ഗസ്ഥനായ പിതാവിന്റെ മഹത്വവും ദൈവിക നിർണ്ണയവുമാണ് പ്രഥമാപേക്ഷയിലെ പ്രതിപാദ്യം. എല്ലാ മനുഷ്യരും ദൈവത്തെ അറിയുകയും ആരാധിക്കയും ചെയ്യണമെന്നു ദൈവത്തോടപേക്ഷിക്കുന്നു. വിശുദ്ധനായ ദൈവത്തിന്റെ വെളിപ്പാട് എല്ലാവരും അറിയുകയും അംഗീകരിക്കുകയും വേണം. ദൈവത്തിന്റെ നാമം ദൈവത്തിന്റെ പ്രകൃതിയും ശക്തിയും ഉൾക്കൊള്ളുന്നു. മനുഷ്യൻ ദൈവത്തിന്റെ നാമം അശുദ്ധമാക്കി; അതു വിശുദ്ധീകരിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ: (റോമ, 2:24; യെഹെ, 36:22,23; യെശ, 29:23; സങ്കീ, 74:10,18). കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും: (റോമ . 10:13). ‘അവൻ്റെ വലിയനാമം വിശുദ്ധീകരിക്കപ്പെ ടുകയും , മഹത്വപ്പെടുകയും ചെയ്യട്ടെ’ എന്നാണ് കദ്ദിഷ് ആരംഭിക്കുന്നത്.

3. നിന്റെ രാജ്യം വരേണമേ; ഇവിടെ ഇപ്പോൾ ദൈവത്തിന്റെ വാഴ്ച വ്യാപിപ്പിക്കാനുള്ള അപേക്ഷ. വ്യക്തികളുടെ ഹൃദയങ്ങളിലും ഭൂമിയിലൊക്കെയും ദൈവത്തിന്റെ ഭരണം ഉണ്ടാകേണ്ടതാണ്. ക്രിസ്തു രാജ്യത്തിന്റെ സുവിശേഷമാണു പ്രസംഗിച്ചത്. “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ:” (മർക്കൊ, 1:15). ദൈവരാജ്യത്തിന്റെ ആക്ഷരികവും പൂർണ്ണവും ആയ വെളിപ്പാട് യുഗാന്ത്യത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ്റെ വീണ്ടും വരവിൽ ദൈവരാജ്യം ശക്തിയോടെ വരും: (മർക്കൊ, 9:1). “അന്നു അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും:” (1കൊരി, 15:24). ‘നിങ്ങളുടെ ജീവിതകാലത്തും നിങ്ങളുടെ നാളുകളിലും യിസ്രായേൽ ഗൃഹത്തിൽ സകലരുടെയും ജീവിതകാലത്തും അവൻ തന്റെ രാജ്യം സ്ഥാപിക്കട്ടെ’ എന്നു കദ്ദിഷിൽ കാണാം.

4. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ലൂക്കൊസ് 11:2-ന്റെ ആധികാരികമായ പാഠത്തിൽ ഈ അപേക്ഷ ഇല്ല. ‘നിന്റെ രാജ്യം വരേണമേ’ എന്ന അപേക്ഷയുടെ വിശദീകരണമാണിത്. സ്വർഗ്ഗത്തിൽ എല്ലാവരും ദൈവത്തിന്റെ ഭരണം സന്തോഷത്തോടെയും നിരുപാധികമായും അനുസരിക്കുന്നു. ദൈവഹിതം അവർ അംഗീകരിക്കയും അനുസരിക്കയും ചെയ്യുന്നു. ഭൂമിയിലും എല്ലാവരും ദൈവഹിതത്തിനു വിധേയപ്പെടണമെന്നു വിശ്വാസി പ്രാർത്ഥിക്കുന്നു. അന്യഹിതങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു ദൈവഹിതം മാത്രം നിറവേറുമ്പോൾ ദൈവരാജ്യത്തിൽ ദൈവത്തിന്റെ പരമാധികാരം എല്ലാവർക്കും പ്രത്യക്ഷമാവും. ഈ അപേക്ഷ ഭാഗികമായി വർത്തമാന യുഗത്തിൻ്റേതാണ്. എന്നാൽ രാജാധിരാജാവും കർത്താധികർത്താവുമായ യേശുവിന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങുന്ന യുഗാന്ത്യത്തിലേക്കു അതു വിരൽ ചൂണ്ടുന്നു. അന്നു അന്ധകാരത്തിന്റെ ശക്തികൾ തുടച്ചുമാറ്റപ്പെടും; ദൈവം സകലത്തിലും സകലവും ആയിത്തീരും: (1കൊരി, 15:28).

5. ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ആദ്യത്തെ മൂന്നപേക്ഷകൾ ദൈവത്തിന്റെ മഹത്വീകരണത്തിനു ഊന്നൽ നല്കുന്നു. തുടർന്നുള്ള മൂന്നപേക്ഷകൾ വിശ്വാസികളുടെ ശാരീരികവും ആത്മികവുമായ ക്ഷേമത്തെ സ്പർശിക്കുന്നവയാണ്. ഈ ലോക ജീവിതത്തിൽ ആവശ്യമായ എല്ലാറ്റിനും ദൈവാനുഗ്രഹവും ദൈവസഹായവും ലഭിക്കുന്നതിനുവേണ്ടി വിശ്വാസികൾ തുറന്ന മനസ്സോടെ പ്രാർത്ഥിക്കേണ്ടതാണ്. ഭൗമികമായ നിലനില്പിനാവശ്യമായ എല്ലാം ഉൾക്കൊള്ളുകയാണ് ആഹാരം എന്ന പദം. ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കുന്നതിനും ദൈവരാജ്യത്തിന്റെ ആഗമനത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനും ദൈവഹിതം ഭൂമിയിൽ ചെയ്യുന്നതിനും വേണ്ടി ഭൗതികമായ ആവശ്യങ്ങൾ നിരന്തരം നിറവേറ്റിത്തരാൻ ദൈവത്തോടപേക്ഷിക്കുന്നു. സാക്ഷാൽ ജീവന്റെ അപ്പമായ യേശുവിനെയും അതു ചൂണ്ടിക്കാണിക്കുന്നു. അനുദിന ഭക്ഷണം, ആവശ്യമായ ആഹാരം, നാളെയുടെ അപ്പം, ജീവൻ്റെ അപ്പം എന്നിങ്ങനെ നാലുവിധത്തിൽ ഈ പ്രയോഗത്തെ വ്യാഖ്യാനിക്കാമെന്നു ജെറോം പറയുന്നു. എന്നാൽ ദൈനംദിന നിലനില്പിനാവശ്യമായ ഭൗതികമായ കരുതലുകളാണ് ഈ അപേക്ഷയിലുള്ളതെന്നു സന്ദർഭത്തിൽ നിന്നു മനസ്സിലാക്കാം.

6. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമ; ഇത് ഒരു യാചനയും ഏറ്റുപറച്ചിലുമാണ്. ക്ഷമയ്ക്കുവേണ്ടി അപേക്ഷിക്കുന്നവൻ പാപം ചെയ്തു എന്നു സമ്മതിക്കുന്നു. ലൂക്കൊസ് 11:4-ൽ ഈ അപേക്ഷ “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു” എന്നാണ്. പാപങ്ങൾ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ‘ഹമർട്ടിയാസ്’ എന്ന ഗ്രീക്കു വാക്കിനു ലക്ഷ്യം തെറ്റിയതു എന്നർത്ഥം. മത്താ, 6:12-ൽ കടത്തിനു ‘ഒഫൈലിമാറ്റ’ എന്ന ഗ്രീക്കുപദമാണ് പയോഗിച്ചിട്ടുള്ളത്. ഈ ഗ്രീക്കുപദം അരാമ്യപ്രയോഗത്തെ അനുരണനം ചെയ്യുന്നു. കടത്തെക്കുറിക്കുന്ന അരാമ്യപദമായ ‘ഹോവ’ പാപം എന്നഅർത്ഥത്തിലും പ്രയോഗിക്കും. പാപത്തിന് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. പാപക്ഷമ സ്വയം നേടാൻ കഴിയായ്കകൊണ്ടു അതിനുവേണ്ടി ദൈവത്തോടു വിനയമായി യാചിക്കുന്നു. മറ്റുള്ളവരോടു നാം ക്ഷമിക്കുന്നത് ദൈവം നമ്മോടു ക്ഷമിച്ചതിന്റെ അനന്തര ഫലമായിട്ടാണ്. പാപക്ഷമ ദൈവത്തിന്റെ കൃപാദാനമാണ്. ഈ കൃപാദാനം നാം മറ്റുള്ളവരോട് അനുവർത്തിക്കേണ്ട മനോഭാവത്ത വ്യക്തമാക്കിത്തരുന്നു. ദൈവം നമ്മോടു ക്ഷമിച്ചതുകൊണ്ടു നാം മറ്റുള്ളവരോടു ക്ഷമിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഈ സത്യം ഉപദേശമായി പറയുന്നു. “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ:” (എഫെ, 4:32).

7. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ; ആത്മാർത്ഥമായി പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നവൻ വീണ്ടും പാപപ്രേരണയിൽ വീഴാതിരിക്കുവാൻ ആഗ്രഹിക്കുന്നു. അതിനാൽ പൂർവ്വാപേക്ഷയ്ക്ക് അനുചിതമായ തുടർച്ചയത്രേ ഇത്. ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല: (യാക്കോ, 1:13). ദൈവം നമ്മുടെ ജീവിതത്തിന്റെ ചുറ്റുപാടുകളെ നിയന്ത്രിക്കുന്നു. പാപപ്രേരണയോടു കൂടിയവരാണെന്നു നാം ദൈവത്തോട് ഏറ്റുപറയുകയും, പാപപ്രേരണയുള്ള ചുറ്റുപാടുകളിൽ വീഴാതിരിക്കാൻ സഹാരിക്കണമേ എന്നപേക്ഷിക്കുകയും ചെയ്യുകയാണ്. ‘ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ’ എന്നതിൽ ദുഷ്ടൻ പിശാചിനെക്കുറിക്കുന്നു. ഇതു യുഗാന്ത്യത്തിൽ സംഭവിക്കുന്നതാണ്. പിശാചാണ് പരീക്ഷയ്ക്കു കാരണം. ക്രിസ്തു പലസ്ഥാനങ്ങളിലും സാത്താൻ്റെ പര്യായമായി ദുഷ്ടൻ എന്നു പ്രയോഗിച്ചിട്ടുണ്ട്. “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്:” (യോഹ, 17:15). ക്രിസ്തുവിന്റെ ശുശ്രൂഷയുടെ പശ്ചാത്തലത്തിൽ ഈ പ്രാർത്ഥനയ്ക്കു യുഗാന്ത്യപരമായ സൂചനയുണ്ട്. പരീക്ഷ ശിഷ്യന്മാർക്കു ഗെത്ത്ശെമന തോട്ടത്തിൽ വച്ചുണ്ടായതുതന്നെ. യേശുവിന് അത് അവസാന പരീക്ഷയായിരുന്നു. യേശു ശിഷ്യന്മാരോടു പറഞ്ഞു “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ:” (മർക്കൊ, 14:38).

രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും നിനക്കുള്ളതല്ലോ. ആമേൻ. ഈ ഭാഗം ആധികാരികമായ കൈയെഴുത്തു പ്രതികളിലില്ല. എന്നാൽ തുടക്കം മുതൽ തന്നെ ഈ സ്തോത്രം. ക്രിസ്ത്യാനികൾ ഉപയോഗിച്ചു വന്നിരുന്നതിനു തെളിവുകളുണ്ട്. ഈ പ്രാർത്ഥനയ്ക്ക് ഒരു സ്വാഭാവികമായ പൂർണ്ണത വരുത്തുന്നതും, പ്രാർത്ഥനയെ ആരാധനയ്ക്ക് അനുരൂപമാക്കുന്നതും ഈ സ്തോത്രമത്രേ. ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ ഉപദേശം പ്രാർത്ഥനാ രൂപത്തിലാക്കിയതാണ് കർത്താവിന്റെ പ്രാർത്ഥന. ഈ പ്രാർത്ഥനയിലെ ഓരോ അംശത്തിനും തുല്യമായവ വിവിധസന്ദർഭങ്ങളിൽ യെഹൂദന്മാരുടെ പ്രാർത്ഥനകളിലും മറ്റും കാണാം. എന്നാൽ ഇതുപോലെ നിസ്തുലവും, സമ്പൂർണ്ണവും ആയ പ്രാർത്ഥന പൂർണ്ണരൂപത്തിൽ ഒരിടത്തും ദൃശ്യമല്ല. ഒരു മാതൃകാ പ്രാർത്ഥനയുടെ രൂപവും, ക്രമവും, വിഷയവും ഉൾക്കൊണ്ടതാണ് കർത്താവിന്റെ പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *