കർത്താവിന്റെ അത്താഴം

കർത്താവിന്റെ അത്താഴം

‘എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ’ (ലൂക്കൊ, 22:19) എന്ന കർത്താവിൻ്റെ കല്പനയുടെ അടിസ്ഥാനത്തിൽ ആരംഭം മുതൽ ഇന്നുവരെയും സഭ അഭംഗുരം തുടരുന്നു വരുന്ന കല്പനയാണ് കർത്താവിന്റെ അത്താഴം. ക്രിസ്തീയ ആരാധനയിലെ ഏറ്റവും പ്രധാനമായ അംശം ഇതത്രേ. തന്റെ പരസ്യശുശ്രൂഷയുടെ അവസാനഘട്ടത്തിൽ, ക്രൂശു മരണത്തിന്റെ നിഴലിൽ, തന്റെ ശുശ്രൂഷയിൽ ഏറ്റവുമധികം തന്നോടൊപ്പം സഹകരിച്ചിരുന്ന ശിഷ്യന്മാരുടെ മദ്ധ്യത്തിലാണ് യേശുക്രിസ്തു ഈ അനുഷ്ഠാനം ഏർപ്പെടുത്തിയത്.

പേരുകൾ: ഇതു പല പേരുകളിൽ അറിയപ്പെടുന്നു: 1. കർത്താവിന്റെ അത്താഴം: (1കൊരി, 11:20), 2. അപ്പം നുറുക്കൽ: (പ്രവൃ, 2:42,46), 3. കൂട്ടായ്മ: (1കൊരി, 10:16), 4. കർത്താവിന്റെ മേശ: (1കൊരി, 10:21). ആദിമസഭയിൽ അപ്പംനുറുക്കൽ എന്ന പേരിലാണ് കർത്തൃമേശ അറിയപ്പെട്ടിരുന്നത്. (പ്രവൃ, 2:42). പാനപാത്രത്തെയും അപ്പത്തെയും ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ എന്ന് പൗലൊസ് അപ്പൊസ്തലൻ പ്രസ്താവിക്കുന്നതിൽ നിന്നാണ് കൂട്ടായ്മ എന്ന് പേർ ലഭിച്ചത്. (1കൊരി, 10:16). രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കർത്താവിന്റെ അത്താഴം യൂക്കാറിസ്ററ് (സ്തോത്രാർപ്പണം) എന്ന പേരിലറിയപ്പെട്ടു. അപ്പവും പാനപാത്രവും അനുഭവിക്കുന്നതിനു മുമ്പ് സ്തോത്രം ചെയ്യുന്നതിൽ നിന്നുമാണ് ഈ പേർ വന്നത്. ഈ ശുശ്രൂഷ കർത്താവ് ഏർപ്പെടുത്തിയെന്നും ആത്മീയാർത്ഥത്തിൽ കർത്താവൊരുക്കുന്ന മേശയിൽ നാം പങ്കാളികളാകുന്നുവെന്നും ഉള്ള ധ്വനിയാണ് ‘കർത്തൃ മേശയ്ക്കും’ ‘കർത്താവിന്റെ അത്താഴ’ത്തിനും ഉള്ളത്. സുറിയാനി സഭകൾ കുർബ്ബാന എന്ന പേരാണ് നല്കിയിട്ടുള്ളത്. വഴിപാട് എന്നർത്ഥമുള്ള കൊർബ്ബാൻ എന്ന അരാമ്യപദത്തിൽ നിന്നാണ് ‘കുർബ്ബാന’യുടെ ഉത്പത്തി. റോമൻ കത്തോലിക്കാസഭ ഇതിനെ ‘മാസ്സ്’ എന്നു വിളിക്കുന്നു. പിരിച്ചുവിടുക എന്നർത്ഥമുള്ള ‘മിത്താറെ’ (Mittere) എന്ന ലത്തീൻ ധാതുവിൽ നിന്നാണ് മാസ്സ് എന്ന പദത്തിന്റെ ഉത്ഭവം.

കർത്തൃമേശയുടെ സ്ഥാപനം: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ കർത്താവു തന്നെ സ്ഥാപിച്ചതാണ് കർത്തൃമേശ. (1കൊരി, 11:23). ആ രാതിയിലായിരുന്നു പെസഹ അവസാനമായി ആചരിച്ചതും കർത്താവിന്റെ അത്താഴം ആരംഭിച്ചതും. അന്ന് ന്യായപ്രമാണയുഗം അവസാനിക്കുകയും കൃപായുഗം ആരംഭിക്കുകയും ചെയ്തു. പെസഹ പിന്നിലോട്ട് പുറപ്പാട് 12-ലെ രാത്രിയേയും മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുന്നു. ‘നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്നേ.’ (1കൊരി, 5:7). ക്രിസ്തുവിന്റെ കൂശീകരണത്തിനു ശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്താവിന്റെ അത്താഴം പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ട് ക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചരിത്ര വിവരണം സമവീക്ഷണ സുവിശേഷങ്ങളിലും കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിലുമുണ്ട്. (മത്താ, 26:26-29; മർക്കൊ, 11:22-25; ലൂക്കൊ, 26:29-20). “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പിക്കയും ചെയ്തത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലിനുറുക്കി. ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു, അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്വിൻ എന്നുപറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:23-26). എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്ന നിർദ്ദേശം ലൂക്കൊസും, പൗലൊസും (രണ്ടുപ്രാവശ്യം) രേഖപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ദൃശ്യസാന്നിദ്ധ്യം ഇല്ലാതിരിക്കുന്ന കാലം മുഴുവൻ തന്റെ ജനം പുതിയ ഉടമ്പടിയുടെ യാഗത്തെ ചൂണ്ടിക്കാണിക്കുന്ന കർത്തൃമേശയിലൂടെ തന്നെ ഓർക്കണമെന്ന് കർത്താവ് ആഗ്രഹിച്ചു.

കർത്താവിന്റെ നിർദ്ദേശമനുസരിച്ച് കർത്തൃമേശയുടെ ആചരണത്തിലൂടെ സഭ ക്രിസ്തുവിനെ ഓർമ്മിച്ചു വരികയാണ്. പെന്തെക്കൊസ്തിനു ശേഷം ഉടൻതന്നെ സഭ അപ്പം നുറുക്കാനും കൂട്ടായ്മ ആചരിക്കുവാനും തുടങ്ങി. (പ്രവൃ, 2:42,46). ഒരു നിശ്ചിതദിവസമാണ് കർത്താവിന്റെ അത്താഴം അനുഷ്ഠിച്ചുവന്നത്. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ.” (പ്രവൃ, 20:7).

കർത്തൃമേശയുടെ അർത്ഥം: “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പ്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി; ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നുപറഞ്ഞു. അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:23-26).

1. കർത്താവിന്റെ അത്താഴം കർത്താവിന്റെ സ്മാരകമാണ്: എന്റെ ഓർമ്മക്കായി ചെയ്വിൻ (1കൊരി, 11:14) എന്നാണ് ക്രിസ്തു കല്പിച്ചത്. ഇത് ക്രിസ്തുവിന്റെ വെറും മരണത്തെയല്ല ഓർപ്പിക്കുന്നത്; പ്രത്യുത, ജീവിക്കുന്ന ക്രിസ്തുവിനെയാണ്. ക്രിസ്തുവിന്റെ പുനരുത്ഥാന ദിവസമാണ് അതനുഷ്ഠിക്കുന്നത്. എന്നും ജീവിക്കുന്നവനും (യോഹ, 14:19) സ്വന്തജനത്തോടുകൂടെ എന്നും ഉള്ളവനും (മത്താ, 28:20) ആയ ക്രിസ്തുവിനെയാണ് നാം ഓർമ്മിക്കുന്നത്.

2. പുതിയനിയമത്തിന്റെ അടയാളമാണ്: പുതിയനിയമത്തിന്റെ അടയാളമാണ് പാനപാത്രം. പുതിയനിയമത്തിന്റെ അടയാളമായി ക്രിസ്തു ചൊരിഞ്ഞ രക്തത്തെ കാണിക്കുകയാണ് പാനപാത്രം; “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.” (ലൂക്കൊ, 22:20). പുതിയനിയമം വിശ്വാസിക്ക് പാപക്ഷമ നല്കുന്നു. (എബ്രാ, 10:16-18). ഇത് മോശീയ നിയമത്തേക്കൾ വിശേഷമേറിയ നിയമമാണ്. (2കൊരി, 3:6-18; എബ്രാ, 7:22; 12:24).

3. ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കുന്നു: “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:26) എന്നു പൗലൊസ് എഴുതുന്നു. ക്രിസ്തുവിനെ ഓർക്കുവാനായി വിശ്വാസികൾ കൂടിവരുമ്പോഴൊക്കെയും ക്രിസ്തുവിന്റെ മരണത്തെ ലോകത്തിന്റെ മുമ്പിൽ പ്രസ്താവിക്കുകയാണ്. ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും ഓർപ്പിക്കുന്ന അപ്പവും വീഞ്ഞും യാഗത്ത ചൂണ്ടിക്കാണിക്കുന്നു. പ്രാചീന എബ്രായ യാഗവ്യവസ്ഥയനുസരിച്ച് യാഗമൃഗത്തിന്റെ രണ്ടംശങ്ങളായ ഉടലും രക്തവും കൊല്ലുന്ന സമയത്ത് വേർതിരിക്കപ്പെടുന്നു. “പാപപരിഹാരത്തിനായി രക്തം വിശുദ്ധമന്ദിരത്തിലേയ്ക്ക് കൊണ്ടുപോകുന്നു. മ്യഗങ്ങളുടെ ഉടൽ പാളയത്തിനു പുറത്തുവെച്ചു ചുട്ടുകളയുന്നു.” (എബ്രാ, 13:11). ക്രിസ്തുവിന്റെ മരണം പുതിയ ഉടമ്പടിക്കടിസ്ഥാനമായ യാഗമാണ്. (മർക്കൊ, 14:24).

4. ക്രിസ്തുവിനോടുള്ള കൂട്ടായ്മയാണ്: അന്ത്യഅത്താഴം പങ്കിട്ടനുഭവിക്കുന്നതിനു ശിഷ്യന്മാരെ ക്ഷണിച്ച ക്രിസ്തു ഒാരോ കുട്ടായ്മയിലെയും അദൃശ്യനായ ആതിഥേയനാണ്. വീണ്ടെടുക്കപ്പെട്ടവർ ക്രിസ്തുവിനു ചുറ്റും കൂട്ടായ്മയ്ക്കായി കൂടിവരുന്നു. സഭ കർത്താവിന്റെ മേശയ്ക്കു ചുറ്റും കൂടുകയും (1കൊരി, 10:21) കർത്താവിന്റെ അത്താഴം (1കൊരി, 10:20) കഴിക്കുകയും ചെയ്യുന്നു. ഈ അത്താഴം നാം അനുഭവിക്കുമ്പോൾ നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യപൂർണ്ണവും ആയിത്തീരുന്നു. ക്രിസ്തു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 6:53-58).

5. അന്യോന്യമുളള കൂട്ടായ്മയാണ്: ക്രിസ്തുവിന്റെ ഏകശരീരത്തിലെ പങ്കാളിത്തം കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്ന എല്ലാവരും അനുഭവിക്കുന്നു. ക്രിസ്തുവിനോടുള്ള കൂട്ടായ്മ മറ്റു വിശ്വാസികളോടുള്ള കൂട്ടായ്മയെ വ്യഞ്ജിപ്പിക്കുന്നു. “അപ്പം ഒന്ന് ആകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.” (1കൊരി, 10:17). സാമൂഹികവും സാമ്പത്തികവും ആയ എല്ലാ വിവേചനങ്ങളും മറന്ന് സഹവിശ്വാസികൾ ക്രിസ്തുവിൽ തുല്യപങ്കാളികളായി സ്വീകരിക്കപ്പെട്ടില്ലെങ്കിൽ കർത്താവിനോടുള്ള കൂട്ടായ്മയുടെ യഥാർത്ഥമായ അനുഭവം ഉണ്ടാകുകയേ ഇല്ല. അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വലിയ വില കല്പിച്ചിരുന്നു. ഡിഡാഖെയിൽ ഇതിനെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശമുണ്ട്. ‘സഹോദരനുമായി എന്തെങ്കിലും ശണ്ഠയുള്ള ഒരുവൻ അവനുമായി നിരന്നശേഷം മാത്രമല്ലാതെ പങ്കെടുക്കുവാൻ വരാതിരിക്കട്ടെ.’ യേശുക്രിസ്തുവിന്റെ ഉപദേശം തന്നെയാണ് ഈ നിർദ്ദേശത്തിനു പിന്നിൽ. (മത്താ, 5:23-24). കർത്തൃമേശയോട് അടുത്തു വരുമ്പോൾ അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല. ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്ന് (ഗലാ, 3:28) എന്ന പൗലൊസിന്റെ വാക്കുകൾ ഓർത്തിരിക്കേണ്ടതാണ്.

6. ഇത് ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ പ്രവചനമാണ്: ക്രിസ്തു വരുവോളം ആചരിക്കേണ്ട ഒന്നാണ് കർത്താവിന്റെ അത്താഴം. (1കൊരി, 11:26). ക്രിസ്തുവിന്റെ മരണത്തെ പിന്നിലോട്ടു നോക്കുന്നതോടൊപ്പം സ്വന്തജനത്തിനു വേണ്ടി ക്രിസ്തു മടങ്ങിവരുന്നതിനെയും കർത്തൃമേശ പ്രഖ്യാപിക്കുന്നു.

കർത്തൃമേശയിലെ പങ്കാളികൾ: കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കേണ്ടത് ആരാണെന്ന വ്യക്തമായ സൂചന തിരുവഴുത്തുകളിലുണ്ട്. ആദിമസഭയുടെ ചരിത്രം പരിശോധിച്ചാൽ കർത്താവിന്റെ അത്താഴത്തിൽ പങ്കെടുത്തവർ സ്നാനം ഏറ്റവരായിരുന്നു എന്നു കാണാം. സ്നാനം ഏറ്റവർ മാത്രമേ കൂട്ടായ്മയിൽ പങ്കെടുക്കാവൂ എന്ന കല്പനയില്ല. സ്നാനപ്പെടുന്നതുവരെ വിശ്വാസികളെ കർത്താവിന്റെ അത്താഴത്തിൽ നിന്നു മാറ്റിനിറുത്തിയിരുന്നു എന്നതിനും തെളിവില്ല. ഇത് കർത്താവിന്റെ മേശയാണ്; അല്ലാതെ സഭയുടെ മേശയല്ല. കർത്താവിന്റെ മേശയിങ്കലേക്കു വരുമ്പോൾ തന്നെത്താൻ ശോധന ചെയ്യുവാനാണ് വിശ്വാസികളോട് ദൈവത്മാവ് ആവശ്യപ്പെടുന്നത്. (1കൊരി, 11:28). സഭയോട് വിശ്വാസികൾ ശോധന ചെയ്വാൻ ആവശ്യപ്പെടുന്നില്ലെന്നും ഓർക്കണ്ടതാണ്.

1. വിശ്വാസികളാണ് പങ്കാളികൾ: വീണ്ടുംജനനം പ്രാപിച്ചവരും, ക്രിസ്തുവിനെ അനുസരിച്ച് ജീവിക്കുന്നവരുമാണ് കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കാണ്. ഈ അനുഷ്ഠാനം കർത്താവ് ഏല്പ്പിച്ചത് ശിഷ്യന്മാരെയാണ്. (മത്താ, 26:27). ക്രിസ്തുവിൻ്റെ ശരീമായ സഭയിലെ വിശ്വാസികൾക്കു മാത്രമേ, തന്മൂലം കർത്തൃമേശയിൽ പങ്കെടുപ്പാൻ പാടുള്ളു. ദൈവവചനം സന്തോഷത്തോടെ കൈക്കൊണ്ടവരാണ് കർത്താവിൻ്റെ അത്താഴത്തിൽ പങ്കെടുത്തത്. (പ്രവൃ, 2:41-42). കർത്താവിന്റെ ശരീരത്തോടും രക്തത്തോടും ഉള്ള കൂട്ടായ്മയാകയാൽ ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ രക്ഷയോടും ബന്ധമുള്ളവർക്കു മാത്രമാണ് കർത്താവിന്റെ മേശ ഒരുക്കിയിരിക്കുന്നു എന്നത് വ്യക്തമാണ്.

2. സ്വയംശാധന ചെയ്യുന്ന വിശ്വാസികൾ: കർത്തൃമേശയിൽ പങ്കെടുക്കുന്നവർ വിശ്വാസികളായിരുന്നാൽ മാത്രം പോരാ, അവർ തന്നെത്താൻ ശോധന ചെയ്യുകയും വേണം. ക്രിസ്തുവിനോടും, സഹവിശ്വാസികളോടും യോഗ്യമായ രീതിയിൽ ബന്ധം പുലർത്തുന്ന വരായിരിക്കണം അവർ. അയോഗ്യമായി ഒരിക്കലും കർത്തൃമേശ അനുവദിക്കരുത്. (1കൊരി, 11:27). അയോഗ്യമായി പങ്കെടുക്കുന്നവർ ദൈവികശിക്ഷയ്ക്കും, രോഗത്തിനും, ശാരീരിക മരണത്തിനും വിധേയരാവും. (1കൊരി, 11:30). യോഗ്യമായി പങ്കെടുക്കുക എന്നത് അനുതപിക്കുന്ന പാപിയെ ഒഴിവാക്കുന്നില്ല. പൂർണ്ണത പ്രാപിച്ച വിശ്വാസികൾക്കേ പങ്കെടുക്കാവു എന്നുവരികിൽ ആർക്കും കർത്താവിന്റെ മേശയ്ക്കരികിൽ വരാൻ കഴിയില്ല. എന്നാൽ ദൈവത്തെയും സഹവിശ്വാസികളെയും സ്നേഹിക്കുന്നവൻ തന്റെ ബലഹീനതയും പാപവും ദൈവത്തോടേറ്റു പറയുകയും സഹോദരനോട് നിരക്കുകയും ചെയ്യുകയും കർത്തൃമേശയിൽ പങ്കാളികളാകുകയും ചെയ്യും. പാപത്തിൽ വീഴുന്നവരെയും (1കൊരി, 5:11,13; 2തെസ്സ, 3:6; 11-15), ദുരുപദേശം പഠിപ്പിക്കുന്നവരെയും (തീത്താ, 3:10; 2യോഹ, 10), സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെയും (തീത്താ, 3:10) മാറ്റിനിറുത്തുവാൻ കല്പനയുണ്ട്.

3. കൂടിവന്ന വിശ്വാസികൾ: കർത്താവിന്റെ അത്താഴം ക്രിസ്തുവിന്റെ ശരീരത്തിൽ വിശാസികളുടെ കൂട്ടായ്മയെ കുറിക്കുന്നു. അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ എന്ന് പ്രവൃത്തികൾ 20:7-ൽ കാണാം. 1കൊരിന്ത്യരിൽ കർത്തൃമേശയെ കുറിച്ചുള്ള ഉപദേശം നല്കുന്നത് സഭയ്ക്കാണ്. സഭ അരാധനയ്ക്ക് കൂടിവന്നപ്പോൾ മാത്രമേ ഈ അത്താഴം അനുഷ്ടിച്ചിരുന്നുള്ളൂ. രണ്ടോ മൂന്നോ വിശ്വാസികൾ കൂടിവരുമ്പോഴും കർത്തൃമേശ ആചരിക്കാവുന്നതേയു ഉള്ളു. അവരുടെ മദ്ധ്യേയും ക്രിസ്തുവിന്റെ സാന്നിധ്യം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കയാണ്.

കർത്തൃമേശയിൽ ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം: കർത്തൃമേശയിൽ ഉപയോഗിക്കുന്ന അപ്പവീഞ്ഞുകളിലെ ക്രിസ്തുസാന്നിദ്ധ്യത്തിൻ്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ച് വിഭിന്ന ചിന്താഗതികൾ നിലവിലുണ്ട്. പ്രധാനപ്പെട്ട് വാദമുഖങ്ങൾ മൂന്നാണ് .

സത്താവാദം: കാത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ച് കുർബ്ബാന ക്രിസ്തുവിന്റെ സാക്ഷാൽ ശരീരരക്തങ്ങളാണ്. പുരോഹിതൻ അപ്പം എടുത്തു വാഴ്ത്തി ‘ഇതു എന്റെ ശരീരം’ എന്നു പറയുമ്പോൾ അത് ക്രിസ്തുവിന്റെ സാക്ഷാൽ ശരീരമായി മാറുന്നു. ഓരോ സമയം കുർബ്ബാന അനുഷ്ഠിക്കുമ്പോഴും ക്രിസ്തുവിന്റെ യാഗം ഒരു വിധത്തിൽ ആവർത്തിക്കപ്പെടുകയാണ്. ക്രിസ്തു ക്രൂശിൽ പൂർത്തിയാക്കിയ യാഗത്തിനു സമാനമല്ലെങ്കിലും ഇത് സാക്ഷാൽ യാഗം തന്നെയാണെന്ന് കത്തോലിക്കാസഭ ദൃഢമായി വിശ്വസിക്കുന്നു. വിശുദ്ധ തോമസ് അക്വീനാസാണ് പ്രസ്തുത വാദത്തിന്റെ ഉപജ്ഞാതാവ്. ത്രെന്തോസ് സൂനഹദോസ് ഈ വാദത്തിന് അംഗീകാരം നല്കി.

സത്താവാദം ക്രിസ്തുവിന്റെ വാക്കുകളുടെ പ്രതീകാത്മക സ്വഭാവത്ത അവഗണിക്കുന്നു. ‘ഇത് എന്റെ ശരീരം’ ‘ഇത് എന്റെ രക്തം’ എന്നീ പ്രയോഗങ്ങൾ പ്രതീകാത്മകമാണ്. ഞാൻ സാക്ഷാൽ മുന്തിരിവള്ളി (യോഹ, 15:1), ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം (യോഹ, 6:4), ഞാൻ വാതിൽ ആകുന്നു (യോഹ, 10:9) എന്നിങ്ങനെ ക്രിസ്തു തന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുപോലെ ‘ഇതു എന്റെ ശരീരം’ എന്നു ക്രിസ്തു പറഞ്ഞതും സാദൃശ്യരൂപേണയാണ്; ആക്ഷരികമായി അല്ല. ശിഷ്യന്മാരുടെ മുമ്പിൽ വച്ച് ക്രിസ്തു അപ്പം വാഴ്ത്തിയപ്പോൾ തന്റെ ശരീരത്തിൽ നിന്നും ഭിന്നമായി അപ്പം ക്രിസ്തുവിൻ്റെ കൈയിലിരിക്കുകയായിരുന്നു. ശിഷ്യന്മാരിൽ ആരും തന്നെ ക്രിസ്തുവിന്റെ ഭൗതിക ശരിരമായി അപ്പത്തെ കാണുകയാ, മനസ്സിലാക്കുകയോ ചെയ്തില്ല; കാരണം ക്രിസ്തുവിൻ്റെ ശരീരം അവരുടെ മുമ്പിലുണ്ടായിരുന്നു. ‘ഇത് എന്റെ ശരീരം’ (1കൊരി, 11:24) എന്നത് ക്രിസ്തുവിന്റെ ശരീരത്തിനു പ്രാതിനിധ്യം വഹിക്കുന്നു എന്നത്രേ. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുക എന്നതിന്റെ വിവക്ഷ ക്രിസ്തുവിന്റെ അടുക്കലേക്കു വരികയും അവനിൽ വിശ്വസിക്കുകയുമാണെന്ന് ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “യേശു അവരോടു പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.” (യോഹ, 6:35). കൂടാതെ രക്തം ഭക്ഷിക്കുന്നത് വിലക്കിയിട്ടുമുണ്ട്. (ഉല്പ, 9:4; ലേവ്യ, 3:17; പ്രവൃ, 15:29).

സത്താസാന്നിദ്ധ്യവാദം: ലൂഥറൻ സഭയുടെ അംഗീകൃത വാദമാണിത്. ഈ ചിന്താഗതിയനുസരിച്ച് അപ്പവീഞ്ഞുകൾക്ക് സത്താഭേദം (വസ്തമാറ്റം) സംഭവിക്കുന്നില്ല; എന്നാൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യമുണ്ട്. അപ്പം ക്രിസ്തുവിന്റെ ശരീരമായി മാറുന്നില്ല; പ്രത്യുത, അപ്പത്തിൽ ക്രിസ്തുവിന്റെ ഭൗതികശരീരത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഈ സാന്നിദ്ധ്യം സ്പോങിൽ ജലം എന്നപോലെയും ശരീരത്തിൽ ആത്മാവെന്ന പോലെയും ആണ്. സ്പോങ് ജലമല്ല; എന്നാൽ സ്പോങ്ങിൽ ജലസാന്നിദ്ധ്യം സർവ്വത്ര ഉണ്ട്. അപ്പം ക്രിസ്തുവിന്റെ ശരീരമല്ല; എന്നാൽ ക്രിസ്തുവിന്റെ ശരീരസാന്നിദ്ധ്യം അപ്പത്തിൽ സർവ്വത്ര ഉണ്ട്. പ്രാർത്ഥനയ്ക്കു ശേഷം അപ്പവീഞ്ഞുകൾ അനുഭവിക്കുമ്പോൾ, പ്രസ്തുത വ്യക്തി ക്രിസ്തുവിന്റെ സാക്ഷാൽ ശരീരത്തിലും രക്തത്തിലും അംശിയാകുന്നു. ഈ വാദത്തിന്നനുകൂലമായി ചൂണ്ടിക്കാണിക്കുന്ന വാക്യമാണ്: 1കൊരിന്ത്യർ 10:16. “നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാതം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?” സത്താഭേദവാദം അഭിമുഖീകരിക്കുന്ന അതേ പ്രശ്നങ്ങൾ ഈ വാദത്തിനുമുണ്ട്.

പ്രതീകാത്മകസാന്നിദ്ധ്യവാദം: ക്രിസ്തുവിന്റെ പ്രതീകാത്മകസാന്നിദ്ധ്യം അപ്പവീഞ്ഞുകളിലുണ്ടെന്ന ചിന്താഗതിയാണ് നവീകൃത സഭകൾക്ക് പൊതുവെ ഉള്ളത്. കർത്തൃമേശയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങളാണ്. ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ ദൃശ്യമായ അടയാളമാണവ. അപ്പവും വീഞ്ഞും നാം അനുഭവിക്കുമ്പോൾ ഒരു പ്രത്യേക വിധത്തിൽ ക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടുന്നു. വിശ്വാസികൾ ആരാധിക്കുന്ന ഏതു സ്ഥാനത്തും ക്രിസ്തുവിന്റെ സാന്നിദ്ധ്യം പ്രത്യേക വാഗ്ദാനമായുണ്ട്. (മത്താ, 18:20). അതുകൊണ്ട് കർത്തൃമേശയിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം പ്രത്യേകരീതിയിൽ ഉണ്ടായിരിക്കുമെന്നത് നിസ്സംശയവും നിർവ്വിവാദവും അത്രേ.

Leave a Reply

Your email address will not be published. Required fields are marked *