ക്രിസ്തുവിന്റെ പത്രം

ക്രിസ്തുവിന്റെ പത്രം

ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കുന്ന, പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്കാരങ്ങളിൽപ്പെടുന്ന കോടാനുകോടി ജനങ്ങളുടെ വാർത്തകളും വിശേഷങ്ങളും മനുഷ്യൻ വായിച്ചറിയുന്നത് വർത്തമാനപ്പത്രങ്ങളിലൂടെയാണ്. വിവിധ തലങ്ങളിലും തരങ്ങളിലുമുള്ള വാർത്തകളുടെ സമുച്ചയമായ പത്രങ്ങൾ എല്ലാ പ്രായത്തിലുള്ളവരെയും വിവിധ തത്ത്വസംഹിതകൾ വച്ചുപുലർത്തുന്നവരെയും ആകർഷിക്കുന്നു, അപ്പൊസ്തലനായ പൗലൊസ് കൊരിന്തിലുള്ള വിശ്വാസികളോട് അവർ ക്രിസ്തുവിന്റെ പത്രങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, “അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ; കല്പലകയിൽ അല്ല, ഹൃദയം എന്ന മാംസപ്പലകയിൽത്തന്നെ എഴുതിയിരിക്കുന്നു.” (2കൊരി, 3:3). മനുഷ്യൻ ഒരു പത്രത്തിലെ സകല വാർത്തകളും വിശേഷങ്ങളും പംക്തികളും ശ്രദ്ധയോടും ആവേശത്തോടുംകൂടെ വായിച്ചു മനസ്സിലാക്കുന്നതു പോലെയോ അതിലുപരിയായോ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ അന്ധകാരത്തിൽ ഉഴലുന്ന സഹോദരങ്ങൾക്ക് ലോകത്തിന്റെ വെളിച്ചമായ യേശുക്രിസ്തുവിനെ ആവേശത്തോടെ മനസ്സിലാക്കുവാനുള്ള പത്രങ്ങളായിത്തീരണം. യേശുവിനെക്കുറിച്ചുള്ള സുവിശേഷ പ്രസംഗങ്ങളെക്കാളുമുപരിയായി പരിശുദ്ധാത്മനിറവിൽ യേശുവിന്റെ ശക്തി, ലോകത്തിനു വിളംബരം ചെയ്യുന്ന പത്രങ്ങളായി നാം മാറുമ്പോൾ നാം അറിയാത്തവരും കാണാത്തവരുമായ അനേകം സഹോദരങ്ങൾക്ക് യേശുക്രിസ്തുവിന്റെ പത്രങ്ങളായ നമ്മിലൂടെ യേശുക്രിസ്തുവിനെക്കുറിച്ചു മനസ്സിലാക്കുവാൻ കഴിയും. പ്രതങ്ങളിലെ നല്ല വാർത്തകൾ മാത്രമല്ല, മോശമായതും സാമൂഹ്യമര്യാദകൾ ലംഘിക്കുന്നതമായ വാർത്തകൾ പോലും എല്ലാവരും ശ്രദ്ധിക്കുന്നതുപോലെ, നാം ക്രിസ്തുവിന്റെ പത്രങ്ങളായിത്തീരുമ്പോൾ നമ്മിലെ പാപസ്വഭാവങ്ങളെയും പ്രവർത്തനങ്ങളെയും ലോകം സശ്രദ്ധം നിരീക്ഷിക്കുമെന്നതും ക്രിസ്തുവിന്റെ പത്രങ്ങളാകുന്ന ഓരോ ദൈവപൈതലിന്റെയും ഓർമ്മയിൽ ഉണ്ടാകണമെന്ന് അപ്പൊസ്തലന്റെ വാക്കുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

Leave a Reply

Your email address will not be published.