കോരെശ്

കോരെശ് (Cyrus)

പേരിനർത്ഥം – സുര്യൻ

കാംബിസസ് ഒന്നാമന്റെ പുത്രനാണ് കോരെശ് രണ്ടാമൻ. ബി.സി. 559-ൽ അൻഷാനിലെ ചക്രവർത്തിയായി വിശാലമായ പേർഷ്യാസാമ്രാജ്യം സ്ഥാപിച്ചു. ബി.സി. 559-530 ആയിരുന്നു ഭരണകാലം. വിശാലമനസ്ക്കനായ കോരെശ് ബൈബിൾ പ്രവചനത്തിലും (യെശ, 41:25; 44:28; 45:1-13), ചരിത്രത്തിലും (2ദിന, 36:22; എസ്രാ, 1:1; ദാനീ, 1:21; 10:1) പ്രമുഖസ്ഥാനം വഹിക്കുന്നു. മേദ്യ, ലുദിയ എന്നീ രാജ്യങ്ങളെ കീഴടക്കി. ബി.സി. 539-ൽ ബാബിലോണിയ പിടിച്ചടക്കി. തുടർന്നു നൂറ്റാണ്ടോളം യെഹൂദ്യ പാർസി സാമ്രാജ്യത്തിൻ്റെ ഒരു പ്രവിശ്യയായി തുടർന്നു. യെഹൂദാ പ്രവാസികളോടു കോരെശ് കരുണ കാണിക്കുകയും സ്വന്തസ്ഥലത്തു പോയി ദൈവാലയം പണിയുവാൻ അവർക്കനുവാദം കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിളംബരം ദിനവൃത്താന്തത്തിലും എസ്രായുടെ പുസ്തകത്തിലും കൊടുത്തിട്ടുണ്ട്. “പാർസിരാജാവായ കോരെശ് ഇപ്രകം കല്പ്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരുശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കട്ടെ; അവൻ യാത്ര പുറപ്പെടട്ടെ:” (2ദിന, 36:23). യെശയ്യാ പ്രവാചകൻ മഹനീയമായ വിശേഷണങ്ങളാണ് കോരെശിനു നല്കിയിട്ടുള്ളത്: ‘യഹോവയുടെ അഭിഷിക്തൻ’ അഥവാ ‘മശിഹാ’ എന്നും, ‘യഹോവയുടെ ഇടയൻ’ എന്നും പ്രവാചകൻ അദ്ദേഹത്തെ വിളിച്ചു: (യെശ, 45:1; 44:28). യെരുശലേം ദൈവാലയത്തിന്റെ പുനർ നിർമ്മാണത്തിന് വിളംബരം പ്രസിദ്ധപ്പെടുത്തുക മാത്രമല്ല പണിക്കാവശ്യമായ സഹായം നല്കുകയും ചെയ്തു: (എസ്രാ, 3:7). യഹോവയുടെ ആലയം വക ഉപകരണങ്ങൾ മടക്കിക്കൊടുത്തു: (എസാ, 1:7,8). ബാബിലോൺ കോരെശിന്റെ കീഴിൽ ആയതിനുശേഷം ആദ്യത്തെ മൂന്നു വർഷം ദാനീയേൽ ശുഭമായിരുന്നു: (ദാനീ, 1:21; 6:28; 10:1). ബി.സി. 530-ൽ ഒരു യുദ്ധത്തിൽ കോരെശ് വധിക്കപ്പെട്ടു. പുത്രനായ കാമ്പിസസ് കോരെശിനു പകരം രാജാവായി.

Leave a Reply

Your email address will not be published.