കാനേഷുമാരി ll

കാനേഷുമാരി ll

ദൈവഹിതത്തിനെതിരായും ജനസംഖ്യ എടുത്തതിൻ്റെ രേഖ തിരുവെഴുത്തുകളിൽ കാണുന്നുണ്ട്. ദാവീദിന്റെ വാഴ്ചയുടെ അവസാനകാലത്തു ജനത്തെ എണ്ണുകയുണ്ടായി. ഇത് ദൈവഹിതത്തിനു വിരോധമായിരുന്നു. “അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു. യിസ്രായേലിനെ എണ്ണുവാൻ ദാവീദിനു തോന്നിച്ചു. ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും; നിങ്ങൾ ചെന്നു ബേർ-ശേബ മുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിന കൊണ്ടുവരുവിൻ എന്നു പറഞ്ഞു.” (1ദിന, 21:1,2). ദാവീദിൻ്റെ ഉദ്യമത്തെ യോവാബ് എതിർത്തു. പക്ഷേ യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. രാജാവിന്റെ കല്പന യോവാബിനു വെറുപ്പായിരുന്നതു കൊണ്ട് അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല. (1ദിന, 21:6). ലേവി ഗോത്രത്തെ മാത്രം എണ്ണരുത്; യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുത് എന്ന് യഹോവ മോശെയോടു കല്പ്പിച്ചിരുന്നു. (സംഖ്യാ, 1:48,49). ബെന്യാമീനെ എണ്ണണ്ട ഊഴം വന്നപ്പോൾ യോവാബ് എണ്ണൽ നിറുത്തിവെക്കുകയോ, ദാവീദിനു സുബോധം വന്നിട്ടു നിറുത്തിവയ്ക്കുവാൻ ആവശ്യപ്പെടുകയോ ചെയ്തിരിക്കണം. ഈ ജനസംഖ്യയെടുക്കൽ ദൈവത്തിനു ഹിതമല്ലാതിരുന്നതിനാൽ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ അതു ചേർത്തിട്ടില്ല.  “സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അതുനിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.” (1ദിന, 27:24). 

യിസ്രായേലിൽ ഇരുപതു വയസ്സു മുതൽ പ്രായമുള്ള പുരുഷന്മാർ 800,000; യെഹൂദയിലേതു 500,000; ആകെ 1300000 പേർ. (2ശമൂ, 24:1-9). എന്നാൽ ദിനവൃത്താന്തത്തിലെ (1ദിന, 21:5) കണക്കനുസരിച്ച് യിസ്രായേലിൽ 1,100,000; യെഹൂദയിൽ 470,000; ആകെ 1,570,000 ആണ്. ഈ വ്യത്യാസത്തിനു കാരണം പകർപ്പെഴുത്തിൽ സംഭവിച്ച പിഴവാണെന്നും അതല്ല, വ്യത്യസ്ത വീക്ഷണത്തിൽ രേഖപ്പെടുത്തിയ കണക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

ജനസംഖ്യ എടുത്തതിൽ ദാവീദു ചെയ്ത തെററിന്റെ സ്വരൂപത്തെക്കുറിച്ചു രണ്ടുവിധ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്: 1. ദാവീദ് രാജാവ് ജനത്തെ എണ്ണിയപ്പോൾ ജനമദ്ധ്യേ ബാധ ഉണ്ടാകാതിരിക്കാൻ ഓരോ വ്യക്തിയും തന്റെ ജീവനുവേണ്ടി വീണ്ടെടുപ്പുവില നല്കിയില്ല; അങ്ങനെ ദൈവകല്പന ലംഘിച്ചു. 2. യുദ്ധത്തിനുള്ള സന്നദ്ധതയും ജനത്തിന്റെ എണ്ണവും കാട്ടി രാജ്യത്തിന്റെ ശക്തിയിലും മഹത്വത്തിലും അഭിമാനിക്കാനുള്ള ശ്രമം. 

യഹോവ ദർശകനായ ഗാദിനെ ദാവീദിന്റെ അടുക്കലയച്ചു; മൂന്നുകാര്യങ്ങളിലൊന്നു തിരഞ്ഞെടുത്തുകൊള്ളുവാൻ ആവശ്യപ്പെട്ടു: മൂന്നു സംവത്സരത്തെ ക്ഷാമം; മൂന്നു മാസം ശത്രുക്കളുടെ വാൾ; മൂന്നു ദിവസം ദേശത്തു യഹോവയുടെ വാളായ മഹാമാരി. “ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നെ വീഴട്ടെ; അവൻ്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു ദാവീദു പറഞ്ഞു.” (1ദിന, 21:13). തുടർന്നുണ്ടായ മഹാമാരിയിൽ യിസ്രായേലിൽ എഴുപതിനായിരം പേർ മരിച്ചു. 

ക്ഷാമത്തിന്റെ കാലക്കണക്ക് 2ശമൂവേലിലെയും 1ദിനവൃത്താന്തത്തിലെയും വിവരണങ്ങളിൽ പൊരുത്തപ്പെടുന്നില്ല. ദേശത്തു ഏഴു സംവത്സരം ക്ഷാമം ഉണ്ടാകും എന്നാണ് 2ശമൂവേൽ 24:13-ൽ. എന്നാൽ സെപ്റ്റ്വജിന്റിൽ മൂന്നു സംവത്സരം എന്നു തന്നെയാണ്. ഇതിനു മതിയായ വിശദീകരണം നല്കപ്പെടുന്നുണ്ട്. ഗിബെയോന്യരുടെ നേർക്കു ശൌലൂം കുടുംബവും കാണിച്ച് അതിക്രമം നിമിത്തം (2ശമൂ, 21:1,2) മൂന്നു വർഷത്തെ ക്ഷാമം അനുഭവിക്കുകയായിരുന്നു. ജനസംഖ്യ എടുക്കുന്നതിനു ഒമ്പതു മാസവും ഇരുപതു ദിവസവും വേണ്ടിവന്നു. (2ശമൂ, 24:8). ഇത് നാലാം വർഷം. ഇതിനെതുടർന്നു മൂന്നു വർഷം കൂടിയാവുമ്പോൾ ഏഴുവർഷം തികയും.

യിസ്രായേലിലെയും യെഹൂദയിലെയും അനന്തരകാല രാജാക്കന്മാരും ജനസംഖ്യ എടുത്തിട്ടുണ്ട്. അമസ്യാവിന്റെ കാലത്ത് ഇരുപതു വയസ്സു മുതൽ മേലോട്ടുള്ളവരായി കുന്തവും പരിചയും എടുക്കാൻ പ്രാപ്തിയുള്ള ശ്രഷ്ഠ യോദ്ധാക്കൾ യെഹൂദയിലും ബെന്യാമീനിലും മൂന്നുലക്ഷം എന്നു കണ്ടു. (2ദിന, 25:5). ഉസ്സീയാരാജാവിനു 2600 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരും മൂന്നുലക്ഷത്തി ഏഴായിരത്തഞ്ഞൂറ് യോദ്ധാക്കന്മാരും ഉണ്ടായിരുന്നു. (2ദിന, 26:11-13). സെരുബ്ബാബേലിന്റെ കീഴിൽ മടങ്ങിവന്നവരുടെ കണക്കും എടുത്തിട്ടുണ്ട്. സഭ ആകെ 42360; ദാസീ ദാസന്മാർ 7337; സംഗീതക്കാർ 200; ആകെ 49897. (എസാ, 2:64,65). നെഹെമ്യാവ് 7:66,67-ൽ സംഗീതക്കാരുടെ കണക്ക് 245 എന്നു കൊടുത്തിരിക്കുന്നു. 

ചരിത്രകാരനും സുവിശേഷ രചയിതാവുമായ ലൂക്കൊസ് പേർവഴി ചാർത്തലിനെക്കുറിച്ചു സുവിശേഷത്തിലും അപ്പൊസ്തലപ്രവൃത്തികളിലും പറയുന്നുണ്ട്. ലോകം ഒക്കെയും പേർവഴി ചാർത്തണമെന്നു ഔഗുസ്തൊസ് കൈസർ (Augustus Caesar) കല്പന പുറപ്പെടുവിച്ചു. (ലൂക്കൊ, 2:1). നികുതി ചുമത്തുന്നതിനു വേണ്ടിയായിരുന്നു ഈ ജനസംഖ്യ എടുപ്പ്. കുടുംബമായും ഗോത്രമായും ആളുകളുടെയും സ്വത്തിന്റെയും കണക്കെടുത്തു. ഹെരോദാവിന്റെ വാഴ്ചയുടെ (ബി.സി. 37-4) അന്ത്യത്തിലായിരുന്നു ഈ പേർവഴി ചാർത്തൽ. എ.ഡി. 6-ന് നടന്ന ചാർത്തലിന്റെ കാലത്താണ് ഗലീലക്കാരനായ യൂദാ വിപ്ലവമുണ്ടാക്കിയത്. (അപ്പൊ, 5:37). പുതിയ പ്രവിശ്യയായ യെഹൂദ്യ നല്കേണ്ട കപ്പം കണക്കാക്കുന്നതിനായിരുന്നു ഈ ചാർത്തൽ. ഒരു വിജാതീയ ചക്രവർത്തിക്ക് കപ്പം കൊടുക്കുന്നത് അസഹ്യമായതുകൊണ്ടു യൂദായും എരിവുകാരും അതിനെ എതിർത്തു.

Leave a Reply

Your email address will not be published. Required fields are marked *