കഴുത

കഴുത

എല്ലായിടത്തും എല്ലാവരും പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു മൃഗമാണ് കഴുത. എങ്കിലും, തിരുവചനത്തിൽ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള മൃഗമാണിത്. ഫറവോൻ (ഉല്പ, 12:16), അബാഹം (ഉല്പ, 22:3), യാക്കോബ് (35:5), മോശെ (പുറ, 4:20) ബിലെയാം (സംഖ്യാ, 22:21, 23) തുടങ്ങിയ പല പ്രമുഖ വ്യക്തികളുടെയും ചരിത്രത്തിൽ കഴുതയെ കാണാം. ദൈവസന്നിധിയിൽ അശുദ്ധമായ മൃഗമായിരുന്നു കഴുത. (ലേവ്യ, 11:27). അതുകൊണ്ട് അതിനെ തനിക്കു യാഗമായി അർപ്പിക്കരുതെന്നും, ‘കഴുതയുടെ കടിഞ്ഞൂലിനെയൊക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടെടുക്കണം’ (പുറ, 13:13) എന്നും തന്റെ ജനത്തോടു ദൈവം കല്പിക്കുന്നു. എങ്കിലും ആറു ദിവസം ജോലി ചെയ്തശേഷം ഏഴാം ദിവസം വിശ്രമിക്കണമെന്ന് മനുഷ്യനോടു കല്പിക്കുന്ന ദൈവം, അവന്റെ കഴുതയ്ക്കും വിശ്രമം നൽകണമെന്നു പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. (പുറ, 23:12). 

കഴുതപ്പുറത്തു സഞ്ചരിക്കുന്നത് അപമാനകരമായി കരുതപ്പെട്ടിരുന്നില്ല. പൗരസ്ത്യദേശത്തു സമ്പന്മാരും രാജാക്കന്മാരും മഹാപുരോഹിതന്മാരും ന്യായാധിപന്മാരും കഴുതപ്പുറത്തു സഞ്ചരിക്കുമായിരുന്നു. ഭാരം ചുമക്കുന്ന മൃഗമായി പൗരാണികകാലം മുതല്ക്കേ കഴുതയെ ഉപയോഗിച്ചിരുന്നു. ഭാരവാഹികളായി ഉപയോഗിച്ചിരുന്നത് അധികവും കോവർകഴുതകളെയാണ്. വലിപ്പത്തിന്റെ അനുപാതത്തിൽ ഭാരം ചുമക്കുന്നതിന് മറ്റ് യാതൊരു മൃഗത്തേക്കാളും കഴിവ് കഴുതയ്ക്കുണ്ട്. കഴുതകളെ നിലം ഉഴുന്നതിനു ഉപയോഗിച്ചിരുന്നു. എന്നാൽ കാളകളെയും കഴുതകളെയും ഒരുമിച്ചുഴുന്നതിനെ വിലക്കി. (ആവ, 22:10). കഴുതയുടെ മാസം തിന്നുവാൻ ന്യായപ്രമാണം അനുവദിച്ചിരുന്നില്ല. എന്നാൽ ശമര്യയുടെ ഉപരോധത്തിൽ വിശപ്പു ഹേതുവായി കഴുതയുടെ മാസം ഭക്ഷിക്കുകയുണ്ടായി. (2രാജാ, 6:25). തിരുവചനത്തിൽ മനുഷ്യനോടു സംസാരിച്ചിരിക്കുന്ന ഏകമൃഗം കഴുതയാണ്. (സംഖ്യാ, 22:28-30). സെഖര്യാപ്രവചനത്തിൻ്റെ നിവൃത്തിയായി യേശു യെരൂശലേമിലേക്ക് രാജകീയപ്രവേശം ചെയ്തത് ഒരു കഴുതക്കുട്ടിയുടെ പുറത്തായിരുന്നു. (സെഖ, 9:9 – മത്താ, 21:7).

Leave a Reply

Your email address will not be published.