ഓട്ടസഞ്ചിയിൽ കൂലി വാങ്ങുന്നവർ

ഓട്ടസഞ്ചിയിൽ കൂലി വാങ്ങുന്നവർ

അത്യദ്ധ്വാനം ചെയ്ത് വരുമാനം വളരെയധികം വർദ്ധിപ്പിക്കുന്തോറും പാഴ്ച്ചെലവുകൾ അതിലധികം വർദ്ധിച്ച് ദാരിദ്ര്യത്തിലൂടെ മുന്നോട്ടുപോകുന്ന സഹോദരങ്ങളേറെയാണ്. ദൈവത്തെ അറിയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അനേകർ ആത്മഗതം ചെയ്യാറുണ്ട്. നീണ്ട ഏഴു പതിറ്റാണ്ടുകാലത്ത് ബാബിലോണ്യ പ്രവാസത്തിൽനിന്ന് ദൈവം വിമോചിപ്പിച്ച് യെരൂശലേമിലേക്കു കൊണ്ടുവന്ന ജനം അത്യധികം ആവേശത്തോടുകൂടെയാണ് ബാബിലോണ്യ ആക്രമണത്താൽ ചുട്ടുകരിക്കപ്പെട്ട ദൈവാലയത്തിനു വീണ്ടും അടിസ്ഥാനമിട്ടത്. എന്നാൽ അടിസ്ഥാനമിട്ട ശേഷം അവർ തങ്ങളുടെ സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള പ്രയത്നം ആരംഭിച്ചു. ആ അത്യദ്ധ്വാനത്തിൽ തങ്ങളെ വിമോചിപ്പിച്ച് തങ്ങളുടെ പിതൃഭവനത്തിലേക്ക് അത്യത്ഭുതകരമായി കൊണ്ടെത്തിച്ച് ദൈവത്തെയും ആ ദൈവത്തിനുവേണ്ടി അടിസ്ഥാനമിട്ടിരുന്ന ദൈവാലയത്തെയും അവർ വിസ്മരിച്ചുകളഞ്ഞു. യഹോവയുടെ ആലയം പണിയുവാൻ സമയമായിട്ടില്ല എന്ന ഭാവേന അവർ തങ്ങൾക്കു തട്ടിട്ട ഭവനങ്ങൾ പടുത്തുയർത്തി. അങ്ങനെ ദൈവത്തെയും ദൈവത്തിന്റെ ആലയത്തെയും മറന്നു സമ്പാദ്യങ്ങൾ സ്വരൂപിക്കുവാൻ കഠിനാദ്ധ്വാനം ചെയ്ത അവരുടെ പരിശ്രമങ്ങളെല്ലാം ദൈവം ശൂന്യമാക്കിക്കളഞ്ഞു. “നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു” (ഹഗാ, 1:6) എന്ന് അരുളിച്ചെയ്യുന്ന ദൈവം, അവർ പ്രതീക്ഷകളോടെ വീട്ടിൽ കൊണ്ടുവന്ന സമ്പാദ്യങ്ങളൊക്കെയും താൻ ഊതിക്കളഞ്ഞതായും അങ്ങനെ ഊതിക്കളയുവാനുളള കാരണം, തന്റെ ആലയം ശൂന്യമായിക്കിടക്കുമ്പോൾ അവർ തങ്ങളുടെ സ്വന്തം ഭവനങ്ങളുടെ അഭിവ്യദ്ധിക്കുവേണ്ടി പ്രയത്നിച്ചതാണെന്നും ഹഗ്ഗായി പ്രവാചകനിലൂടെ വ്യക്തമാക്കുന്നു (ഹഗാ, 1:9). അതുകൊണ്ട് പ്രകൃതിയിന്മേലും അവരുടെ കൈകളുടെ സകല പ്രവർത്തികളിന്മേലും ദൈവം വറുതി വിളിച്ചുവരുത്തിയിരിക്കുന്നതായി അരുളിച്ചെയ്തു. ഉടനേ അവർ ദൈവത്തിന്റെ ശബ്ദം കേട്ടനുസരിച്ച് ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ വ്യാപൃതരായി. അപ്പോൾ അതുവരെ അവരെ ശൂന്യതയിലേക്കു നടത്തിയ ദൈവം: “ഇന്നു മുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും” (ഹഗ്ഗാ, 2:19) എന്ന് അരുളിച്ചെയ്ത് അനുഗ്രഹത്തിന്റെ വാതായനം അവർക്കായി തുറന്നു. നമ്മുടെ അനുഗ്രഹത്തിനും അഭിവൃദ്ധിക്കും വേണ്ടി ദൈവത്തെ നാം ഭയപ്പെടുകയും അവനോടു പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ ആലയത്തെക്കുറിച്ച് അഥവാ ദൈവത്തിന്റെ വേലയെക്കുറിച്ച് (അത് സഭയോ ശുശ്രുഷയോ എന്തായിരുന്നാലും) തീക്ഷണതയില്ലാത്തവരായി തീരുകയാണെങ്കിൽ നമ്മുടെ പ്രയത്നങ്ങളൊക്കെയും ശൂന്യമായിപ്പോകുമെന്ന് ബാബിലോണിൽ നിന്നു മടങ്ങിയെത്തിയ പ്രവാസികളുടെ അനുഭവം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.