എസ്സീന്യർ

എസ്സീന്യർ

യെഹൂദമതത്തിന്റെ മുഖ്യധാരയിൽ നിന്നു വിട്ടുമാറി ഒരു വിധത്തിലുള്ള സന്ന്യാസജീവിതം നയിച്ച യെഹൂദ മതവിഭാഗമാണ് എസ്സീന്യർ. ബി.സി. ഒന്നാം നൂറ്റാണ്ടിലും എ.ഡി. ഒന്നാം നൂറ്റാണ്ടിലും ഈ സമൂഹം നിലനിന്നിരുന്നു. ഫിലോ തന്റെ രണ്ടുഗ്രന്ഥങ്ങളിൽ ഇവരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ‘യെഹൂദ്യ യുദ്ധം’ എന്ന ഗ്രന്ഥത്തിൽ വിശദമായും ‘യെഹൂദപ്പഴമകളിൽ’ ഹ്രസ്വമായും ജൊസീഫസ് ഇവരെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. സ്വമേധയാ ദരിദ്രജീവിതം സ്വീകരിക്കുകയും, ദൈവികവും ധാർമ്മികവുമായ പഠനങ്ങൾക്കു ജീവിതം ഉഴിഞ്ഞുവയ്ക്കുകയും, ശബ്ബത്തിൽ സമൂഹമായി ആരാധിക്കുകയും കാർമ്മികമായ ശുദ്ധിയിൽ ശ്രദ്ധചെലുത്തുകയും, സമ്പത്ത് പൊതുവായി അനുഭവിക്കുകയും മൃഗബലി വർജ്ജിക്കുകയും, അടിമകളെ സൂക്ഷിക്കാതിരിക്കുകയും രോഗികൾക്കും വൃദ്ധർക്കും വേണ്ടി കരുതുകയും ചെയ്തുകൊണ്ടു, ആണയിടുകയോ സൈനിക സേവനത്തിൽ ഏർപ്പെടുകയോ വാണിജ്യാദികളിൽ വ്യാപരിക്കുകയോ ചെയ്യാതെ ജീവിച്ച സന്യാസസമൂഹം എന്നു ഫിലോ ഇവരെ വർണ്ണിക്കുന്നു. ഗ്രാമങ്ങളിൽ പാർത്തിരുന്ന ഇവർ കർഷകവൃത്തി സ്വീകരിച്ചിരുന്നു. 

എസ്സീന്യരുടെ ഉത്ഭവം അവ്യക്തമാണ്. യോനാഥാൻ മക്കാബിയുടെ കാലത്ത് (ബി.സി. 150) എസ്സീന്യർ ഉണ്ടായിരുന്നതായി ജൊസീഫസ് പറയുന്നു. എസ്സീന്യനായ ഒരു യൂദാസിനെക്കുറിച്ചു (ബി.സി. 105-104) അദ്ദേഹം പറയുന്നുണ്ട്. ഇതിൽനിന്നും അവരുടെ ഉത്ഭവം ബി.സി. രണ്ടാം നൂറ്റാണ്ടിലാണെന്നതു വ്യക്തമാണ്. ചാവുകടലിനടുത്തു ഏൻഗെദിക്കു വടക്കായി ഇവർ പാർത്തിരുന്നുവെന്ന് പ്ലിനി പ്രസ്താവിച്ചിട്ടുണ്ട്. യെരൂശലേം ഉൾപ്പെടെ യെഹൂദ്യയിലെ എല്ലാ പട്ടണങ്ങളിലും എസ്സീന്യർ കാണപ്പെട്ടിരുന്നുവെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സമൂഹം അദ്ധ്യക്ഷന്മാരുടെ കീഴിൽ സംഘടിപ്പിച്ചിരുന്നു. സംഘത്തിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്കു ഒരു പിക്കാസ്സും കുപ്പായവും ശുഭ്രവസ്ത്രവും നല്കും. ഒരു വർഷം കഴിഞ്ഞതിനു ശേഷം വീണ്ടും രണ്ടുവർഷത്തെ പരിശോധനാ കാലയളവാണ്. കഠിനമായ പ്രതിജ്ഞയെടുത്താണ് സംഘത്തിൽ അംഗമാകുന്നത്. സമൂഹത്തിന്റെ ഉപദേശങ്ങൾ നിഗുഢമായി സൂക്ഷിക്കുമെന്നും സഹോദരന്മാരോടു പൂർണ്ണമായും തുറന്നമനസ്സോടെ പെരുമാറുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രായപൂർത്തി ആയവരെയായിരുന്നു പ്രായേണ അംഗങ്ങളായി സ്വീകരിച്ചിരുന്നത്. 

ശിക്ഷണം കർക്കശ സ്വഭാവമുള്ളതായിരുന്നു. കുറ്റങ്ങൾ വിസ്തരിക്കുന്നതിനു ഒരു കോടതിയുണ്ടായിരുന്നു. നൂറിൽ കുറയാത്ത വോട്ടുകൾ കൊണ്ടാണ് ശിക്ഷ വിധിച്ചിരുന്നത്. ഇപ്രകാരം എടുക്കുന്ന വിധി റദ്ദാക്കപ്പെടാവുന്നതല്ല. അശുദ്ധികാരണം അന്യർ തയാറാക്കിയ ഭക്ഷണം ഈ സമുഹത്തിലെ ആരും കഴിക്കാൻ പാടില്ല. സമൂഹഭ്രഷ്ട് ഇഞ്ചിഞ്ചായി മരിക്കുന്നതിനു തുല്യമാണ്. സമ്പത്തു പൊതുവായി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തവന്നു. രോഗികളെയും വൃദ്ധരെയും അവർ പൊതുനിധിയിൽ നിന്നും സംരക്ഷിച്ചു. അംഗങ്ങളെല്ലാം നിയന്ത്രണ വിധേയമായി ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെട്ടു. രാവിലെ പ്രാർത്ഥനയ്ക്കുശേഷം ജോലിക്കു പോകുന്ന അവർ മടങ്ങി വന്നു കാർമ്മികമായ പ്രക്ഷാളനവും പൊതുഭോജനവും കഴിഞ്ഞു വീണ്ടും വേലയ്ക്ക് മടങ്ങിപ്പോകും. സന്ധ്യാഭോജനത്തിനു അവർ വീണ്ടും ഒത്തുചേരും. പ്രധാനതൊഴിൽ കൃഷിയാണ്. ധനമോഹത്തിനു പ്രേരിപ്പിക്കും എന്ന കാരണത്താൽ കച്ചവടം ചെയ്തിരുന്നില്ല. അമിതഭോഗവർജ്ജനവും ആർഭാടരാഹിത്യവും ലാളിത്യവും അവരുടെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു. വിവാഹബന്ധനത്തിൽ നിന്നൊഴിഞ്ഞ അവർ കുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്തി. പൂർണ്ണമായും ഉപയോഗ ശൂന്യമാകുന്നതുവരെ വസ്ത്രങ്ങളും പാദുകങ്ങളും ഉപയോഗിച്ചു. അവരുടെ ഇടയിൽ അടിമകളില്ല. എല്ലാവരും സ്വതന്ത്രരാണ്. ആണയിടുകയോ, ശരീരത്തിൽ തൈലം പൂശുകയോ ചെയ്യുകയില്ല. ഓരോ ഭക്ഷണത്തിനു മുമ്പും ശീതജലസ്നാനം നിർബ്ബന്ധമാണ്. എല്ലാ അവസരങ്ങളിലും ശുഭ്രവസ്ത്രം ധരിച്ചിരുന്നു. അവർ വഴിപാടായി സുഗന്ധവസ്തുക്കൾ ദൈവാലയത്തിലേക്കു അയച്ചുകൊടുത്തു. ആത്മബലി ശ്രേഷ്ഠമായി കരുതിയതുകൊണ്ടു അവർ മൃഗബലി അനുവദിച്ചിരുന്നില്ല. അവരുടെ പൊതുഭോജനം യാഗസദ്യക്കു തുല്യമായി കരുതപ്പെട്ടിരുന്നു. ശുദ്ധീകരണ കർമ്മങ്ങളോടുകൂടെ പുരോഹിതന്മാരായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്.

യെഹൂദന്മാരുടെ പ്രപഞ്ച വീക്ഷണമായിരുന്നു എസ്സീന്യരുടേത്. ദൈവികസംരക്ഷണത്തിലും കരുതലിലും അവർ സമ്പൂർണ്ണമായി വിശ്വസിച്ചു. ന്യായപ്രമാണ ദാതാവായ മോശെയുടെ പേരിനു ദൈവത്തിനടുത്ത സ്ഥാനം അവർ നല്കിയിരുന്നു. അതിനെ ദുഷിക്കുന്നവർക്കു മരണശിക്ഷ നല്കി. ആരാധനകളിൽ തിരുവെഴുത്തുകളെ വായിച്ചു വ്യാഖ്യാനിക്കും. ചെറിയ ജോലിപോലും ചെയ്യാതെ വലിയ നിഷ്കർഷയോടുകൂടി ശബ്ബത്ത് ആചരിച്ചു. ശരീരം നാശോന്മുഖമാണെന്നും ആത്മാവ് അമർത്യമാണെന്നും അവർ പഠിപ്പിച്ചു. സൂക്ഷ്മമായ ആകാശത്തിൽ ആത്മാവ് വസിക്കുന്നുവെന്നും, അമിതഭോഗത്തിൽ മുഴുകുക നിമിത്തം ആത്മാവ് ശരീരത്തിൽ ബന്ധനാവസ്ഥയിൽ കഴിയുമെന്നും, ഇന്ദ്രിയങ്ങളുടെ ബന്ധനത്തിൽ നിന്നു മുക്തമാകുമ്പോൾ ഉന്നതങ്ങളിലേക്കു ഉയർന്നു പോകുമെന്നും അവർ വിശ്വസിച്ചു. ശുദ്ധാത്മാക്കൾക്കു കടലിനപ്പുറം ജീവിതം ലഭിക്കും. അവിടെ മഴയോ മഞ്ഞാ ചൂടോ അവരെ ശല്യപ്പെടുത്തുകയില്ല. മന്ദമാരുതൻ സദാ വീശിക്കൊണ്ടിരിക്കും. നിരന്തരം പീഡനം അനുഭവിക്കേണ്ടിയിരിക്കുന്ന, അന്ധകാരവും ശീതവും നിറഞ്ഞ ദേശമാണ് ദുഷ്ടാത്മാക്കൾക്ക് ലഭിക്കുന്നത്. 

ചുരുക്കത്തിൽ ഉയർന്ന തലത്തിലുള്ള പരീശമതമാണ് എസ്സീന്യരുടേത്. ബുദ്ധമതം, പാർസികളുടെ മതം, പിത്തഗോറസിന്റെ സിദ്ധാന്തം തുടങ്ങിയവയുടെ സ്വാധീനം എസ്സീന്യമതത്തിലുണ്ട്. യെരൂശലേമിന്റെ നാശത്തോടു കൂടി എസ്സീന്യർ ചരിത്രത്തിൽനിന്നു അപ്രത്യക്ഷരായി. കുമ്രാൻ സമൂഹം എസ്സീന്യരുടെ ഉപഗണമായിരിക്കണം. ചാവുകടൽ ചുരുളുകളിൽ ചിലതു അതിനനുകൂലമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ഹാനോക്കിന്റെ പുസ്തകം, ജൂബിലി ഗ്രന്ഥം, പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ നിയമങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ എസ്സീന്യരുടേതായിരിക്കണം. എസ്സീന്യരുടെ ബഹ്മചര്യവും ഇന്ദ്രിയസംയമവും ശ്ലാഘ്യമാണ്. ആദിമ ക്രിസ്തുമതത്തിനു ഇവരുമായുള്ള ബന്ധം ചർച്ചാവിഷയമാണ്. യോഹന്നാൻ സ്നാപകനു മാത്രമല്ല ക്രിസ്തുവിനു പോലും എസ്സീൻ സമുഹത്തോടു ബന്ധമുണ്ടെന്നു കരുതുന്നവരുണ്ട്. പക്ഷേ ഇതിനൊന്നിനും മതിയായ തെളിവുകളില്ല. തിരുവെഴുത്തുകളിൽ എസ്സീന്യരെക്കുറിച്ചു പ്രത്യക്ഷ പരാമർശമില്ല. മത്തായി 19:11,12; കൊലൊസ്സ്യർ 2:8, 18 എന്നിവിടങ്ങളിൽ വിദൂര സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *