എസ്ഥേർ

എസ്ഥേറിൻ്റെ പുസ്തകം (Book of Esther)

പഴയനിയമത്തിലെ പതിനേഴാമത്തെ പുസ്തകം. ബൈബിളിലെ ചരിത്ര പുസ്തകങ്ങളിൽ ഒടുവിലത്തെത്. എബ്രായ ബൈബിളിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം)  അഞ്ചുചുരുളുകൾ (മെഗില്ലോത്) ഉണ്ട്. അവയിൽ അവസാനത്തെ ചുരുളാണ് എസ്ഥേർ. ഉത്തമഗീതം, രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥേർ എന്നിവയാണു അഞ്ചു ചുരുളുകൾ. പൂരീം ഉത്സവത്തിനു വായിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതു എസ്ഥറിന്റെ ചുരുളാണ്. ചാവുകടൽ ചുരുളുകളിൽ പ്രതിനിധാനം ചെയ്യപ്പെടാത്ത ഏകപുസ്തകം ഇതത്രേ. എസ്ഥേറിന്റെ ഗ്രീക്കു പാഠത്തിൽ 105 വാക്യങ്ങൾ കൂടുതലുണ്ട്. പ്രൊട്ടസ്റ്റന്റു സഭകൾ അധിക വാക്യങ്ങളെ അപ്പൊകിഫ ആയി കണക്കാക്കുന്നു.

കർത്താവും കാലവും: ഗ്രന്ഥകർത്താവിനെക്കുറിച്ചു പുസ്തകത്തിൽ യാതൊരു സൂചനയും ഇല്ല. മൊർദ്ദെഖായി ആണ് ഇതിന്റെ എഴുത്തുകാരനെന്നു ജൊസീഫസും ഇബൈൻ-എസ്രായും കരുതിയിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ചില യെദന്മാർക്കും ഉണ്ടായിരുന്നത്. അതിനു തെളിവായി എസ്ഥേർ 9:20, 32-എന്നീ വാക്യങ്ങളെ സ്വീകരിക്കുന്നു. എന്നാൽ 10:2,3-വാക്യങ്ങളുടെ വെളിച്ചത്തിൽ മൊർദ്ദെഖായി എസ്ഥേറിന്റെ ഗ്രന്ഥകാരൻ ആയിരിക്കാനിടയില്ല. പുസ്തകത്തിലെ വിവരണങ്ങളിൽ നിന്നു ഗ്രന്ഥകർത്താവിനു പേർഷ്യൻ രാജസദസ്സിനെക്കുറിച്ചും കീഴ്വഴക്കങ്ങളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നുവെന്നു മനസ്സിലാക്കാം. മൊർദ്ദെഖായിയുടെ എഴുത്തുകളും (എസ്ഥ, 9:22), ദിനവൃത്താന്ത പുസ്തകങ്ങളും (2:23; 10:2) വാമൊഴിയായ പാരമ്പര്യങ്ങളും ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചിരിക്കണം. ഉള്ളടക്കത്തിലെ ഏറിയ ഭാഗവും രാജാവിന്റെ വൃത്താന്ത പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. (എസ്ഥ, 10:2; 6:1). അതു കൊണ്ടാകാം ദൈവത്തിന്റെ നാമം ഈ പുസ്തകത്തിൽ വരാത്തത്. ഗ്രന്ഥകർത്താവു ജീവിച്ചിരുന്ന കാലവും വ്യക്തമല്ല. അഹശ്വേരോശ് രാജാവിന്റെ മരണശേഷമാണു എസ്ഥർ എഴുതപ്പെട്ടത്. (1:1; 10;2). ബി.സി. 486 മുതൽ 465 വരെ ഭരണം നടത്തിയ കസെർക്സസ് ആണ് അഹശ്വേരോശ് എന്ന നിഗമനത്തോടു അധികം പണ്ഡിതന്മാരും യോജിക്കുന്നുണ്ട്. അതിനാൽ ബി.സി. 465-നുശേഷവും പേർഷ്യൻ കാലഘട്ടം (ബി.സി. 539-333) അവസാനിക്കുന്നതിനു മുമ്പും ആണ് എസ്ഥറിന്റെ രചനാകാലം എന്നു ഉറപ്പായി പറയാം. ചില ആന്തരിക സൂചനകളെ അവലംബമാക്കി മക്കാബ്യകാലത്താണ് എസ്ഥർ രചിക്കപ്പെട്ടതെന്നു ഫൈഫർ പ്രഭൃതികൾ വാദിക്കുന്നുണ്ട്. ജോൺ ഹിർക്കാനസിന്റെ കാലത്തു (ബി.സി. 135-104) എസ്ഥർ എഴുതപ്പെട്ടു എന്നു ഫൈഫർ രേഖപ്പെടുത്തുന്നു. 

ഉദ്ദേശ്യം: യെഹൂദന്മാരെക്കുറിച്ചുള്ള ദൈവത്തിന്റെ കരുതലും അവരുടെ പരിപാലനവും വ്യക്തമാക്കുകയാണ് എസ്ഥർ. പീഡനത്തിന്റെ മദ്ധ്യത്തിൽ യിസ്രായേൽ എങ്ങനെ സംരക്ഷിക്കപ്പെട്ടു എന്നു ഈ ചരിത്രം സ്പഷ്ടമാക്കുന്നു. ദൈവിക പരിപാലനത്തെക്കുറിച്ചുള്ള അടിയുറച്ച വിശ്വാസവും അവബോധവും മൊർദ്ദെഖായിയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. ഈ നിർണ്ണായക നിമിഷത്തിൽ എസ്ഥർ പ്രവർത്തിക്കാതിരുന്നാൽ പോലും മറ്റൊരുവിധത്തിൽ യെഹൂദന്മാർ സംരക്ഷിക്കപ്പെടും. എന്നാൽ ഇപ്രകാരമുള്ള ഒരു കാലത്തിനു വേണ്ടിയാണ് എസ്ഥേർ ഇവിടെ എത്തിച്ചേർന്നതെന്നു മൊർദെഖായി ഉറപ്പായി വിശ്വസിച്ചു. “നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളാരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?“ (എസ്ഥേ, 4:14). എസ്ഥേർ 4:16-ലെ ഉപവാസം നിശ്ചയമായും പ്രാർത്ഥന ഉൾക്കൊള്ളുന്നതാണ്. പൂരീം പെരുനാളിന്റെ ഉത്ഭവത്തെക്കുറിച്ചൊരു വിശദീകരണം നല്കുക എന്നതും പുസ്തകത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്നാണ്. പീഡനത്തിനു കാരണക്കാരായവരുടെ മേൽ പീഡനം പതിക്കുകയും ദൈവത്തിന്റെ ജനം ആത്യന്തികമായി വിജയിക്കുകയും ചെയ്യുന്നതാണു പൂരീം പെരുന്നാൾ സൂചിപ്പിക്കുന്നതു. വിമോചനത്തിന്റെ പെരുനാളാണു പൂരീം. യെഹൂദന്മാർക്കു ഏറ്റവും പ്രിയങ്കമായ ഈ ഉത്സവവും ന്യായമാണത്തിൽ പറയപ്പെട്ടിട്ടുള്ളതല്ല. അതിന്റെ ചരിത്രപരമായ അടിസ്ഥാനം വിശദമാക്കുകയാണു എസ്ഥർ. 

ചരിത്രപശ്ചാത്തലം: എസ്ഥേറിനെ വെറും കഥയായി കണക്കാക്കുന്ന വിമർശകർ വിരളമല്ല. എ. ബെൻസൺ ഇതിനെ ഒരു ചരിത ആഖ്യായികയായിട്ടാണ് അംഗീകരിക്കുന്നത്. പുസ്തകത്തിന്റെ സംവിധാനം അതിന്റെ ചരിത്രപരതയെ അരക്കിട്ടുറപ്പിക്കുന്നു. യോശുവ ന്യായാധിപന്മാർ എന്നീ ചരിത്ര പുസ്തകങ്ങൾ ആരംഭിക്കുന്നതുപോലെ എസ്ഥർ ആരംഭിക്കുകയും ദിനവൃത്താന്തത്തെ പരാമർശിച്ചുകൊണ്ട് പുസ്തകം അവസാനിക്കുകയും ചെയ്യുന്നു. (10:26). പേർഷ്യൻ രാജസദസ്സിനെക്കുറിച്ചും കീഴ്വഴക്കങ്ങളെക്കുറിച്ചും സൂക്ഷമമായ അറിവു ഗ്രന്ഥകാരനുണ്ട്. രാജധർമ്മം, രാജാവിന്റെ ആലോചനാ സഭ (1:14), ശുഭദിനങ്ങളോടുള്ള ആഭിമുഖ്യം (3:7), ഒരു മഹാനെ ആദരിക്കുന്ന വിധം (6:8) എന്നിവയുടെ വിവരണം അതു വ്യക്തമാക്കുന്നു. പേർഷ്യൻ ഭാഷയിലെ ക്ഷയർഷാ ആണ് ഗ്രീക്കിലെ ക്സെർക്സസും എബ്രായയിലെ അഹശ്വേരോശും. അടുത്ത കാലത്തു ബോർസിപ്പയിൽ നിന്നു ലഭിച്ച ഒരു ക്യൂണിഫോം പാഠത്തിൽ (ഇതിന്റെ രചനാകാലം രേഖപ്പെടുത്തിയിട്ടില്ല) മൊർദ്ദെഖായിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട് അതിൽ പറഞ്ഞിട്ടുള്ള മൊർദെഖായി (മർദൂകാ) ദാര്യാവേശ് ഒന്നാമന്റെയും ക്സെർക്സസ് ഒന്നാമന്റെയും കാലത്തു ശൂശൻ രാജധാനിയിലെ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്നു. ബൈബിളിനു പുറത്തു മൊർദ്ദെഖായിയെ കുറിച്ചുള്ള ആദ്യ പരാമർശം ഇതാണ്. എസ്ഥർ 1:3-ൽ അഹശ്വേരോശ് രാജാവിന്റെ മൂന്നാം വർഷവും 2:16-ൽ ഏഴാം വർഷവും പരാമർശിക്കപ്പെടുന്നു. ബി.സി. 483-നും 480-നും മദ്ധ്യേയുള്ള ഈ ഇടവേളയിലായിരുന്നു അദ്ദേഹം വിനാശകരമായ ഗ്രീസ് ആക്രമണം ആസൂത്രണം ചെയ്തതും നടത്തിയതും. ക്സെർക്സസിന്റെ ഭാര്യ അമെത്രീസ് ആയിരുന്നുവെന്നു ഹെരോഡോട്ടസ് പറയുന്നു. അഹശ്വേരോശിനെക്കുറിച്ചു പറയുമ്പോൾ വസ്തി, എസ്ഥർ, മൊർദ്ദെഖായി എന്നിവരെക്കുറിച്ചു യാതൊന്നും പറയുന്നില്ല. ഏഴു പ്രഭുകുടുംബങ്ങളിൽ ഒന്നിൽനിന്നു മാത്രമേ പാർസിരാജാവു വിവാഹം ചെയ്യാൻ പാടുള്ളൂ എന്നും ഹെരേഡോട്ടസ് പറയുന്നുണ്ട് (എസ്ഥ, 1:14). ഈ കീഴ്വഴക്കത്തെ മാനിക്കാതെ തനിക്കു ബോധിച്ച സ്ത്രീകളെ അഹശ്വേരോശ് ഭാര്യമാരായി സ്വീകരിച്ചിരുന്നു. പ്രധാനപ്പെട്ട പലവ്യക്തികളെയും സംഭവങ്ങളെയും ഹെരോഡോട്ടസ് തന്റെ ചരിത്രത്തിൽ പരാമർശിച്ചിട്ടില്ല. അതുകൊണ്ട് അഭാവം ഒരുവിധായകതെളിവായി സ്വീകരിക്കുന്നതു വളരെ സൂക്ഷിച്ചുവേണ്ടതാണ്. 

എസ്ഥേർ 2:5-6-ലെ വിവരണം അനുസരിച്ച് മൊർദെഖായി ബി.സി. 597-ൽ ബദ്ധനായിപ്പോയി. അങ്ങനെയാണെങ്കിൽ അഹശ്വേരോശിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷം (ബി.സി. 474) പ്രധാന മന്ത്രിയായപ്പോൾ മൊർദെഖായിക്ക് കുറഞ്ഞപക്ഷം 122 വയസ്സായിരിക്കണം. തന്റെ ചിറ്റപ്പന്റെ മകളും സുന്ദരിയുമായ എസ്ഥറിനു മൊർദെഖായിയെക്കാൾ നൂറു വയസ്സ് ഇളപ്പം ഉണ്ടായിരുന്നിരിക്കണം. വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പൂർവ്വപക്ഷമാണിത്. എന്നാൽ എസ്ഥേർ 2:6-ലെ ‘അവൻ’ മൊർദ്ദെഖായിയെ അല്ല അയാളുടെ പ്രപിതാമഹനായ കീശിനെയാണു വിവക്ഷിക്കുന്നത്. എബ്രായ പാം ഈ വിധത്തിൽ വ്യാഖ്യാനിക്കാൻ സാധകമാണെന്നു പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു. ഒരു യെഹൂദൻ തന്നെ അവമതിച്ചതുകൊണ്ടു യെഹൂദാവർഗ്ഗത്തെ മുഴുവൻ ഒടുക്കിക്കളയുവാൻ ഹാമാൻ തുനിയുമോ? അതിനു ചക്രവർത്തി അനുവാദം നല്കുമോ? യെഹൂദന്മാരുടെ കൂട്ടക്കൊലയ്ക്കു ദീർഘമായ ഒരു കാലാവധി ഹാമാൻ നിശ്ചയിക്കുമോ? മനുഷ്യമനസ്സിന്റെ ചാപല്യം ഇതിനുതക്ക മറുപടിയാണ്. ഒന്നോരണ്ടോ വ്യക്തികളുടെ അഭിമാനത്തിനു നേരിട്ടക്ഷതം എത്രകൂട്ടക്കൊലകളും, യുദ്ധങ്ങളുമാണ് വരുത്തിവച്ചിട്ടുളളത്? യെഹൂദന്മാരെ ചതിയന്മാരായിട്ടാണ് ഹാമാൻ ചിത്രീകരിച്ചിരിക്കുന്നുത്. (3:8). ഹാമാൻ അന്ധവിശ്വാസിയായിരുന്നു. ചീട്ടിട്ടു ശുഭദിനം നോക്കിയാണു അവൻ കൂട്ടക്കൊലയുടെ ദിവസം നിശ്ചയിച്ചത്. (3:7). 25 മീറ്റർ പൊക്കമുള്ള കഴുമരം ഭീതനായ അധികാരിയുടെ അധികാര ദുർവിനിയോഗത്തിന്റെ ദൃഷ്ടാന്തം മാത്രം. (7:39). 

എസ്ഥേറിന്റെ ചരിത്രത്തിനു ഒരു വിചിത്രമായ വ്യാഖ്യാനവും നിലവിലുണ്ട്. അതനുസരിച്ചു എസ്ഥേർ ഇഷ്ടാർ ദേവിയാണ്; മൊർദ്ദെമായി മർദൂക്കും. ഹാമാൻ ഏലാമ്യ ദേവനായ ഹുമ്മനാണു്; വസ്ഥി ഏലാമ്യദേവിയായ മസ്തിയും. ബാബിലോന്യ ഏലാമ്യദേവന്മാർ തമ്മിലുള്ള സംഘട്ടനത്തെ കുറിച്ചുള്ളതായിരിക്കണം ഈ കഥ. യെഹൂദന്മാരുടെ ഒരുത്സവത്തിനു വിശദീകരണം നല്കുവാൻ ബഹുദൈവ വിശ്വാസികളുടെ കഥ യെഹൂദന്മാർ സ്വീകരിക്കുക അസ്വാഭാവികമാണ്. പൂരീം ഒരന്യജാതി ആചാരമായിരുന്നെങ്കിൽ യെഹൂദന്മാർ സ്വീകരിക്കയില്ലായിരുന്നു; സ്വീകരിച്ചാൽ തന്നെ കഥമുഴുവൻ മാറ്റി എഴുതുകയും പേരുകൾ മാറ്റുകയും ചെയ്യുമായിരുന്നു. എസ്ഥറിലെ ചില പേരുകൾക്കു ദേവന്മാരുടെയും ദേവിമാരുടെയും പേരുകളോടു സാമ്യമുണ്ട്. സദൃശമായ അനേകം നാമങ്ങൾ നമുക്കു തിരുവെഴുത്തുകളിൽ കാണാവുന്നതാണ്. (ഉദാ: ദാനീ, 1:7; എസ്രാ, 1:8).

പ്രധാന വാക്യങ്ങൾ: 1. “എസ്ഥേർ 2:17 രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.” എസ്ഥേർ 2:15.

2. “നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?” എസ്ഥേർ 4:14.

3. “തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.” എസ്ഥേർ 6:13.

4. “അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.” എസ്ഥേർ 7:3.

ഉള്ളടക്കം: I. എസ്ഥർ പാർസിരാജ്യത്തിലെ രാജ്ഞിയാകുന്നു: 1:1-2:23.

1. അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ ഉപേക്ഷിക്കുന്നു: 1.:22.

2. വസ്ഥിക്കു പകരം എസ്ഥേനിനെ രാജ്ഞിയാക്കുന്നു:  2:23.

II. യെഹൂദന്മാരെ നശിപ്പിക്കുവാനുള്ള ഹാമാന്റെ ശ്രമവും പരാജയവും: 3:1-10:3.

1. ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കുവാൻ മാർഗ്ഗമന്വേഷിക്കുന്നു: 3:1-15. 

2. മൊർദെഖായി എസ്ഥേറിനെ വിവരം അറിയിക്കു ന്നു; എസ്ഥേർ സ്വജനത്തിനുവേണ്ടി പക്ഷവാദം ചെയ്യുന്നു, ചക്രവർത്തിക്കു വിരുന്നു നല്കുന്നു: 4:1-5:14.

3. മൊർദ്ദെഖായിയെ രാജാവു ബഹുമാനിക്കുന്നു; ഹാമാനെ തൂക്കിലേറ്റുന്നു: 6:1-7:10.

4. യെഹൂദന്മാരുടെ മോചനം, ശത്രുക്കളോടുള്ള പകരം വീട്ടൽ, പുരീം പെരുന്നാൾ: 8:1-9:33.

5. മൊർദ്ദെഖായിയുടെ ഉന്നത പദവി: 10:1-3.

പൂർണ്ണവിഷയം

വസ്ഥി രാജ്ഞിയുടെ പതനം- 1:1-22
രാജാവിനു പുതിയ വധുവിനെ അന്വേഷിക്കുന്നു- 2:1-18
മൊര്‍ദ്ദെഖായി- 2:5-11
എസ്ഥേര്‍ പുതിയ രാജ്ഞിയാകുന്നു- 2:5-18
മൊര്‍ദ്ദെഖായി രാജാവിനെതിരെയുള്ള ഒരു ഗൂഢാലോചന കണ്ടുപിടിക്കുന്നു- 2:19-23
എല്ലാ യെഹൂദന്മാരെയും കൊല്ലാനുള്ള ഹാമാന്റെ ഗൂഢാലോചന- 3:1-15
ഹാമാനെ പരാജയപ്പെടുത്തുവാൻ, എസ്ഥേറിന്റെ സഹായം
മൊര്‍ദ്ദെഖായി ഉറപ്പുവരുത്തുന്നു- 4:1-17
രാജാവിനോടുള്ള എസ്ഥേറിന്റെ അഭ്യര്‍ത്ഥന- 5:1—9:17
ആദ്യത്തെ അപേക്ഷ- 5:1-6
രണ്ടാമത്തെ അപേക്ഷ- 5:7-8
ഹാമാന്റെ ആനന്ദം, കോപം, ആത്മപ്രശംസ
മൊർദ്ദെഖായിയെ കൊല്ലുവാനുള്ള തന്ത്രങ്ങൾ- 5:9-14
രാജാവ് മൊർദ്ദെഖായിയെ ആദരിക്കുന്നു- 6:1-14
രാജാവിനോടുള്ള എസ്ഥേറിന്റെ മൂന്നാമത്തെ അപേക്ഷ- 7:1-6
ദൈവം ഹാമാനോട് പ്രതികാരം ചെയ്യുന്നു- 7:7-10
രാജാവ് മൊർദ്ദെഖായിക്ക് ഉന്നതസ്ഥാനം നൽകുന്നു- 8:1-2
എസ്ഥേർ രാജാവിനോട് അപേക്ഷിക്കുന്നു- 8:3-6
യെഹൂദന്മാര്‍ക്കുവേണ്ടിയുള്ള രാജാവിന്റെ കല്പന- 8:7-17
യെഹൂദന്മാരുടെ വിജയം- 9:1-17
രാജാവിനോടുള്ള എസ്ഥേറിന്റെ അവസാനത്തെ അപേക്ഷ- 9:13
മൊർദ്ദെഖായിയുടെ മഹത്വം- 10:1-3

Leave a Reply

Your email address will not be published.