എബ്രായൻ

എബ്രായൻ (the Hebrew)

യിസ്രായേല്യൻ്റെ മറ്റൊരു പേര്. ബൈബിളിൽ ആദ്യമായി എബ്രായൻ എന്നു വിളിക്കപ്പെട്ട വ്യക്തി അബ്രാഹാമാണ്. (ഉല്പ, 14:13). അനന്തരം അബ്രാഹാമിന്റെ പുത്രനായ യിസഹാക്കും സന്തതികളും എബ്രായർ എന്നറിയപ്പെട്ടു. (ഉല, 40:15; 43:32; പുറ, 2:11). എബ്രായ അടിമകളെ സംബന്ധിക്കുന്ന നിയമങ്ങൾ ന്യായപ്രമാണത്തിലുണ്ട്. (പുറ, 21:1-11; ആവ, 15:12-18). ഫെലിസ്ത്യർ യിസ്രായേല്യരെ എബ്രായർ എന്നു വിളിച്ചു. (1ശമൂ, 4:6, 9; 13:3; 14:11; 29:3). ‘എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്ന” എന്നു യോസേഫ് പാനപാത്രവാഹകനോടും (ഉല്പ, 40:15), “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക” എന്നിങ്ങനെ ഫറവോനോടു കല്പിക്കാൻ ദൈവം മോശെയോടും (പുറ, 9:1), “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു” എന്നു മോശെയും അഹരോനും ഫറവോനോടും (പുറ, 5:3), നീ ഏതു ജാതിക്കാരൻ എന്ന ചോദ്യത്തിന് ‘ഞാൻ ഒരു എബായൻ’ എന്നു യോനാ പ്രവാചകൻ കപ്പൽക്കാരോടും മറുപടി നല്കി. (1:9). യിസ്രായേല്യർ തങ്ങളുടെ ജാതിനാമത്തിൽ അഭിമാനം കൊണ്ടിരുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങളും ഭാഷയും നിലനിർത്തി വംശത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ എബ്രായർ ജാഗരൂകരായിരുന്നു. പൗലൊസ് അപ്പൊസ്തലൻ തന്നെക്കുറിച്ച് ‘എബായരിൽ നിന്നു ജനിച്ച എബ്രായൻ’ എന്നു പറയുന്നു. (ഫിലി, 3’5).

എബ്രായ ശബ്ദത്തിന്റെ ഉത്പത്തി വിവാദവിഷയമാണ്. മൂന്നുവിധത്തിലുള്ള നിഷ്പാദനമാണ് പൊതുവെ ഉള്ളത്. 1. അബ്രാഹാമിന്റെ പൂർവ്വികനായ ഏബെരിൽ നിന്ന്: (ഉല്പ, 10:21, 24,25; 11:14-16; ലൂക്കൊ, 3:35). സംഖ്യാ 24:24-ൽ ഏബെർ എന്ന പേര് എബ്രായൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതും ചിന്താർഹമാണ്. അബ്രാഹാമിനു ലഭിച്ച നിയമവാഗ്ദത്തം ശേമിനോടു ബന്ധിപ്പിക്കുന്നതിന് ഈ പേർ സഹായകമാണ്. ശേമിന്റെ വംശത്തോടു യഹോവയെ ബന്ധപ്പെടുത്തിയുള്ള നോഹയുടെ സ്തവം (ഉല്പ, 9:26) മലക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുമ്പോൾ ചെയ്യുന്ന സ്തുതിഗീതത്തിൽ പ്രതിധ്വനിച്ചിട്ടുണ്ട്. (ഉല്പ, 14:19-20). എബ്രായ-ശേമ്യരിലൂടെയാണ് യഹോവയുടെ നിയമബദ്ധമായ അനുഗ്രഹം വരുന്നതെന്ന് വ്യക്തമാക്കി. 2. കടക്കുക എന്നർത്ഥന്മുള്ള ‘അവാർ’ എന്ന ധാതുവിൽനിന്ന്: ഇതനുസരിച്ച് എബ്രായനായ അബ്രാഹാം നദികടന്ന അബ്രാഹാമാണ്. (ഉല്പ, 14:13). ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദികടന്നാണ് ആബ്രാഹാം കനാനിലെത്തിയത്. (യോശു, 24:2,3). 3. ഹബിരു എന്ന പേരിൽ നിന്ന്: ബി.സി. 15-14 നൂറ്റാണ്ടുകളിലെ നൂസി-ഹിത്യ, അമർണാ രേഖകളിൽ പ്രത്യക്ഷപ്പെട്ട ഒരു ജനവിഭാഗമാണ് ഹബിരു. ബി.സി. 14-ാം നൂറ്റാണ്ടിൽ ഹബിരു ജനത പലസ്തീനിൽ പ്രവേശിച്ചതായി കരുതപ്പെടുന്നു. എബ്രായർ ഹബിരുവിന്റെ ഒരു വിഭാഗമായിരുന്നു എന്ന ധാരണ ഇനിയും വിവാദതലത്തെ കടന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *