ഇമ്മാനൂവേൽ

ഇമ്മാനൂവേൽ (Emmanuel)

ഇമ്മാനുവേൽ എന്ന വാക്കിന് ‘ദൈവം നമ്മോടുകുടെ’ എന്നർത്ഥം. ആഹാസ് രാജാവിന് അടയാളമായി കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കുമെന്നും അവന്റെ പേർ ഇമ്മാനുവേൽ ആയിരിക്കുമെന്നും യെശയ്യാവു പ്രവചിച്ചു. ഇമ്മാനുവേൽ എന്ന പേർ ബൈബിളിൽ മൂന്നു ഭാഗളിലുണ്ട്. (യെശ, 7:14; 8:8; മത്താ, 1:23). പേരിന്റെ സൂചന യെശയ്യാവ് 8:10-ലും. ഈ പ്രവചനത്തിന്റെ കാലത്ത് (ബി.സി. 735) അരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പശ്ചിമേഷ്യ മുഴുവനും കീഴടക്കാൻ അശ്ശൂർ രാജാവായ തിഗത്ത്-പിലേസർ ശ്രമിച്ചു. അശ്ശൂരിനെതിരെ അരാമും യിസ്രായേലും സൈനികസഖ്യം ശക്തിപ്പെടുത്താൻ ശ്രമിച്ചു. കർത്താവിലാശ്രയിച്ച് ഉറപ്പോടുകൂടിയിരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും പ്രവാചകൻ ആഹാസിനോടു പറഞ്ഞു. ആഹാസിന് വിശ്വാസം വരേണ്ടതിനായി താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവതു വിസമ്മതിച്ചു. അവിശ്വാസത്തിന് രാജാവിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻ തന്നെ ആഹാസിന് ഒരടയാളം നല്കി. ആ അടയാളമാണ് ഇമ്മാനുവേൽ. 

ഇമ്മാനുവേലിന്റെ ജനനം ഒരടയാളമാണ്. അടയാളം ഒരത്ഭുതം ആയിരിക്കണമെന്നില്ല. എന്നാൽ ഈ സന്ദർഭത്തിൽ അടയാളം അത്ഭുതം ആയിരിക്കണമെന്നു ചിന്തിക്കുന്നതിൽ ന്യായീകരണമുണ്ട്. ഇമ്മാനുവേലിന്റെ അമ്മ ഒരവിവാഹിതയാണ്. അവിവാഹിതയ്ക്കു പ്രവാചകൻ ഉപയോഗിക്കുന്ന പദം ‘അല്മാ’യാണ്, ‘ബെഥുലാ’ അല്ല. കന്യകാജനനം പ്രവാചകൻ ഉദ്ദേശിച്ചുവെങ്കിൽ ബൈഥുലാ എന്ന പദം പ്രയോഗിച്ചിരുന്നേനെ എന്നു കരുതുന്നവരുണ്ട്. പ്രസ്തുത ധാരണ തെറ്റാണ്. കന്യകാത്വസൂചന സ്പഷ്ടമായുള്ള ഒരു പ്രയോഗമല്ല ബെഥേലാ. കന്യകാത്വം വിവ ക്ഷിക്കുന്നിടത്ത് ‘പുരുഷൻ തൊടാത്ത കന്യക’ എന്നു വിശദീകരണം നല്കുന്നുണ്ട്. (ഉല്പ, 24:16). വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീയെയും (ആവ, 22:23), വിവാഹിതയെയും (യോവേ, 1:8) കുറിക്കുന്നതിന് ബെഥുലാ പ്രയോഗിച്ചിട്ടുണ്ട്. അവിവാഹിതയ്ക്ക് ഉപയോഗിക്കുന്ന സവിശേഷപദം അല്മായാണ്. വിവാഹപ്രായമെത്തിയ യുവതിയാണ് അല്മാ. എന്നാലീപദം വിരളമായേ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. (ഉല്പ, 24:43; പുറ, 2:8; സങ്കീ, 68:25; സദൃ, 30:19; ഉത്ത, 1:3; 6:8; യെശ, 7:14). ഈ സ്ഥാനങ്ങളിലെല്ലാം കന്യാത്വത്തിന്റെ സൂചനയുണ്ട്. അവിവാഹിത ദുർന്നടത്തക്കാരിയാകാം. ദുർന്നടത്തക്കാരിയാണ് കന്യകയെങ്കിൽ കുഞ്ഞിന്റെ ജനനത്തിൽ അടയാളമില്ല. തന്മൂലം സ്ത്രീ നല്ലവളും അവിവാഹിതയും കുഞ്ഞിന്റെ ജനനം പ്രകൃത്യതീതവും എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രവാചകന്റെ വാക്കിന് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നല്കിക്കാണുന്നുണ്ട്. പ്രവചനത്തിലെ പ്രയോഗങ്ങളുടെ അവ്യക്തതയും സമീപകാല ചരിത്രത്തിൽ ഇപ്രകാരമൊരു പ്രവചന നിറവേറലിനെക്കുറിച്ചുള്ള ചരിത്രരേഖയുടെ അഭാവവുമാണ് കാരണം. 

ക്രൈസ്തവ വ്യാഖ്യാനമനുസരിച്ച് ഇമ്മാനുവേലിന്റെ കന്യകാജനനത്തിനാണ് പ്രാധാന്യം നല്കേണ്ടത്. യേശുവിന്റെ ജനനത്തെക്കുറിച്ച് രേഖപ്പെടത്തുമ്പോൾ മത്തായി (1:22,23) ഈ പ്രവചനം ഉദ്ധരിക്കുന്നുണ്ട്. അല്മാ എന്ന എബ്രായപദത്തെ സെപ്റ്റ്വജിന്റിൽ ‘കന്യക’ എന്നു നിർണ്ണീതാർത്ഥമുള്ള ‘ഹീ പാർഥെനൊസ്’ എന്നു തർജ്ജമ ചെയ്തിരിക്കുന്നു. സമീപ ഭാവിയിൽ ഒരത്ഭുതം നടക്കുമെന്നു പ്രതീക്ഷിച്ച ആഹാസിനു ഏഴു നൂറ്റാണ്ടുകൾക്കുശേഷമുണ്ടായ ക്രിസ്തുവിന്റെ ജനനം ഒരടയാളമായിരിക്കുവാൻ സാദ്ധ്യമല്ല. കുഞ്ഞിന്റെ ജനനം ആഹാസിനു ഒരടയാളം മാത്രമായിരുന്നെന്നും അതിൽ കൂടുതലൊന്നും വിവക്ഷിച്ചിട്ടില്ലെന്നുമാണ് മറ്റൊരഭിപ്രായം. അരാമ്യ എഫ്രയീമ്യ സഖ്യത്തിൽ നിന്നും യെഹൂദ വിടുവിക്കപ്പെട്ട ഉടൻ ആൺകുട്ടികളെ പ്രസവിച്ച യുവതികൾ അവരെ ഇമ്മാനുവേൽ എന്ന് വിളിക്കും. ഈ പേരോടുകൂടിയ കുഞ്ഞുങ്ങൾ ന്യായവിധിയെയും മോചനത്തെയും സംബന്ധിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തിന്റെ സത്യതയ്ക്ക് അടയാളമായിരിക്കും. ഒരു പ്രത്യേക കുഞ്ഞു നിർദ്ദിഷ്ടമല്ലെങ്കിൽ അടയാളം തിരിച്ചറിയുവാൻ സാദ്ധ്യമല്ല. അതിനാൽ ഈ അഭിപ്രായം സ്വീകാര്യമല്ല. ക്രൈസ്തവ വ്യാഖ്യാനത്തിന് കടകവിരുദ്ധമായിട്ടാണ് യെഹൂദന്മാർ ഈ ഭാഗം വ്യാഖ്യാനിക്കുന്നത്. അക്വിലാസ്, സിമ്മാക്കസ് തുടങ്ങിവരുടെ ഗ്രീക്കുപരിഭാഷയിൽ പാർഥെനാസിന്റെ സ്ഥാനത്താ നെയാനിസ് (യുവതി) എന്ന പദം പ്രയോഗിച്ചു. ആഹാസ് രാജാവിന്റെ ആദ്യജാതനായ ഹിസ്കീയാവിനെ അവർ ഇമ്മാനുവേലായിക്കണ്ടു. എന്നാൽ ഈ വ്യാഖ്യാനം ചരിതസംബന്ധമായ മഹാബദ്ധമായിരുന്നു. ആഹാസ് പതിനാറുവർഷം രാജ്യം ഭരിച്ചു. (2രാജാ, 16:2). ഹിസ്കീയാവ് ഇരുപത്തഞ്ചാം വയസ്സിൽ രാജാവായി. (2രാജാ, 18:2). ഇതിൽനിന്നും ഇമ്മാനുവേലിനെ കുറിച്ചുള്ള പ്രവചനം നല്കിയപ്പോൾ ഹിസ്കീയാവിനു ഒൻപതു വയസ്സു പ്രായമുണ്ടായിരിക്കണം. ഈ വൈരുദ്ധ്യം ഒഴിവാക്കുവാൻ വേണ്ടി മദ്ധ്യയുഗത്തിലെ യെഹൂദ പണ്ഡിതന്മാർ യെശയ്യാവിന്റെ ഭാര്യയോ ആഹാസിന്റെ മറ്റൊരു ഭാര്യയോ ആയിരിക്കണം അല്മായെന്നു വാദിച്ചു. ഈ വാദത്തിനും പോരായ്മകളുണ്ട്. യെശയ്യാവു തന്റെ ഭാര്യയെ അന്യത്ര പ്രവാചകി എന്നാണു പറയുന്നതാ (യെശ, 8:3). ഒരു കുഞ്ഞിനെ (ശെയാർ-യാശൂബ്) പ്രസവിച്ചു കഴിഞ്ഞതുകൊണ്ട് അവളെ അല്മാ എന്നു വിളിക്കാനും നിവൃത്തിയില്ല.

യെശയ്യാ പ്രവാചകന്റെ മനസ്സിൽ ഉണ്ടായിരുന്നതു മശീഹയാണ്. രാജാവിന്റെ ഭീരുത്വത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ യഥാർത്ഥ രാജാവിന്റെ വെളിപ്പാടു പ്രവാചകൻ നല്കി. ഈ രാജാവ് തന്റെ ജനത്തിന്റെ കഷ്ടതയും ദാരിദ്ര്യവും പങ്കിട്ടനുഭവിക്കും. സ്വഭാവത്തിലൂടെയും പ്രവൃത്തിയിലൂടെയും താൻ അത്ഭുതമന്തിയും വീരനാം ദൈവവും നിത്യപിതാവും സമാധാനപ്രഭുവും എന്ന് അദ്ദേഹം തെളിയിക്കും. (യെശ, 9:6). യിസ്രായേലിന്റെ വീണ്ടെടുപ്പുകാരൻ അവനാണ്. ആധിപത്യം അവന്റെ തോളിൽ ഇരിക്കും. ഈ കാലയളവിൽ മശീഹയെക്കുറിച്ചുള്ള പ്രതീക്ഷ യെഹൂദയിൽ നിലനിന്നിരുന്നു. (മീഖാ, 5:3). ആ കുഞ്ഞു തന്നെയാണ് ഇമ്മാനൂവേൽ. അവന്റെ ജനനത്തിൽ ദൈവത്തിന്റെ സാന്നിദ്ധ്യം വെളിപ്പെടും. ഒരു ശിശുവിൽ ദൈവം തന്റെ ജനത്തിന്റെ അടുക്കലേക്കു വന്നിരിക്കുകയാണ്. ഈ ശിശുവിനെ യെശയ്യാപ്രവാചകൻ വീരനാം ദൈവം എന്നു വിളിച്ചു. ജനത്തിനു സഹായം വരേണ്ടതു ദൈവത്തിൽനിന്നാണ്; അശ്ശൂർ രാജാവിൽ നിന്നല്ല. ഔത്തരാഹ ശത്രുക്കളിൽ (യിസായേലും, സിറിയയും) നിന്നുള്ള മോചനത്തിനു നല്കപ്പെട്ടിരിക്കുന്ന കാലം കുഞ്ഞിന്റെ ശൈശവകാലമാണ്. “തിന്മതള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മതള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകും മുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:15,16). എന്നാൽ ആഹാസ് രാജാവ് ഇമ്മാനുവേലിന്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം ആഹാസ് രാജാവിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായി. പ്രവാചകന്റെ വാക്കുകൾ വിശ്വസിച്ചാ അശ്ശൂരിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ ഇമ്മാനുവേലിന്റെ അടയാളം രാജാവിനു നിറവേറുമായിരുന്നു. പ്രസ്തുത പ്രവചനത്തിന്റെ ഏതത്ക്കാല നിവൃത്തി ബാധിക്കപ്പെട്ടു. എന്നാൽ യെഹൂദയിലെ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം അവർ ഇമ്മാനുവേലിൽ രക്ഷയും വിടുതലും കണ്ടെത്തി. ക്രിസ്തു തന്നെയാണ് ഇമ്മാനുവേൽ.

Leave a Reply

Your email address will not be published.