ആത്മികവർദ്ധന

ആത്മികവർദ്ധന (spiritual encouragement)

ഗൃഹനിർമ്മാണത്തെ കുറിക്കുന്ന പദമാണ് ഗ്രീക്കിൽ ആത്മിക വർദ്ധനയ്ക്ക് ഉപയോഗിച്ചിട്ടുള്ള ‘ഒയ്കൊഡൊമി.’ (പ്രവൃ, 9:31; 20:32; റോമ, 14:19; 15:2; 1കൊരി, 8:1; 10:23; 14:3,4,5, 12, 17, 26; 2കൊരി, 12:19; എഫെ, 4:29; കൊലൊ, 2:7; 1തെസ്സ, 5:11; യൂദാ, 20). സുവിശേഷ സത്യത്തിൽ വിശ്വാസിയെ സ്ഥിരീകരിക്കുകയും ആത്മീയ കാര്യങ്ങളിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നതിനെയാണ് ആത്മിക വർദ്ധന വരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ സത്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ ക്രിസ്ത്യാനികൾ ആത്മികവർദ്ധന പ്രാപിക്കുന്നു. (1 കൊരി, 14:3-5). അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, ഇടയന്മാർ, സുവിശേഷകന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരുടെ ശുശ്രൂഷ മൂലം സഭ ആത്മികവർദ്ധന പ്രാപിക്കുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:11-13). നല്ല ഭാഷണം കേൾക്കുന്നതു ആത്മിക വർദ്ധനയ്ക്ക് കാരണമാണ്. (എഫെ, 4:29). ദൈവവചനം കേൾക്കുന്നതും പഠിക്കുന്നതും പ്രാർത്ഥന, ധ്യാനം, ആത്മപരിശോധന, ക്രിസ്തീയ ശുശ്രൂഷകൾ എന്നിവയും ആത്മികവർദ്ധനയെ സഹായിക്കുന്നവയാണ്. വിശ്വാസികൾ പരസ്പരം ആത്മികവർദ്ധന വരുത്താൻ ചുമതലപ്പെട്ടവരാണ്. (1തെസ്സ, 5:11).

Leave a Reply

Your email address will not be published. Required fields are marked *