ആത്മികയാഗം

ആത്മികയാഗം (spiritual sacrifice)

പുതിയനിയമ വിശ്വാസികൾ വിശുദ്ധ പുരോഹിതവർഗ്ഗമാണ്. പുരോഹിതന്മാരുടെ കർത്തവ്യമാണ് യാഗാർപ്പണം. യാഗങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറി. “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:12-14). ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. (എബ്രാ, 10:18). വിശുദ്ധ പുരോഹിതവർഗ്ഗമായ വിശ്വാസികൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിക്കേണ്ടതാണ്. (1പത്രൊ, 2:5). “കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിക്കാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. (എബ്രാ, 13:10). യാഗപീഠത്തിൽ ക്രിസ്തു ആദ്യയാഗം അർപ്പിച്ചുകഴിഞ്ഞു. വിശ്വാസി ആ യാഗപീഠത്തിൽ അർപ്പിക്കേണ്ട നാലുയാഗങ്ങളുണ്ട്:

1. തന്നെത്താൻ അർപ്പിക്കുക: (റോമ, 12:1,2; ഫിലി, 2:17).

2. അധരഫലം എന്ന സ്തോത്രയാഗം: “അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).

3. സമ്പത്തെന്ന യാഗം: ഫിലിപ്പിയിലെ വിശ്വാസികൾ പൗലൊസ് അപ്പൊസ്തലന് അയച്ചുകൊടുത്ത സാമ്പത്തിക സഹായത്തെ “സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗം” എന്നാണു വിളിക്കുന്നത്. (ഫിലി, 4:18).

4. ജാതികൾ എന്ന വഴിപാട്: ജാതികളോടു സുവിശേഷം അറിയിച്ച് അവരെ രക്ഷയിലേക്ക് നടത്തുന്നത് ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (റോമ, 15:15,16).

Leave a Reply

Your email address will not be published. Required fields are marked *