അമർത്ത്യത

അമർത്ത്യത (immortality)

അമർത്യതയെ കുറിക്കുന്നതിനു ഗ്രീക്കിലുപയോഗിക്കുന്ന രണ്ടുപദങ്ങളാണ് ‘അത്തനാസിയ’യും ‘അഫ്ഥാർസിയ’യും. പുതിയ നിയമത്തിൽ മൂന്നിടത്തു അത്തനാസിയ (1കൊരി, 15:53, 54; 1തിമൊ, 6:16) പ്രയോഗിച്ചിട്ടുണ്ട്. റോമർ 2:7; എഫെസ്യർ 6:24; 2തിമൊഥെയൊസ് 1:10 എന്നീ വാക്യങ്ങളിലെ അക്ഷയതയ്ക്കും 1കൊരിന്ത്യർ 15:42, 50, 53, 54 എന്നീ വാക്യങ്ങളിലെ അദ്രവത്വത്തിനും സമാനമായ ഗ്രീക്കുപയോഗം അഫ്ഗാർസിയ ആണ്. ‘അമർത്ത്യത’യ്ക്ക് മരണമില്ലായ്മ (അ+മർത്യതാ) എന്നർത്ഥം. അദ്രവത്വം, അക്ഷയത എന്നീ ആശയങ്ങളോടുകൂടി മരണമില്ലാത്ത അവസ്ഥയെ കുറിക്കുകയാണ് അമർത്ത്യത ബൈബിളിൽ. അത്തനാസിയ എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം മരണം (താനറ്റോസ്) ഇല്ലായ്മ എന്നാണ്.

മരണത്തോടുകൂടി ശരീരവും ആത്മാവും വേർപെടുകയും വ്യക്തിയുടെ ഭൗതികമായ നിലനില്പ് അവസാനിക്കുകയും ചെയ്യുന്നു. എന്നാൽ മരണത്തിന്നപ്പുറമുള്ള വ്യക്തിപരമായ അസ്തിത്വത്തെയാണ് അമർത്ത്യത വിവക്ഷിക്കുന്നത്. അമർത്ത്യത മൂന്നു വ്യത്യസ്ത ആശയങ്ങളിലാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്: 1. കേവലമായ അർത്ഥത്തിൽ ദൈവത്തിനു മാത്രം ചേരുന്ന വിശേഷണം: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ.” (1തിമൊ, 6:15,16). സൃഷ്ടികളുടെ അമർത്ത്യത ദൈവഹിതാനുസരണവും ദൈവത്തിനു വിധേയവുമാണ്. അതുകൊണ്ടു സൃഷ്ടിയുടെ അമർത്ത്യതയ്ക്ക് ആരംഭമുണ്ട്; എന്നാൽ അതിനു അവസാനമില്ല. ദൈവത്തിന്റെ അമർത്ത്യതയ്ക്ക് ആരംഭമോ അവസാനമോ ഇല്ല. 2. അനന്തമായ നിലനില്പ്: ഈ ആശയത്തിൽ ആത്മാവു അമർത്ത്യമാണ്. ശരീരം നശിച്ചാലും ആത്മാവു അനശ്വരമായി തുടരും. 3. അപചയത്തിൽ നിന്നും മരണത്തിൽനിന്നും മുക്തമായ മനുഷ്യന്റെ നിലനില്പ്: ഈ അർത്ഥത്തിൽ പാപത്തിൽ വീഴുന്നതിനുമുമ്പ് മനുഷ്യൻ അമർത്ത്യനായിരുന്നു.

അമർത്ത്യത പഴയനിയമത്തിൽ: പുതിയനിയമത്തിൽ പ്രത്യക്ഷമായിത്തന്നെ ആത്മാവിന്റെ അമർത്ത്യതയെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പഴയനിയമത്തിൽ വ്യക്തിപരമായ അമർത്ത്യതയെക്കുറിച്ചു അത്രത്തോളം സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടില്ല. പഴയനിയമത്തിൽ ഒരു വ്യക്തിയുടെ വർത്തമാനകാലജീവിതവും ഭാവിജീവിതവും തമ്മിലുള്ള വ്യത്യാസത്തിലേറെ തിരഞ്ഞെടുക്കപ്പെട്ട ജനവും (യിസായേൽ) ജാതികളും തമ്മിലുള്ള വ്യത്യാസമാണ് പ്രമുഖമായി അവതരിപ്പിച്ചിട്ടുള്ളത്. വ്യക്തിജീവിതത്തിലേറെ ദേശീയ ജീവിതത്തിനാണ് പഴയനിയമത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. ഗോത്രപിതാക്കന്മാരോ പ്രവാചകന്മാരോ യെഹൂദന്മാരോ അമർത്ത്യതയിൽ വിശ്വസിച്ചിരുന്നില്ലെന്ന ധാരണ വസ്തുതകൾക്കു നിരക്കാത്തതാണ്. സദൂക്യരൊഴികെയുള്ള യെഹൂദന്മാർ ക്രിസ്തുവിന്റെ കാലത്തു അമർത്ത്യതയിൽ വിശ്വസിച്ചിരുന്നു എന്നുള്ളതു നിർവ്വിവാദമാണ്. ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടുവെന്നു സ്പഷ്ടമായി ദൈവവചനം പഠിപ്പിക്കുന്നു. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ നിലനില്പ് ആത്മിമികമാണ്. തന്മൂലം അതു ശാരീരിക മരണത്തോടുകൂടെ തുടച്ചുമാറ്റപ്പെടുന്നില്ല. ദൈവികമായ കൂട്ടായ്മയിലാണ് മനുഷ്യൻ പരമമായ നന്മയെ പ്രാപിക്കുന്നത്. കാലികമായ എല്ലാ നന്മകളും അതിന്റെ വെളിച്ചത്തിൽ അസ്തപ്രഭമാണ്. ആസാഫിന്റെ സങ്കീർത്തനം അമർത്ത്യതയെക്കുറിച്ചു തെളിവായി പറയുന്നുണ്ട്. “എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും . സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.” (സങ്കീ, 73:23-26).

പഴയനിയമത്തിൽ നിന്നും അമർത്ത്യതയ്ക്കുള്ള തെളിവുകൾ:

1. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പഠിപ്പിക്കൽ: ഒരിക്കലും കൈവിടാത്ത കർത്താവും സ്രഷ്ടാവും ആയ ദൈവത്തിൽ യിസ്രായേൽജനം വിശ്വസിച്ചിരുന്നു. അമർത്ത്യതയെക്കുറിച്ചുള്ള അവരുടെ പ്രത്യാശ ഈ വിശ്വാസത്തിൽ സാന്ദ്രമായിരുന്നു. ദൈവത്തെ തങ്ങളുടെ ഓഹരിയായി അവർ കണ്ടു. ക്ഷണികമായ ഒരു ജീവിതമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നെങ്കിൽ, മരണത്തിൽ ജീവിതം അവസാനിക്കുമെന്നു വിശ്വസിച്ചിരുന്നെങ്കിൽ, അവർ ഒരിക്കലും ദൈവത്തോടു ഇത്രവലിയ ആഭിമുഖ്യം കാണിക്കുകയില്ലായിരുന്നു. ദൈവത്തിന്റെ സ്വരുപത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ദൂതന്മാരെക്കാൾ അല്പം താഴ്ത്തി ദൈവത്തോടുള്ള കൂട്ടായ്മയ്ക്കു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു. നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11). മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയാണു നിത്യതയെക്കുറിച്ചുള്ള ബോധവും അവനു നൽകിയത്.

2. പാതാളത്തെക്കുറിച്ചുള്ള ഉപദേശം: മരണാനന്തരം മൃതന്മാർ പാതാളത്തിലാണ് വസിക്കുന്നത്. ആത്മാക്കൾ അവിടെ ബോധപൂർവ്വം കഴിയുന്നു. പാതാളത്തിൽ നിന്നുള്ള വീണ്ടെടുപ്പിനുശേഷം ആത്മാവു നിത്യാനുഗ്രഹത്തിൽ പ്രവേശിക്കും. ഈ വിശ്വാസം ആത്മാവിന്റെ അമർത്ത്യതയ്ക്കുള്ള പ്രധാന തെളിവാണ്. “അവരെ പാതാളത്തിനു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നും വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14,15).

3. വെളിച്ചപ്പാടിനെതിരെയുള്ള മുന്നറിയിപ്പ്: മരിച്ചവരുടെ ആത്മാക്കളെ വരുത്തി ഫലം പറയുന്ന വെളിച്ചപ്പാടത്തികൾ പഴയനിയമകാലത്ത് ധാരാളം ഉണ്ടായിരുന്നു. ന്യായപ്രമാണവും പ്രവാചകന്മാരും വെളിച്ചപ്പാടിനെതിരെ ഭയനിർദ്ദേശം ജനത്തിനു നല്കിയിട്ടുണ്ട്. മരണശേഷം ആത്മാവിനു നിലനില്പില്ലെങ്കിൽ ഇപ്രകാരം ഒരു ഭയനിർദ്ദേശത്തിനു എന്താണു പ്രസക്തി? (ലേവ്യ, 19:31; 20:17; ആവ, 18:11; യെശ, 8:19; 29:4). ആത്മാവിന്റെ അമർത്ത്യതയ്ക്കുള്ള പരോക്ഷമായ തെളിവാണിത്.

4. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉപദേശം: കർത്താവിന്റെ നാളിലെ മശീഹാപ്രതീക്ഷയുമായി ബന്ധപ്പെട്ടാണ് പഴയനിയമത്തിൽ പുനരുത്ഥാനം പറയപ്പെട്ടിട്ടുള്ളത്. ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും (ദാനീ, 12:1). അതിനുശേഷം “നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദക്കുമായും ഉണരും.” (ദാനീ, 12:2). പഴയനിയമത്തിൽ പുനരുത്ഥാനത്തെക്കുറിച്ചു സ്പഷ്ടമായി പഠിപ്പിക്കുന്ന ഭാഗങ്ങളാണ്: (ഇയ്യോ, 14:1-13; 19:25,26; സങ്കീ, 16:10; 49:15; യെശ, 25:8; 26:19; ദാനീ, 12:2; ഹോശേ, 5;15; 6:2). ഹോശേയ 6:2-ൽ ജാതീയമായ പുനരുത്ഥാനത്തിന്റെ പ്രതീക്ഷയാണു കാണുന്നത്.

5. മരണാനന്തരം ദൈവസന്നിധിയിലുള്ള ആനന്ദത്തെ കുറിച്ചുള്ള വർണ്ണന: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.” (ഇയ്യോ, 19:25-27, ഒ.നോ: സങ്കീ, 16:9-11; 17:15; 73:23,24, 26).

അമർത്ത്യത പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ആകട്ടെ ആത്മാവിന്റെ അമർത്ത്യതയെക്കുറിച്ചു പ്രത്യക്ഷത്തിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. “ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്തനിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.” (2തിമൊ, 1:10). ജീവൻ, അമർത്ത്യത എന്നിവയുടെ സ്വരൂപത്തെക്കുറിച്ചും അവയുടെ കർത്താവിനെക്കുറിച്ചും വ്യക്തമായ പ്രകാശനം നമുക്കു നൽകിയതു സുവിശേഷമാണ്. പല തത്ത്വചിന്തകന്മാരും അമർത്ത്യതയെ നിഷേധിച്ചു. എന്നാൽ ക്രിസ്തു ആധികാരികമായ പ്രബോധനത്തിലൂടെ മാത്രമല്ല, തന്റെ ജീവിതമരണ പുനരുത്ഥാനങ്ങളിലൂടെയും അമർത്ത്യത തെളിയിക്കുകയും മനുഷ്യർക്കു അതു പ്രാപിക്കുവാനുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്തു. മരണാനന്തരമുള്ള ആത്മാവിന്റെ ആസ്തിത്വത്തെക്കുറിച്ചു ക്രിസ്തു വ്യക്തമായി പഠിപ്പിച്ചു. ‘ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ എന്നു യേശു ഉപദേശിച്ചു.’ (മത്താ, 10:28, ലൂക്കൊ, 23:43; യോഹ, 11:25; 14:3). ക്രിസ്തുവിന്റെ ഉപദേശത്തിന്റെ അന്തർ ധാരതന്നെ ആത്മാവിന്റെ അമർത്ത്യതയായിരുന്നു. (മത്താ, 5:12; 8:11,12; 12:32; 13:36, 43; 18;8,9; 22:11-13; 25:1-3, 31-46; മർക്കൊ, 8:35-37; ലൂക്കൊ, 12:4,5; 13:24-29; 16:19-31; 18:29,30; യോഹ, 3:16; 5:39,40; 6:47-58; 10:28; 11:25; 14:1-6). നീതിമാന്മാരുടെയും നീതികെട്ടവരുടെയും ഭാവിയെക്കുറിച്ചു മുകളിൽ പറഞ്ഞ ഭാഗങ്ങളിൽ ക്രിസ്തു പഠിപ്പിക്കുന്നതു ശ്രദ്ധേയമാണ്. സദൂക്യരുടെ അവിശ്വാസത്തെ ക്രിസ്തു ഖണ്ഡിച്ചു. പഴയനിയമത്തിന്റെ പഠിപ്പിക്കലിനെ ക്രിസ്തു സ്ഥിരീകരിച്ചു. (ലൂക്കൊ, 20:27-38).

അപ്പൊസ്തലന്മാരും ആത്മാവിന്റെ അമർത്ത്യതയെ സ്ഥാപിച്ചു. (റോമ, 2:5-11; 2കൊരി, 5:10). പുനരുത്ഥാനം ദേഹസഹിതമായിരിക്കും എന്ന ഉപദേശം അമർത്ത്യതയ്ക്കുള്ള തെളിവാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുനരുത്ഥാനം ദേഹത്തിന്റെ വീണ്ടെടുപ്പു കൂടിയാണ്. അമർത്ത്യതയുടെ പൂർണ്ണമായ അനുഗ്രഹം ദൈവസഹവാസത്തിലുള്ള സമ്പൂർണ്ണമായ ജീവിതത്തിൽ വീണ്ടെടുക്കപ്പെട്ട ശരീരവുമായി പ്രവേശിക്കുമ്പോഴാണ് ലഭിക്കുന്നത്: (ലൂക്കൊ, 20:35,36; യോഹ, 5:25-29; 1കൊരി, 1:5; 1തെസ്സ, 4:16; ഫിലി, 3:21). ദുഷ്ടന്മാർക്കും പുനരുത്ഥാനത്തിൽ നിത്യമായ നിലനില്പിനു ശരീരം ലഭിക്കും. ഇതിനെ തിരുവെഴുത്തുകൾ രണ്ടാംമരണം എന്നു വിളിക്കുന്നു. (വെളി, 20:12-15). ശാരീരിക മരണത്തിനുശേഷം മനുഷ്യന്റെ ആത്മാംശം നിലനിൽക്കുന്നതിനെയാണ് പല പണ്ഡിതന്മാരും അമർത്ത്യത എന്നു മനസ്സിലാക്കുന്നത്. മരണശേഷമുള്ള വെറും അസ്തിത്വം മാത്രമല്ല അമർത്ത്യത; ആളത്തത്തെ പൂർണ്ണമായി ബാധിക്കുന്നതാണത്. അതുകൊണ്ട് അമർത്ത്യത പ്രധാനമായും ദേഹത്തെ സംബന്ധിക്കുന്നതാണ്.

അമർത്ത്യതയും നിത്യജീവനും: വിശ്വാസികൾക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിത്യജീവൻ അമർത്ത്യതയുടെ പര്യായമല്ല. അവിശ്വാസികളും നിത്യജീവന്റെ അവകാശികളായ വിശ്വാസികളും മരിക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ജീവനോടിരിക്കുന്ന വിശ്വാസികൾ മാത്രമാണു മരണം കാണാതെ എടുക്കപ്പെടുന്നത്. (1കൊരി, 15:51-53; 1തെസ്സ, 4:13-17). ഭാവിയിൽ പുനരുത്ഥാനത്തിലുടെയോ രൂപാന്തരത്തിലൂടെയോ ഒരു അമർത്ത്യശരീരം ഉറപ്പുവരുത്തുകയാണ് നിത്യജീവൻ. (റോമ, 8:22,23; 2കൊരി, 5:1-5). ഇങ്ങനെ ദേഹം, ദേഹി, ആത്മാവു എന്ന പൂർണ്ണ ആളത്തമായി തന്നെ മനുഷ്യൻ വീണ്ടെടുക്കപ്പെടും. തേജസ്കരിക്കപ്പെട്ട ശരീരങ്ങൾ മരണം, പാപം, വേദന എന്നിവയ്ക്കു വിധേയമല്ല; അവ അമർത്ത്യമാണ്. ഇങ്ങനെ പൂർണ്ണമായി വീണ്ടെടുക്കപ്പെട്ട ആളത്തത്തെ കുറിക്കുകയാണു അമർത്ത്യത.

രക്ഷിക്കപ്പെടാത്തവരുടെ ശരീരം അമർത്ത്യമല്ല. അവരുടെ ദേഹിയും ആത്മാവും നിത്യമായി നിലനിൽക്കും. എന്നാൽ ശിക്ഷാവിധിക്കായി ഉയിർപ്പിക്കപ്പെടുന്ന അവരുടെ ശരീരം രണ്ടാംമരണത്തിനു വിധേയമാകും. വെള്ള സിംഹാസനത്തിനു മുമ്പിലുള്ള ന്യായവിധിയിലാണതു സംഭവിക്കുക. (വെളി, 20:15). ഇതു ഉന്മൂലനമല്ല; ദൈവത്തിൽനിന്നു എന്നേക്കും വേർപെട്ട് ബോധസഹിതം നിത്യയാതന അനുഭവിക്കലാണ്. രക്ഷിക്കപ്പെടാത്തവരുടെ ശരീരം പുനരുത്ഥാനശേഷം ദ്രവത്വത്തിനു വിധേയമാണ്. ഇതാണ് രണ്ടാം മരണം സൂചിപ്പിക്കുന്നത്. അതിനാൽ അവർക്കു അമർത്ത്യതയില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു മാത്രമാണു അമർത്ത്യത.

അമർത്ത്യതയും വിശ്വാസിയുടെ പ്രത്യാശയും: വിശ്വാസികൾക്കാർക്കും തന്നെ അമർത്ത്യമായ ശരീരം ഇല്ല. ക്രിസ്തു മാത്രമാണു് ദ്രവത്വം കാണാത്തത്. (സങ്കീ, 16:10). “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പു കൂട്ടി കണ്ടു പ്രസ്താവിച്ചു.” (പ്രവൃ, 2:31). സ്വർഗ്ഗത്തിൽ തേജസ്കരിക്കപ്പെട്ട മനുഷ്യപുത്രൻ എന്ന നിലയ്ക്ക് ക്രിസ്തുവിനു ദ്രവത്വം തീണ്ടിയിട്ടില്ലാത്ത അമർത്ത്യമായ ശരീരം ഉണ്ട്. മർത്ത്യമായ ശരീരത്തിൽ അമർത്ത്യത ആവരണം ചെയ്തിരിക്കുകയാണ്. വിശ്വാസികളുടെ മാനുഷിക ശരീരത്തിന്റെ തേജസ്കരണം ക്രിസ്തുവിന്റെ കൂശ് ഉറപ്പാക്കി. അവിശ്വാസികൾക്കാർക്കും ഈ പ്രത്യാശയില്ല. അവിശ്വാസിയുടെയും വിശ്വാസിയുടെയും ശരീരം മരണത്തിനു വിധേയമാകുമെങ്കിലും തങ്ങളുടെ മരണമില്ലാത്ത ദേഹിയും ആത്മാവും അമർത്ത്യമായ ശരീരത്തോടു ചേർക്കപ്പെടുമെന്ന പ്രത്യാശ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു മാത്രമേയുള്ളു. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ജീവനോടിരിക്കുന്നവരൊഴികെ എല്ലാ വിശ്വാസികളും ദ്രവത്വത്തിനു വിധേയരാണ്. ദ്രവത്വം മരണത്തെക്കുറിക്കുന്നു. “ഉരിവാനല്ല മർത്ത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. (2കൊരി, 5:4).

Leave a Reply

Your email address will not be published. Required fields are marked *