അന്ത്യൊക്യ

അന്ത്യൊക്യ (Antiich)

സുറിയയിലെ അന്ത്യാക്യ (Antioch of syria): ദക്ഷിണ പൂർവ്വതുർക്കിയിലെ അന്റാക്യ (Antakya) എന്നു ഇന്നു അറിയപ്പെടുന്ന അന്ത്യൊക്യ യെരുശലേമിന് ഏകദേശം 500 കി.മിറ്റർ വടക്കായി ഓറന്റീസ് നദീതീരത്തു സ്ഥിതിചെയ്യുന്നു. ബി.സി. 301-ൽ ഫ്രുഗിയയിലെ ഇസ്സുസിൽ വെച്ചു നടന്ന നിർണ്ണായക യുദ്ധത്തിൽ ജയിച്ചശേഷം സെല്യൂക്കസ് നിക്കറ്റോർ സുറിയയിലെ അന്ത്യൊക്യ പണിതു. പിതാവിന്റെ ബഹുമാനാർത്ഥം സെല്യൂക്കസ് പണികഴിപ്പിച്ച പതിനാറ് അന്ത്യൊക്യകളിൽ ഏറ്റവും പ്രധാനം ഇതാണ്. കപ്പൽ ഗതാഗതത്തിനു സൗകര്യമുള്ള ഓറന്റീസ് നദിയുടെ ദക്ഷിണഭാഗത്താണ് പട്ടണം. അന്ത്യൊക്യയ്ക്കുള്ള തുറമുഖമായി സെല്യൂക്കസ് തീരദേശ പട്ടണമായ സെല്യൂക്യ (Seleucia) പണിതു. സെല്യൂക്കസ് വധിക്കപ്പെടുന്നതിനു മുമ്പു ഗവൺമെന്റിന്റെ ആസ്ഥാനം അന്ത്യൊക്യയിലേക്കു മാറ്റി. സെലൂക്യ (seleucia) രാജവംശം ബി.സി. 64 വരെ അന്ത്യൊക്യയിൽ അധികാരത്തിൽ തുടർന്നു. ബി.സി 64-ൽ റോമൻ ജനറലായ പോംപി (pompey) സുറിയയെ റോമൻ പ്രവിശ്യയാക്കുകയും അന്ത്യൊക്യയെ അതിന്റെ തലസ്ഥാനമായി മാറ്റുകയും ചെയ്തു. റോമും അലക്സാണ്ഡ്രിയയും കഴിഞ്ഞാൽ മൂന്നാമത്തെ വലിയപട്ടണമായി അന്ത്യൊക്യ മാറി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യ ഏകദേശം അഞ്ചു ലക്ഷമായിരുന്നു. പൗരസ്ത്യറാണി, സുന്ദരിയായ അന്ത്യൊക്യ, മൂന്നാം രാജധാനി എന്നിങ്ങനെ അന്ത്യൊക്യ അറിയപ്പെട്ടു. സംസ്കാരത്തിനു പ്രസിദ്ധിയാർജ്ജിച്ച ഈ പട്ടണത്തിന്റെ സാന്മാർഗ്ഗിക നിലവാരം അധഃപതിച്ചു. 

യെരുശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിന്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു പട്ടണമില്ല. ഏഴു ഡീഖന്മാരിലൊരുവനായ നിക്കൊലാവൊസ് അന്ത്യൊക്യക്കാരനും ജാതിയിൽനിന്നും യെഹൂദമതം സ്വീകരിച്ചവനും ആയിരുന്നു. (പ്രവൃ, 6:5). സ്തെഫാനൊസിന്റെ മരണത്തോടുകൂടി ഉണ്ടായ പീഡനത്തിൽ ചിതറിപ്പോയ ചില ശിഷ്യന്മാർ അന്ത്യൊക്യയോളം ചെന്നു യെഹൂദന്മാരോടു സുവിശേഷം പ്രസംഗിച്ചു. (പ്രവൃ, 11:19). ഗ്രീക്കുഭാഷ സംസാരിക്കുന്ന അനേകർ ക്രിസ്ത്യാനികളായിത്തീർന്നു എന്നു യെരുശലേം സഭ അറിഞ്ഞപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്കയച്ചു. അന്ത്യൊക്യരുടെ താൽപര്യം മനസ്സിലാക്കിയ ബർന്നബാസ് തർസൊസിലേക്കു പോയി പൗലൊസിനെ കണ്ടെത്തി അന്ത്യാക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. (പ്രവൃ, 11:21-26). അവർ ഒരു വർഷം അവിടെ താമസിച്ചു ജനത്തെ ഉപദേശിച്ചു. അവിടെവെച്ച് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്ന പേർ ഉണ്ടായി. (പ്രവൃ, 11:26). ക്ഷാമം ബാധിച്ചപ്പോൾ യെരുശലേം സഭയ്ക്ക് സഹായമായി അന്ത്യാക്യയിലെ സഹോദരന്മാർ പ്രാപ്തിപോലെ ശേഖരിച്ചു പൗലൊസിന്റെയും ബർന്നബാസിന്റെയും കയിൽ യെരുശലേമിലേക്കു കൊടുത്തയച്ചു. (പ്രവൃ, 11:27-30). ആദ്യത്തെ പുറജാതി സഭ സ്ഥാപിക്കപ്പെട്ടതിവിടെയാണ്. വിദേശമിഷന്റെ ജനനസ്ഥലവും അന്ത്യൊക്യ തന്നെ. (പ്രവൃ, 13:1-3). പൗലൊസും ബർന്നബാസും മടങ്ങിവന്നശേഷം പരിശുദ്ധാത്മാവിന്റെ നിയോഗം അനുസരിച്ചു പ്രേഷിതപ്രവർത്തനത്തിനായി അവരെ പറഞ്ഞയച്ചു. ഏഷ്യാമൈനറിലേക്കുഉള്ള ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അന്ത്യൊക്യയിലേക്കു മടങ്ങിവന്നു. 

ചില യെഹൂദന്മാർ അന്ത്യൊക്യ സന്ദർശിച്ചു പുറജാതികൾ ക്രിസ്ത്യാനികൾ ആകുന്നതിനുമുമ്പ് പരിച്ഛേദനം ഏൽക്കേണ്ടതാണെന്നു പഠിപ്പിച്ചു. ഈ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിനു അന്ത്യൊക്യസഭ പൗലൊസിനെയും ബർന്നബാസിനെയും മറ്റുചിലരുമായി യെരുശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ അയച്ചു. (പ്രവൃ, 15:1,2). പൗലൊസിന്റെ രണ്ടാം മിഷണറിയാത്ര ആരംഭിച്ചതും അവസാനിച്ചതും അന്ത്യൊക്ക്യയിൽ ആയിരുന്നു. പൗലൊസിന്റെ മൂന്നാം മിഷണറിയാത്രയും ഇവിടെനിന്നു തന്നെ ആരംഭിച്ചു. തുടർന്നുള്ള സഭാചരിത്രത്തിൽ അന്ത്യൊക്യയുടെ ഉന്നതമായ സ്ഥാനം കാണാം. ഇവിടെ നടന്ന ഭൂഗർഭ ഉൽഖനനങ്ങളിൽ നിന്നും എ.ഡി. 4-ാം നൂറ്റാണ്ടു മുതലുള്ള ഇരുപതിലേറെ പള്ളികളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടോടുകൂടി അന്ത്യാക്യ വലുപ്പത്തിലും സമൃദ്ധിയിലും അത്യുച്ചാവസ്ഥയെ പ്രാപിച്ചു. എ.ഡി. 538-ൽ പേർഷ്യക്കാർ അന്ത്യൊക്യ നശിപ്പിച്ചു; റോമാചക്രവർത്തിയായ ജസ്റ്റീനിയൻ ഈ പട്ടണം പുതുക്കിപ്പണിതു. എ.ഡി. 635-ൽ മുസ്ലീങ്ങളും 1084-ൽ തുർക്കികളും പട്ടണം പിടിച്ചെടുത്തു. 11-ഉം 13-ഉം നൂറ്റാണ്ടുകൾക്കിടയിൽ അല്പകാലം അന്ത്യൊക്യ കുരിശുയുദ്ധക്കാരുടെ പിടിയിൽ അമർന്നിരുന്നിട്ടുണ്ട്.

പിസിദ്യയിലെ അന്ത്യൊക്യ (Antioch of pisidia): പിതാവായ അന്ത്യൊക്കസിന്റെ ബഹുമാനാർത്ഥം സെല്യൂക്കസ് നിക്കറ്റോർ (ബി.സി. 312-280) സ്ഥാപിച്ച ചെറിയപട്ടണം. ഫ്രുഗിയയുടെയും പിസിദ്യായുടെയും ഇടയ്ക്കാണ് ഇതിന്റെ സ്ഥാനം. ഇതിനെ പിസിദ്യാ ദേശത്തിലെ അന്ത്യൊക്യ എന്നു വിളിക്കുന്നു. (പ്രവൃ, 13:14). റോമൻ ഭരണകാലത്ത് ഇതു ഒരു സ്വതന്ത്ര പട്ടണമായി. തുടർന്ന് അഗസ്റ്റസ് സീസർ അന്ത്യാക്യയ്ക്ക് റോമൻ കോളനിയുടെ പദവി നൽകി. ഒന്നാം മിഷണറി യാത്രയിൽ പൗലൊസും ബർന്നബാസും രണ്ടു പ്രാവശ്യം ഇവിടം സന്ദർശിച്ചു, പള്ളികളിൽ പ്രസംഗിച്ചു. (പ്രവൃ, 13:14; 14:19-23). എന്നാൽ പൗലൊസിന്റെ പ്രസംഗം കേൾക്കാൻകൂടിയ പുരുഷാരത്തിന്റെ ആധിക്യത്തിൽ അസുയാകുലരായിത്തീർന്ന യെഹൂദന്മാർ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കിവിട്ടു പൗലൊസിനെയും ബർന്നബാസിനെയും തങ്ങളുടെ അതിരുകളിൽ നിന്നും പുറത്താക്കിക്കളഞ്ഞു. (പ്രവൃ, 13:45,50; 2തിമൊ, 3:11). ആധുനിക തുർക്കിയിലെ യാൽവാചിയാണ് സ്ഥാനം.

Leave a Reply

Your email address will not be published.