അന്ത്യകാലം

അന്ത്യകാലം (last days)

കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനവും മശീഹയുടെ വാഴ്ചയുമാണ് പഴയപുതിയനിയമ പ്രവചനങ്ങളിലെ പ്രധാനവിഷയം. പഴയനിയമത്തിലും പുതിയനിയമത്തിലും അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചനങ്ങളും സൂചനകളുമുണ്ട്. മശീഹയുടെ കീഴിൽ ഒരു ശാശ്വതമായ രാജ്യവും മഹത്വപൂർണ്ണമായ വാഴ്ചയും യിസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനെ ചൂണ്ടിക്കാണിക്കയാണ് യിസ്രായേലിനെ സംബന്ധിച്ചിടത്തോളം അന്ത്യകാലം എന്ന പ്രയോഗം. അന്ത്യകാലം (യെശ, 2:2; മീഖാ, 4:1; പ്രവൃ, 2:17); ഭാവികാലം (ദാനീ, 10:14; ആവ, 4:30); ഒടുക്കത്തെനാൾ (യോഹ, 6:39,40,44,54) എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. യിസായേലിന്റെ പ്രതീക്ഷയായ മശീഹയുടെ വാഴ്ചയെക്കുറിച്ച് ധാരാളം പ്രവചനങ്ങളുണ്ട്. അന്ത്യകാലത്തെക്കുറിച്ചു യെശയ്യാവു പ്രവചിച്ചു: “ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയുംപറ്റി ദർശിച്ച വചനം. അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേക വംശങ്ങളും വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരുശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും; ജാതി ജാതിക്കുനേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല. യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.” (യെശ, 2:1-5).

പുതിയനിയമത്തിലെ കേന്ദവിഷയം സഭയാണ്. ക്രിസ്തുവിന്റെ ഒന്നാം വരവിനും രണ്ടാം വരവിനും ഇടയ്ക്ക് സഭയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അതു പൂർത്തിയാകുമ്പോൾ ക്രിസ്തു വീണ്ടും വരികയും സഭയെ ചേർത്തു കൊള്ളുകയും ചെയ്യും. ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകൾക്കിടയിലുള്ള കാലത്തെ അന്ത്യകാലം എന്നു പറയുന്നു. അന്ത്യകാലം (2തിമൊ, 3:1; എബ്രാ, 1:2; 1പത്രൊ, 1:4,20; യൂദാ, 18); അന്ത്യനാഴിക (1യോഹ, 2:18); ഭാവികാലം (1തിമൊ, 4:1) എന്നീ പ്രയോഗങ്ങൾ പ്രസ്തുത കാലത്തെ ചൂണ്ടിക്കാണിക്കുന്നു. സഭയുടെ അന്ത്യകാലം ദുഷ്ടതയുടെയും വിശ്വാസത്യാഗത്തിന്റെയും കാലമാണ്. അപ്പൊസ്തലനായ പൗലൊസ് ഇതു സ്പഷ്ടമായി പ്രവചിച്ചിട്ടുണ്ട്: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗന്മാരും സൽഗുണദോഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും . അങ്ങനെയുള്ളവരെ വിട്ടൊഴിയുക.” (2തിമൊ, 3:1-5).

Leave a Reply

Your email address will not be published. Required fields are marked *