അനുഗ്രഹം

അനുഗ്രഹം (blessing)

അനുഗ്രഹത്തെ കുറിക്കുന്ന ബരാക് (barak) എന്ന എബ്രായപദം പഴയനിയമത്തിൽ മുന്നൂറ്റി മുപ്പത്തൊന്നു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ആദ്യ പ്രയോഗം പ്രകൃതിയെ അനുഗ്രഹിക്കുന്നതിനോടുള്ള ബന്ധത്തിലാണ്: “നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു. ദൈവം അവയെ അനുഗ്രഹിച്ചു.” (ഉല്പ, 1:22). ദൈവം അവരെ അനുഗ്രഹിച്ചു എന്ന ആമുഖത്തോടെയാണ് മനുഷ്യനോടുള്ള ദൈവത്തിന്റെ ആദ്യഭാഷണം രേഖപ്പെടുത്തിയിരിക്കുന്നതു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:28). ദൈവം അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയിലെ പ്രധാന കാര്യവും അനുഗ്രഹമാണ്: “നിന്നെ അനുഗ്രഹിച്ചു… നീ ഒരു അനുഗ്രഹമായിരിക്കും…. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും … നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:2,3). പഴയനിയമകാലത്തു ദൈവത്തെ പിൻതുടർന്നവർ തങ്ങളുടെ സന്തതികൾക്കു പ്രാവചനികമായ അനുഗ്രഹങ്ങൾ നല്കിയിട്ടുണ്ട്: നോഹ യാഫേത്തിനെയും ശേമിനെയും (ഉല്പ, 9:26,27 ), യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും (ഉല്പ, 27:27-29,39,40), അനുഗ്രഹിച്ചു. യാക്കോബ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു: (ഉല്പ,49). വാർദ്ധക്യകാലത്തു മോശെ യിസ്രായേൽ ഗോത്രങ്ങളെ അനുഗ്രഹിച്ചു: (ആവ, 33).

ഭക്തന്മാർ ദൈവത്തെ വാഴ്ത്തും: “എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.” (സങ്കീ, 103:1,2). അനുഗ്രഹിക്കുക എന്ന ബരാക് എന്ന പദം തന്നെയാണ് ഇവിടെയും പ്രയോഗിച്ചിട്ടുള്ളത്. മനുഷ്യൻ ദൈവത്തെ അനുഗ്രഹിക്കുന്നു എന്നു പറയുന്നതു ഒഴിവാക്കാനാണ് ‘വാഴ്ത്തുക’ എന്ന പദം മലയാളത്തിൽ പ്രയോഗിച്ചിട്ടുള്ളത്. ദൈവഭക്തന്മാർ പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും മറ്റുള്ളവരെ അനുഗ്രഹിക്കും. മത്തായി 5:44-ൽ ചിലകൈയെഴുത്തു പ്രതികളിൽ “ശപിക്കുന്നവരെ അനുഗ്രഹിക്കുക’ എന്നുകൂടി ഉണ്ട്. അനുഗ്രഹം പ്രാപിക്കാൻ വിളിക്കപ്പെട്ട ക്രിസ്ത്യാനികൾ അനുഗ്രഹിക്കുന്നവർ ആയിരിക്കണമെന്നു പത്രൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നു: “ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്ക പ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” (1പത്രൊ, 3:29).

ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു: (എബാ, 7:7). അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മല്ക്കീസേദെക് അബ്രാഹാമിനെ അനുഗ്രഹിച്ചു. അഹരോന്യ ക്രമത്തിലെ പുരോഹിതന്മാർക്കു ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാൻ കല്പനയുണ്ട്. അതിനു പ്രത്യേക അനുഗ്രഹവാക്യവും ഉണ്ട്: “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ: യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കു മാറാകട്ടെ.” (സംഖ്യാ, 6:23-26). അനുഗ്രഹവാക്യത്തിനു സമാന്തരമായ ഒന്നു പുതിയ നിയമത്തിലുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.” (2കൊരി, 13:14).

Leave a Reply

Your email address will not be published. Required fields are marked *