അതു യഹോവ കേട്ടു

അതു യഹോവ കേട്ടു

ദൈവത്തോടു മുഖാമുഖം സംസാരിക്കുകയും ദൈവത്തോടൊപ്പം വസിക്കുകയും ദൈവകരങ്ങളിൽനിന്നു കല്പനകൾ ഏറ്റുവാങ്ങുകയും ചെയ്ത മോശെ, യിസായേൽ മക്കളെ കനാനിലേക്കു നയിക്കുന്ന വേളയിൽ ഒരു കുശ്യസ്തീയെ വിവാഹം ചെയ്തതിനെ മോശയുടെ സഹോദരങ്ങളായ മിര്യാമും അഹരോനും വിമർശിച്ചു. മോശെയോടൊപ്പം നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന മിര്യാം പ്രവാചികയും അഹരോൻ പുരോഹിതനുമായിരുന്നു. മോശെയ്ക്കെതിരായുള്ള അവരുടെ കുറ്റാരോപണം, മോശെയുടെ ആത്മീയ നേതൃത്വത്തിനെതിരായുള്ള വെല്ലുവിളിയായിരുന്നു. തനിക്കെതിരായുള്ള വിമർശനത്തെക്കുറിച്ച് മോശെയ്ക്ക് അറിവില്ലായിരുന്നുവെങ്കിലും “അത് യഹോവ കേട്ടു.” (സംഖ്യാ, 12:2). തന്റെ വിശ്വസ്തദാസനെതിരായി സംസാരിച്ച അവരുടെമേൽ യഹോവയുടെ കോപം ജ്വലിച്ചു; മിര്യാം കുഷ്ഠരോഗിണിയായിത്തീർന്നു. ആത്മീയ സഹോദരങ്ങൾക്കെതിരായും ആത്മീയ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്ക് എതിരായും നാം വിമർശനത്തിന്റെ കൂരമ്പുകൾ എയ്യുമ്പോൾ, അത് അവർ അറിയുകയില്ലെങ്കിലും തന്റെ ജനത്തെക്കുറിച്ചും വിശ്വസ്തരായ വേലക്കാരെക്കുറിച്ചും ജാഗ്രതയുള്ളവനും സർവ്വശക്തനുമായ ദൈവം അതു ശ്രദ്ധിക്കുമെന്നും താൻ അവർക്കുവേണ്ടി പ്രതിക്രിയ നടത്തുമെന്നും മിര്യാമിനും അഹരോനും ദൈവം നൽകിയ ശിക്ഷ വിളിച്ചറിയിക്കുന്നു. “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.” (റോമ, 8:33). “നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.” (മത്താ, 7:2. ഒ.നോക്കുക: റോമ, 2:1).

ദൈവത്തിനു കൊടുക്കുക

ദൈവത്തിനു കൊടുക്കുക

അത്യന്നതനായ ദൈവം, തന്റെ ജനം അനുഷ്ഠിക്കേണ്ട നിയമങ്ങളും നിബന്ധനകളും തൻ്റെ ദാസനായ മോശെയോട് അരുളിചെയ്തതു പ്രതിപാദിക്കുന്ന പുസ്തകമാണ് ലേവ്യപുസ്തകം. തന്റെ ജനത്തിന് അത്യധികമായ അനുഗ്രഹങ്ങൾ നൽകുമെന്ന് അരുളിച്ചെയ്യുന്ന ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ അന്ത്യപാദത്തിൽ ആ അനുഗ്രഹങ്ങളുടെ പത്തിൽ ഒന്ന് അഥവാ ദശാംശം തനിക്കു തിരിച്ചു നൽകണമെന്ന നിർബന്ധമായ നിബന്ധനയും അവൻ തന്റെ ജനത്തെ അറിയിക്കുന്നു. “നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.” (ലേവ്യ, 27:30). “മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.” (ലേവ്യ, 27:32). എന്നാൽ യാതൊരു നിബന്ധനയും നിയമവുമില്ലാതെ ദൈവത്തോടുള്ള തന്റെ അദമ്യമായ സ്നേഹത്താൽ താൻ നേടിയതിന്റെ പത്തിൽ ഒന്ന് ദൈവത്തിനായി നൽകി തലമുറകൾക്കു നിത്യമായ അനുഗ്രഹം മടക്കിവാങ്ങിയ അബാഹാമാണ്, ദൈവവചനത്തിന്റെ ആരംഭമായ ഉൽപത്തി പുസ്തകത്തിൽ ദൈവത്തിന് ദശാംശം നൽകി അതിന്റെ മഹത്ത്വം വെളിപ്പെടുത്തുന്നത്. “ അബാം അവന് (മൽക്കീസേദെക്ക്) സകലത്തിന്റെയും ദശാംശം കൊടുത്തു (ഉല്പ, 14:20). അത് അവന്റെ തലമുറയും മാതൃകയാക്കിയിരുന്നുവെന്ന് അവന്റെ പൗത്രനായ യാക്കോബ് ബേഥേലിൽവച്ച്, “നീ എനിക്കു തരുന്ന സകലത്തിന്റെയും ദശാംശം നിശ്ചയമായും ഞാൻ നിനക്കു നൽകും” (ഉല്പ, 28:22) എന്ന് ദൈവത്തോടു ചെയ്യുന്ന നേർച്ചയിൽനിന്നു വ്യക്തമാകുന്നു. എന്നാൽ ഇന്ന് അനവധിയായ കാര്യമില്ലാക്കാരണങ്ങൾ നിരത്തിവച്ച് ദൈവത്തിന്റെ ഈ കല്പന നിഷേധിക്കുന്ന അനേകരെയാണ് ദൈവജനമെന്നു സ്വയം വിശേഷിപ്പിക്കുന്ന സമൂഹത്തിൽ കാണുന്നത്. പുതിയനിയമത്തിൽ ദശാംശം പറഞ്ഞിട്ടില്ലെന്നാണ് പലരും പറയുന്നത്. പരീശന്മാരോടും ശാസ്ത്രിമാരോടും യേശു പറയീന്നത് നോക്കുക: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.” (മത്താ, 23:23). അത് ചെയ്യുകയും = ദശാംശം കൊടുക്കുകയും, ഇതു ത്യജിക്കാതിരിക്കുകയും = ന്യായം, കരുണ, വിശ്വസ്തത ത്യജിക്കാതിരികയും വേണം. ലേഖനങ്ങളിൽ ദശാംശമല്ല; ഓഹരിയാണ് പറഞ്ഞിരിക്കുന്നത്: “വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.” (ഗലാ, 6:6). വചനം പഠിപ്പിക്കുന്നത് ദൈവാത്മാവാണ്; തന്മൂലം ഓഹരി ദൈവത്തിന് കൊടുക്കുകതന്നെ വേണം. ദൈവത്തിൽനിന്നു നാം അനുഗ്രഹങ്ങൾ കേഴുകയും നാം അവ ദൈവത്തിൽനിന്നു പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ, നമുക്കു ലഭ്യമായിരിക്കുന്ന അനുഗ്രഹങ്ങളിൽ നിന്ന് ദൈവം കല്പിക്കുന്നതനുസരിച്ച് നാം ദൈവത്തിനു നൽകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ സ്വർഗ്ഗത്തിന്റെ കിളിവാതിലുകൾ തന്റെ ഭക്തന്മാർക്കായി തുറക്കുന്നത്, അവർ തങ്ങളുടെ സമ്പാദ്യങ്ങളുടെ വാതിലുകൾ തുറന്ന് അതിന്റെ പത്തിലൊരംശം അല്ലെങ്കിൽ അതിലുപരിയായി ഓഹരി ദൈവത്തിനു വേണ്ടി നൽകുമ്പോഴാണ്.

ദൈവത്തിന് ശ്രഷ്ഠമായതു നൽകുക

ദൈവത്തിന് ശ്രഷ്ഠമായതു നൽകുക

സർവ്വശക്തനായ ദൈവത്തിന് നേർച്ചകാഴ്ചകൾ അർപ്പിക്കുമ്പോൾ ദൈവം നമുക്കു നല്കിയിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിശ്രഷ്ഠമായതും അതിവിശിഷ്ടമായതും നൽകുവാൻ പലരും ശ്രദ്ധിക്കാറില്ല. അനുദിന ജീവിതത്തിൽ നമുക്ക് ആവശ്യമായിരിക്കുന്നത് ഒക്കെയും ശ്രേഷ്ഠമായിരിക്കണമെന്നുള്ള നിർബന്ധത്താൽ അവ അതീവശദ്ധയോടെ തിരഞ്ഞെടുക്കുന്ന നാം, ദൈവത്തിന് എന്തെങ്കിലും നൽകുമ്പോൾ അതേ ശുഷ്കാന്തിയും ശ്രദ്ധയും പ്രകടമാക്കാറില്ല. തന്റെ ജനം ഹോമയാഗമായും സ്വമേധയാ ഉള്ള അർപ്പണങ്ങളായും നേർച്ചകാഴ്ചകളായും സമർപ്പിക്കുന്ന ആടുമാടുകൾ ന്യൂനതയിലാത്തത് (കുറ്റമറ്റത്) ആയിരിക്കണമെന്നും ന്യൂനതയുള്ള നേർചകാഴ്ചകളിൽ താൻ പ്രസാദിക്കുകയില്ലെന്നും ദൈവം മോശെയോടു കല്പ്പിക്കുന്നു. (ലേവ്യ, 22:20-25). “എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.” (മലാ, 1:13). എന്ന് തന്റെ ജനത്തോടു ചോദിക്കുന്ന അത്യുന്നതനായ ദൈവം, തന്റെ സന്നിധിയിൽ നാം അർപ്പിക്കുന്ന ചെറുതും വലുതുമായ സ്വമേധാദാനങ്ങൾ ഓരോന്നും സസൂക്ഷ്മം ശ്രദ്ധിക്കുന്നുവെന്ന കാര്യം നാം ചിന്തിക്കാറുണ്ടോ? സർവ്വശക്തനും സമ്പൂർണ്ണനും പരിശുദ്ധനുമായ ദൈവം നമുക്കു നൽകിയിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിശ്രേഷ്ഠവും അതിവിശിഷ്ടവുമായ നേർച്ചകാഴ്ചകൾ നമുക്ക് അവനായി അർപ്പിക്കാം. അവന്റെ പ്രസാദവർഷത്താൽ അനുഗ്രഹീതരാകാം.

നിഷിദ്ധമായ വേഴ്ചകൾ

നിഷിദ്ധമായ വേഴ്ചകൾ

സർവ്വശക്തനായ ദൈവം മനുഷ്യജീവിതത്തിന്റെ തുടർച്ചയ്ക്കും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനുമായി മനുഷ്യനെ സൃഷ്ടിച്ചശേഷം അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ മറ്റെല്ലാ ബന്ധങ്ങളെക്കാളും സുദൃഢവും വിശുദ്ധവും ആകർഷകവുമായ ലൈംഗിക ബന്ധം സ്ഥാപിതമായി. എന്നാൽ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനും സന്തോഷത്തിന്റെ പരിപൂർണ്ണതയ്ക്കുമായി സ്നേഹവാനായ ദൈവം വിഭാവനം ചെയ്ത ലൈംഗിക ജീവിതത്തെ ദുരുപയോഗപ്പെടുത്തി, പാപത്തിന്റെ പെരുവഴിയിലേക്കു മനുഷ്യൻ പോയപ്പോഴൊക്കെയും ദൈവം അവനെ കഠിനമായി ശിക്ഷിച്ചിട്ടുണ്ട്. നോഹയുടെ കാലത്തെ ജലപ്രളയവും ചരിത്രസ്മാരകമായി അവശേഷിക്കുന്ന സൊദോമും ഗൊമോരയും ചാവുകടലും അതിനുദാഹരണങ്ങളാണ്. മാനവചരിത്രത്തിൽ ലൈംഗിക അരാജകത്വം അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്ന ഈ മുന്നാം സഹസ്രാബ്ദത്തിൽ നിഷിദ്ധമെന്ന് ദൈവം കല്പിച്ചിരിക്കുന്ന ലൈംഗിക വേഴ്ചകളെക്കുറിച്ച് ദൈവജനം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

1. രക്തബന്ധമുള്ളവരുമായി (ലേവ്യ, 18:6).

2. പിതാവിന്റെ മറ്റു ഭാര്യമാരുമായി (ലേവ്യ, 18:8).

3. പിതാവിന്റെയോ മാതാവിന്റെയോ മകളുമായി (ലേവ്യ, 18:9, 11).

4. മകന്റെയോ മകളുടെയോ മകളുമായി (ലേവ്യ, 18:10, 17).

5. പിതാവിന്റെയോ മാതാവിന്റെയോ സഹോദരിയുമായി (ലേവ്യ, 18:12,13; 20:19).

6. സഹോദരന്റെ ഭാര്യയുമായി/ഭാര്യയുടെ സഹോദരിയുമായി (ലേവ്യ, 18:16, 18). (സഹോദരൻ മരിച്ചുപോയാൽ അവന്റെ ഭാര്യയെ വിവാഹം ചെയ്യാം).

7. മരുമകളുമായി (ലേവ്യ, 18:15 ).

8. അമ്മാവിയമ്മയുമായി (ലേവ്യ, 20:14).

9. അയൽക്കാരന്റെ ഭാര്യയുമായി (ലേവ്യ, 18:20).

10. സ്ത്രീകളുടെ ആർത്തവകാലത്ത് (ലേവ്യ, 18:19; 20:18).

11. പുരുഷന്മാർ തമ്മിൽ, സ്ത്രീകൾ തമ്മിൽ (ലേവ്യ, 18:22; 20:13; റോമ, 1:26,27).

12. മൃഗങ്ങളുമായി (ലേവ്യ, 18:23; 20:15,16).

വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധിയുടെ വ്യാപ്തിയെ വരച്ചുകാട്ടുന്ന ലേവ്യപുസ്തകത്തിൽ ദൈവം തന്റെ ജനത്തോട്: “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം” (ലേവ്യ, 11:45) എന്ന് ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. തന്റെ വിശുദ്ധിയുടെ അഗാധത ദൃശ്യമായി മനസ്സിലാക്കുവാൻ, തന്റെ സന്നിധിയിലുള്ള ആരാധന എത്രമാത്രം വിശുദ്ധി നിറഞ്ഞതായിരിക്കണമെന്ന് ദൈവം അവർക്കു വിശദമാക്കിക്കൊടുക്കുകയും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അവരുടെ കണ്മുമ്പിൽ വച്ചുതന്നെ അശുദ്ധിയോടെ ധൂപകലശവുമായി തന്റെ സന്നിധിയിലേക്കു വന്ന അഹരോന്റെ പുത്രന്മാരായ നാദാബിനെയും അബീഹുവിനെയും ദഹിപ്പിച്ചുകളഞ്ഞ സർവ്വശക്തനായ ദൈവം, തന്റെ ജനമായിത്തീരുന്നതിന് സമ്പൂർണ്ണമായ വിശുദ്ധി ആവശ്യമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. തങ്ങൾ അശുദ്ധരാകാതിരിക്കുവാൻ ബാഹ്യമായ പല കാര്യങ്ങളിലും ശുഷ്കാന്തി കാണിച്ചിരുന്നുവെങ്കിലും യിസ്രായേൽ മക്കൾ പലപ്പോഴും അന്യദൈവങ്ങളെ ആരാധിച്ചിരുന്നു. തങ്ങളുടെ ഹൃദയങ്ങളിൽ അന്യദൈവങ്ങൾക്കു സ്ഥാനം നൽകി ആന്തരിക വിശുദ്ധി നഷ്ടപ്പെടുത്തിയ അവർ ബാഹ്യമായി നടത്തിയിരുന്ന വിശുദ്ധിയുടെ പ്രദർശനം ദൈവത്തിനു വെറുപ്പായിരുന്നു. അതുകൊണ്ടാണ് പത്രൊസ്: “നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.” (1പത്രൊ, 1:15) എന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധ നിവാസമാകേണ്ടതിനാണ് നമ്മെ ഓരോരുത്തരേയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. (എഫെ, 2:19-22). (വേദഭാഗം: ലേവ്യർ 10:1-11:45).