ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

പൊതുപ്രവർത്തനധാരയിലേക്കു കടന്നുവരുവാൻ അനുവാദമോ അംഗീകാരമോ ലഭിക്കാതെ, ഗാർഹിക ചുമതലകളുമായി സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സർവ്വശക്തനായ ദൈവം ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരായെ യിസ്രായേൽമക്കളെ ന്യായപാലനം ചെയ്യുവാനായി അവരോധിച്ചത്. (ന്യായാ, 4:4). അവൾ മിര്യാമിനുശേഷം തിരുവചനത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പ്രവാചിക കൂടിയാണ്. തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച യിസ്രായേൽ മക്കളെ ദൈവം കനാന്യരാജാവായ യാബീനു വിറ്റുകളഞ്ഞു (ന്യായാ, 4:2). അവൻ അവരെ 20 വർഷം കഠിനമായി പീഡിപ്പിച്ചപ്പോൾ യിസായേൽ മക്കൾ വീണ്ടും ദൈവത്തോടു നിലവിളിച്ചു. എന്നാൽ സൈന്യാധിപനായ സീസെരായുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 900 ഇരുമ്പു രഥങ്ങളോടുകൂടിയ യാബീന്റെ സൈന്യത്തെ നേരിടുവാൻ യിസ്രായേൽ മക്കൾക്കു കഴിവില്ലായിരുന്നു. നിസ്സഹായരായ തന്റെ ജനത്തിന്റെ നിലവിളി കേട്ട ദൈവം, സീസെരായെയും അവന്റെ ഇരുമ്പുരഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിനരികെവച്ച് യിസ്രായേൽ മക്കൾക്ക് എല്പിച്ചുകൊടുക്കുമെന്ന് ദെബോരായ്ക്ക് അരുളപ്പാടു നൽകി. അതിനുവേണ്ടി അബീനോവാമിന്റെ മകനായ ബാരാക്ക് 10,000 പേരെ കൂട്ടിക്കൊണ്ട് കീശോൻ തോട്ടിനരികെ പോകണമെന്നും ദെബോരാ ബാരാക്കിനോട് ആവശ്യപ്പെട്ടു. പക്ഷേ, ദെബോരായില്ലാതെ യുദ്ധമുന്നണിയിലേക്കു പോകുവാൻ ബാരാക്കിന് ധൈര്യമില്ലായിരുന്നു. സീസെരായുടെ സൈന്യത്തെ ഭയപ്പെടാതെ സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ വാക്കിൽ വിശ്വസിച്ചുകൊണ്ട് അവൾ 10,000 പേരുമായി ബാരാക്കിനോടൊപ്പം പുറപ്പെട്ടു. ദൈവം യാബീന്റെ സൈന്യത്തെ താറുമാറാക്കി. സൈന്യാധിപനായ സീസരായെ യായേൽ എന്ന സ്ത്രീ ഒരു കുറ്റികൊണ്ടു കൊന്നു. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് ദെബോരായുടെ പിന്നിൽ അണിനിരന്ന യിസ്രായേൽമക്കൾ യാബീനെ കീഴടക്കി. തന്നിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ത്രീകളെയും തന്റെ ദൗത്യത്തിനായി ദൈവം ഉപയോഗിക്കുമെന്ന് യിസ്രായേലിന്റെ ചരിത്രത്തിലെ ഏക ന്യായാധിപയായിരുന്ന ദെബോരായുടെ ജീവിതം ദൃഢമായി സാക്ഷിക്കുന്നു.

വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

വാർദ്ധക്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യന്റെ ശരീരമനസ്സുകളുടെ ബലവും പ്രവർത്തനക്ഷമതയും കുറഞ്ഞുപോകും. 85 വയസ്സുള്ള ഒരു വ്യക്തി ആ വാർദ്ധക്യത്തിലും തനിക്ക് 40-ാമത്തെ വയസ്സിൽ ഉണ്ടായിരുന്ന അതേ ബലമുണ്ടെന്നും, 45 വർഷങ്ങൾക്കുമുമ്പ് താൻ ഏറ്റെടുക്കുവാൻ തയ്യാറായ അതേ ദൗത്യം തന്നെ ഏല്പിക്കണമെന്നും, യഹോവ കൂടെയുണ്ടെങ്കിൽ അതു താൻ പൂർത്തിയാക്കുമെന്നും ശഠിക്കുന്നത് (യോശു, 14:10-12) അനിതരസാധാരണമായ ഒരു കാര്യമാണ്. കാൽനടയായി കനാൻദേശത്തെത്തുവാൻ 11 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആ ദേശം രഹസ്യമായി പരിശോധിക്കുവാൻ പോയ 12 ഗോത്രത്തലവന്മാരിൽ ഒരുവനായിരുന്നു കാലേബ്. തന്നോടൊപ്പമുണ്ടായിരുന്നവരിൽ 10 പേരും ദൈവം യിസായേൽമക്കൾക്കു നൽകുമെന്നു വാഗ്ദത്തം ചെയ്ത കനാൻദേശത്ത് അനാക്യമല്ലന്മാരുണ്ടെന്നും, അവരുടെ മുമ്പിൽ തങ്ങൾക്കുതന്നെ വെട്ടുക്കിളികളെപ്പോലെ തോന്നിയെന്നും പറഞ്ഞ് ജനത്തെ ഭയപ്പെടുത്തിയപ്പോൾ, അവർക്കെതിരേ ആദ്യമായി ശബ്ദമുയർത്തിയത് കാലേബ് ആയിരുന്നു. തങ്ങൾക്കെതിരേ കലാപമുയർത്തിയ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തിന്റെയും മുമ്പിൽ മോശെയും അഹരോനും കവിണ്ണു വീണപ്പോൾ യോശുവയോടൊപ്പം വസ്ത്രം കീറി, ജനത്തെ ഭയപ്പെടാതെ, “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്” (സംഖ്യാ, 14:9) എന്ന് കാലേബ് അവരെ ഉദ്ബോധിപ്പിച്ചു. ഇപ്രകാരം അനാക്യമല്ലന്മാരെ ഭയപ്പെടാതെ അത്യുന്നതനായ ദൈവത്തിൽ വിശ്വാസം അർപ്പിച്ച് തങ്ങളോടൊപ്പം ചേർന്നുനിന്ന കാലേബിന് കനാൻ ദേശത്ത് അനാക്യമല്ലന്മാർ അധിവസിച്ചിരുന്ന ഹെബ്രോൻ നൽകാമെന്ന് മോശെ സത്യം ചെയ്തിരുന്നു. യിസ്രായേൽ മക്കൾ കനാൻ ദേശത്തെത്തിയശേഷം ഓരോ ഗോത്രങ്ങൾക്കും അവകാശം വിഭാഗിച്ചു കൊടുത്തപ്പോൾ 45 വർഷംമുമ്പ് മോശെ ചെയ്ത വാഗ്ദാനം കാലേബ് യോശുവയെ ഓർമ്മപ്പെടുത്തി. അപ്പോഴും അവിടെ അനാക്യമല്ലന്മാരുണ്ടായിരുന്നു. എന്നാൽ, യഹോവ തന്നോടുകൂടെയുണ്ടെങ്കിൽ അവരെ നീക്കിക്കളയുവാൻ സാധിക്കുമെന്നാണ് 85-ാം വയസ്സിലും കാലേബിനു പറയുവാനുണ്ടായിരുന്നത്. തദനന്തരം ഈ വയോധികൻ യഹോവയുടെ അമിതബലത്താൽ അനാക്കിന്റെ മുന്നു പുത്രന്മാരെ ഹെബ്രോനിൽനിന്നു നീക്കിക്കളഞ്ഞു. (ന്യായാ, 1:20). തങ്ങളുടെ പ്രായവും അനാരോഗ്യവും ചൂണ്ടിക്കാണിച്ച് ദൈവത്തിനുവേണ്ടി ദൗത്യങ്ങൾ ഏറ്റെടുക്കുവാൻ വിമുഖത കാട്ടുന്നവർ 85-ാം വയസ്സിലും യഹോവയെ ശരണമാക്കിക്കൊണ്ട്, വർദ്ധിച്ച ബലത്തോടെ അനാക്യമല്ലന്മാരെ കീഴടക്കിയ കാലേബിനെ മാതൃകയാക്കണം.

ഉറപ്പും ധൈര്യവും

ഉറപ്പും ധൈര്യവും

ദൈവത്തിന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുന്നവരുടെയും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാനഘടകങ്ങളാണ് ഉറപ്പും ധൈര്യവും. മോശയുടെ നിര്യാണത്തെ തുടർന്ന് യിസായേൽമക്കളെ കനാൻദേശത്തേക്കു നയിക്കുവാനായി നിയോഗിക്കപ്പെട്ട യോശുവയോട് ദൈവം അതു വ്യക്തമാക്കുന്നു. അതു സ്വന്തം ബലത്തിൽനിന്നും ബുദ്ധിയിൽനിന്നും ഉണ്ടാകേണ്ടതല്ല, പിന്നെയോ, സർവ്വശക്തനായ ദൈവത്തിലുളള വിശ്വാസത്തിൽനിന്നും വിശ്വസ്തതയിൽനിന്നും ഉരുത്തിരിയേണ്ടതാണ്. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിക്കുകയും അവനാടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന ഒരുവനു മാത്രമേ ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടുകൂടെ പ്രവർത്തിക്കുവാൻ കഴിയുകയുള്ളു. തന്നോടൊപ്പം കനാൻദേശം രഹസ്യമായി പരിശോധിച്ച പതിനൊന്നു ഗോത്രത്തലവന്മാരിൽ പത്തു പേരും അനാക്യമല്ലന്മാരെ കണ്ടു ഭയപ്പെട്ട്, 20 ലക്ഷത്തോളം ജനങ്ങളെ മോശെയ്ക്കും അഹരോനുമെതിരായി തിരിച്ചപ്പോൾ, കാലേബിനോടൊപ്പം മോശെയോടും അഹരോനോടും ചേർന്നുനിന്ന യോശുവ തനിക്ക് ദൈവത്തിലുള്ള അചഞ്ചലവും അത്യഗാധവുമായ ഉറപ്പും ധൈര്യവും പ്രകടമാക്കി. യിസ്രായേൽമക്കളെ കനാനിലേക്കു നയിക്കുവാനായി നിയോഗിക്കപ്പെടുമ്പോൾ മൂന്നു പ്രാവശ്യം യോശുവയോട് ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കണമെന്ന് യഹോവ അരുളിച്ചെയ്യുന്നു. (യോശു, 1:6,7, 9). കരകവിഞ്ഞൊഴുകിയ യോർദ്ദാനും മുന്നോട്ടു പോകുവാൻ തടസ്സമായി നിന്ന യെരീഹോമതിലും കണ്ടു പതറാതെ, അവ മറികടന്ന്, 32 രാജാക്കന്മാരെ തോല്പിച്ച് യിസ്രായേൽമക്കളെ കനാനിലെത്തിച്ചത് യോശുവയ്ക്ക് യഹോവയിലുണ്ടായിരുന്ന ഉറപ്പും ധൈര്യവുമായിരുന്നു. ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹമുണ്ടെന്നു പറയുകയും അതിനായി പല പരിപാടികൾ സ്വപ്നം കാണുകയും ചെയ്യുന്ന അനേകരുണ്ട്. പക്ഷേ യോശുവയ്ക്ക് ഉണ്ടായിരുന്നതു പോലെയുള്ള ഉറപ്പും ധൈര്യവും അവർക്കില്ലാത്തതുകൊണ്ട്, അവരെ ദൈവത്തിന് ഉപയോഗിക്കുവാൻ കഴിയുന്നില്ല. “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശ, 41:10). ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19).

പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

ക്രൈസ്തവ ആരാധനകളിൽ ഗാനാലാപനത്തിന് മഹത്തായ സ്ഥാനമാണുള്ളത്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും നീർച്ചുഴിയിൽ താണുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകൾക്ക്, കരുണാസമ്പന്നനായ ദൈവത്തിനുമാത്രം നൽകുവാൻ കഴിയുന്ന സ്വർഗ്ഗീയ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കൊടുമുടികളിലേക്ക് ഉയർത്തുവാൻ ആത്മീയഗീതങ്ങൾക്കു കഴിയുന്നു. എന്തെന്നാൽ അവയോരോന്നും ദൈവത്തിന്റെ സ്നേഹവും അത്ഭുതങ്ങളും അനുഗ്രഹങ്ങളും വാഴ്ത്തിപ്പാടുന്നവയാണ്. പാടുന്നവരിലുളവാക്കുന്ന ആനന്ദാനുഭൂതിയോടൊപ്പം, അവ വരുംതലമുറകൾക്ക് തന്നെക്കുറിച്ചുള്ള സാക്ഷ്യം കൂടിയായിരിക്കുമെന്ന് ദൈവം മോശെയോട് അരുളിച്ചെയ്തു. മോശെയുടെ മരണസമയം അടുത്തിരിക്കുന്നുവെന്നും യിസ്രായേൽ മക്കൾ കനാനിൽ താമസം തുടങ്ങുമ്പോൾ, അവർ അവിടെയുള്ള അന്യദൈവങ്ങളെ ആരാധിക്കുമെന്നും തന്റെ കോപത്തിൽ താൻ അവരെ കഠിനമായി ശിക്ഷിക്കുമെന്നും, അപ്പോൾ അവർ ദൈവം അവരെ ഉപേക്ഷിച്ചുകളഞ്ഞതായി പറയുമെന്നും 120 വയസ്സുള്ളവനായ മോശെയോട് ദൈവം അരുളിച്ചെയ്തു. “ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പാഠമാക്കിക്കൊടുക്കുക” (ആവ, 31:19) എന്ന് ദൈവം മോശെയോടു കല്പിക്കുന്നു. മാത്രമല്ല, ദൈവത്തെ മറന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായി, ഭാവിയിൽ കഷ്ടതകളും അനർത്ഥങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവർക്കെതിരേ സാക്ഷ്യം പറയും (ആവ, 31:21) എന്ന് അരുളിചെയ്ത ദൈവം, അനുഗ്രഹങ്ങളുടെയും അത്ഭുതങ്ങളുടെയും സാക്ഷ്യമായ ഗാനാലാപനത്തെ തലമുറകൾക്കുകൂടി മാർഗ്ഗദീപമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നു നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങളും അത്ഭുതങ്ങളും വാഴ്ത്തുവാനും പാടി സ്തുതിക്കുവാനും സ്നേഹവാനായ ദൈവത്തിന്റെ സാക്ഷ്യങ്ങളായ അവയെ ഭാവിതലമുറകൾക്കു പകരുവാനും കഴിയണം.

ചുവടു മറക്കരുത്

ചുവടു മറക്കരുത്

ജീവിതയാത്രയിൽ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും അവഗണനയുടെയും ഇടുങ്ങിയ ഇടനാഴികളിൽനിന്ന് കാരുണ്യവാനായ ദൈവം അനേകരെ കരംപിടിച്ചുയർത്തി, സമ്പത്തിന്റെയും സമുന്നതമായ സാമൂഹിക ബന്ധങ്ങളുടെയും ഭൗതിക സുഖങ്ങളുടെയും രാജവീഥികളിലേക്കു നയിക്കുമ്പോൾ, പലരും തങ്ങളുടെ കഴിഞ്ഞകാല ജീവിതത്തെയും അവിടെനിന്നു തങ്ങളെ രക്ഷിച്ച ദൈവത്തെയും മറന്നുപോകുന്നു. പാലും തേനും ഒഴുകുന്ന കനാൻ ദേശത്തിന്റെ പടിവാതിൽക്കൽ എത്തിയ യിസ്രായേൽമക്കളോട് മോശെ: “നീ മിസ്രയീംദേശത്ത് അടിമയായിരുന്നു” എന്ന് നാലു പ്രാവശ്യവും (ആവ, 15:15; 16:12; 24:18, 22), “നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തുവെന്നു ഓർക്കണം” എന്നു രണ്ടു പ്രാവശ്യവും (ആവ, 15:15; 24:18) ആവർത്തന പുസ്തകത്തിൽ ഉദ്ബോധിപ്പിക്കുന്നുണ്ട്. കഷ്ടതകളും ക്ലേശങ്ങളും കൂരമായ പീഡനങ്ങളും നിറഞ്ഞ അടിമജീവിതമെന്തെന്ന് 430 വർഷക്കാലം അനുഭവിച്ചറിഞ്ഞ അവർ തങ്ങളുടെ സമസൃഷ്ടികളോടു സ്നേഹത്തോടും കരുണയോടും പെരുമാറണമെന്ന് മോശെ ഓർമ്മപ്പെടുത്തുന്നു. മാത്രമല്ല, മിസ്രയീമിലെ ക്രൂരമായ അടിമത്തത്തിൽനിന്നു തങ്ങളെ വിമോചിപ്പിക്കുന്നതിനായി അവർ നിലവിളിച്ചപ്പോൾ തന്റെ ജനത്തിന്റെ കഷ്ടതകണ്ട്, അവരുടെ നിലവിളി കേട്ട് (പുറ, 3:7) യഹോവയാം ദൈവം അവരെ വീണ്ടെടുക്കുകയും വിമോചിപ്പിക്കുകയും ചെയ്തുവെന്ന വസ്തുത മറന്നുപോകരുതെന്നും മോശെ യിസ്രായേൽമക്കളെ ഉപദേശിക്കുന്നു. അത്യുന്നതനായ ദൈവം നമ്മെ അനുഗ്രഹത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തുമ്പോഴും, നമ്മെ കടത്തിവിട്ട കഷ്ടതയുടെ താഴ്വരകളെയും അവിടെയുള്ള മനുഷ്യരുടെ അവസ്ഥകളെയും സർവ്വോപരി ഒന്നുമില്ലായ്മയിൽനിന്നു നമ്മെ കോരിയെടുത്ത ദൈവത്തെയും മറക്കരുതെന്ന് ആവർത്തന പുസ്തകത്തിൽ ദൈവപുരുഷനായ മോശെ ആവർത്തിച്ചു നൽകുന്ന ശ്രേഷ്ഠമായ കല്പന ദൈവമക്കളുടെ ജീവിതവ്രതമാകണം.