അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

യിസായേൽമക്കൾ മിസ്രയീംദേശത്ത് അത്യന്തം വർദ്ധിച്ചതുകൊണ്ട് ആശങ്കപുണ്ട മിസ്രയീം രാജാവ് എബ്രായ സൂതികർമ്മിണികളായ ശിപ്രായോടും പൂവായോടും: “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.” (പുറ, 1:16). പ്രസവശയ്യയിൽവച്ച് കുഞ്ഞിനെ കൊല്ലുന്നത് വളരെ എളുപ്പമായിരുന്നു. എന്തെന്നാൽ പ്രസവവേദനയാൽ പിടയുന്നതിനാൽ അമ്മയ്ക്കുപോലും തന്റെ കുഞ്ഞിനെ കൊന്നതാണെന്നു മനസ്സിലാക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ദൈവത്തെ ഭയപ്പെട്ടിരുന്ന ശിപ്രായും പൂവായും രാജാവിന്റെ കല്പന അനുസരിക്കാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അടിമകളായിരുന്ന അവർക്കു രാജകല്പന അനുസരിച്ചാൽ നേടാമായിരുന്ന വമ്പിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയാണ് അവർ ഇപ്രകാരം പ്രവർത്തിച്ചത്. മാത്രമല്ല, രാജകല്പന തിരസ്കരിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നേരിടുവാനും അവർ തയ്യാറായിരുന്നു. ദൈവഭയത്തോടും ഭക്തിയോടും ദൈവജനത്തിന്റെ അഭിവൃദ്ധിക്കായി അവർ പ്രവർത്തിച്ചത് മറ്റാരും അറിഞ്ഞിരുന്നില്ലെങ്കിലും ദൈവം കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് ദൈവം അവർക്കു നന്മ ചെയ്യുകയും ഭവനങ്ങൾ നൽകി അനുഗ്രഹിക്കുകയും (പുറ, 1:21) തിരുവചനത്തിൽ അവരുടെ പേരുകൾ ലിഖിതമാക്കുകയും ചെയ്തു. ജീവിതയാത്രയിൽ നാം ആയിരിക്കുന്ന സ്ഥാനങ്ങളിൽ ദൈവഭയത്തോടും ഭക്തിയോടും വിശ്വസ്തതയോടും ഒത്തുതീർപ്പിനോ വിട്ടുവീഴ്ചയ്ക്കോ വശംവദരാകാതെ പ്രവർത്തിക്കുമ്പോൾ, ശിപ്രായേയും പൂവായെയും പോലെ സാധാരണക്കാരായ നമ്മെയും തനിക്കായി അസാധാരണമായ കാര്യങ്ങൾ ചെയ്യുവാൻ ദൈവം ഉപയോഗിക്കും. (വേദഭാഗം: പുറപ്പാട് 1:8-22).

ദൈവത്തോടുകൂടെ നടക്കുന്നവർ

ദൈവത്തോടുകൂടെ നടക്കുന്നവർ

സഹോദരന്മാർ യോസേഫിനെ അടിമയായി വിറ്റുവെങ്കിലും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നുവെന്ന് ഉൽപത്തി പുസ്തകം 39-ാം അദ്ധ്യായത്തിൽ നാലു പ്രാവശ്യം പ്രഖ്യാപിച്ചിരിക്കുന്നു (ഉല്പ, 39:2,3, 21, 23). പോത്തീഫറിന്റെ ഭവനത്തിൽ അടിമയായി എത്തിയ യോസേഫിനോടു കൂടെ യഹോവ ഉണ്ടായിരുന്നതിനാൽ അവൻ ആ ഭവനത്തിന്റെ മേൽവിചാരകൻ ആയിത്തീർന്നു. പോത്തീഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങൾക്കു കീഴ്പ്പെട്ട് അവളുമായി പാപം ചെയ്യാതിരുന്നതിനാൽ അവൻ അന്യായമായി കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടുവെങ്കിലും അവിടെയും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ കാരാഗൃഹപമാണിക്ക് അവനോടു ദയ തോന്നി തടവുകാരുടെ മേൽനോട്ടം വഹിക്കുവാൻ അവനെ ചുമതലപ്പെടുത്തി. താൻ വിളിച്ചു വേർതിരിക്കുന്നവരെ താൻ ആഗ്രഹിക്കുന്ന പദവികളിലേക്ക് ഉയർത്തേണ്ടതിനായി ദൈവം അവരെ കഠിനമായ കഷ്ടനഷ്ടങ്ങളിലൂടെ കടത്തിവിടുമ്പോഴും ദൈവം അവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യോസേഫിന്റെ അനുഭവങ്ങൾ തെളിയിക്കുന്നു. അതോടൊപ്പം അനുയോജ്യമായ സാഹചര്യങ്ങളിൽ പാപത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകാതെ വിശുദ്ധിയോടും വിശ്വസ്തതയോടും ദൈവത്തോടു പറ്റിനിൽക്കുന്നവർക്കു മാത്രമേ ദൈവത്തിന്റെ വാഗ്ദാനങ്ങൾ പ്രാപിക്കുവാൻ കഴിയുകയുള്ളുവെന്ന് യോസേഫിന്റെ ജീവിതം തെളിയിക്കുന്നു. വേദഭാഗം: ഉല്പത്തി 36:1-39:23).

പ്രാർത്ഥനകൾക്കുള്ള മറുപടി

പ്രാർത്ഥനകൾക്കുള്ള മറുപടി

പ്രാർത്ഥനകൾക്കു മറുപടി ലഭിക്കുന്നില്ല എന്നുള്ള പരാതികൾ ആത്മീയ ലോകത്ത് സർവ്വസാധാരണമാണ്. ഇടവിടാതെ സ്ത്രോത്രം ചെയ്യുകയും പതിവായി ഉപവസിക്കുകയും ആരാധനകളിൽ മുടക്കംകൂടാതെ പങ്കെടുക്കുകയും ചെയ്തിട്ടും തങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കാത്തതിനാൽ പ്രാർത്ഥനകൾ നിർത്തുന്നവരും മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും ക്രൈസ്തവലോകത്ത് കുറവല്ല. അങ്ങനെയുള്ള സഹോദരങ്ങൾ യാബ്ബോക്കിൻ്റെ തീരത്തിരുന്നു പ്രാർത്ഥിക്കുന്ന യാക്കോബിനെ മാതൃകയാക്കണം. പ്രതികാര വാഞ്ഛയോടെ 400 പേരുമായി വരുന്ന ഏശാവിന്റെ കൈയിൽനിന്നു തന്റെ ഇരുപതു വർഷത്തെ സർവ്വസമ്പാദ്യങ്ങളെയും ഭാര്യമാരെയും മക്കളെയും ദാസിമാരെയും രക്ഷിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് യാക്കോബിന് അറിയാമായിരുന്നു. അതിനുവേണ്ടി, “നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്നു പറഞ്ഞ് അവൻ ദൈവത്തിന്റെ ദൂതനുമായി യബ്ബോക്കിന്റെ തീരത്ത് രാത്രിയുടെ യാമങ്ങൾ മുഴുവൻ മല്ലുപിടിച്ചു. അവന്റെ ഇടുപ്പ് ഉളുക്കിയെങ്കിലും അവൻ പിന്മാറിയില്ല. അവസാനം അവൻ ആ ചോദ്യം കേട്ടു: നിന്റെ പേരെന്ത്? ‘യാക്കോബ്’ എന്ന് അവൻ മറുപടി നൽകി. അവന്റെ പേര് അറിയാഞ്ഞിട്ടല്ല ദൈവം അവനോട് ആ ചോദ്യം ചോദിച്ചത്. പിന്നെയോ ഇരുപത് വർഷം മുമ്പ്, കാഴ്ച മങ്ങിയ സ്വപിതാവിനെ അവൻ പേരു മാറ്റി കബളിപ്പിച്ചത് ദൈവം അവനു ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു. തന്റെ കുറ്റം അവൻ ഏറ്റുപറഞ്ഞപ്പോൾ ദൈവം അവനെ അനുഗ്രഹിച്ചു; യിസ്രായേൽ എന്നു പുതിയ പേരു നൽകി. പലപ്പോഴും നമ്മുടെ നിരന്തരമായ പ്രാർത്ഥനകളിൽ ഒന്നിനുപോലും മറുപടി ലഭിക്കാത്തതിന്റെ കാരണം; ഒരുപക്ഷെ നമ്മിലെ പാപങ്ങളും പാപസ്വഭാവങ്ങളുമാകാം. അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുകയും, മറ്റുള്ളവരുടെ കടങ്ങളെ ഹൃദയപൂർവ്വം ക്ഷമിക്കുകയും ചെയ്യുമ്പോൾ യാക്കോബിനെ അനുഗ്രഹിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും. (വേദഭാഗം: ഉല്പത്തി 32:1-33:20).

ആത്മീയ ഔന്നത്യം

ആത്മീയ ഔന്നത്യം

ഇന്ന് അനേകം സഹോദരങ്ങൾക്ക് തങ്ങളുടെ ആത്മീയ ഔന്നത്യമായി ചൂണ്ടിക്കാണിക്കുവാനുള്ളത് തങ്ങളുടെ പിതാമഹന്മാരുടെ ആത്മീയ ജീവിതങ്ങളാണ്. ജീവിതവിശുദ്ധിയോ ദൈവഭയമോ ഭക്തിയോ ഇല്ലാത്ത ഇക്കൂട്ടർ ആത്മീയ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പിൻബലത്തിൽ ക്രൈസ്തവ സഭകളിലും സമൂഹങ്ങളിലും അധികാരങ്ങളും സ്ഥാനമാനങ്ങളും കൈയടക്കുന്നു. പക്ഷേ, ദൈവത്തെ മറന്നു ജീവിതം നയിക്കുന്ന അവർക്ക് ദൈവസന്നിധിയിൽ യാതൊരു നിലയും വിലയുമില്ലെന്ന് ഏശാവിന്റെ ജീവിതം തെളിയിക്കുന്നു. ഏശാവിന്റെ പിതാമഹനായ അബ്രാഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നു; വിശ്വാസികളുടെ പിതാവായിരുന്നു. ഏശാവിന്റെ പിതാവായ യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിന്റെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിച്ചിരുന്നു. എന്നാൽ ഏശാവിന് അവകാശപ്പെടുവാൻ ഈ പാരമ്പര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. തന്റെ ജഡികാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി അവൻ തന്റെ ജ്യേഷ്ഠാവകാശം നിസ്സാരമാക്കി വിറ്റുകളഞ്ഞു. മാത്രമല്ല, അവൻ ഹിത്യസ്തീകളെ വിവാഹം ചെയ്ത് തന്റെ മാതാപിതാക്കൾക്കു മനോവ്യസനം ഉണ്ടാക്കുകയും ചെയ്തു. അവനു ന്യായമായി ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം നഷ്ടമായി. ശിഷ്ടമുള്ള അവന്റെ ജീവിതത്തിൽ അവന് അവകാശപ്പെടുവാൻ ഉണ്ടായിരുന്നത് അവന്റെ പിതൃപാരമ്പര്യം മാത്രമായിരുന്നു. മാതാപിതാക്കളുടെ ദൈവത്തിലുള്ള ഭക്തിയും വിശ്വസ്തതയും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ ദൈവസന്നിധിയിൽ നിന്നു യാതൊരു അനുഗ്രഹവും പ്രാപിക്കുവാൻ കഴിയുകയില്ലെന്ന് ഏശാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. (വേദഭാഗം: ഉല്പത്തി 25:25-36:8).

അബ്രാഹാമിൻ്റെ മാതൃക

അബ്രാഹാമിൻ്റെ മാതൃക

ദൈവത്തിനുവേണ്ടി വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സംരംഭങ്ങൾ ആരംഭിക്കുവാനും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുമുള്ള ദൈവത്തിന്റെ വിളി അനേകായിരങ്ങൾ അനുദിനം കേൾക്കാറുണ്ട്. പക്ഷേ, ആ വിളി ഏറിയകൂറും ജീവിതങ്ങളിൽ ഒരു സ്വപ്നമായോ സങ്കല്പമായോ മാത്രം അവസാനിക്കുന്നതിനാൽ ദൈവം നൽകുവാനാഗ്രഹിക്കുന്ന പദവികൾ അവർക്കു പ്രാപിക്കുവാൻ കഴിയാതെ വരുന്നു. ദൈവത്തിന്റെ വിളിക്ക് അനുസരണമായി യാതൊന്നും പ്രവർത്തിക്കുവാൻ അവർക്കു കഴിയുന്നില്ല. ദൈവത്തിന്റെ ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുമ്പോൾ അതു നിമിത്തം നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഭയമാണ് പലരെയും പിന്നിലേക്കു വലിക്കുന്നത്. മറ്റു ചിലർക്ക് ദൗത്യം ആരംഭിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും അവ നീട്ടിവച്ചും മാറ്റിവച്ചും ജീവിതയാത്രയിൽ ഒരിക്കലും ആരംഭിക്കുവാൻ കഴിയുന്നില്ല. ഇവിടെ വിശ്വാസികളുടെ പിതാവായിത്തീർന്ന അബ്രാഹാമിനെ നാം മാതൃകയാക്കണം. അവന്റെ 75-ാമത്തെ വയസ്സിൽ ദൈവം അവനെ തന്റെ ദൗത്യത്തിനായി വിളിക്കുമ്പോൾ അവന്റെ പേര് ‘അബ്രാം’ (ഉന്നതപിതാവ്) എന്നു മാത്രമായിരുന്നു. തന്റെ വിളിയെ അനുസരിച്ചാൽ, പ്രതിഫലമായി ദൈവം അവന് വലിയ വാഗ്ദത്തങ്ങൾ നൽകി. മക്കളില്ലാത്ത അവനെ ഒരു വലിയ ജനതയാക്കും. അവനെ അനുഗ്രഹിച്ച് അവന്റെ നാമം ശ്രഷ്ഠമാക്കും. അവൻ നിമിത്തം ഭൂമിയിലെ സകല വംശങ്ങളെയും അനുഗ്രഹിക്കും. (ഉല്പ, 12:2,3). പക്ഷേ, ഈ വാഗ്ദത്തങ്ങൾ പ്രാപിക്കണമെങ്കിൽ ദൈവത്തെ അനുസരിച്ച് തന്റെ യാത്രയ്ക്ക് ആരംഭം കുറിക്കണമായിരുന്നു. അതിനുവേണ്ടി അവൻ ജനിച്ചു വളർന്ന ദേശത്തോടു വിടപറയുകയും, ബന്ധുക്കളെ വിട്ടുപോകുകയും തൻ്റെ പിതൃഭവനത്തോടു യാത്രപറയുകയും വേണമായിരുന്നു. മാത്രമല്ല, ദൈവം ഒരു ദേശം കാണിച്ചു കൊടുക്കുമെന്നുള്ള വിശ്വാസത്തോടെ, ആശയ്ക്ക് വിരോധമായി അവൻ യാത്ര ആരംഭിക്കണമായിരുന്നു. ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച അബ്രാം മാറ്റിവയ്ക്കാതെ, നീട്ടിവയ്ക്കാതെ, ഭവിഷ്യത്തുകൾ ഭയപ്പെടാതെ ദൗത്യം ഏറ്റെടുത്തു. തന്റെ വിളി കേട്ട് സമ്പൂർണമായി തന്നെ അനുസരിച്ച് ഇറങ്ങിത്തിരിച്ച അബ്രാമിനെ ദൈവം അനേകം ജനതകൾക്ക് പിതാവാക്കിത്തീർക്കുമെന്നുള്ള വാഗ്ദത്തത്തോടുകൂടി ‘അബ്രാഹാം’ (ബഹുജാതികൾക്ക് പിതാവ്) എന്ന പുതിയ പേരു നൽകി. (ഉല്പ, 17:5). ദൈവത്തിന്റെ വിളി അനുസരിച്ച് സമ്പൂർണ്ണ വിശ്വാസത്തോടെ അബാഹാമിനെപ്പോലെ വിശ്വാസത്തോടെ നാം പ്രവർത്തനം ആരംഭിക്കുമ്പോൾ യഹോവയാം ദൈവം നമ്മെ തന്റെ വ്യക്തമായ ലക്ഷ്യത്തിലേക്കു വഴിനടത്തും. (വേദഭാഗം: ഉല്പത്തി 12:1-25:10).