ലോഗോസ് ക്രിസ്തുവാണോ❓ 10 തെളിവുകൾ

യോഹന്നാൻ്റെ സുവിശേഷത്തിലെ ലോഗോസ് (logos) അഥവാ, വചനം ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. പുതിയനിയമത്തിൽ, 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. യോഹന്നാൻ്റെ സുവിശേഷത്തിൽ 36 വാക്യങ്ങളിലായി 40 പ്രാവശ്യവും ലേഖനങ്ങളിൽ 8 പ്രാവശ്യവും വെളിപ്പാടിൽ 17 പ്രാവശ്യവും ലോഗോസ് ഉണ്ട്. എന്നാൽ, ഒരിക്കൽപ്പോലും, ലോഗോസ് ക്രിസ്തുവാണെന്ന് പറഞ്ഞിട്ടില്ല. നമുക്ക് തെളിവുകൾ നോക്കാം:

1. യോഹന്നാൻ 1:1-ലെ, വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആലങ്കാരികമായി പറയുന്നതാണ്. ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിന് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത് നോക്കുക. (സദൃ, 8:1-3). ദൈവത്തിൻ്റെ കൂടെയായിരുന്നു എന്ന് പറയുന്നതും ദൈവമായിരുന്നു എന്ന് പറയുന്നതും ജഡമായിത്തീർന്നു എന്ന് പറയുന്നതും ദൈവത്തിൻ്റെ വായിലെ വചനമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു രണ്ട് വചനമില്ല; ഒരു വചനമേയുള്ളു. ആ വചനമാണ് ദൈവത്തോട് കൂടെയായിരുന്നു എന്ന് യോഹന്നാൻ ആലങ്കാരികമായി പറയുന്നത്. വചനത്താലാണ്, ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5). അതുകൊണ്ടാണ്, അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി എന്ന് യോഹന്നാൻ ഒന്നിൻ്റെ മൂന്നിൽ പറയുന്നത്. ആ വചനം ജഡമായിത്തീർന്നു അഥവാ, മനുഷ്യനായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരോടുകൂടി വസിച്ചെന്നാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). അല്ലാതെ, വചനല്ല മനുഷ്യരോടുകൂടി വസിച്ചത്.

2. “വചനം ദൈവം ആയിരുന്നു” എന്നാണ് ഒന്നാം വാക്യത്തിൽ യോഹന്നാൻ പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ; ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം. (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). യോഹന്നാൻ പറയുന്നത് ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനം ആരായിരുന്നു എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം. അതുകൊണ്ടാണ് “ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

3. യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, ക്രിസ്തു വചനമല്ല എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്. ആറു മുതൽ എട്ടുവരെ വാക്യങ്ങളിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യംപറഞ്ഞ വെളിച്ചത്തെക്കുറിച്ചുമാണ് പ്രതിപാദിച്ചിരിക്കുന്നത്. സ്നാപകൻ സാക്ഷ്യം പറഞ്ഞ സത്യവെളിച്ചം ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (യോഹ, 8:12; 9:5; 12:35,46). എന്നാൽ, ഒമ്പതാം വാക്യം ഇപ്രകാരമാണ്. “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” വാക്യം ശ്രദ്ധിക്കുക: സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നല്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. അടുത്തവാക്യം അഥവാ, പത്താം വാക്യം വീണ്ടും വചനത്തെക്കുറിച്ച് പറയുന്നത് നോക്കുക: “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: ലോകം ഉളവാക്കിയ ദൈവത്തിൻ്റെ വായിലെ വചനം മുമ്പേ ലോകത്തിൽ ഉണ്ടായിരുന്നു (He was in the world). എന്നാൽ, സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കുന്നതേയുള്ളു. അതായത്, പതിനാലാം വാക്യത്തിൽ വചനം ജഡമാകുന്നതുവരെ ക്രിസ്തു ലോകത്തിൽ ഇല്ല. എന്നാൽ, വചനം മുമ്പെ ഉണ്ടായിരുന്നു. അപ്പോൾ, വചനം ക്രിസ്തുവാണെന്ന് പറഞ്ഞാൽ, സത്യവെളിച്ചം മറ്റാരെങ്കിലും ആണെന്ന് പറയണം. അതായത്, ക്രിസ്തു വചനമാണെന്ന് പറഞ്ഞാൽ; യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധമായിമാറും എന്നല്ലാതെ; അവൻ വചനമാകില്ല.

4. ക്രിസ്തുവിൻ്റെ ലോഗോസ് അഥവാ, വചനത്തെക്കുറിച്ച് പൗലൊസ് പറഞ്ഞിരിക്കുന്നത് കാണാം: “നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16). ക്രിസ്തു വചനമാണെങ്കിൽ, ക്രിസ്തുവിൻ്റെ വചനം ആരാണെന്ന് പറയും? വചനത്തിന് മറ്റൊരു വചനം ഉണ്ടാകുമോ? ലോഗോസിനെ ‘എൻ്റെ വചനം‘ എന്ന് ക്രിസ്തുവും (മത്താ, 7:24; 7:26; 24:35; മർക്കൊ, 8:38; 13:31; ലൂക്കൊ, 4:32; 6:47; 9:26; 21:33; യോഹ, 5:24; 8:31; 8:37; 8:51; 8:52; 12:47; 12:48; 14:23; 14:24; 15:20; വെളി, 3:8), ‘ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:32; 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 1:10; 2:5). അതേ ലോഗോസിനെ, ദൈവത്തിൻ്റെ വചനമെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ലൂക്കൊ,, 5:1; 8:11,8:21; പ്രവൃ, 4:31; 6:2,6:7; 8:14; 1യോഹ, 2:14; വെളി, 1:9; 6:ൻ്റെ; 20:4). അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് അഥവാ, വചനത്തെ, ദൈവത്തിൻ്റെ വചനമെന്നും ക്രിസ്തുവിൻ്റെ വചനമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, രണ്ടുപേരുടെയും വചനം ഒന്നുതന്നെ ആണെന്ന് വ്യക്തമാണ്. അപ്പോൾ, ക്രിസ്തു വചനമാണെന്ന് പറയുന്നത് ഏത് വകയിലാണ്? ക്രിസ്തുവിൻ്റെ വചനം എന്ന പ്രയോഗംതന്നെ, അവൻ വചനമല്ല എന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. വചനത്തിന് മറ്റൊരു വചനമുണ്ടാകുമോ? ദൈവത്തിൻ്റെ ദൈവം, വചനത്തിൻ്റെ വചനം, മനുഷ്യൻ്റെ മനുഷ്യൻ എന്നെക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും? ദുരുപദേശത്തിൻ്റെ വക്താക്കളല്ലാതെ, ഭാഷ അറിയാവുന്നവരാരും ക്രിസ്തു വചനമാണെന്ന് പറയില്ല.

5. ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് പഴയനിയമത്തിലെ ദവാർ അഥവാ, വചനം. (യെശ, 55:11). ആ വചനം, പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽ നിന്നാണ് പുറപ്പെടുന്നത്: “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു.” (ലൂക്കൊ, 4:22). ഈ വാക്യത്തിൽ പറയുന്ന ലാവണ്യവാക്കുകൾ വചനം അഥവാ, ലോഗോസ് ആണ്. ഒത്തുനോക്കുക: (യോഹ, 12:48; 15:3). ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനം, അവൻ്റെ വചനമാണെന്നല്ലാതെ, ആ വചനമാണ് ക്രിസ്തുവെന്ന് ആരെങ്കിലും പറയുമോ? ഭാഷയുടെ എല്ലാ വ്യാകരണ നിയമങ്ങളെയും അതിലംഘിച്ചാൽപ്പോലും, ക്രിസ്തുവിനെ വചനമാക്കാൻ കഴിയില്ല. തന്നെയുമല്ല, ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണെന്നിരിക്കെ, ക്രിസ്തു വചനം ആണെന്ന് എങ്ങനെ പറയും?വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ക്രിസ്തു വചനമാണെങ്കിൽ അഥവാ, ലോഗോസ് ആണെങ്കിൽ, ലോഗോസിൻ്റെ വായിൽ നിന്ന് മറ്റൊരു ലോഗോസ് എങ്ങനെ പുറപ്പെട്ടുവരും? തന്മൂലം, യേശു വചനമാണെന്ന് പറഞ്ഞാൽ, യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധതയുടെ സമാഹാരമായി മാറും.

6. യഹോവ വചനത്തെ അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനംകൊണ്ടു സൌഖ്യമാക്കിയെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (മത്താ, 8:16). തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും തങ്ങൾ പ്രസംഗിച്ച വചനവും ഒന്നാണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്. (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദുർവ്യാഖ്യാനങ്ങളും ദുരുപദേശവും കൊണ്ടല്ലാതെ, ക്രിസ്തു വചനമാണെന്ന് ആർക്കും പറയാൻ കഴിയില്ല.

7. ക്രിസ്തു വചനമാണെന്ന് പറഞ്ഞാലുള്ള യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. ക്രിസ്തുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങൾ ബൈബിളിലുണ്ട്. “സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). യേശുവിൻ്റെ നാമത്തിൽ വചനം പ്രസ്താവിപ്പാൻ കൃപ നല്കണമെന്ന് പറഞ്ഞാൽ, യേശുവും വചനവും ഒന്നാണെന്നാണോ അർത്ഥം? അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം,” (പ്രവൃ, 10:36). യേശുക്രിസ്തു മൂലം, യിസ്രായേൽ മക്കൾക്ക് അയച്ച വചനം എന്നു പറഞ്ഞാൽ, യേശുക്രിസ്തു വചനമാണെന്നാണോ മനസ്സിലാക്കേണ്ടത്? അടുത്തവാക്യം: “അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു.” (വെളി, 1:2). ദൈവത്തിൻ്റെ വചനവും യേശുക്രിസ്തുവിൻ്റെ സാക്ഷ്യവും എന്നു പറഞ്ഞാൽ, യേശുക്രിസ്തു വചനമാണെന്ന് ആരെങ്കിലും പറയുമോ? ഇതുപോലെ, അനവധി വാക്യങ്ങൾ ബൈബിളിലുണ്ട്. ഉദാ: (1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:9; 20:4). യോഹന്നാൻ്റെ  ക്രിസ്തുവിനെ വചനമാക്കണമെങ്കിൽ ഭാഷയുടെ വ്യാകരണനിയമങ്ങളെയെല്ലാം അതിലംഘിക്കേണ്ടിവരും. അങ്ങനെ ചെയ്താൽ; യോഹന്നാൻ്റെ പുസ്തകങ്ങൾപോലെ പരസ്പരവിരുദ്ധമായ ഒരു പുസ്തകം ഭൂലോകത്ത് ഇല്ലെന്ന് പറയേണ്ടിവരും.

8. ക്രിസ്തു ആരാണെന്ന് എഴുത്തുകാരനായ യോഹന്നാനോട് ചോദിച്ചാൽ, വചനമാണെന്നല്ല; വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായവൻ ആണ് ക്രിസ്തു എന്നാണ് അവൻ്റെ ഉത്തരം. (യോഹ, 1:14). ഒന്ന് മറ്റൊന്നായിത്തീർന്ന ശേഷം, അതുതന്നെയാണ് ഇതെന്ന് എങ്ങനെ പറയും? വചനമാണ് ക്രിസ്തുവെങ്കിൽ, ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവൻ ആരാണെന്ന് പറയും? പുതിയനിയമം വെളിപ്പെടുന്ന ദൈവപുത്രനായ ക്രിസ്തു; പുതിയ നിയമം വെളിപ്പെടുന്ന ദൈവപുത്രനായ ക്രിസ്തു, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ മനുഷ്യനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അവനെയാണ്, വചനം ജഡമായിത്തീർന്നവൻ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുന്നത്. ക്രൂശിൽ മരിച്ചതും മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:6). വചനമാണ് ക്രൂശിൽ മരിച്ചതെന്ന് പറഞ്ഞാൽ, എന്തൊരു അബദ്ധമായിരിക്കും? തന്മൂലം, ഭാഷ അറിയാവുന്നവരാരും ക്രിസ്തു വചനമാണെന്ന് പറയില്ല.

9. പലരും കരുതുന്നപോലെ, ക്രിസ്തു ദൈവത്തോടു കൂടെയുള്ള നിത്യദൈവം ആയിരുന്നെങ്കിൽ, അവന് ഒരിക്കലും മനുഷ്യനായിത്തീരാനോ, ക്രൂശിൽ മരിച്ച് രക്ഷയൊരുക്കാനോ കഴിയില്ല. എന്തെന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം നിത്യനും (റോമ, 16:24) മാറ്റമില്ലാത്തവനും (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16), ശാശ്വതവാൻ (സങ്കീ, 90:2; യെശ, 57:15) അഥവാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). തന്മൂലം, ദൈവത്തിനു തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. അതുകൊണ്ടാണ്, ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14; യെശ, 55:11). വചനം ജഡമായിത്തീർന്ന അല്ലെങ്കിൽ, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ മനുഷ്യനാണ് ക്രിസ്തു. (മത്താ, 1:20; ലൂക്കൊ, 2:21). അതാണ്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; 1പത്രൊ, 1:20). അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണത്. (എബ്രാ, 10:5; സങ്കീ, 40:6, LXX). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (റോമ, 5:15). നസറായനായ യേശുവെന്ന മനുഷ്യനാണ് മരിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:22-24; 1തിമൊ, 2:5-6). ശരീരമോ, രക്തമോ, മരണമോ ഇല്ലാത്ത ദൈവത്തിനോ, ദൈവത്തിൻ്റെ വചനത്തിനോ വംശാവലിയോടെ ജനിച്ചുജീവിച്ച് രക്തം ചിന്തി മരിക്കാൻ കഴിയില്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനാണ് മരിച്ചത്. ഇതൊരു ബാലപാഠമാണ്, ഇതെങ്കിലും വിശ്വാസികൾ നിർബന്ധമായും അറിയുകയും വിശ്വസിക്കുകയും ചെയ്യണം. അതാണ് രക്ഷാവചനം. (റോമ, 10:9).

10. യോഹന്നാൻ്റെ പുസ്തകങ്ങളെ വേണ്ടവണ്ണം പഠിക്കാതെയാണ്, ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് പലരും വിശ്വസിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷം മാത്രമെങ്കിലും പഠിച്ചിരുന്നെങ്കിൽ, ദൈവം ത്രിത്വമാണെന്നും ക്രിസ്തു വചനമാണെന്നും ആരും പറയില്ലായിരുന്നു. എന്തെന്നാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും താൻ മനുഷ്യനാണെന്നും ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞത്. അടുത്തവാക്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് ക്രിസ്തു പറഞ്ഞത്. മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലും ഒന്നിനെ കുറിക്കുന്ന ഹെയ്സ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മോണോസിൻ്റെ വകഭേദമാണ് മോണോ, മോണോൻ തുടങ്ങിയവ. മോണോസ് എന്താണെന്ന് ഇനിയും സംശയമുള്ളവർ ഗൂഗിളിനോട് ചോദിച്ചാൽ മതി; പറഞ്ഞുതരും. ദൈവം സമനിത്യരായ മൂന്നുപേർ അഥവാ, ത്രിത്വമാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഒരിക്കലും പറയുമായിരുന്നില്ല. താൻ മനുഷ്യനാണെന്നും ക്രിസ്തു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40. ഒ.നോ: മത്താ, 11:19). വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ വഞ്ചകനാക്കാണ് പലരും ശ്രമിക്കുന്നത്. “വചനം ജഡമായിത്തീർന്നു” എന്നത് കൂടാതെ, ക്രിസ്തു മനുഷ്യനാണെന്ന് യോഹന്നാൻ 15 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്: (യോഹ, 1:30; 4:29; 5:12; 7:46; 9:11; 8:40; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). ക്രിസ്തു വചനമാണെങ്കിൽ, ഒരിക്കൽപ്പോലും അവൻ വചനമാണെന്ന് എഴുതാതെ, അവൻ മനുഷ്യനാണെന്ന് 15 പ്രാവശ്യം എഴുതിവെച്ചിരിക്കുന്ന യോഹന്നാൻ കള്ളയപ്പൊസ്തലനാണോ? അതായത്, യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു വചനമാണെന്ന് പറയുന്നവർ, അവൻ്റെ സുവിശേഷത്തിലെ ക്രിസ്തു പറയുന്നതോ, അവൻ പറയുന്നതോ വിശ്വസിക്കുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത. അനേകം തെളിവുകൾ വേറെയുമുണ്ട്; വിസ്തര ഭയത്താൽ നിർത്തുകയാണ്. ക്രിസ്തു വചനമാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; ട്രിനിറ്റിയുടെ ദൈവശാസ്ത്രമാണ്. ക്രിസ്തു ആരാണെന്ന് അറിയാത്തവർക്കും, ബൈബിൾ വിശ്വസിക്കാതെ ദൈവശാസ്ത്രം വിശ്വസിക്കുന്നവർക്കും, നിക്ഷ്പക്ഷ മനസ്സാക്ഷിയോടെ ബൈബിൾ ഒരിക്കൽപ്പോലും വായിച്ചിട്ടില്ലാതവർക്കും അല്ലാതെ, ക്രിസ്തു വചനമാണെന്ന് പറയാൻ ഒരിക്കലും കഴിയില്ല. ദുരുപദേശങ്ങൾകൊണ്ട് എത്രവലിയ കോട്ടകെട്ടിയെന്ന് പറഞ്ഞാലും ഒരുത്തനും രക്ഷപെടുമെന്ന് വിചാരിക്കരുത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *