മിസ്പാ

മിസ്പാ (Mizpah)

പേരിനർത്ഥം — വീക്ഷാഗോപുരം

ബെന്യാമീനിലെ ഒരു പട്ടണം. (യോശു, 18:26). ബെന്യാമീൻ ഗോത്രത്തിനു നല്കിയ പട്ടണങ്ങളിൽ ബേരോത്തിനും കെഫീരയ്ക്കും ഇടയ്ക്കാണു മിസ്പെ. ഗിബെയാ നിവാസികൾ ചെയ്ത ദുഷ്ക്കർമ്മവും വഷളത്തവും കാരണമായി ഉണ്ടായ ദുരന്തത്തെക്കുറിച്ചു ചിന്തിക്കുന്നതിനു യിസ്രായേല്യരൊക്കെയും ഏകമനസ്സോടു കൂടെ മിസ്പയിൽ കൂടി. (ന്യായാ, 20:1-3; 21:1, 5, 8). ശമൂവേൽ പ്രവാചകനുമായി അടുത്തബന്ധം മിസ്പെക്കുണ്ട്. യിസ്രായേലിനു ന്യായപാലനം ചെയ്യുവാനായി ശമൂവേൽ പ്രവാചകൻ ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ആണ്ടുതോറും ചുറ്റിസഞ്ചരിച്ചു. (1ശമൂ, 7:16). യിസ്രായേലിനെ അനുതാപത്തിനുവേണ്ടി കുട്ടിച്ചേർത്തത് മിസ്പയിലാണ്. ശമൂവേൽ പ്രവാചകൻ അവിടെ വച്ച് അവർക്കുവേണ്ടി പ്രാർത്ഥിച്ചു. (1ശമൂ, 7:5-14). ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നതിനു യിസ്രായേൽ മക്കൾ മിസ്പയിൽ നിന്നു പുറപ്പെട്ടു. ഫെലിസ്ത്യർ യിസായേലിനോടു തോറ്റു. “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞു ഏബെൻ-ഏസെർ എന്ന സ്മാരകം ശമൂവേൽ നാട്ടിയത് മിസ്പയ്ക്കും ശേനിനും മദ്ധ്യയാണ്. (1ശമൂ, 7:12). 

യെഹൂദാ രാജാവായ ആസാ യിസ്രായേൽ രാജാവായ ബയെശാ പണിതുറപ്പിച്ച രാമയുടെ കല്ലും മരവും എടു ത്തുകൊണ്ടുവന്ന് മിസ്പയെ പണിതുറപ്പിച്ചു. (1രാജാ, 15:22; 2ദിന, 16:6). ബി.സി. 587-ൽ നെബൂഖദ്നേസർ യെരുശലേം നശിപ്പിച്ചു. തുടർന്നു യെഹൂദയുടെ ഗവർണറായി ഗെദല്യാവിനെ നിയമിച്ചു. ഗെദല്യാവിൻ അസ്ഥാനം മിസ്പയായിരുന്നു. (2രാജാ, 25:22,23; യിരെ, 40:5-12). ദേശത്തു ശേഷിച്ച യെഹൂദന്മാർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു. കാരേഹിന്റെ മകനായ യോഹാനാനും സൈന്യമേധാവികളും മിസ്പയിൽ വന്നു നെഥന്യാവിന്റെ മകൻ യിശ്മായേൽ ഗെദല്യാവിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു എന്നറിയിച്ചു. ഗെദല്യാവ് അതു വിശ്വസിക്കാതെ മുന്നറിയിപ്പിനെ അവഗണിച്ചു. (യിരെ, 40:16). 

ദേശാധിപതിയായ ഗെദല്യാവിനെയും കൂടെ ഉണ്ടായിരുന്ന യെഹൂദന്മാരെയും കല്ദയ പടയാളികളെയും യിശ്മായേലും കൂട്ടരും വധിച്ചു. (യിരെ, 41:1-3; 2രാജാ, 25:25). പിറ്റെദിവസം ശെഖേമിൽ നിന്നും ശീലോവിൽ നിന്നും 80 പേർ തീർത്ഥാടനത്തിനെത്തി. യിശ്മായേൽ അവരെ വഞ്ചിച്ചു കൊന്നു ഒരു കുഴിയിൽ ഇട്ടു. അവരിൽ പത്തു പേർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞതിനാൽ അവരെ കൊന്നില്ല. യിശ്മായേൽ നിഹതന്മാരെ കൊണ്ടു നിറച്ച ഈ കുഴി ആസാരാജാവ് യിസ്രായേൽ രാജാവായ ബെയെശാ നിമിത്തം ഉണ്ടാക്കിയതായിരുന്നു. (യിരെ, 41:9). തുടർന്നു മിസ്പയിൽ ശേഷിച്ചവരെ യിശ്മായേൽ ബദ്ധരാക്കി കൊണ്ടുപോയി. എന്നാൽ യോഹാനാനും കൂട്ടരും യിശ്മായേലിനെ തുരത്തിയപ്പോൾ ബദ്ധന്മാർ രക്ഷപ്പെട്ടു. മറ്റുള്ളവർ മിസ്രയീമിലേക്കു പോയി. ഇതു യഹോവയുടെ കല്പനയ്ക്കു വിരുദ്ധമായിരുന്നു. (യിരെ, 41:17; 42:21). പ്രവാസത്തിൽ നിന്നു മടങ്ങി വന്നവർ മിസ്പയിൽ വസിച്ചു. (നെഹെ, 3:7, 15, 19). മിസ്പയിലുള്ളവരും യെരുശലേം മതിലിന്റെ അറ്റകുറ്റം തീർക്കുന്നതിനു സഹായിച്ചു. യിസ്രായേലിനെ ഭർത്സിക്കുമ്പോൾ ഹോശേയ മിസ്പയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. (5:1).

Leave a Reply

Your email address will not be published. Required fields are marked *