പാപം

പാപം (sin)

പ്രപഞ്ചത്തെ മുഴുവൻ അടക്കിവാഴുന്ന തിന്മയുടെ ശക്തിയാണു പാപം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്റെ അടിസ്ഥാനകാരണം. മനുഷ്യന്റെ വിട്ടുവീഴ്ചയില്ലാത്ത വഷളത്തവും ല്ലേച്ഛപ്രവൃത്തികളും പാപം എന്ന പ്രയോഗം ഉൾക്കൊള്ളുന്നു. ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന പാപവാസനയിൽ നിന്നു ഹീനമായ പ്രവൃത്തികൾ പൊട്ടിപ്പുറപ്പെടുമ്പോഴാണ് മനസ്സാക്ഷിക്കുത്തു സഹിക്കാനാവാതെ മനുഷ്യൻ ഏറ്റുപറയുന്നത്. ‘ഞാൻ പാപം ചെയ്തു പോയി’ ‘ഞാൻ പാപി’ എന്നെല്ലാം.

പാപത്തിന്റെ നിർവ്വചനം: പാപത്തെക്കുറിക്കുന്ന മൂലപദങ്ങളിൽനിന്നും പാപത്തിന്റെ ഒരു നിർവ്വചനം രൂപപ്പെടുത്തിയെടുക്കുക എളുപ്പമല്ല. എന്നാൽ ഓരോപദത്തിലും പാപത്തിന്റെ ഓരോ സവിശേഷഭാവം പ്രകടമാകുന്നുണ്ട്. പാപം എല്ലാംതന്നെ ദൈവത്തിനെതിരെയുള്ളതാണ്. ദാവീദു പറയുകയാണ്; “നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.” (സങ്കീ, 51:4). റോമർ 8:7-ൽ ദൈവത്തോട് ശത്രുത്വം എന്നു പറയുന്നുണ്ട്. ചുരുക്കത്തിൽ ദൈവകല്പന ലംഘിക്കുന്നതാണ് പാപം. തിന്മചെയ്യുന്നതിനെയും, തിന്മയ്ക്ക് അധിഷ്ഠാനമായി ദൈവവുമായി മനുഷ്യന് നഷ്ടപ്പെട്ടുപോയ ബന്ധത്തെയും പാപം വിവക്ഷിക്കുന്നു. നീതിമാനും പരിശുദ്ധനുമായ ദൈവത്തോടടുക്കാതവണ്ണം പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. പാപത്തെ വ്യക്തമാക്കുന്ന ഏഴുവാക്യങ്ങൾ ബൈബിളിലുണ്ട്. 1. ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ. (സദൃ, 21:4). 2. ഭോഷന്റെ നിരൂപണം പാപം തന്നേ. (സദൃ, 24:9). 3. വിശ്വാസത്തിൽനിന്നും ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ. (റോമ, 14:23). 4. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു. (യാക്കോ, 2:9) 5. നന്മചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവനു അതു പാപം തന്നേ. (യാക്കോ, 4:17). 6. പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ. (1യോഹ, 3:4). 7. ഏതു അനീതിയും പാപം ആകുന്നു. (1യോഹ, 5:17). 

പാപത്തിന്റെ ഉത്ഭവം: ആദാമിന്റെയും ഹവ്വയുടെയും വീഴ്ചയ്ക്കുമുമ്പുതന്നെ പാപം ഉണ്ടായിരുന്നു. (ഉല്പ, 3:1; യോഹ, 8:44; 2പത്രൊ, 2:4; 1യോഹ, 3:8; യൂദാ, 6). പ്രപഞ്ചത്തിൽ പാപം ഉണ്ടായ വിധത്തെക്കുറിച്ചു വിവരിക്കാതെ പാപത്തെക്കുറിച്ചും പാപം മനുഷ്യജീവിതത്തിൽ ഉണ്ടായതിനെക്കുറിച്ചുമാണു ബൈബിൾ വിശദമാക്കുന്നത്. ഉല്പത്തി മൂന്നാം അദ്ധ്യായത്തിൽ പരീക്ഷയും മനുഷ്യന്റെ വീഴ്ചയും വർണ്ണിക്കുന്നു. പ്രസ്തുത വിവരണത്തിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാവുന്നതാണ്. 1. ദൈവം പാപത്തിനു കാരണഭൂതൻ അല്ല. സർപ്പം പാപം ചെയ്യുവാൻ നിർദ്ദേശിക്കുകയും ഹവ്വ അംഗീകരിക്കുകയും ചെയ്തു. (ഒ.നോ: യാക്കോ, 1:13-15). 2. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ വൃക്ഷഫലം തിന്നരുതെന്ന ദൈവകല്പനയുടെ നീതിയെക്കുറിച്ചുള്ള സംശയത്തോടുകൂടി പാപം ഹവ്വയിൽ തലപൊക്കി. 3. ദൈവകല്പനയുടെ നേർക്കുള്ള പ്രത്യക്ഷവും മനഃപൂർവ്വവുമായ അനുസരണക്കേടായിരുന്നു ഈ സംശയത്തിൽ നിന്നുണ്ടായ പാപകരമായ പ്രവൃത്തി. 4. ആദാമിന്റെയും ഹവ്വയുടെയും പാപം നഗ്നതയുടെ ലജ്ജയെക്കുറിച്ചുള്ള പ്രത്യക്ഷബോധത്തിലേക്കും തൽഫലമായി ദൈവത്തിൽ നിന്നോടി ഒളിക്കുവാനുള്ള ശ്രമത്തിലേക്കും നയിച്ചു. 5. പാപത്തെ തുടർന്നു സർപ്പവും, സ്ത്രീയും, പുരുഷനും ദൈവശാപത്തിനു വിധേയരായി. തോട്ടത്തിൽ നിന്നും ദൈവകൂട്ടായ്മയിൽ നിന്നും അവർ പുറത്തായി. മനുഷ്യവർഗ്ഗം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. 

ഏകന്റെ ലംഘനം: ദൈവം മനുഷ്യജാതിയെ മുഴുവനും ഉളവാക്കിയതു ഏകനിൽ നിന്നാണ്. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ഏകന്റെ ഭാഗധേയം മനുഷ്യവർഗ്ഗത്തിനു മുഴുവൻ ബാധകമായി. “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12). ഏകന്റെ ലംഘനം മനുഷ്യവർഗ്ഗത്തിന്റെ ഭാവിചരിത്രം മുഴുവൻ ഘനീഭൂതമായി ഉൾക്കൊള്ളുന്നു. “ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.” (റോമ, 5:17). “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.” (1കൊരി, 15:21,22). പാപത്തെ ആദാമിന്റെ ലംഘനം (റോമ, 5:14), ഏകന്റെ ലംഘനം (റോമ, 5:15), ഏകന്റെ പാപം (റോമ, 5:16), ഏകലംഘനം (റോമ, 5:18) എന്നിങ്ങനെ പറയുന്നു. ‘എല്ലാവരും പാപം ചെയ്കയാൽ’ എന്നതുകൊണ്ടു ആദാമിന്റെ പാപത്തിൽ എല്ലാവരുടെയും പാപം പരാമർശിക്കപ്പെടുന്നു. ആദാം പാപം ചെയ്തതുകൊണ്ടു എല്ലാ മനുഷ്യരും പാപികളായി എന്നല്ല, മനുഷ്യർ എല്ലാവരും പാപികളാകയാൽ ആദാമും ആദ്യമനുഷ്യൻ എന്ന നിലയ്ക്കു പാപം ചെയ്തു എന്നത്രേ. ആദാമിൽ എല്ലാവരും മരിക്കുന്നുവെങ്കിൽ അത് ആദാമിൽ എല്ലാവരും പാപം ചെയ്തതുകൊണ്ടു മാത്രം. പ്രകൃത്യാ മനുഷ്യൻ ആദാമിൽ ഒന്നാണ്. എന്നാൽ കർത്താവായ യേശുവിലൂടെയുളള നിത്യജീവനെ വിശ്വാസത്താൽ സ്വീകരിക്കുന്നതിലൂടെ മനുഷ്യർ ക്രിസ്തുവിൽ ഒന്നായിത്തീരുന്നു. ആദാമിൽ എല്ലാവരും പാപികളായിത്തീർന്നു. എന്നാൽ ഒടുക്കത്തെ ആദാമായ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടുന്നു. ഒരുവൻ ഒരിക്കലെന്നേയ്ക്കുമായി എല്ലാവർക്കുംവേണ്ടി പാപം ചെയ്തു. ഒടുക്കത്തെ ആദാം (ക്രിസ്തു) മനുഷ്യവർഗ്ഗത്തെ മുഴുവൻ പാപത്തിൽനിന്നു വീണ്ടെടുക്കുന്നു. അങ്ങനെ മനുഷ്യവർഗ്ഗത്തിന്റെ ചരിത്രം മുഴുവൻ രണ്ടുഭമണ പഥങ്ങളിലൂടെ നീങ്ങുന്നു.

1. പാപം – ശിക്ഷ – മരണം (ഒന്നാമത്തെ ആദാമിൽ)

2. നീതി – നീതീകരണം – ജീവൻ (ഒടുക്കത്തെ ആദാമിൽ)

പാപത്തിന്റെ വ്യാപ്തി: മനുഷ്യാത്മാവിന്റെ മണ്ഡലത്തിലാണ് പാപം ഉണ്ടായതെങ്കിലും അതിന്റെ അനന്തരഫലം ഭൗതിക പ്രപഞ്ചത്തെ മുഴുവൻ ബാധിച്ചു. സർവ്വസൃഷ്ടിയും പാപഫലമായി ശാപത്തിൻ കീഴിലായി. “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു. (റോമ, 8:20).;മനുഷ്യന്റെ പാപം നിമിത്തം ഭൂമി ശപിക്കപ്പെട്ടു. (ഉല്പ, 3:18). സസ്യങ്ങളും (ഉല്പ, 3:17,18; യെശ, 55:13), മൃഗങ്ങളും (ഉല്പ, 9:1-3; യെശ, 11:6-9), മനുഷ്യരും (സങ്കീ, 8:4,5; ഉല്പ, 3:31; സഭാ, 7:20) ശാപത്തിന്നു വിധേയരായി. ആദാമിന്റെയും ഹവ്വയുടെയും വീഴ്ച അവരിൽ നിന്നുണ്ടായ സന്തതികളെ എല്ലാം ബാധിച്ചു. അങ്ങനെ എല്ലാമനുഷ്യരും പാപം ചെയ്തു (റോമ, 3:10, 31) ദൈവമുമ്പിൽ കുറ്റക്കാരും (റോമ, 3:19), അനുസരണക്കേടിന്റെ മക്കളും (എഫെ, 2:2), കോപത്തിന്റെ മക്കളും (എഫെ, 2:3) ആയി ദൈവത്തിൽ നിന്നകന്നു (എഫെ, 4:18), കപടവും വഞ്ചനയും നിറഞ്ഞു (യിരെ, 17:9), ബലഹീനരും അഭക്തരും ആയി (റോമ, 5:5), അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചു (എഫെ, 2:1). പാപം ആത്മഹത്യയിൽ ആരംഭിച്ചു (ആദാം), ഭ്രാതൃഹത്യയിൽ വളർന്നു (കയീൻ), ദൈവഹത്യയിൽ (ക്രിസ്തുവിന്റെ ക്രൂശീകരണം) പരമകാഷ്ഠയിലെത്തി.

ആദാമിന്റെ വീഴ്ച ആദാമിൽ ഒന്നായിരിക്കുന്ന മനുഷ്യവർഗത്തെ മുഴുവൻ പിടിയിലമർത്തി. ദുഷ്ടതയുടെ ആധിക്യം കാരണം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദൈവം ജലപ്രളയത്താൽ നശിപ്പിച്ചു (ഉല്പ, 6). ജലപ്രളയശേഷം രക്തപാതകം ഒഴിവാക്കുന്നതിനു വധശിക്ഷ ഏർപ്പെടുത്തി. (ഉല്പ, 9:6). ദൈവത്തിന്റെ നേർക്കുള്ള മൽസരം ഇല്ലാതാക്കുവാൻ വേണ്ടി ബാബേൽ ഗോപുരനിർമ്മാണം തടഞ്ഞു. തുടർന്ന് അബ്രാഹാമിനും സന്തതിക്കും വാഗ്ദാനം നൽകി ദൈവത്തിന്റെ പ്രത്യേക വെളിപ്പാടിന് പാത്രമാക്കി. അനിയന്ത്രിതമായ പാപത്തിലും ദുഷ്ടതയിലും ജീവിക്കുന്നവർക്കുള്ള ശിക്ഷാവിധി അനന്തര തലമുറകളെ ഓർപ്പിക്കാൻ വേണ്ടി ഈ കാലയളവിൽ സൊദോമിനെയും ഗൊമോറയെയും അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചു. യാക്കോബിന്റെയും പുത്രന്മാരുടെയും ജീവിതത്തിൽ ഉണ്ടായ പാപം തിരുവെഴു ൾത്തുകൾ വ്യക്തമാക്കിയിട്ടുണ്ട്. യിസ്രായേൽ മക്കളെ മിസയീമ്യ അടിമത്തത്തിൽനിന്ന് വീണ്ടെടുത്തതു പാപത്തിന്റെ ശക്തിയിൽ നിന്നുള്ള വീണ്ടെടുപ്പിനു നിഴലാണ്. ആ വീണ്ടെടുപ്പിന്റെ രാത്രിയിൽപ്പോലും പ്രായശ്ചിത്തമരണത്തിലൂടെ മാത്രമാണ് യിസ്രായേൽ വീണ്ടടുക്കപ്പെട്ടതെന്നു അവർക്കു കാട്ടിക്കൊടുത്തു. (പുറ, 12). ചെങ്കടലിൽ നിന്ന് യിസ്രായേൽമക്കളെ രക്ഷിച്ച ദൈവത്തിന്റെ രക്ഷാശക്തിയെ കണ്ട ജനം ദൈവത്തോടു മത്സരിച്ചു. (പുറ, 17:1-7). ഒരു പ്രത്യേക ജാതിയായി തന്റെ ജനമായിരിക്കുവാനാണ് അവർ വിളിക്കപ്പെട്ടതെന്നു അവരെ ഓർപ്പിച്ചു കൊണ്ടു സീനായിൽ വച്ചു ന്യായപ്രമാണം നൽകി. എന്നാൽ യിസ്രായേലിന്റെ പാപപൂർണ്ണത കാളക്കുട്ടി ആരാധനയിൽ വെളിപ്പെട്ടു. (പുറ, 32). ദൈവജനത്തിനു ഉണ്ടായിരിക്കേണ്ട വിശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുവാൻ വേണ്ടി ആചാരപരമായ അശുദ്ധി, അശുദ്ധിയുള്ള രോഗങ്ങൾ, അശുദ്ധിയുള്ള മാംസം എന്നിവയുടെ വിശദമായ പട്ടികകൾ അവർക്കു നൽകി. (ലേവ്യ, 11:15; ആവ, 14:21). കനാനിൽ പ്രവേശിച്ചതു മുതൽ ബാബിലോന്യ പ്രവാസം വരെയുള്ള അവരുടെ പാപത്തെ വിശ്വാസത്യാഗം എന്നാണ് വിളിക്കുന്നത്. (ന്യായാ, 2:1-5). ദാവീദും മറ്റും ചെയ്ത പാപം മേച്ഛമെന്നേ പറയേണ്ടു. സാമൂഹിക പീഡ, വിഗ്രഹാരാധന എന്നിവ വർദ്ധിച്ചു. ബാബിലോന്യ പ്രവാസത്തിലൂടെ അവരുടെ വിഗ്രഹാരാധനയ്ക്ക് അല്പം ശമനം വന്നെങ്കിലും അവരുടെ നിർബ്ബന്ധബുദ്ധിയും, കഠിനഹൃദയവും വീണ്ടും വെളിപ്പെട്ടു. (മലാ, 1:6-2:17; 3:7-15). മനുഷ്യന്റെ വഷളത്തം അദമ്യമാണ്. അതിന്റെ തേർവാഴ്ച എല്ലാ മണ്ഡലങ്ങളിലും ദൃശ്യമാണ്. ഈ ദുഷ്ടത പൂർണ്ണാവസ്ഥയിലെത്തിയത് ക്രിസ്തുവിന്റെ ക്രൂശീകരണത്തിലത്രേ. 

പാപവാസന: പാപം ചെയ്യാനുളള വാസന മനുഷ്യനു സഹജമാണ്. “അവർ വഷളന്മാരായി മേച്ഛത പ്രവർത്തിക്കുന്നു, നന്മചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണാൻ യഹോവ സ്വർഗ്ഗത്തിൽ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവർ ആയിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.” (സങ്കീ, 14:1-3). സ്വേച്ഛയാ ചെയ്യുന്ന ഒരു ലംഘനം മാത്രമല്ല പാപം. പാപേച്ഛ ഓരോന്നും പ്രസ്തുത ഇച്ഛയെക്കാൾ രൂഢമുലമായ ഒന്നിൽനിന്നു പുറപ്പെടുകയാണ്. പാപപൂർണ്ണമായ ഹൃദയത്തിൽ നിന്നാണ് പാപപ്രവൃത്തികളുടെ ഉത്ഭവം. (മർക്കൊ, 7:20-23; സദൃ, 4:23; 23:7). പാപവാസനയോടു കൂടെയാണ് എല്ലാവരും ഭൂമിയിൽ ജനിക്കുന്നത്. അത് ആദാമിന്റെ പാപത്തിൽ എല്ലാവർക്കുമുള്ള ഏകത്വം സ്പഷ്ടമാക്കുന്നു. “ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” (സങ്കീ, 51:5). “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു.” (യോഹ, 3:6). പാപത്താൽ നിയന്ത്രിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യപ്രകൃതിയെയാണ് പൗലൊസ് അപ്പൊസ്തലൻ ജഡം എന്നു വിളിക്കുന്നത്. (റോമ, 8:5-7). ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു. (റോമ, 8:7). മനുഷ്യന്റെ വീഴ്ചയുടെ ഫലങ്ങളിൽനിന്നു മുക്തമായ ഒരു മണ്ഡലവും മനുഷ്യജീവിതത്തിൽ ഇല്ല. തന്മൂലം ദൈവത്തിന്റെ സന്നിധിയിലും ന്യായപ്രമാണത്തിന്റെ മുമ്പിലും മനുഷ്യന്റെ നീതീകരണത്തിനു സഹായകമായ ഒരടിസ്ഥാനവും അവന്റെ ജീവിതത്തിൽ ചൂണ്ടിക്കാണിക്കാനില്ല.

പാപവാസനയെ ചൂണ്ടിക്കാണിക്കുന്ന മറ്റു പ്രയോഗങ്ങളാണ് വഷളത്തം, ദുഷ്ടത, അരിഷ്ടത എന്നിവ. ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാ മനുഷ്യരും വഷളരും മേച്ഛരും (മ്ലാനമായ ഇച്ഛയോടുകൂടിയവർ) കൊള്ളരുതാത്തവരുമാണ്. ഈ അവസ്ഥയെ മനുഷ്യന്റെ നഷ്ടാവസ്ഥ എന്നു പറയും. നഷ്ടാവസ്ഥയെ സംബന്ധിക്കുന്ന നാലു കാര്യങ്ങളുണ്ട്. 1. തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിൻ കീഴടച്ചു കളഞ്ഞു. (ഗലാ, 3:22). ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്. മനുഷ്യൻ വ്യക്തിപരമായി പാപം ചെയ്യുന്നു (റോമ, 3:23); പാപപ്രകൃതിയെ താലോലിക്കുന്നു. ഇപ്രകാരമുള്ള മനുഷ്യനെ പാപാവസ്ഥയിൽ അടച്ചിട്ടിരിക്കുകയാണ്. (റോമ, 3:9; 11:32). മനുഷ്യനോട് കരുണ കാണിക്കേണ്ടതിന്നും, തന്റെ കൃപാമഹത്വം പ്രദർശിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു എല്ലാറ്റിനെയും പാപത്തിന്റെ കീഴടച്ചു കളഞ്ഞത്. 2. മനുഷ്യൻ ആത്മീയമായി മരിച്ചു. (എഫെ, 2:1). മനുഷ്യന്റെ അനുസരണക്കേടിന്റെ ശിക്ഷ ആത്മീയമരണമാണ്. ആത്മീയമരണത്തിന്റെ അനന്തരഫലമാണ് ശാരീരിക മരണം. പാപം ചെയ്യുന്ന ദേഹി മരിക്കും. (യെഹ, 18:4). പാപത്തിന്റെ ശമ്പളം മരണമാണ്. (റോമ, 6:23). 3. മനുഷ്യൻ ശിക്ഷാവിധിക്ക് വിധേയനായി. (യോഹ, 3:18). ശിക്ഷാവിധിയിൻ കീഴിലായ മനുഷ്യൻ ദൈവക്രോധത്തിനും ശാപത്തിനും പാത്രമായി. (റോമ, 1:18; ഗലാ, 3:13). 4. പ്രാകൃതമനുഷ്യൻ സാത്താന്റെ അധീനത്തിലാണ്. ഈ ലോകത്തിന്റെ ദൈവമാണാ സാത്താൻ. (2കൊരി, 4:4; 1യോഹ, 5:19) മനുഷ്യന്റെ അരിഷ്ടാവസ്ഥ ദാരുണം തന്നെ. ഏകന്റെ ലംഘനംമൂലം മനുഷ്യൻ പാപത്തിൻ കീഴടയ്ക്കപ്പെട്ടു, ആത്മീയമായി മരിച്ചു ശിക്ഷയ്ക്കു വിധേയനായി, സാത്താന്റെ അധീനത്തിലായി. എന്നാൽ പാപവാസന എല്ലാവരിലും തുല്യനിലയിലുള്ള ലംഘനത്തിനു കാരണമാകുന്നില്ല. ദൈവം എല്ലാവരെയും അശുദ്ധിക്കും നികൃഷ്ടബുദ്ധിക്കും അപമാനരാഗങ്ങൾക്കും ഏല്പിച്ചു കൊടുത്തിട്ടില്ല. (റോമ, 1:24, 26, 28). സ്വാഭാവികമായി നന്മ ചെയ്യുവാനും നീതിപുലർത്തുവാനും അതു വിഘ്നമാകുന്നില്ല. വീണ്ടും ജനനം പ്രാപിക്കാത്തവർക്കും മനസ്സാക്ഷി ഉണ്ട്. ന്യായപ്രമാണത്തിലുള്ളതു അവർ സ്വഭാവത്താൽ ചെയ്യുന്നു. (റോമ, 2:14,15).

പാപപ്രവൃത്തികൾ: അപ്പൊസ്തലനായ പൗലൊസ് പാപപ്രവൃത്തികളെ ജഡത്തിന്റെ പ്രവൃത്തികളെന്നു വിളിക്കുന്നു. മനുഷ്യന്റെ ഇച്ഛാശക്തിയെ ഭരിക്കുന്ന രണ്ടു ശക്തികളാണ് ആത്മാവും ജഡവും. ജഡം പാപത്തിനു അധിഷ്ഠാനമാണ്. എന്നിൽ വസിക്കുന്ന പാപം (റോമ, 7:20) എന്ന പ്രയോഗം ശ്രദ്ധേയമാണ്. പ്രാകൃതമായ ചോദനകളെയും അഭിലാഷങ്ങളെയും ഇളക്കിവിടുന്നത് ജഡമാണ്. ആവ, 18:10; മർക്കൊ, 7:21-23; റോമ, 1:29-32; 1കൊരി, 6:9,10; ഗലാ, 5:19, 21; എഫെ, 5:3-5; 2തിമൊ, 3:1-5; വെളി, 21:8 എന്നീ ഭാഗങ്ങളിൽ പാപപ്രവൃത്തികളുടെ ഒരു നീണ്ട പട്ടികകാണാം. അവ താഴെ കൊടുക്കുന്നു: അഗ്നി പ്രവേശം ചെയ്യിക്കൽ, അജിതേന്ദ്രിയത്വം, അഞ്ജനം നോക്കൽ, അത്യാഗ്രഹം, അനീതി, അനുസരണമില്ലായ്മ, അവിശ്വാസം, അശുദ്ധി, അസൂയ, അഹങ്കാരം, ആത്മപ്രശംസ (അഹംഭാവം), ആഭിചാരം, ഇണക്കമില്ലായ്മ, ഏഷണി, കനിവില്ലായ്മ, കപടം, കളിവാക്കു (പരിഹാസം), കള്ളം, കുരള, കൊലപാതകം, ക്രൂരത, ക്രോധം, ക്ഷുദ്രപ്രയോഗം, ഗർവം (അഹങ്കാരം), ചതി, ചീത്തത്തരം (അശ്ലീല സംസാരം), ജാരശങ്ക, ധാർഷ്യം, ദുർന്നടപ്പ് (അസന്മാർഗ്ഗികത), ദുരാലോചന, ദുർബുദ്ധി, ദുശ്ചിന്ത, ദുശ്ശീലം, ദുഷ്ടത, ദുഷ്ക്കർമ്മം (ഭോഗാസക്തി), ദുഷ്ക്കാമം, ദൂഷണം, ദൈവദോഷം, ദ്രവ്യാഗ്രഹം, ദ്രോഹം, വന്ദ്വപക്ഷം, നന്ദികേടു, നിഗളം, നിയമലംഘനം, നിഷ്ഠൂരത, പക, പരദൂഷണം, പരസംഗം, പിടിച്ചുപറി, പിണക്കം, പുതുദോഷം സങ്കല്പ്പിക്കൽ, പൊട്ടച്ചൊൽ (വ്യർത്ഥഭാഷണം), പ്രശ്നം നോക്കൽ, ബുദ്ധിഹീനത, ഭിന്നത, ഭീരുത, ഭോഗപ്രിയം, മദ്യപാനം, മന്ത്രവാദം, മുഹൂർത്തം നോക്കൽ, മൂഢത, മോഷണം, ലക്ഷണം പറയൽ, വഞ്ചന, വമ്പു പറയൽ, വാൽസല്യമില്ലായ്മ, വാവിഷ്ഠാണം, വിഗ്രഹാരാധന, വിടക്കുകണ്ണ്, വെറിക്കുത്തു, വെളിച്ചപ്പാട്, വ്യഭിചാരം, ശാഠ്യം, സൽഗുണദോഷം (നന്മയെ വെറുക്കുക), സ്വയംഭോഗം, സ്വവർഗ്ഗസംഭോഗം, സ്വാർത്ഥതൽപരത. 

പാപത്തിന്മേൽ ജയം: പാപത്തിന്റെ സ്വഭാവവും കാഠിന്യവും വ്യക്തമായി ചിത്രീകരിക്കുന്നതോടൊപ്പം അതിന്മേലുളള വിജയത്തെയും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. പാപികളുടെ രക്ഷകനും ദൈവപുത്രനും ഒടുക്കത്ത ആദാവുമായ യേശുക്രിസ്തുവിലുടെയാണ് ഒന്നാമത്തെ ആദാമിലൂടെ വന്ന പാപത്തിന്റെ ദാസ്യത്തിൽനിന്ന് പ്രപഞ്ചം വീണ്ടെടുക്കപ്പെടുന്നത്. കന്യകാജനനം, അനുസരണപൂർണ്ണമായ ജീവിതം, കുശിലെ മരണം, മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം, സ്വർഗ്ഗാരോഹണം, പുനരാഗമനം എന്നിങ്ങനെ തന്റെ ആളത്തത്തിലും പ്രവർത്തനത്തിലും ക്രിസ്തു പാപത്തെ ജയിച്ചു. ആദാമിന്റെ വീഴ്ചയിലൂടെ ഉണ്ടായഴദോഷങ്ങൾക്ക് പ്രതിശാന്തി ഉണ്ടായി. ദൈവത്തിന്റെ ക്രോധം ശമിക്കുകയും അവന്റെ വിശുദ്ധി സംതൃപ്തമാവുകയും ദൈവതേജസ്സ് സർവ്വ പ്രപഞ്ചത്തിലും നിറയുകയും ചെയ്തു. ദൈവം ക്രിസ്തുവിൽ പാപത്തെ കീഴടക്കി. ക്രിസ്തുവിലും അവൻ പൂർത്തിയാക്കിയ വേലയിലും വിശ്വസിക്കുന്ന ജനം പാപത്തിന്റെ ശിക്ഷാവിധിയിൽ നിന്നു മോചിക്കപ്പെട്ടു കഴിഞ്ഞു. പാപശക്തിയിന്മേലുള്ള വിജയം അവർ അനുഭവിച്ചുകൊണ്ടിരിക്കയാണ്. വിശ്വാസത്താൽ കർത്താവായ യേശുക്രിസ്തുവിനെ സ്വീകരിച്ചവർ ക്രിസ്തുവിനോടുകൂടെ വേർപെടുത്താനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്. “നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.” (റോമ, 6:8). കൂടെ ജീവിക്കുക (റോമ, 6:8), ഒരുമിച്ച് ജീവിക്കുക (2കൊരി, 7:3), ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുക (റോമ, 6:6; ഗലാ, 2:20), ക്രിസ്തുവിനോടുകൂടെ കഷ്ടമനുഭവിക്കുക (റോമ, 8:17), ക്രിസ്തുവിനോടുകൂടെ മരിക്കുക (റോമ, 6:8; 2കൊരി, 7:3; കൊലൊ, 2:20), ക്രിസ്തുവിനോടുകൂടെ കുഴിച്ചിടപ്പെടുക (റോമ, 6:4; കൊലൊ, 2:12), ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേൽക്കുക (കൊലൊ, 2:12; 3:1; എഫെ, 2:6), ക്രിസ്തുവിനു കുട്ടവകാശികളായിരിക്കുക (റോമ, 8:17), ക്രിസ്തുവിനോടുകൂടെ വാഴുക (2തിമൊ, 2:12) ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കും. (1തെസ്സ, 4:17). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധന്മാർ പൂർണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും പാപം എന്നേക്കുമായി നീക്കപ്പെടുകയുംചെയ്യും. നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും നിലവിൽ വരും. പിന്നീടൊരിക്കലും പാപത്തിന്റെയും മരണത്തിന്റെയും പേരുപോലും പറയപ്പെടുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *