നീതീകരണം

നീതീകരണം (Justification)

“മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39)

നീതി, നീതീകരണം എന്നീ പദങ്ങൾ പരസ്പരബന്ധമുള്ളവയാണ്. നീതീകരണത്തിന് ഗ്രീക്കിൽ ഡികായിയോ (δικαιόω – dikaioo – പ്രവൃ, 13:39) എന്നും, നീതി എന്നതിന് ഡികായിയോസ് (δίκαιος – díkaios – മത്താ, 1:19) എന്നുമാണ് പ്രയോഗങ്ങൾ. നീതിക്ക് എബ്രായയിൽ റ്റ്സാദിക് (צַדִּיק – tsaddiyq – ഉല്പ, 6:9) ആണ്. ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും നിയമപരവും മനഃശാസ്ത്രപരവും ആത്മികവുമായ തത്ത്വങ്ങൾക്കനുസരണമായ പെരുമാറ്റമാണ്. സഹമനുഷ്യനോടുള്ള പെരുമാറ്റമോ ഓരോരുത്തർക്കും അർഹമായതു നല്കുകയോ ചെയ്യുന്നതല്ല നീതി. ഇവയ്ക്കെല്ലാം ഉപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കയാണ് നീതി. പരസ്പര ബന്ധങ്ങൾക്ക് പ്രത്യേകം ചുമതലകൾ ഉണ്ട്. പ്രസ്തുത ചുമതലകളുടെ നിർവ്വഹണമാണ് നീതി. പ്രസ്തുതത ബന്ധത്തിന് വെളിയിൽ നീതിക്ക് മാനദണ്ഡമില്ല. ഉടമ്പടി ബന്ധത്തിൽ ആയിരുന്നതുകൊണ്ടു രാജാവ്, പ്രജ എന്ന നിലയിൽ ശൗലിനെ കൊല്ലാൻ വിസ്സമ്മതിച്ചുകൊണ്ട് ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). അമ്മായപ്പനായ യെഹൂദാ മരുമകളായ താമാറിനോടുള്ള തന്റെ കടമ നിർവ്വഹിക്കാത്തതുകൊണ്ട് അവളെക്കുറിച്ചു യെഹൂദാ അവൾ എന്നിലും നീതിയുള്ളവൾ എന്നു പറഞ്ഞു. (ഉല്പ, 38:26).

കോടതിയിലെ വ്യവഹാരവുമായി ബന്ധപ്പെട്ട പദമാണ് നീതി. റോമർ 8:33,34-ൽ നീതീകരിക്കുക എന്നതിന്റെ ഈ ആശയം സ്പഷ്ടമായി കാണാം: “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” നീതീകരിക്കുക, ശിക്ഷ വിധിക്കുക എന്നീ പ്രയോഗങ്ങൾ അടുത്തടുത്ത് പ്രയോഗിച്ചിരിക്കുന്നത് നീതീകരിക്കുക എന്ന ക്രിയയുടെ വ്യാവഹാരിക സ്വഭാവം വെളിപ്പെടുത്തുന്നു. 

ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? (ഇയ്യോ, 9:2) സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? (ഇയ്യോ, 25:4). ഏതു കാലത്തും മനുഷ്യഹൃദയത്തിൽ നിന്നുയരുന്ന ചോദ്യമാണിത്. ദാവീദ് ദൈവത്തോടു അപേക്ഷിക്കുകയാണ് “അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.” (സങ്കീ, 143:2). വിശ്വാസത്താലുള്ള നീതീകരണം പഴയനിയമ കാലത്തും ലഭിച്ചിരുന്നു. അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്ന് പൗലൊസ് വ്യക്തമാക്കുന്നു. (റോമ, 4:1-5). വിശ്വാസത്താലുളള നീതീകരണം തിരുവെഴുത്തുകളിൽ രൂഢമൂലമാണ്. പുതിയനിയമത്തിൽ റോമാ ലേഖനത്തിലെയും ഗലാത്യ ലേഖനത്തിലെയും പ്രമുഖ പ്രതിപാദ്യം ഇതത്രേ. 

വിശ്വാസത്താൽ ക്രിസ്തുവിനോടു ചേരുന്ന പാപി ക്രിസ്തുവിൻ നിമിത്തം ഇനിയൊരിക്കലും ശിക്ഷാവിധിയിൻ കീഴിലല്ലെന്നും തിരുമുമ്പിൽ നീതിമാൻ എന്ന നിലയിലാണെന്നും ദൈവം വിധിപ്രഖ്യാപനം നടത്തുന്ന പ്രവൃത്തിയാണ് നീതീകരണം. നിഷ്ക്കളങ്കനെ കുറ്റം വിധിക്കുവാനോ കുറ്റക്കാരനെ നീതീകരിക്കാനോ പാടില്ലെന്നുളളതാണ് ശിക്ഷാനിയമത്തിന്റെ അടിസ്ഥാനതത്വം. “ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പു.” (സദൃ, 17:15). യിസ്രായേലിൽ നീതിനിർവ്വഹണത്തിനു ഈ അടിസ്ഥാനതത്വം ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.” (ആവ, 25:1). നീതിനിർവ്വഹണത്തിൽ ഈ ന്യായപ്രമാണതത്വം തന്നെയാണ് ദൈവം പാലിക്കുന്നത്. ദൈവം വിശുദ്ധനും നീതിമാനുമായ ന്യായാധിപതിയാണ് നിയമം ദൃഢമാണ്. എന്നാൽ നീതിമാനായ ദൈവത്തിന് തന്റെ സന്നിധിയിൽ പാപികളെ സ്വീകരിക്കുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്നതത്രേ. (റോമ, 3:23). തന്മൂലം നീതിമാനായ ന്യായാധിപന്റെ മുന്നിൽ ലോകം മുഴുവൻ കുറ്റക്കാരാകയാൽ കുറ്റക്കാർ എന്ന വിധി മാത്രമേ പുറപ്പെടുവിക്കാനാവു. മഹാദയയും മനസ്സലിവും ഉള്ള കൃപാലുവായ ദൈവത്തിനു മനുഷ്യനെ എങ്ങനെ രക്ഷിക്കുവാൻ കഴിയും എന്നതാണ് പ്രധാനപ്രശ്നം. 

നീതിക്കു വിരോധമായി ദൈവത്തിന് മനുഷ്യരോടു ഇടപെടാനാവുകയില്ല. സർവ്വലോകവും കുറ്റത്തിലായിരിക്കെ മനുഷ്യനെ രക്ഷിക്കുവാൻ ഏകമാർഗ്ഗമേയുള്ളൂ; മനുഷ്യനെ നീതീകരിക്കുക. നീതിമാൻ എന്നു പ്രഖ്യാപിക്കുകയാണ് നീതീകരണം. കുറ്റക്കാരനിൽ പരിവർത്തനമോ മേന്മയോ പ്രതീക്ഷിക്കുകയോ വരുത്തുകയോ അല്ല; മറിച്ച്, കുറ്റക്കാരനു നീതിമാനാണെന്ന വിധി നല്കുകയാണ്. ഏതെങ്കിലും അഭിപ്രായത്തെയോ പെരുമാറ്റത്തെയോ പ്രസ്താവനയെയോ നീതീകരിക്കുന്നു എന്നു പറയുമ്പോൾ അവയെ മെച്ചമാക്കുകയല്ല; മറിച്ച്, അവയ്ക്ക് അനുകൂലമായ വിധി നേടുന്നു എന്നർത്ഥം. നീതീകരണം എന്നതു കോടതി ഭാഷയിൽ നീതിമാൻ എന്ന വിധി നേടലാണ്. 

നീതീകരണത്തിന്റെ വ്യാപ്തി: ഒരു വിശ്വാസിയുടെ വർത്തമാന കാലത്തിൽ ആരംഭിക്കുകയും ഭൂതഭാവികാലങ്ങളിലേക്കു വ്യാപിച്ചു നില്ക്കുകയും ചെയ്യുന്ന ഒന്നാണ് നീതീകരണം. നീതീകരണത്തിൽ പലകാര്യങ്ങളുണ്ട്: 1. പാപമോചനം: പാപമോചനം പാപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഉള്ള വിടുതലാണ്. പാപത്തിന്റെ ശിക്ഷ മരണമാണ്; ഭൗതികവും ആത്മീയവുമായ നിത്യമരണം. (ഉല്പ, 2:17; റോമ, 5:12-14; 6:23). മനുഷ്യനെ രക്ഷിക്കണമെങ്കിൽ ഈ ശിക്ഷ ആദ്യമേ നീക്കിക്കളയണം. ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ച് ക്രൂശിൽ മരിച്ചു. (യെശ, 53:5; 1പത്രൊ, 2:24). ക്രിസ്തു നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപത്തിന്റെ ശിക്ഷ മോചിക്കുന്നു. “ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39. ഒ.നോ: റോമ, 8:1, 33,34; സംഖ്യാ, 23:21; മീഖാ, 7:18,19; 2കൊരി, 5:21). 

2. നീതി കണക്കിടുക: പൂർവ്വകാല പാപം ക്ഷമിക്കുന്നതോടൊപ്പം ദൈവത്തോടു കൂട്ടായ്മ ലഭിക്കുന്നതിനുമുമ്പ് നീതി നല്കേണ്ടതുണ്ട്. അത് ക്രിസ്തുവിന്റെ നീതി പാപിയുടെ പേരിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നിവർത്തിച്ചത്. ദൈവം അകൃത്യം കണക്കിടാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്. (സങ്കീ, 32:2; റോമ, 4:6). “പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രിസ്തുവിന്റെ നീതി നമ്മിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നമ്മെ യഥാസ്ഥാനപ്പെടുത്തിയത്. 

3. ദൈവപ്രസാദം നല്കുക: പാപി ശിക്ഷയ്ക്കു വിധേയനായി എന്നു മാത്രമല്ല അവനു ദൈവപ്രസാദവും നഷ്ടപ്പെട്ടു. (യോഹ, 3:36; റോമ, 1:18; 5.9; ഗലാ, 2:16). നീതീകരണം വെറും കുറ്റവിമുക്തി മാത്രമല്ല, ദൈവപ്രസാദത്തിലേക്കു മടക്കിവരുത്തലുമാണ്. നീതീകരിക്കപ്പെട്ടവൻ ദൈവത്തിന്റെ സഖിയും (2ദിന, 20:7; യാക്കോ, 2:23), ദൈവത്തിന്റെ അവകാശിയും ക്രിസ്തുവിനു കൂട്ടവകാശിയും ആയിത്തീരുന്നു. (റോമ, 8:16,17; ഗലാ, 3:26; എബ്രാ, 2:11). 

നീതീകരണത്തിന്റെ വിധം: നിഷ്ക്കളങ്കനെ നീതീകരിക്കുവാനേ മനുഷ്യനു കഴിയുകയുള്ളൂ. എന്നാൽ ദൈവം കുറ്റക്കാരനെയാണ് നീതീകരിക്കുന്നത്. മനുഷ്യൻ നീതീകരിക്കപ്പെടുന്നത്: 1. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല; പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നതിനു ഒരു മനുഷ്യൻ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുളളതെല്ലാം ചെയ്യുവാൻ ബാദ്ധ്യസ്ഥനാണ്. (ഗലാ, 3:10; യാക്കോ, 2:10). അതാരും ചെയ്തിട്ടില്ല; ആർക്കും ചെയ്യാൻ കഴിയുകയുമില്ല. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീക രിക്കപ്പെടുന്നില്ല. (റോമ, 3:20; ഗലാ, 2:16; 5:4; തീത്തോ, 3:5). ആരെയും രക്ഷിക്കുവാനോ നീതീകരിക്കുവാനോ അല്ല ന്യായപ്രമാണം നല്കിയത്; പ്രത്യുത ഏതുവായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷാ യോഗ്യമായിത്തീർന്നു (റോമ, 3:19) എന്നു കാണിക്കുന്നതിനും, പാപത്തെക്കുറിച്ചുള്ള അറിവു നല്കുന്നതിനും (റോമ, 7:7), പാപത്തിന്റെ കാഠിന്യം (റോമ, 7:13) വെളിപ്പെടുത്തുന്നതിനും, പാപിയെ ക്രിസ്തുവിങ്കലേക്കു നടത്തുന്നതിനും (ഗലാ, 3:24) വേണ്ടിയായിരുന്നു. 

2. ദൈവകൃപയാൽ: “അവന്റെ കൃപയാൽ കിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). “നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടു തന്നേ.” (തീത്തൊ, 3:7). നീതീകരിക്കുന്നവൻ ദൈവം ആണ്. ദൈവം തിരഞ്ഞെടുത്തവരെ ആർ കുററം ചുമത്തും? (റോമ, 8:33). എല്ലാപാപവും അടിസ്ഥാനമായി ദൈവത്തിനെതിരെയാണ്. അതിനാൽ നാം നീതീകരിക്കപ്പെടേണ്ടത് ദൈവത്താലാണ്. നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, ദൈവം തന്റെ കരുണയാലത്രേ നമ്മെ നീതീകരിച്ചത്. (തീത്തോ, 3:5; എഫെ, 2:4, 8). 

3. ക്രിസ്തുവിന്റെ രക്തത്താൽ: നമ്മുടെ നീതി സംവിധാനം ചെയ്തതു ദൈവമാണ്. ദൈവം തന്നെ നമുക്കു നീതി ഒരുക്കി; അത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്താലായിരുന്നു. “വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.” (റോമ, 3:25). നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്തമാണ്. “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി . കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9). “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബാ, 9:22). നീതീകരണത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയായിരുന്നില്ല; അവയുടെ ശിക്ഷ നമുക്കു പകരമായി ക്രിസ്തുവിൽ നടത്തുകയായിരുന്നു. 

4. വിശ്വാസത്താൽ: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തി കൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:28). “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). ഒരുവനു നീതീകരണം ലഭിക്കുന്നത് വിശ്വാസത്തിലൂടെയാണ്. വിശ്വാസം നീതീകരണത്തിന് കാരണമല്ല, ഉപാധി മാത്രമാണ്. ദൈവകൃപ പ്രദാനം ചെയ്യുന്ന നീതീകരണത്തെ വിശ്വാസം സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. 

5. ആത്മാവിനാൽ: “നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). വീണ്ടുംജനനത്തിനു കാരണമായ പരിശുദ്ധാത്മാവ് ക്രിസ്തുവിൽ വിശ്വാസിയെ ആക്കുന്നു. ഒരുവൻ ക്രിസ്തുയേശുവിൽ ആയതുകൊണ്ടു മാത്രം അവൻ നീതിമാൻ എന്ന വിധി ദൈവം പ്രഖ്യാപിക്കുന്നു.  

നീതീകരണത്തിന്റെ ഫലങ്ങൾ: 1. ശിക്ഷയിൽനിന്നുള്ള വിടുതൽ: അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുളളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ?” (റോമ, 8:1,33). 2. ദൈവപ്രസാദം ലഭ്യമായി: “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” (റോമ, 4:6,7; 1കൊരി, 1:30; 2കൊരി, 5:21). 3. ദൈവത്തോടു സമാധാനം ഉണ്ടായി: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശു ക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. (റോമ, 5:1). 4. ക്രിസ്തുവിന്റെ നീതി നമുക്കു കണക്കിട്ടു: “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”(റോമ, 4:5). 5. അവകാശം ലഭിച്ചു: “നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശ്രപ്രകാരം നിത്യജീവന്റെ അവകാശികളായി തീരേണ്ടതിനു പുനർജ്ജനനസ്ഥാനം കൊണ്ടും (തീത്തൊ, 3:6). 6. കോപത്തിൽ നിന്നു രക്ഷ: “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9; 1തെസ്സ, 1:9). 7. ഭാവി തേജസ്കരണത്തിന്റെ ഉറപ്പും സാക്ഷാൽക്കാരവും: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമി രിക്കുന്നു.” (റോമ, 8:30).

Leave a Reply

Your email address will not be published. Required fields are marked *