Category Archives: Uncategorized

നിഷിദ്ധമായ വേഴ്ചകൾ

നിഷിദ്ധമായ വേഴ്ചകൾ

സർവ്വശക്തനായ ദൈവം മനുഷ്യജീവിതത്തിന്റെ തുടർച്ചയ്ക്കും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനുമായി മനുഷ്യനെ സൃഷ്ടിച്ചശേഷം അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ മറ്റെല്ലാ ബന്ധങ്ങളെക്കാളും സുദൃഢവും വിശുദ്ധവും ആകർഷകവുമായ ലൈംഗിക ബന്ധം സ്ഥാപിതമായി. എന്നാൽ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനും സന്തോഷത്തിന്റെ പരിപൂർണ്ണതയ്ക്കുമായി സ്നേഹവാനായ ദൈവം വിഭാവനം ചെയ്ത ലൈംഗിക ജീവിതത്തെ ദുരുപയോഗപ്പെടുത്തി, പാപത്തിന്റെ പെരുവഴിയിലേക്കു മനുഷ്യൻ പോയപ്പോഴൊക്കെയും ദൈവം അവനെ കഠിനമായി ശിക്ഷിച്ചിട്ടുണ്ട്. നോഹയുടെ കാലത്തെ ജലപ്രളയവും ചരിത്രസ്മാരകമായി അവശേഷിക്കുന്ന സൊദോമും ഗൊമോരയും ചാവുകടലും അതിനുദാഹരണങ്ങളാണ്. മാനവചരിത്രത്തിൽ ലൈംഗിക അരാജകത്വം അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്ന ഈ മുന്നാം സഹസ്രാബ്ദത്തിൽ നിഷിദ്ധമെന്ന് ദൈവം കല്പിച്ചിരിക്കുന്ന ലൈംഗിക വേഴ്ചകളെക്കുറിച്ച് ദൈവജനം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

1. രക്തബന്ധമുള്ളവരുമായി (ലേവ്യ, 18:6).

2. പിതാവിന്റെ മറ്റു ഭാര്യമാരുമായി (ലേവ്യ, 18:8).

3. പിതാവിന്റെയോ മാതാവിന്റെയോ മകളുമായി (ലേവ്യ, 18:9, 11).

4. മകന്റെയോ മകളുടെയോ മകളുമായി (ലേവ്യ, 18:10, 17).

5. പിതാവിന്റെയോ മാതാവിന്റെയോ സഹോദരിയുമായി (ലേവ്യ, 18:12,13; 20:19).

6. സഹോദരന്റെ ഭാര്യയുമായി/ഭാര്യയുടെ സഹോദരിയുമായി (ലേവ്യ, 18:16, 18). (സഹോദരൻ മരിച്ചുപോയാൽ അവന്റെ ഭാര്യയെ വിവാഹം ചെയ്യാം).

7. മരുമകളുമായി (ലേവ്യ, 18:15 ).

8. അമ്മാവിയമ്മയുമായി (ലേവ്യ, 20:14).

9. അയൽക്കാരന്റെ ഭാര്യയുമായി (ലേവ്യ, 18:20).

10. സ്ത്രീകളുടെ ആർത്തവകാലത്ത് (ലേവ്യ, 18:19; 20:18).

11. പുരുഷന്മാർ തമ്മിൽ, സ്ത്രീകൾ തമ്മിൽ (ലേവ്യ, 18:22; 20:13; റോമ, 1:26,27).

12. മൃഗങ്ങളുമായി (ലേവ്യ, 18:23; 20:15,16).

വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധിയുടെ വ്യാപ്തിയെ വരച്ചുകാട്ടുന്ന ലേവ്യപുസ്തകത്തിൽ ദൈവം തന്റെ ജനത്തോട്: “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം” (ലേവ്യ, 11:45) എന്ന് ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. തന്റെ വിശുദ്ധിയുടെ അഗാധത ദൃശ്യമായി മനസ്സിലാക്കുവാൻ, തന്റെ സന്നിധിയിലുള്ള ആരാധന എത്രമാത്രം വിശുദ്ധി നിറഞ്ഞതായിരിക്കണമെന്ന് ദൈവം അവർക്കു വിശദമാക്കിക്കൊടുക്കുകയും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അവരുടെ കണ്മുമ്പിൽ വച്ചുതന്നെ അശുദ്ധിയോടെ ധൂപകലശവുമായി തന്റെ സന്നിധിയിലേക്കു വന്ന അഹരോന്റെ പുത്രന്മാരായ നാദാബിനെയും അബീഹുവിനെയും ദഹിപ്പിച്ചുകളഞ്ഞ സർവ്വശക്തനായ ദൈവം, തന്റെ ജനമായിത്തീരുന്നതിന് സമ്പൂർണ്ണമായ വിശുദ്ധി ആവശ്യമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. തങ്ങൾ അശുദ്ധരാകാതിരിക്കുവാൻ ബാഹ്യമായ പല കാര്യങ്ങളിലും ശുഷ്കാന്തി കാണിച്ചിരുന്നുവെങ്കിലും യിസ്രായേൽ മക്കൾ പലപ്പോഴും അന്യദൈവങ്ങളെ ആരാധിച്ചിരുന്നു. തങ്ങളുടെ ഹൃദയങ്ങളിൽ അന്യദൈവങ്ങൾക്കു സ്ഥാനം നൽകി ആന്തരിക വിശുദ്ധി നഷ്ടപ്പെടുത്തിയ അവർ ബാഹ്യമായി നടത്തിയിരുന്ന വിശുദ്ധിയുടെ പ്രദർശനം ദൈവത്തിനു വെറുപ്പായിരുന്നു. അതുകൊണ്ടാണ് പത്രൊസ്: “നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.” (1പത്രൊ, 1:15) എന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധ നിവാസമാകേണ്ടതിനാണ് നമ്മെ ഓരോരുത്തരേയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. (എഫെ, 2:19-22). (വേദഭാഗം: ലേവ്യർ 10:1-11:45).

ദൈവത്തോടുള്ള ഒഴികഴിവുകൾ

ദൈവത്തോടുള്ള ഒഴികഴിവുകൾ

മിസ്രയീമ്യ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ വിടുവിക്കുന്നതിന് ഫറവോന്റെ അടുത്തേക്ക് അയയ്ക്കുന്നതിനായി എൺപതു വയസ്സുകാരനായ മോശെയെ അത്യുന്നതനായ ദൈവം എരിയുന്ന മുൾപ്പടർപ്പിന്റെ നടുവിൽനിന്ന് ‘മോശെ, മോശെ’ എന്നു പേർചൊല്ലി വിളിച്ചു. അവന്റെ ദൗത്യം വിശദീകരിച്ച യഹോവയാം ദൈവം മോശെയെ ‘ആകയാൽ ഇപ്പോൾ വരുക’ (പുറ, 3:10) എന്നു വിളിക്കുമ്പോൾ മോശെ പല ഒഴികഴിവുകൾ നിരത്തിവച്ച് ദൈവവിളിയിൽനിന്നു രക്ഷപ്പെടുവാൻ ശ്രമിച്ചു. തനിക്ക് ഫറവോന്റെ അടുക്കൽ പോകുവാനോ യിസ്രായേൽമക്കളെ വിടുവിച്ചുകൊണ്ടുവരുവാനോ ഉള്ള യോഗ്യതയില്ല എന്ന മറുപടിയാണ് മോശെ ആദ്യം നൽകിയത്. “തീർച്ചയായും ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് ദൈവം അവനോട് അരുളിച്ചെയ്തപ്പോൾ “അവന്റെ നാമം എന്ത്?” എന്നു ചോദിച്ചാൽ താനെന്ത് മറുപടി പറയണം എന്നാണ് മോശെ വീണ്ടും ദൈവത്തോടു ചോദിച്ചത്. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു” എന്ന് യിസ്രായേൽ മക്കളോടു പറയുവാൻ യഹോവ കല്പ്പിക്കുമ്പോൾ ആ ദൗത്യം സ്വീകരിക്കുവാനുള്ള വൈമനസ്യത്താൽ മോശെ, യിസ്രായേൽ മക്കൾ തന്നെ വിശ്വസിക്കുകയോ തന്റെ വാക്കുകൾ കേൾക്കുകയോ ചെയ്യാതെ, “യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും” എന്നു പറഞ്ഞു. തദനന്തരം യിസ്രായേൽ മക്കൾ വിശ്വസിക്കേണ്ടതിനായി അവരുടെ മുമ്പിൽ മൂന്ന് അടയാളങ്ങൾ പ്രവർത്തിക്കുവാൻ ദൈവം മോശെയെ അധികാരപ്പെടുത്തിയപ്പോൾ മോശെ വീണ്ടും “ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞ് ദൈവത്തിന്റെ വിളിയിൽനിന്നു രക്ഷപ്പെടുവാൻ ശ്രമിച്ചു. “ഞാൻ നിന്റെ വായോടുകൂടെ ഉണ്ടായിരിക്കും; നീ പറയേണ്ടതെന്തെന്നു ഞാൻ നിനക്ക് ഉപദേശിച്ചുതരും” എന്ന് ദൈവം മറുപടി നൽകിയപ്പോൾ മറ്റൊഴികഴിവുകൾ ഒന്നും പറയുവാനില്ലാതെ മോശെ, “അയ്യോ, യഹോവേ, ദയവുണ്ടായി മറ്റാരെയെങ്കിലും അയയ്ക്കണമേ’ എന്ന് ദൈവത്തോട് അപേക്ഷിച്ചു. അപ്പോൾ ദൈവത്തിന്റെ കോപം മോശെയ്ക്കുനേരേ ജ്വലിച്ചതായി തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു. മോശയെപ്പോലെ ഒഴികഴിവുകൾ പറഞ്ഞ് പലപ്പോഴും ദൈവത്തിന്റെ വിളി തിരസ്കരിക്കുന്നവർ അനേകരാണ്. ഓരോരുത്തരുടെയും പരിമിതികളും ബലഹീനതകളും യഥാർത്ഥമായി അറിയുന്ന ദൈവമാണ് തന്നെ വിളിക്കുന്നതെന്നു ബോദ്ധ്യമുള്ള ഒരുവനും ആ വിളി നിരസിക്കുവാൻ കഴിയുകയില്ല. ആകയാൽ ഇപ്പോൾ വരുക! ദൈവവിളി അനുസരിക്കുക! (വേദഭാഗം: പുറപ്പാട് 3:1-4:18).

അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

യിസായേൽമക്കൾ മിസ്രയീംദേശത്ത് അത്യന്തം വർദ്ധിച്ചതുകൊണ്ട് ആശങ്കപുണ്ട മിസ്രയീം രാജാവ് എബ്രായ സൂതികർമ്മിണികളായ ശിപ്രായോടും പൂവായോടും: “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.” (പുറ, 1:16). പ്രസവശയ്യയിൽവച്ച് കുഞ്ഞിനെ കൊല്ലുന്നത് വളരെ എളുപ്പമായിരുന്നു. എന്തെന്നാൽ പ്രസവവേദനയാൽ പിടയുന്നതിനാൽ അമ്മയ്ക്കുപോലും തന്റെ കുഞ്ഞിനെ കൊന്നതാണെന്നു മനസ്സിലാക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ദൈവത്തെ ഭയപ്പെട്ടിരുന്ന ശിപ്രായും പൂവായും രാജാവിന്റെ കല്പന അനുസരിക്കാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അടിമകളായിരുന്ന അവർക്കു രാജകല്പന അനുസരിച്ചാൽ നേടാമായിരുന്ന വമ്പിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയാണ് അവർ ഇപ്രകാരം പ്രവർത്തിച്ചത്. മാത്രമല്ല, രാജകല്പന തിരസ്കരിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നേരിടുവാനും അവർ തയ്യാറായിരുന്നു. ദൈവഭയത്തോടും ഭക്തിയോടും ദൈവജനത്തിന്റെ അഭിവൃദ്ധിക്കായി അവർ പ്രവർത്തിച്ചത് മറ്റാരും അറിഞ്ഞിരുന്നില്ലെങ്കിലും ദൈവം കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് ദൈവം അവർക്കു നന്മ ചെയ്യുകയും ഭവനങ്ങൾ നൽകി അനുഗ്രഹിക്കുകയും (പുറ, 1:21) തിരുവചനത്തിൽ അവരുടെ പേരുകൾ ലിഖിതമാക്കുകയും ചെയ്തു. ജീവിതയാത്രയിൽ നാം ആയിരിക്കുന്ന സ്ഥാനങ്ങളിൽ ദൈവഭയത്തോടും ഭക്തിയോടും വിശ്വസ്തതയോടും ഒത്തുതീർപ്പിനോ വിട്ടുവീഴ്ചയ്ക്കോ വശംവദരാകാതെ പ്രവർത്തിക്കുമ്പോൾ, ശിപ്രായേയും പൂവായെയും പോലെ സാധാരണക്കാരായ നമ്മെയും തനിക്കായി അസാധാരണമായ കാര്യങ്ങൾ ചെയ്യുവാൻ ദൈവം ഉപയോഗിക്കും. (വേദഭാഗം: പുറപ്പാട് 1:8-22).

ദൈവത്തോടുകൂടെ നടക്കുന്നവർ

ദൈവത്തോടുകൂടെ നടക്കുന്നവർ

സഹോദരന്മാർ യോസേഫിനെ അടിമയായി വിറ്റുവെങ്കിലും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നുവെന്ന് ഉൽപത്തി പുസ്തകം 39-ാം അദ്ധ്യായത്തിൽ നാലു പ്രാവശ്യം പ്രഖ്യാപിച്ചിരിക്കുന്നു (ഉല്പ, 39:2,3, 21, 23). പോത്തീഫറിന്റെ ഭവനത്തിൽ അടിമയായി എത്തിയ യോസേഫിനോടു കൂടെ യഹോവ ഉണ്ടായിരുന്നതിനാൽ അവൻ ആ ഭവനത്തിന്റെ മേൽവിചാരകൻ ആയിത്തീർന്നു. പോത്തീഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങൾക്കു കീഴ്പ്പെട്ട് അവളുമായി പാപം ചെയ്യാതിരുന്നതിനാൽ അവൻ അന്യായമായി കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടുവെങ്കിലും അവിടെയും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ കാരാഗൃഹപമാണിക്ക് അവനോടു ദയ തോന്നി തടവുകാരുടെ മേൽനോട്ടം വഹിക്കുവാൻ അവനെ ചുമതലപ്പെടുത്തി. താൻ വിളിച്ചു വേർതിരിക്കുന്നവരെ താൻ ആഗ്രഹിക്കുന്ന പദവികളിലേക്ക് ഉയർത്തേണ്ടതിനായി ദൈവം അവരെ കഠിനമായ കഷ്ടനഷ്ടങ്ങളിലൂടെ കടത്തിവിടുമ്പോഴും ദൈവം അവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യോസേഫിന്റെ അനുഭവങ്ങൾ തെളിയിക്കുന്നു. അതോടൊപ്പം അനുയോജ്യമായ സാഹചര്യങ്ങളിൽ പാപത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകാതെ വിശുദ്ധിയോടും വിശ്വസ്തതയോടും ദൈവത്തോടു പറ്റിനിൽക്കുന്നവർക്കു മാത്രമേ ദൈവത്തിന്റെ വാഗ്ദാനങ്ങൾ പ്രാപിക്കുവാൻ കഴിയുകയുള്ളുവെന്ന് യോസേഫിന്റെ ജീവിതം തെളിയിക്കുന്നു. വേദഭാഗം: ഉല്പത്തി 36:1-39:23).