പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ്

“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാൻ 4:24)

“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവ് 59:21)

ആത്മാവിനെ കുറിക്കുന്ന റൂവഹ് എന്ന എബ്രായപദം പഴയനിയമത്തിൽ 378 പ്രാവശ്യവും, റൂവഹ് എന്ന ആരാമ്യപദം 11 പ്രാവശ്യവും (ദാനീയേലിൽ മാത്രം) ഉണ്ട്. പുതിയനിയമത്തിൽ ആത്മാവിനെ കുറിക്കുന്ന പ്ന്യുമാ എന്ന പദം 385 പ്രാവശ്യമുണ്ട്. പരിശുദ്ധാത്മാവ് (Holy Spirit) എന്ന പ്രയോഗം പഴയനിയമത്തിൽ മൂന്നു പ്രാവശ്യവും (സങ്കീ, 51:11; യെശ, 63:10; 63:11), പുതിയനിയമത്തിൽ തെണ്ണൂറ് പ്രാവശ്യവുമുണ്ട്. ആദ്യപ്രയോഗം മത്തായി 1:18-ൽ. പഴയനിയമത്തിൽ റൂവഹ് എന്ന പ്രയോഗം ദൈവത്തിൻ്റെ ‘ആത്മാവു’ (Spirit) എന്നതിനെക്കാൾ ഉപരിയായി ‘കാറ്റു’ (wind) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആത്മാവെന്ന് എൺപത്തഞ്ചോളം പ്രാവശ്യവും (ഉല്പ, 1:2), കാറ്റെന്നു തൊണ്ണൂറോളം പ്രാവശ്യവും ഉണ്ട്. (ഉല്പ, 8:1). കൂടാതെ മനുഷ്യൻ്റെ ആത്മാവ്, മനസ്സ്, സ്വഭാവം, ചൈതന്യം, ഉയിര് (mind, spirit, soul) എന്നീ അർത്ഥങ്ങളിൽ എഴുപത്തഞ്ചോളം പ്രാവശ്യവും, ദൈവത്തിൻ്റെ ‘ശ്വാസം’ (breath, Spirit, blast) പതിനഞ്ചോളം പ്രാവശ്യമുണ്ട്. മനുഷ്യൻ്റെ ശ്വാസം (breath, spirit) ഇരുപത്തഞ്ചോളം പ്രാവശ്യമുണ്ട്. പിന്നെ, ജീവികളുടെ ആത്മാവു (spirit of living creature): (യെഹെ, 1:20;  1:21; 10:17), സംശയത്തിൻ്റെ ആത്മാവ് (spirit of jealousy): (സംഖ്യാ, 5:14; 5:30), ദുരാത്മാവ് (evil spirit): (ന്യായാ, 9:23; 1ശമൂ, 16:15; 16:16; 16:23; 18:10; 19:9), ഭോഷ്കിൻ്റെ ആത്മാവ് (lying spirit): (1രാജാ, 22:21; 22:22; 22:23; 2ദിന, 18:20; 18:21; 18:22), മലിനാത്മാവ് (unclean spirit): (സെഖ, 13:2), പരസംഗമോഹം (spirit of whoredom): (ഹോശേ, 4:12; 5:4), ഭാഗം, പുറം (side): (1ദിന, 9:24; യെഹെ, 42:16; 42:17; 42:18; 42:19; 42:20) ഇങ്ങനെ ഒരുപാട് അർത്ഥങ്ങളിൽ റൂവഹ് പ്രയോഗിച്ചിട്ടുണ്ട്. 

പുതിയനിയമത്തിൽ ‘പ്ന്യുമാ’ ആത്മാവ് (മത്താ, 4:1), പരിശുദ്ധാത്മാവ് (മത്താ, 1:18), ദൈവത്തിൻ്റെ ആത്മാവ് (റോ, 8:9), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), ക്രിസ്തുവിൻ്റെ മനസ്സ്, ആത്മാവ്, ഉള്ളം (മർക്കൊ, 2:8; 8:12; ലൂക്കൊ, 1:80; 2:40; 23:46; യോഹ 11:33; 13:21; 19:30), യേശുവിൻ്റെ വായിലെ ശ്വാസം (2തെസ്സ, 2:8), സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16), മനുഷ്യൻ്റെ ആത്മാവ് (ലൂക്കൊ, 8:55), മനുഷ്യൻ്റെ മനസ്സ് (പ്രവൃ, 17:16; 19:21; 1കൊരി, 16:18; 2കൊരി, 2:13; 1പത്രൊ, 3:4),  ദുരാത്മാവ് (മത്താ, 8:16), കാറ്റ് (എബ്രാ, 1:7), ദൂതന്മാർ (എബ്രാ, 1:14) എന്നിത്യാദി അർത്ഥങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. 

ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ വെളിപ്പാടും പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്. പൊതുവെ മനുഷ്യരിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളെല്ലാം അദൃശ്യമായതിനാലാണ് പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണെന്നു പറയുന്നത്. എന്നാൽ പുതിയനിയമത്തിൽ രണ്ടു പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ദൃശ്യരൂപത്തിൽ വെളിപ്പെട്ടതായി കാണാം: ഒന്ന്; യേശുവിൻ്റെ സ്നാനസമയത്ത്: (ലൂക്കൊ, 3:22).. രണ്ട്; സഭാസ്ഥാപനസമയത്ത്: (പ്രവൃ, 2:3). യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതിനെ, മത്തായി, മർക്കൊസ്, യോഹന്നാൻ തുടങ്ങിയവർ “ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു” എന്നാണ് പറഞ്ഞിരിക്കുന്നത്: (മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32). പ്രാവിനെയല്ല യോഹന്നാൻ കണ്ടത്; പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നു വരുന്നതുപോലെയാണ് കണ്ടത്. പക്ഷെ, അവൻ കണ്ടു: എന്നാൽ ഏത് രൂപത്തിലാണ് കണ്ടതെന്ന് മൂന്നു സുവിശേഷകന്മാരും പറഞ്ഞിട്ടില്ല. എന്നാൽ ലൂക്കൊസിൻ്റെ സുവിശേഷത്തിൽ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ്. (ലൂക്കൊ, 3:22). ദൈവാത്മാവിനു ഒരു ദേഹരൂപം അഥവാ ശരീരത്തിൻ്റെ രൂപമുണ്ടായിരുന്നു; ആ ശരീരരൂപം (bodily shape/physical form) പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നിറങ്ങുന്നതുപോലെ, യേശുവിൻ്റെമേൽ പറന്നിറങ്ങുകയായിരുന്നു. അപ്പോൾ യോഹന്നാൻ സ്നാപകൻ യേശുവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കണ്ടത് ഒരു ശരീരരൂപത്തിൽ അഥവാ ഒരു മനുഷ്യൻ്റെ രൂപത്തിലാണ് കണ്ടത്. സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസിൻ്റെതന്നെ പ്രവൃത്തികളുടെ പുസ്തകത്തിൽ “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.” (പ്രവൃ, 2:3). അവിടെയും പിളർന്നിരിക്കുന്ന നാവിൻ്റെ രൂപത്തിലാണ് (cloven tongues) ആത്മാവ് അവർക്കു പ്രത്യക്ഷമായത്; അത് അഗ്നിജ്വാലപോലെ (like as of fire) അഥവാ തീനാളം പോലെയായിരുന്നു. ഈ രണ്ടു പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് പരിശുദ്ധാത്മാവ് ദൃശ്യമായ രൂപത്തിൽ വെളിപ്പെട്ടതായി കാണുന്നത്.

പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരൊറ്റ പ്രയോഗംപോലും ബൈബിളിൽ ഇല്ലാത്തതിൻ്റെ കാരണം; പുത്രനും പരിശുദ്ധാത്മാവും  പിതാവിൽനിന്ന് വ്യതിരിക്തർ അല്ലാത്തതുകൊണ്ടാണ്. [സുവിശേഷ ചരിത്രകാലത്തു മനുഷ്യനെന്ന നിലയിൽ ക്രിസ്തു വ്യതിരിക്തനായിരുന്നു. (യോഹ, 8:16,29;16:32)]. പഴയനിയമത്തിൽ പലരിലും പരിശുദ്ധാത്മാവ് ആവസിച്ചിരുന്നു: ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയായിട്ടും ദിവ്യജ്ഞാനമായിട്ടും ആത്മാവ് അവരിൽ പ്രവർത്തിച്ചിരുന്നു.  യോസേഫിന് സ്വപ്നം വ്യാഖ്യാനിക്കാനുള്ള ജ്ഞാനമായിട്ടും (ഉല്പ, 41:38), മോശെയ്ക്കും എഴുപത് മൂപ്പന്മാക്കും യോശുവയ്ക്കും തൻ്റെ ജനത്തെ നടത്തുവാനുള്ള ശക്തിയായിട്ടും (സംഖ്യാ, 11:17; 11:25; 27:18), ബെസലേലിന് സമാഗമനകൂടാരം പണിയുവാൻ ദിവ്യജ്ഞാനമായിട്ടും (പുറ, 31:2-5), കാലേബിനും ഗിദെയോനും യിഫ്താഹിനും ശിംശോനും ശത്രുക്കളിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കുവാൻ അതീന്ദ്രിയ ശക്തിയായിട്ടും (ന്യായാ, 3,9,10; 6:34; 11:29; 13:25; 14:6,19; 25:14), ശൗൽ ദാവീദ് തുടങ്ങിയവർക്ക് തൻ്റെ ജനത്തെ ഭരിക്കുവാനുള്ള കൃപയായിട്ടും (1ശമൂ, 10:6; 16:13), ദാനീയേയേലിനു സ്വപ്നവ്യാഖ്യാനത്തിനുള്ള ജ്ഞാനമായിട്ടും (4:8), പ്രവാചകന്മാരിൽ ഭാവിസംഭങ്ങളെ വെളിപ്പെടുത്തുന്ന അതീന്ദ്രിയ ജ്ഞാനമായിട്ടും ദൈവത്തിൻ്റെ ആത്മാവ് പ്രവർത്തിച്ചിരുന്നു. (1പത്രൊ, 1:11). എന്നാൽ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയായി ഒരിടത്തും പറഞ്ഞിട്ടില്ല. 

പുതിയനിയമത്തിൽ വ്യക്തിത്വത്തിൻ്റെ സവിശേഷതകൾ പരിശുദ്ധാത്മാവിൽ കാണാൻ കഴിയും: സ്നേഹം (റോമ, 15:30), ബുദ്ധി (1കൊരി, 2:10,11; റോമ, 8:27), ഇച്ഛാശക്തി (1കൊരി, 12:11), ദുഃഖം (എഫെ, 4:30). വ്യക്തികളുടെ പ്രവൃത്തികൾ പരിശുദ്ധാത്മാവ് ചെയ്യുന്നു: ഉപദേശിക്കുന്നു (യോഹ, 14:26), സാക്ഷ്യം പറയുന്നു (യോഹ, 15:26), സംസാരിക്കുന്നു (പ്രവൃ, 8:29; 10:19,20; 11:12; 13:2; 28:27), എടുത്തുകൊണ്ടു പോകുന്നു (പ്രവൃ, 8;39), നിയോഗിക്കുന്നു (പ്രവൃ, 13:2), വിലക്കുന്നു (പ്രവൃ, 16:6), നടത്തുന്നു (റോമ, 8;14), ഞരങ്ങിക്കൊണ്ടു പക്ഷവാദം ചെയ്യുന്നു (റോമ, 8:36), ആരായുന്നു (1കൊരി, 2:10), വിളിക്കുന്നു (ഗലാ, 4:6). വ്യക്തികളോടു ചെയ്യുന്ന പ്രവൃത്തികൾ പരിശുദ്ധാത്മാവിനോടു ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു: ദൂഷണം പറയുന്നു (മത്താ, 12:30,31; മർക്കൊ, 3:29; ലൂക്കൊ, 12:10), വ്യാജം കാണിക്കുന്നു (പ്രവൃ, 5:3), ദുഃഖിപ്പിക്കുന്നു (എഫെ, 4:30). പരിശുദ്ധാത്മാവ് ദൈവംതന്നെ ആയതുകൊണ്ടാണ് അഥവാ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട് ആയതുകൊണ്ടാണ് വ്യക്തിത്വത്തിൻ്റെ സവിശേഷഗുണങ്ങളെല്ലാം പരിശുദ്ധാത്മാവിൽ കാണുന്നത്; അല്ലാതെ മറ്റൊരു വ്യക്തിയായതുകൊണ്ടല്ല.

യേശുവെന്ന മനുഷ്യനോടുള്ള ബന്ധത്തിൽ: ക്രിസ്തുവിൻ്റെ ജനനത്തിലും ശുശ്രൂഷയിയിലും മരണത്തിലും ഉയിർപ്പിലും പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ കാണാം. പരിശുദ്ധാത്മാവിലാണ് യേശുവെന്ന മനുഷ്യശിശു കന്യകാമറിയയിൽ ഉരുവാകുന്നത്: ദൂതൻ മറിയയോടു: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35; മത്താ, 1:18,20). വളർച്ചയിൽ ആത്മാവ് അവനെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. (ലൂക്കോ, 2:40). സ്നാനസമയത്ത് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തു. (പ്രവൃ, 10:38; മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22; യോഹ, 1:32). അനന്തരം അവൻ ആത്മാവിനാൽ നിറയപ്പെട്ടു. (ലൂക്കോ, 4:1). ആത്മാവ് അവനെ പരീക്ഷയിലേക്ക് നടത്തി. (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1). പരീക്ഷാനന്തരം ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചു. (ലൂക്കൊ, 4:14,18,19). ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. (മത്താ, 12:28). ആത്മാവിനാലാണ് ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു. (എബ്രാ, 9:14). ആത്മാവിനാൽ ക്രിസ്തു പുനരുത്ഥാനം ചെയ്തു. (1പത്രൊ, 3:18; റോമ, 8:11). 

വിശ്വാസികളോടുള്ള ബന്ധത്തിൽ: പരിശുദ്ധാത്മാവാണ് പാപത്തെക്കുറിച്ചും നീതിയെക്കുറുറിച്ചും വരുവാനുള്ള ന്യായവിധിയെക്കുറിച്ചും മനുഷ്യർക്ക് ബോധം വരുത്തുന്നത്. (യോഹ, 16:7,8). വീണ്ടുംജനിപ്പിക്കുന്നു. (യോഹ, 3:3-6). എന്നേക്കും കൂടെയിരിക്കുന്നു. (യോഹ, 14:6). വ്യക്തിയുടെ ശരീരം ആത്മാവിൻ്റെ മന്ദിരമാക്കുന്നു. (1കൊരി, 6:19). പരിശുദ്ധാത്മാവിനാൽ മുദ്രയിടുന്നു. (2കൊരി, 1:22; എഫെ, 1:14; 4:30). പരിശുദ്ധാത്മാവ് നടത്തുന്നു. (റോമ, 8:14). ദൈവത്തിൻ്റെ മക്കളാണെന്ന ഉറപ്പുനല്കുന്നു. (റോമ, 8:16). കൃപാവരങ്ങൾ നല്കുന്നു. (1കൊരി, 12:8-11). അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുന്നു. (എഫെ, 3:16). പ്രാർത്ഥനയിൽ സഹായിക്കുന്നു. (റോമ, 8:26). മർത്യശരീരങ്ങളെയും ജീവിപ്പിക്കും. (റോമ, 8:11).

പരിശുദ്ധാത്മാവിൻ്റെ പേര്: അസ്തിത്വദ്യോതകമാണ് പേര്. പേരുകൂടാതെ ലോകത്തിൽ ഒന്നും നിലനില്ക്കുന്നില്ല. സ്വതന്ത്രമായി നിലനില്ക്കുന്നതും വേർതിരിച്ച് അറിയാൻ ആവശ്യമായതുമായ വ്യക്തിയോ വസ്തുവോ എന്തായാലും അതിനൊരു പേരുണ്ടാകും. അല്ലെങ്കിൽ അതിന് സ്വതന്ത്രമായ അസ്തിത്വമില്ലെന്നാണ് അർത്ഥം. ഉദാ: ഒരു ചുഴലിക്കാറ്റു വന്നാലും കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ്, ഒമിക്രോൺ എന്നിങ്ങനെ മൂന്നാലുപേരുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങളെ സൃഷ്ടിക്കുകയും അവയെ പേർചൊല്ലി വിളിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും ചെയ്തവനും, (യെശ, 49:26; 147:4), ഭൂമിയിലെ തൻ്റെ സൃഷ്ടികൾക്കെല്ലാം ആദാമിനെക്കൊണ്ട് പേരിടുവിച്ചവനുമായ ദൈവം, മൂന്നു വ്യക്തികളായിരിക്കുകയും, അതിൽ എല്ലാവർക്കും പേരില്ലെന്നു പറയുകയും ചെയ്താൽ ശരിയാകുമോ? പേരിൻ്റെ ആവശ്യകത എത്രത്തോളമാണെന്ന് ദൈവം മോശെയെ വീണ്ടെടുപ്പുകാരനായി മിസ്രയീമിലേക്ക് അയക്കുന്നതിനോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം. (പുറ, 3:13-15). അതിനാൽ പരിശുദ്ധാത്മാവിൻ്റെ പേരെന്താണെന്നു ചോദിച്ചാൽ; യഹോവയുടെ ആത്മാവാകയാൽ പഴയനിയമത്തിൽ പരിശുദ്ധാത്മാവിൻ്റെ പേര് യഹോവയെന്നും (ന്യായാ, 3:10) പുതിയനിയമത്തിലെ പേര് യേശുക്രിസ്തു എന്നുമാണ്. (യോഹ, 14:26). ബൈബിളിൽ പരിശുദ്ധാത്മാവിന് പ്രത്യേകമായൊരു പേർ പറയാത്തതിൻ്റെ കാരണം; തൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയായല്ലാതെ, ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി പരിശുദ്ധാത്മാവ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലാത്തതിനാലാണ്. അപ്പോൾ ഒരു ചോദ്യംവരും: ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിന് പ്രത്യേകമായൊരു പേരെങ്ങനെ വന്നു? (1തിമൊ, 14:16). ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ പ്രത്യക്ഷതയും തൻ്റെ ഐഹികജീവകാലത്ത് ഏകദേശം 38 വർഷം (ബി.സി. 6-എ.ഡി. 33) ദൈവത്തിൽനിന്ന് വിഭിന്നനായ മനുഷ്യവ്യക്തി ആയിരുന്നതിനാലുമാണ്. (യോഹ, 8:16; 8:29; 14:26; 16:32). “ഞാൻ യിസ്രായേൽ ഗൃഹത്തോടു പുതിയൊരു നിയമം ചെയ്യുന്ന കാലം വരും” എന്ന ദൈവത്തിൻ്റെ പ്രവചനംപോലെ (യിരെ, 31:31-34), ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ പഴയനിയമത്തിന് നിവൃത്തിവരികയും (ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവിൻ്റെയും (യോഹ, 17:11,12) പുത്രൻ്റെയും (യോഹ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) ഏകനാമം യേശുക്രിസ്തു എന്നാകുകയും ചെയ്തു. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13; മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറയുന്നതും (പ്രവൃ, 4:12. ഒ.നോ: യെശ, 45:22), വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും സകലവും കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യാൻ കല്പിച്ചിരിക്കുന്നതും നോക്കുക. (കൊലൊ, 3:17). (കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം)

ആത്മാവിൻ്റെ അദൃശ്യമായ പ്രവർത്തനം: പഴയപുതിയനിയമങ്ങളിൽ പരിശുദ്ധാത്മാവ് അദൃശ്യമായിട്ടാണ് മനുഷ്യരിൽ പ്രവർത്തിക്കുന്നത്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും അത് വ്യക്തമാക്കിയിട്ടുണ്ട്: “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:8). ആത്മസ്നാനത്തിൽ ആത്മാവ് ലഭിച്ചതിൻ്റെ ചില അടയാളങ്ങൾ ശമര്യയിലും (പ്രവൃ, 8:18), കൊർന്നേല്യൊസിൻ്റെ ഭവനത്തിലും (10:45), എഫെസൊസിലും (19:6) ഉണ്ടായിട്ടുണ്ട്. പരിശുദ്ധാത്മാവ് വ്യക്തികളിൽ പ്രവർത്തിക്കുന്നത് അദൃശ്യമായിട്ടാണെങ്കിലും ദൃശ്യമായ ചില വരങ്ങളും ഫലങ്ങളും ആത്മാവ് നല്കുന്നതിനാൽ അവനെ അറിയാനും അനുഭവിക്കാനും കഴിയും. (യോഹ,14:17).

ദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകൾ: അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: “അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.” (മത്തായി 3:13-15). ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് യോർദ്ദാനിൽവെച്ച് ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്:  അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു.” (1തിമൊ, 3:14-16). 2. പരിശുദ്ധാത്മാവ്: “യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:21,22). 3. ദൈവപിതാവിൻ്റെ ശബ്ദം അഥവാ വചനം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം വചനമായി അഥവാ ശബ്ദമായി പഴയനിയമത്തിലും വെളിപ്പെട്ടതിൻ്റെ കൃത്യമായ രേഖ ബൈബിളിലുണ്ട്. യഹോവ നാലുപ്രാവശ്യം ശമൂവേലിനു വചനമായി വെളിപ്പെട്ടതായി കാണാം: (1ശമൂ, 3:4; 3:6,7; 3:8; 3:10). “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).

വിവിധ ആത്മാക്കൾ: 1. അഭിഷിക്തൻ്റെ ആത്മാവ് (1പത്രൊ, 1:11), 2. ആത്മാവ് (മത്താ, 4:1), 3. ആലോചനയുടെ ആത്മാവ് (യെശ, 11:2), 4. ഏഴാത്മാവ് (വെളി, 3:1), 5. കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), 6. കർത്താവിൻ്റെ (ക്രിസ്തു) ആത്മാവ് (2കൊരി, 3:17), 7. കൃപയുടെ ആത്മാവ് (എബ്രാ, 10:29), 8. ക്രിസ്തുവിന്റെ ആത്മാവ് (റോമ, 8:9), 9. ജീവൻ്റെ ആത്മാവ് (റോമ, 8:2), 10. ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3), 11. ജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 12. ദഹനത്തിൻ്റെ ആത്മാവ് (യെശ, 4:3), 13. ദൈവത്തിൻ്റെ ആത്മാവ് (മത്താ, 3:16), 14. നല്ല ആത്മാവ് (നെഹെ, 9:20), 15. നിത്യാത്മാവ് (എബ്രാ, 9:14). 16. ന്യായത്തിൻ്റെ ആത്മാവ് (യെശ, 28:6), 17. ന്യായവിധിയുടെ ആത്മാവ് (യെശ, 4:3), 18. പരിജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 19. പരിശുദ്ധാത്മാവ് (മത്താ, 1:18), 20. പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), 21. പുതിയൊരു ആത്മാവ് (യെശ, 11:19), 22. പുത്രത്വത്തിൻ്റെ ആത്മാവ് (റോമ, 8:15), 23. പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 24. ബലത്തിൻ്റെ ആത്മാവ് (യെശ, 11:2), 25. മനസ്സൊരുക്കമുള്ള ആത്മാവ് (സങ്കീ, 51:12), 26. മഹത്വത്തിൻ്റെ ആത്മാവ് (1പത്രൊ, 4:14), 27. യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), 28. യഹോവയുടെ ആത്മാവ് (ന്യായാ, 3:10), 29. യഹോവാഭക്തിയുടെ ആത്മാവ് (യെശ, 11:2), 30. യാചനയുടെ ആത്മാവ് (സെഖ, 12:10), 31. യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), 32. യേശുക്രിസ്തുവിൻ്റെ ആത്മാവ് (ഫിലി, 1:19), 33. വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് (എഫെ, 1:14), 34. വിവേകത്തിന്റെ ആത്മാവ് (യെശ, 11:2), 35. വിശുദ്ധിയുടെ ആത്മാവ് (റോമ, 1:5), 36. വിശ്വാസത്തിൻ്റെ ആത്മാവ് (2കൊരി, 4:13), 37. വെളിപ്പാടിൻ്റെ ആത്മാവ് (എബെ, 1:17), 38. ശക്തിയുടെ ആത്മാവ് (2തിമൊ, 1:7), 39. സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16), 40. സുബോധത്തിൻ്റെ ആത്മാവ് (2തിമൊ, 1:7), 41. സൗമ്യതയുടെ ആത്മാവ് (ഗലാ, 6:1), 42. സ്ഥിരമായോരാത്മാവ് (സങ്കീ, 51:10), 43. സ്നേഹത്തിൻ്റെ ആത്മാവ് (2തിമൊ, 1:7). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ മേല്പറഞ്ഞ ആത്മാക്കളൊക്കെ ആരായെന്താ എന്നൊക്കെ ആര് പറയും; എന്ത് നിർവ്വചനമാണ് കൊടുക്കാൻ പറ്റുന്നത്?

ദൈവത്തിന്റെ ആത്മാവ് ഒരിക്കലും ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നിട്ടില്ല. എന്നാൽ ദൈവത്തിൻ്റെ ക്രിസ്തു മനുഷ്യനെന്ന നിലയിൽ മുപ്പത്തിയെട്ട് വർഷം (ബിസി. 6–എ.ഡി. 33) വിഭിന്നനായിരുന്നു. അപ്പോഴും ദൈവം ഏകവ്യക്തിതന്നെ ആയിരുന്നു; വിഭിന്നനായിരുന്നത് ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു വ്യക്തിയാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ കാണാം:

1. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ദൈവം മൂന്നു വ്യക്തിയാണെന്ന് പറയുന്നവർ ഈ വാക്യമെങ്കിലും വിവേചിച്ചു പഠിച്ചിരുന്നെങ്കിൽ…! “ദൈവം ആത്മാവുകുന്നു” എന്നു പറഞ്ഞശേഷം “അവരെ നമസ്കരിക്കണം എന്നല്ല; അവനെ നമസ്കരിക്കണം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം മൂന്നു വ്യക്തിയാണെങ്കിൽ ‘അവനെ’ നമസ്കരിക്കണമെന്ന് ഏകവചനത്തിൽ പറയുമായിരുന്നോ? ദൈവം ആത്മാവാകുന്നപോലെ, പരിശുദ്ധാത്മാവും ആത്മാവാണ്. രണ്ടാത്മാക്കളും വിഭിന്നരാണെങ്കിൽ “അവരെ നമസ്കരിക്കണം” എന്നല്ലേ പറയേണ്ടത്? വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴാത്മാവിനെക്കുറിച്ച് പറയുന്നുണ്ട്. (3:1). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും വിഭിന്ന വ്യക്തികളായി വിഭജിക്കുമ്പോൾ, ദൈവത്തിൻ്റെ ഏഴാത്മാവിനെ എന്തുചെയ്യും? ഭാഷയുടെ വ്യാകരണനിയമങ്ങളെല്ലാം അതിലംഘിക്കുന്ന ഉപദേശമാണ് ത്രിത്വം. ബൈബിളിലെ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള അദൃശ്യമായ വെളിപാടാണ്.

2. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവപിതാവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും. ഏഴാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്: നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. ഇപ്പോൾ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം. 

3. ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതായി യെശയ്യാവ് കണ്ടത്  സൈന്യങ്ങളുടെ ദൈവമായ യഹോവയെയാണ്. (യെശ, 6:1-5). യെശയ്യാവ് കണ്ട തേജസ്സും കേട്ട ശബ്ദവും യഹോവയുടെയായിരുന്നു. (യെശ, 1:5,8). എന്നാൽ യെശയ്യാവ് യേശുവിൻ്റ തേജസ്സാണ് കണ്ടതെന്ന് യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നു. (യോഹ, 12:41). കേട്ട ശബ്ദം പരിശുദ്ധാത്മാവിൻ്റെ ആയിരുന്നെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 28:26,27). യഹോവയായ ദൈവത്തെയും ദൂതന്മാരെയുമല്ലാതെ മറ്റൊരു ദൈവവ്യക്തിയെ യെശയ്യാവ് സ്വർഗ്ഗത്തിൽ കണ്ടിരുന്നില്ലെന്നോർക്കുക. സ്വർഗ്ഗത്തിൽ കണ്ട യഹോവയും ഭുമിയിൽ മനുഷ്യനായി വെളിപ്പെട്ട യേശുവും യേശുവിൻ്റെമേൽ ആവസിച്ച പരിശുദ്ധാത്മാവും ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും നിത്യമായ അസ്തിത്വത്തിൽ ഏകവ്യക്തിയുമാണെന്ന് തെളിയുന്നു.

4. സ്നാനത്തിൽ ദേഹരൂപത്തിലാണ് പരിശുദ്ധാത്മാവ് യേശുവിൻ്റമേൽ ആവസിച്ചത്. (മത്താ, 3:16). പിതാവിൻ്റെ ശബ്ദം സ്വർഗ്ഗത്തിൽനിന്നു കേൾക്കുകയും ചെയ്തു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22). യേശുക്രിസ്തു ദൈവാത്മാവിനാലും കർത്താവിൻ്റെ ശക്തിയാലും അത്ഭുതങ്ങളെ പ്രവർത്തിച്ചതായും പറഞ്ഞിട്ടുണ്ട്. (മത്താ, 12:28; ലൂക്കൊ, 5:17). എന്നാൽ പത്രൊസ് പറഞ്ഞിരിക്കുന്നു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). പരിശുദ്ധാത്മാവാണ് യേശുവിൻ്റെമേൽ ആവസിച്ചത്; എന്നാൽ ദൈവമാണ് യേശുവിൻ്റെ കൂടെയിരുന്ന് പ്രവർത്തിച്ചതെന്ന് പത്രൊസ് പറയുന്നു; പിതാവും ആത്മാവും ഒന്നാണെന്ന് വ്യക്തമല്ലേ?

5. പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച ശേഷമാണ് ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:18,19). എന്നാൽ പരിശുദ്ധാത്മാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു ഒരിക്കലും പറഞ്ഞിട്ടില്ല; അപ്പോൾത്തന്നെ പിതാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്: പിതാവിനെ, തന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 5:32,37). പിതാവ് തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ‘ഏകനല്ല‘ എന്ന് പറഞ്ഞിരിക്കുന്നു. (യോഹ, 8:16;  8:29; 16:32). ‘ഞാൻ പിതാവിലും പിതാവു എന്നിലും‘ ആകുന്നു എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 10:38; 14:10,11). പിതാവും പുത്രനും ‘തമ്മിൽ സംസാരിക്കുന്നു.’ (യോഹ, 12:28). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 14:23). ‘നിന്നെയും യേശുക്രിസ്തുവിനെയും‘ എന്നിങ്ങനെ തന്നെയും പിതാവിനെയും ക്രിസ്തു വേർതിരിച്ചു പറഞ്ഞിരിക്കുന്നു. (യോഹ, 17:3). പരിശുദ്ധാത്മാവ് തൻ്റെമേൽ ആവസിച്ചു; പിതാവ് തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു പറഞ്ഞു; പിതാവും പരിശുദ്ധാത്മാവും ഒരാൾ തന്നെയല്ലേ?

6. പിതാവ് മറ്റൊരു വ്യക്തിയായി തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നതു കൂടാതെ, ദൈവപിതാവാണ് ക്രിസ്തുവിൻ്റെ കൂടെവസിച്ച് അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതെന്ന് അപ്പസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായി പ്രത്രൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). എന്നാൽ, താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നു: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32; മർക്കൊ, 3:29; ലൂക്കോ, 12:10). ദൈവപിതാവാണ് യേശുവിൻ്റെ കൂടെയുള്ളതെന്നു പത്രൊസും തൻ്റെകൂടെയുള്ള വ്യക്തി പിതാവാണെന്നും യേശുവും പറഞ്ഞു; എന്നാൽ തൻ്റെകൂടെയിരുന്ന് പ്രവർത്തിക്കുന്ന അഥവാ താൻ ചെയ്യുന്ന പ്രവൃത്തികളെ ദുഷിച്ചുപറഞ്ഞാൽ; അത് ആത്മാവിനെതിരെയുള്ള ദൂഷണമാണ്. അപ്പോൾ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമായില്ലേ? പിതാവും പരിശുദ്ധാത്മാവും വ്യതിരിക്തരാണെങ്കിൽ, തൻ്റെ പ്രവൃത്തികൾക്ക് എതിരെയുള്ള ദൂഷണം തൻ്റെകൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പിതാവിന് എതിരെയാണല്ലോ; അപ്പോൾ പിതാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കയില്ല എന്നല്ലേ പറയേണ്ടത്?

7. പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ സ്നേഹിക്കുന്നതായി പറഞ്ഞിട്ടില്ല. പിതാവ് പുത്രനെ സ്നേഹിക്കുന്നു: “പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.” (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). പുത്രൻ പിതാവിനെ സ്നേഹിക്കുന്നു: “എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.” (യോഹ, 14:31). ഇവിടെയൊരു സംശയം തോന്നാം; ദൈവം ഒരു വ്യക്തിയാണെങ്കിൽ, പിതാവും പുത്രനും തമ്മിൽ എങ്ങനെ സ്നേഹിക്കാൻ കഴിയും? പാപപരിഹാര ശുശ്രൂഷയോടുള്ള ബന്ധത്തിൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു; അതിനാലാണ് പരസ്പരം സ്നേഹിക്കുന്നതായി പറഞ്ഞിരിക്കുന്നത്. (യോഹ, 8:16; 8:29; 14:23; 16:32). ദൈവമല്ല ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (1തിമൊ, 2:5,6; 3:16). എന്നാൽ പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും വിഭിന്നനായിരുന്നിട്ടില്ല. 

8. യേശു പിതാവിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും പിതാവ് തിരിച്ചു പുത്രനെ അഭിസംബോധന ചെയ്തും സംസാരിക്കുന്നതായയും കാണാം; യേശു: ‘പിതാവേ‘ എന്നു വിളിച്ചു പ്രാർത്ഥിക്കുന്നു. (മത്താ, 11:25; 26:39) പിതാവ്: ‘ഇവൻ എൻ്റെ പ്രിയപുത്രൻ‘ എന്നു സംബോധന ചെയ്യുന്നു. (മത്താ, 3:17; 17:5). പിതാവും പുത്രനും തമ്മിൽ സംസാരിക്കുന്നു: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.” (യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനെന്ന നിലയിൽ യേശു ദൈവത്തിൽനിന്നും വേർപെട്ട ഒരു വ്യക്തിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും ഭിന്നനല്ലാത്തതിനാൽ അങ്ങനെ കാണാൻ കഴിയില്ല.

9. ക്രിസ്തു ദൈവത്തിൻ്റെ ആത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്: “എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (എബ്രാ, 9:14). ക്രിസ്തു മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കുന്നതും ദൈവാത്മാവിലാണ്: “ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). എന്നാൽ, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നു പ്രവൃത്തികളുടെ പൂസ്തകത്തിൽ പറഞ്ഞിരിക്കുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23,24. ഒ.നോ: 2:31; 10:40; 13:30; 13:32; 13:37; 17:31). യേശുവെന്ന ഏകമനുഷ്യനെ ആത്മാവും ദൈവവും മരണത്തിൽനിന്ന് വേറെവേറെയായി ഉയിർപ്പിച്ചുവെന്ന് ആരും പറയില്ലല്ലോ. അതിനാൽ, ദൈവവും ആത്മാവും അഭിന്നരല്ലെന്ന് മനസ്സിലാക്കാമല്ലോ?

10. അനന്യാസിനോടും സഫീരയോടുമുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിനെ ദൈവമെന്നും കർത്താവെന്നും അഭിന്നമായി പറയുന്നത് നോക്കുക: “അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? (പ്രവൃ, 5:3). അടുത്തവാക്യം: “അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (പ്രവൃ, 5:4). ആദ്യവാക്യത്തിൽ പരിശുദ്ധാത്മാവെന്ന് പറഞ്ഞിട്ട് അടുത്തവാക്യത്തിൽ ദൈവമെന്ന് പറഞ്ഞിരിക്കുന്നു. ഒമ്പതാം വാക്യം: “പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.” (പ്രവൃ, 5:9). പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചു; ദൈവത്തോടു വ്യാജം കാണിച്ചു; കർത്താവിൻ്റെ (യേശു) ആത്മാവിനെ പരീക്ഷിച്ചു. ഇവിടെയും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്നു തെളിയുന്നു. 

11.യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.” (യിരെ, 10:10). “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). “ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.” (2കൊരി, 3:3). മേല്പറഞ്ഞ വേദഭാഗങ്ങൾ പ്രകാരം ജീവനുള്ള ദൈവമായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവും അവൻ്റെ ആത്മാവും ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം. 

12. പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്; കാര്യസ്ഥനെന്ന് പുത്രനെയും പരിശുദ്ധാത്മാവിനെയും അഭിന്നമായി വിളിച്ചിരിക്കുന്നതു കാണാം. പരിശുദ്ധാത്മാവ്: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16; 14:26; 15:26; 16:7). യേശുക്രിസ്തു: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1യോഹ, 2:1). ഇത് യേശുവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും അഭിന്നത്വമാണ് കാണിക്കുന്നത്. കൂടാതെ, പരിശുദ്ധാത്മാവിനെ, ദൈവത്തിൻ്റെ ആത്മാവെന്നും ക്രിസ്തുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിട്ടുമുണ്ട്: “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.” (റോമ, 8:9).

13. വിശ്വാസിയുടെ ശരീരത്തെ ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും ക്രിസ്തുവിൻ്റെ അവയവങ്ങളെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). “നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.” (1കൊരി, 6:15). അതിനാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകവ്യക്തിയാണെന്ന് മനസ്സിലാക്കാം.

14. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16. ഒ.നോ: 16:7). യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി വരുന്നത് താൻതന്നെയാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ തനിക്ക് എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം:ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക.

15. ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ്റെ യേശുവിനെക്കുറിച്ചൊരു പ്രവചനമുണ്ട്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു സഭയെക്കുറിച്ചുള്ള തൻ്റെ നിർണ്ണയം പ്രഖ്യാപിച്ചിരുന്നു: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). പരിശുദ്ധാത്മാവ് യേശുക്രിസ്തുവിൽ നിന്ന് വ്യതിരിക്തനാണെന്ന് വിചാരിച്ചുകൊണ്ട് ചിലർ പറയുന്നത് കേട്ടിട്ടുണ്ടാകും: യേശുക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല; പരിശുദ്ധാത്മാവാണ് സഭസ്ഥാപിച്ചത്. അങ്ങനെയെങ്കിൽ, യോഹന്നാൻ്റെ പ്രവചനവും ക്രിസ്തുവിൻ്റെ പ്രഖ്യാപനവും അസ്ഥാനത്താണ്; രണ്ടും ഒരുപോലെ പാളിയെന്ന് പറയേണ്ടിവരും. എന്നാൽ വസ്തുതയെന്താണ്: പിതാവായദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട് അവനോടു കൂടെയിരുന്ന് പ്രവർത്തിച്ചതുപോലെ, മഹാദൈവമായ യേശുക്രിസ്തുവാണ് തൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനാൽ സ്നാനം നല്കിക്കൊണ്ട് സഭ സ്ഥാപിച്ചതും ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും. (മത്താ,28;19). എന്തെന്നാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾതന്നെയാണ്; അഥവാ ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളാണ്.

16. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16). എല്ലാവരിലും വ്യാപരിക്കുന്നതും എല്ലാവരിലും ഇരിക്കുന്നതും പിതാവാണെന്നും, യേശുക്രിസ്തുവാണ് ലോകാവസാനത്തോളം കൂടെയിരിക്കുന്നതെന്നും, സത്യത്തിന്റെ ആത്മാവെന്ന കാര്യസ്ഥൻ എന്നേക്കും കൂടെയിരിക്കുമെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനാം കഴിപ്പിപ്പാൻ പറഞ്ഞശേഷം യേശു പറഞ്ഞത്: “ഞങ്ങളോ എന്നല്ല ഞാനോ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ്. (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ യേശുക്രിസ്തുവാണ് നമ്മോടുകൂടെ വസിക്കുന്ന ഏകസത്യദൈവം.

ദൈവം തന്നെ ആത്മാവായിരിക്കെ, ദൈവത്തിൻ്റെ ആത്മാവു’ എന്ന് പറഞ്ഞാൽ അത് മറ്റൊരു വ്യക്തിയെക്കുറിക്കുന്ന പ്രയോഗമാണെന്നു വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. ഒന്ന്; ദൈവം ആത്മാവാണ്. (യോഹ, 4:24). യേശുക്രിസ്തുവും ആത്മാവാണ്. (1കൊരി, 15:45; 2കൊരി, 3:16-18). പരിശുദ്ധാത്മാവും ആത്മാവാണ്. (1പത്രൊ, 4:14). മൂന്നു വിഭിന്നരായ ആത്മാക്കളാണെങ്കിൽ ദൈവം ഏകാത്മാവാണെന്ന് ബൈബിളിൽ എഴുതിവെയ്ക്കില്ലല്ലോ? (യോഹ, 4:24; എഫെ, 2:18; ഫിലി, 1:27). അടുത്തത്; സ്വർഗ്ഗത്തിലുള്ളതെല്ലാം ആത്മാക്കളാണ്. ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെങ്കിൽ, യേശുക്രിസ്തുവിന്റെ ആത്മാവ് ആരാണെന്ന് പറയും? (ഫിലി, 1:19). ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാകുമെങ്കിൽ, യെഹെസ്ക്കേൽ സ്വർഗ്ഗത്തിൽ കണ്ട ജീവികളുടെ ആത്മാവു (spirit of living creature) ആരാണെന്ന് പറയും? (1:20;  1:21; 10:17). ബൈബിൾ ആഖ്യാനത്തെ വിസ്മരിച്ചുകൊണ്ട് തോന്നുംപടി വ്യാഖ്യാനിക്കാൻ പറ്റുമോ?

രണ്ട്; ദൈവത്തിൻ്റെ ആത്മാവിന് സൃഷ്ടിയിൽ പങ്കുള്ളതുകൊണ്ട്, ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് ചിലർ കരുതുന്നു: “ദൈവത്തിന്റെ ആത്മാവു (റൂവഹ്) എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം (നെഷ്മാ) എനിക്കു ജീവനെ തരുന്നു.” (ഇയ്യോ, 33:4). ആത്മാവിനും ശ്വാസത്തിനും സൃഷ്ടിപ്പിൽ പങ്കുള്ളതായി ഇവിടെ പറഞ്ഞിട്ടുണ്ട്; എന്നാൽ ആത്മാവിനു സൃഷ്ടിപ്പിൽ പങ്കുള്ളതായി ഇവിടെ മാത്രമാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ശ്വാസത്തിന് പങ്കുള്ളതായി ഉല്പത്തിയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം (നെഷ്മാ) ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ലിവ്യാഥാൻ്റെ സൃഷ്ടിപ്പിൽ ശ്വാസത്തിനു പങ്കുള്ളതായി സങ്കീർത്തകനും പറഞ്ഞിട്ടുണ്ട്: “നീ നിന്റെ ശ്വാസം (റൂവഹ്) അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.” (സങ്കീ, 104:30). മനുഷ്യൻ്റെ സൃഷ്ടിപ്പിൽ പങ്കുള്ളതുകൊണ്ട് ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ, മനുഷ്യൻ്റെയും ജീവികളുടെയും സൃഷ്ടിപ്പിൽ പങ്കുള്ളതുകൊണ്ട് ദൈവത്തിൻ്റെ ശ്വാസം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? സൃഷ്ടിയിൽ പങ്കുള്ളവയൊക്കെയും ദൈവത്തിൽനിന്ന് വിഭിന്നരായ വ്യക്തിയാണെങ്കിൽ, സൃഷ്ടിപ്പിൽ പങ്കുള്ള ദൈവത്തിൻ്റെ കയ്യെയും (സങ്കീ, 119:73; യെശ, 45:12), ജ്ഞാനത്തെയും (സദൃ, 3:19; യിരെ, 10:12; 51:12), ഭുജത്തെയും (യിരെ, 27:5; 32:17), വലങ്കൈയെയും (യെശ, 48:13), വിവേകത്തെയും (സദൃ, 3:19; യിരെ, 10:12; 51:12), ശക്തിയെയും (യിരെ, 10:12; 51:12), ശ്വാസത്തെയും (ഇയ്യോ, 34:4; സങ്കീ, 104:30) വിഭിന്ന വ്യക്തികളായി കണക്കാക്കുമോ?

മൂന്ന്; ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ താഴെപ്പറയുന്ന ആത്മാക്കൾക്കൊക്കെ ആരു സമാധാനം പറയും? 1. ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2), യഹോവയുടെ ആത്മാവ് (ന്യായാ, 3:10), യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3). 2. യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19), കർത്താവിന്റെ ആത്മാവ് (2കൊരി, 3:17), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 3. ആത്മാവ് (മത്താ, 4:1). പരിശുദ്ധാത്മാവ് (മത്താ, 12:32), നിത്യാത്മാവ് (എബ്രാ, 9:14), ജീവൻ്റെ ആത്മാവ് (റോമ, 8:2), പുതിയൊരു ആത്മാവ് (യെശ, 11:19). പിന്നെ, ദൈവത്തിൻ്റെ ഏഴാത്മാവ് (വെളി, 3:1) ഈ ആത്മാക്കളൊക്കെ ആരാണെന്നു പറയും?

നാല്: റൂവഹിനെ മനുഷ്യൻ്റെ ആത്മാവ്, മനസ്സ്, സ്വഭാവം, ചൈതന്യം, ഉയിര് (mind, spirit, soul) എന്നീ അർത്ഥങ്ങളിൽ എഴുപത്തഞ്ചോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മനുഷ്യൻ്റെ ആത്മാവിനും ആളത്തത്തിൻ്റെ സവിശേഷതകൾ കാണാൻ കഴിയും: ദൈവത്തോടു ചേരുവാൻ കാംക്ഷിക്കുന്നു (സങ്കീ, 42:1), ദൈവത്തിനായി ദാഹിക്കുന്നു (സങ്കീ, 42:1), ഉള്ളിൽ ഞരങ്ങുന്നു (സങ്കീ, 42:5,11; 43:5), വിഷാദിക്കുന്നു (സങ്കീ, 42:6), ശോധന ചെയ്യുന്നു (സങ്കീ, 77:6), മനസ്സിൻ്റെ ഉള്ളറകളെ പരിശോധിക്കുന്നു (സദൃ, 20:27), അന്വേഷിക്കുന്നു (യെശ, 26:9). മനുഷ്യൻ്റെ ആത്മാവിനെ “നീ” എന്ന മധ്യമപുരുഷ സർവ്വനാമത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു. (സങ്കീ, 42:5,11; 43:5). മനുഷ്യൻ്റെ ആത്മാവിനെയും പ്രാണൻ അഥവാ ദേഹിയെയും പ്രത്യേകം പ്രത്യേകം കുറ്റമറ്റതായി സൂക്ഷിക്കാൻ കല്പനയുമുണ്ട്:  “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെങ്കിൽ, മനുഷ്യരുടെ ആത്മാവു മനുഷ്യരിൽനിന്ന് വിഭിന്നനും, ഓരോ മനുഷ്യനും തന്നിൽത്തന്നെ ബഹുത്വമുള്ളവൻ അല്ലെങ്കിൽ ത്രിത്വമാണെന്നും നിങ്ങൾ അംഗീകരിക്കുമോ?

“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ഏകാത്മാവായ ദൈവത്തെ ഏകമനസ്സോടെ ആരാധിക്കാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ!

ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടായ പൂർണ്ണമനുഷ്യനാണെന്നല്ലാതെ, ദൈവപുത്രൻ ദൈവമാണെന്നു ബൈബിൾ പറയുന്നില്ല: (2കൊരി, 5:21; 1തിമൊ, 3:14-16).

പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു ദൈവപുത്രനും (യോഹ, 17:3. ഒ.നോ: 5:44; മത്താ, 4:10; 24:36; ലൂക്കൊ, 4:8) അപ്പൊസ്തലന്മാരും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6: എബ്രാ, 2:11) ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. പിതാവായ ദൈവമെന്നല്ലാതെ; പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരു പ്രയോഗം ഒരിടത്തുമില്ല. പരിശുദ്ധാത്മാവ് പിതാവിൽനിന്നു വ്യതിരിക്തനാണെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നു വ്യതിരിക്തനാണെന്നു പഠിപ്പിക്കുന്ന ട്രിനിറ്റി, ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ എന്തുചെയ്യും? (വെളി, 1:4; 3:1). ഏഴാത്മാവിനെ ത്രിത്വത്തിൽ എങ്ങനെ കൊള്ളിക്കും? ബൈബിളിൽനിന്നു ആ ഭാഗം കീറിക്കളയേണ്ടിവരും.

പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെന്ന് വിശ്വസിക്കുന്നവർക്കുള്ള ചോദ്യങ്ങൾ:

1. “ദൈവം ആത്മാവു ആകുന്നു; അവനെ (ഏകവചനം) നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” ദൈവം ഏകത്മായിരിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവെന്നു പറഞ്ഞാൽ എങ്ങനെയാണ് മറ്റൊരു വ്യക്തിയാകുന്നത്???… (യോഹ, 4:24)

2. ത്രിത്വം പറയുന്ന മൂന്നു വ്യക്തി: പിതാവ് പുത്രൻ പരിശുദ്ധാത്മാവാണ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ത്രിത്വത്തിലെ ഒരു വ്യക്തിയായ പിതാവിൻ്റെ ആത്മാവ് ആരാണെന്ന് പറയും???… (മത്താ, 10:20). ത്രിത്വത്തിലേ ഒരു വ്യക്തിയായ പിതാവിൻ്റെ ആത്മാവ് പിന്നെയും മറ്റൊരു വ്യക്തിയാൽ; നിങ്ങളുടെ ദൈവം ത്രിത്വമെന്നതുമാറി ചതുർത്വമാകില്ലേ?

3. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ത്രിത്വത്തിലെ മറ്റൊരു വ്യക്തിയായ പുത്രൻ്റെ ആത്മാവാരാണ്???…. (ഗലാ, 4:6). പുത്രൻ്റെ ആത്മാവും മറ്റൊരു വ്യക്തിയായാൽ, ത്രിത്വവും ചതുർത്വവും പോയി ദൈവം പഞ്ചത്വം ആകില്ലേ? “ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. (റോമ, 8:9). അതിനാൽ പുത്രന് ആത്മാവില്ലെന്ന് പറയാൻ പറ്റില്ലല്ലോ?

4. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ദൈവത്തിൻ്റെ ഏഴാത്മാക്കൾ ആരാണ്???… (വെളി, 3:1). ത്രിത്വവും പിതാവിൻ്റെ ആത്മാവും പുത്രൻ്റെ ആത്മാവും പിന്നെ ഏഴാത്മാവും ചേരുമ്പോൾ പന്ത്രണ്ട് വ്യക്തിയാകും; ഇതിൽഭേദം മുപ്പത്തിമുക്കോടി ദൈവങ്ങളിൽ വിശ്വസിക്കുന്നതല്ലേ?

5. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ആത്മശരീരികളായ ജീവികളുടെ ആത്മാക്കളാരാണ്???… (യെഹെ, 1:20). ആത്മാവായ ദൈവത്തിൻ്റെ ആത്മാവ് അവനിൽനിന്ന് വിഭിന്നനായിരിക്കുകയും ആത്മാവായ ജീവികളുടെ ആത്മാവ് അവരിൽനിന്നും വിഭിന്നനല്ലാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

6. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, മനുഷ്യൻ്റെ ആത്മാവ് മനുഷ്യനിൽനിന്ന് വിഭിന്നനല്ലാത്തത് എന്തുകൊണ്ടാണ്???… (സെഖ, 12:1)

7. വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ് പേര്; പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെങ്കിൽ, ആത്മാവിന് എന്തുകൊണ്ടാണ് സ്വന്തമായൊരു പേരില്ലാത്തത്???… (പുറ, 3:13).

പരിശുദ്ധാത്മാവ് പിതാവിൽനിന്നു വ്യതിരിക്തനാണെങ്കിൽ ഒരേയൊരു സത്യദൈവം പിതാവാണെന്നു (Father, the only true God) പുത്രൻ ഒരിക്കലും പറയില്ല: (യോഹ, 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) ഒരിക്കലും പറയില്ലായിരുന്നു: (യോഹ, 5:44) അവനെ മാത്രം ആരാധിക്കണമെന്നും ഒരിക്കലും പറയില്ലായിരുന്നു: (മത്താ, 4:10; ലൂക്കൊ, 4:8). പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ലെന്നും (മത്താ, 11:27; ലൂക്കൊ, 10:22) പിതാവ് മാത്രം സകലവും അറിയുന്നുവെന്നും (മത്താ, 24:36) പുത്രൻ പറയില്ലായിരുന്നു. ത്രിത്വം പഠിപ്പിക്കുന്നപോലെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നു വിഭിന്നനായ ദൈവമോ, വ്യക്തിയോ ആണെങ്കിൽ ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ പരിശുദ്ധാത്മാവ് ഒന്നുമല്ലാതായി മാറും. ആത്മാവിനെ പിതാവിൽനിന്നു വിഭിന്നനാക്കി ഒന്നുമല്ലാതാക്കിയ പൈശാചിക ഉപദേശമാണ് ട്രിനിറ്റി. “പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മർക്കൊ, 3:29).

സ്തെഫാനോസ് കണ്ട ദർശനം

സ്തെഫാനോസ് കണ്ട ദർശനം

“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു………. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.” (പ്രവൃത്തികൾ 7:55-60)

സ്തെഫാനോസ് രണ്ടു വ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ വസ്തുതയെന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപമായ യേശുവിനെയുമാണ് സ്തെഫാനോസ് കണ്ടത്. (കൊലൊ, 1:15; 2:9). പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ എന്നായിരുന്നു. (പുറ, 314,15). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയാണ്, യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയായ ദൈവത്തിൻ്റെയാണ്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രോസ് വിളിച്ചുപറയുന്നത്, രക്ഷയ്ക്കായി ആകാശത്തിനു കീഴിൽ മറ്റൊരു നാമവും ഇല്ലെന്നാണ്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). യഹോവയുടെ കാലം കഴിഞ്ഞുപോയെന്നോ, അപ്പനു വയസ്സായപ്പോൾ അധികാരം മകനെ ഏല്പിച്ചെന്നോ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം 2രാജാ, 19:15; നെഹെ, 9:6); പിതാവായ ഏകദൈവമേ നമുക്കുള്ളു. (1കൊരി, 8:6; എഫെ, 4:6). അവൻ തന്നെയാണ് മനഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപങ്ങളും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചുയിർത്തത്. (1തിമൊ, 3:14-16). അവിടെ, ‘ദൈവമഹത്വം’ എന്നു പറഞ്ഞശേഷം ‘ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു’ എന്നു പറഞ്ഞിരിക്കയാലാണ് ദൈവത്തെയും യേശുക്രിസ്തുവിനെയും കണ്ടുവെന്ന് കരുതുന്നത്. സത്യവേദപുസ്തകം നൂതന പരിഭാഷയലെ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55). അദൃശ്യനായ ദൈവത്തെയല്ല; അവൻ്റെ തേജസ്സാണ് കണ്ടത്. 

സ്തെഫാനോസ് പഴയനിയമത്തിലാണ് ആ കാഴ്ച കണ്ടതെങ്കിൽ, യേശുക്രിസ്തുവിനെ കണ്ടു എന്നു പറഞ്ഞിരിക്കുന്ന സ്ഥാനത്ത് യഹോവയെ കണ്ടു എന്നു പറയുമായിരുന്നു; എന്തെന്നാൽ, യഹോവ തന്നെയാണ് യേശുക്രിസ്തു. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3;14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കുന്നത്. (മത്താ, 1:21; 1തിമൊ, 3:14-16). പ്രവചനംപോലെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). അതിനോടുള്ള ബന്ധത്തിൽ ഏഴു തെളിവുകൾ തരാം:

ഒന്ന്: ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (സങ്കീ, 35:10; പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6;  യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായിരുന്നു ജഡത്തിൽ വെളിപ്പെട്ട ക്രിസ്തു. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അതിനാൽ, രണ്ടു വ്യക്തികളെ സ്തെഫാനോസിനു കാണാൻ കഴിയില്ല.

രണ്ട്: ത്രിത്വത്തിന് ദൈവം ഒരു വ്യക്തിയല്ല; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വ്യക്തിയാണ്. സ്തെഫാനോസ് അവിടെ, പിതാവിനെയും യേശുവിനെയും കണ്ടു എന്നല്ല; ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. ത്രിത്വത്തിന് ദൈവം എല്ലായ്പ്പോഴും മൂന്നു വ്യക്തി തന്നെ ആയിരിക്കുമല്ലോ; ചിലപ്പോൾ ഒരു വ്യക്തി, മറ്റുചിലപ്പോൾ രണ്ടുവ്യക്തി, വേറെ ചിലപ്പോൾ മൂന്നുവ്യക്തിയല്ലല്ലോ. ദൈവത്തിൽത്തന്നെ മൂന്ന് വ്യക്തികൾ ഉണ്ടായിരിക്കെ, ദൈവത്തെയും വലത്തുഭാഗത്ത് യേശുവിനെയും കണ്ടുവെന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സ്വർഗ്ഗത്തിൽ യേശുവിനെയും ചേർത്ത് നാലുപേരായി; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; അപ്പോൾ അഞ്ചു വ്യക്തിയാകും. അതിനാൽ, സ്തെഫാനോസ് കണ്ടത് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവെന്ന ഏകനെയുമാണെന്ന് മനസ്സിലാക്കാമല്ലോ. ഇനി, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ദൈവമഹത്വം പിതാവാണ്; അങ്ങനെ പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തിയെ കണ്ടുവെന്ന് വാദിച്ചാൽ; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോഴാണ് തനിക്ക് സ്വർഗ്ഗീയദർശനം ലഭിച്ചത്; അങ്ങനെ ത്രിത്വത്തിലെ മൂന്നു വ്യക്തിയുമായി. അപ്പോൾ, അക്ഷയനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്നു പറയും? ആരും ഒരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അപ്പോഴും ത്രിത്വോപദേശം നിലനില്ക്കില്ല; ദൈവം ചതുർത്വമായിമാറും. 

മൂന്നു; അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെന്ന് വാദിച്ചാൽ; ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നൊക്കെയുള്ള പ്രയോഗങ്ങൾ അബദ്ധമായി മാറും. ഒരു കാര്യംകൂടി മനസ്സിലാക്കണം: സ്തെഫാനോസ് ഈ കാഴ്ചകണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് ”ദൈവം അദൃശ്യനാണെന്നും, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നു പൗലൊസ് അപ്പൊസ്തലൻ പറഞ്ഞത്. (1തിമൊ, 1:17; 6:16). ഏകദേശം അമ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്നു യോഹന്നാൻ പറഞ്ഞത്. (യോഹ, 1:18; 1യോഹ, 4:12). സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടുവെങ്കിൽ പൗലൊസും യോഹന്നാനും അങ്ങനെ എഴുതുമായിരുന്നില്ല. അതിനാൽ അവൻ യേശുക്രിസ്തുവെന്ന ഏകനെയല്ലാതെ, മറ്റൊരു ദൈവവ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടില്ലെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവിൻ്റെ ആവശ്യമില്ല. പിന്നെയും, രണ്ടു വ്യക്തികയെ കണ്ടുവെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് സാക്ഷ്യംപറയുകയാണ് ചെയ്യുന്നത്.

നാല്: സ്തെഫാനോസിനെ കൂടാതെ സ്വർഗ്ഗത്തിലെ ദൈവത്തെ അനേകർ കണ്ടിട്ടുണ്ട്. യഹോവ ഭൂമിയിൽ തൻ്റെ ജനത്തിന് പലനിലകളിൽ പ്രത്യക്ഷനായത് മാത്രമല്ല, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദർശനവും അനേകർക്ക് നല്കിയിട്ടുണ്ട്. ഉദാഹരണം: മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. ഇവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരെയാണ് കണ്ടത്; മറ്റൊരു ദൈവവ്യക്തിയെ ആരും കണ്ടില്ല. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യോഹന്നാൻ, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അവരാരും കാണാത്ത മറ്റൊരു ദൈവവ്യക്തിയെ എങ്ങനെയാണ് സ്തെഫാനോസ് കണ്ടത്? 

അഞ്ച്: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” (സങ്കീ, 31:5. ഒ.നോ: സംഖ്യാ, 27:17; സങ്കീ, 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 4:19). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടില്ല; തേജസ്സാണ് കണ്ടത്. പിന്നെ കണ്ടതാകട്ടെ ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുവിനെയാണ്; അതിനാലാണ് യേശുക്രിസ്തുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്. (പ്രവൃ, 7:59).

ആറ്: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തെയല്ല; ദൈവതേജസ്സ് മാത്രമാണ്. കാരണം, ദൈവം അദൃശ്യൻ മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമാണ്. (യിരെ, 23:23,24; 139:7-10). ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്ക് വലത്തുഭാഗമോ ഇടത്തുഭാഗമോ മുൻഭാഗമോ പിൻഭാഗമോ മുകൾഭാഗമോ കീഴ് ഭാഗമോ ഉണ്ടാകില്ല. അപ്പോൾത്തന്നെ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവന് വലത്തുഭാഗവും ഇടത്തുഭാഗവും ഉണ്ട്. (1രാജാ, 22:18). യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയുമാണ് വസിക്കുന്നത്. (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തിൻ്റെ തേജസ്സാണ്; തേജസ്സ് ഒരു പ്രത്യേകസ്ഥലത്ത് പ്രത്യക്ഷമാകുന്നതാണ്; അതുകൊണ്ടാണ് ദൈവതേജസ്സിൻ്റെ വലത്തുഭാഗത്ത് യേശുക്രിസ്തുവിനെ കണ്ടതായി പറഞ്ഞിരിക്കുന്നത്. എബ്രായലേഖകൾ ക്രിസ്തുവിനെ തേജസ്സിൻ്റെ പ്രഭയെന്നും തത്വത്തിൻ്റെ മുദ്രയെന്നും പറഞ്ഞിരിക്കുന്നു. (1:3). ദൈവതേജസ്സും (glory) അതിൻ്റെ പ്രഭയും (brightness) എന്നു പറഞ്ഞാൽ, രണ്ടു പ്രഭയെന്നോ രണ്ടു തേജസ്സെന്നോ ആരും പറയില്ല; തേജസ്സിൻ്റെ പ്രതിഫലനമാണ് പ്രഭ. തത്വവും (person) അതിൻ്റെ മുദ്രയും (image) എന്നു പറഞ്ഞാൽ; രണ്ടു തത്വമെന്നോ രണ്ടു മുദ്രയെന്നോ ആരും പറയില്ല; ദൈവതത്വം അഥവാ അദൃശ്യനായ ദൈവവ്യക്തിയുടെ ദൃശ്യമായ മുദ്ര അഥവാ പ്രതിരുപം എന്നു പറയം. അതാണ് പൗലൊസ് പറയുന്ന അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപം. (കൊലൊ, 1:15; 2:9).

ഏഴ്; മാളികമുറിയിൽ വെച്ചുള്ള ക്രിസ്തുവിൻ്റെ അവസാന പ്രഭാഷണത്തിനിടയിൽ ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.” (യോഹ, 14:8). യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണമെന്നായിരുന്നു; ആദ്യം യേശുവിൻ്റെയൊരു മറുചോദ്യമായിരുന്നു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” ഇത്രകാലം പിതാവിനെക്കുറിച്ചു പഠിപ്പിച്ചിട്ടും നിനക്ക് മനസ്സിലായില്ലേ എന്നാണോ യേശു ചോദിക്കുന്നത്? അല്ല. “ഇത്രകാലം മനുഷ്യനായി ഞാൻ നിൻ്റെകൂടെ വസിച്ചിട്ടും നിനക്കെന്നെ മനസ്സിലായില്ലേ” എന്നാണ്. അപ്പോൾ യേശു ആരാണ്? ദൈവപിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശു. (1തിമൊ, 3:14-16; 1പത്രൊ, 1:20). തൻ്റെ ഐഹികജീവകാലത്ത് ദൈവവും മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു. (യോഹ, 5:32,37; 8:16; 8:29; 14:23; 16:32; 17:3). തൻ്റെ ജഡത്തിലെ ശുശ്രൂഷകഴിഞ്ഞാൽ അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ താൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല; ഇന്നെലെയും ഇന്നും എന്നെന്നേക്കും അനന്യൻ ദൈവം മാത്രമാണ്. (തീത്തൊ, 2:12; എബ്രാ, 13:8). അതുകൊണ്ടാണ് നീയെന്നെ അറിയുന്നില്ലയോ എന്ന് യേശു ചോദിക്കുന്നത്. വീണ്ടും സ്പഷ്ടമായി പറയുന്നു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” യേശു ഇത് പറയുന്ന സന്ദർഭംകൂടി നോക്കണം: “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിശേഷം പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളാം” എന്നു പറഞ്ഞശേഷമാണ് ഇത് പറയുന്നത്. (യോഹ, 14:3). തന്നിൽനിന്നും വ്യതിരിക്തനായ ഒരു പിതാവുണ്ടെങ്കിൽ, പുനരുത്ഥാനത്തിൽ ദൈവദൂതതുല്യനും ക്രിസ്തുവിനോടു ഏകീഭവിക്കുകയും ചെയ്യുന്ന ഫിലിപ്പോസിന് പിതാവിനെ കാണാൻ കഴിയേണ്ടതല്ലേ? (ലൂക്കൊ, 20:36; റോമ, 6:5). അപ്പോൾ യേശു പറഞ്ഞതിനർത്ഥം: ഞാനല്ലാതെ മറ്റൊരു പിതാവില്ല അഥവാ സ്വർഗ്ഗത്തിലും എന്നെയല്ലാതെ മറ്റാരെയും കാണില്ലെന്നാണ്. യെഹൂദന്മാരെക്കുറിച്ചു യേശു പറഞ്ഞു: “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു.” (യോഹ, 15:24). ഇതും നോക്കുക: “എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.” (യോഹ, 12:45). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.” (യോഹ, 15:23). “അവൻ നിത്യപിതാവെന്ന് വിളിക്കപ്പെടും” എന്ന യെശയ്യാവിൻ്റെ പ്രവചനവും ഓർക്കുക. (യെശ, 9:6). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ഏകവ്യക്തി; ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുക്രിസ്തുവാണ്. (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19). അതുകൊണ്ടാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കയ്യിൽ ഏല്പിച്ചത്. ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ എന്നു യേശുക്രിസ്തു പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിനു ലഭിച്ച സ്വർഗ്ഗീയദർശനം.

ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല സർവ്വവ്യാപിയും കൂടിയാണ്. ദൈവത്തിൻ്റെ സർവ്വവ്യാപിത്വത്തിന് തെളിവായിട്ട് പ്രധാനപ്പെട്ട മൂന്നു വേദഭാഗങ്ങളുണ്ട്: (139:7-10; യിരെ, 23:23,24; പ്രവൃ, 17:28). പൗലൊസ് പറഞ്ഞിരിക്കുന്നത്; “ദൈവത്തിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. അദൃശ്യനായ ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നതിനാൽ സകലതും ദൈവത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരിക്കുന്ന ദൃശ്യപ്രപഞ്ചം ഏതാണ്ട് ഇരുപത് ശതമാനം മാത്രമാണ്. അതിൻ്റെ വിസ്തീർണ്ണമാകട്ടെ, നാലുവശത്തേക്കും ഏതാണ്ട് നാലായിരത്തഞ്ഞുറ് പ്രകാശവർഷം എന്നാണ് കണക്കാക്കുന്നത്. അതുതന്നെ കമ്പ്യൂട്ടർ അടിച്ചുപോകുന്ന കണക്കാണ്; എൺപത് ശതമാനം വേറെയും കിടക്കുന്നു. ഇനി, ഭൂമിയുടെ കാര്യം: പ്രപഞ്ചത്തിലെ വളരെ ചെറിയ ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി. പ്രപഞ്ചത്തെ ഒരു വലിയ ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ, നാം അധിവസിക്കുന്ന ഭൂമിക്ക് അതിലെ ഒരു മൺതരിയുടെ വലിപ്പമെങ്കിലും ഉണ്ടായാൽ ഭാഗ്യം. ഇനി, ഭൂമിയെ ഒരു ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ സ്തെഫാനോസിന് മൺതരിയോളം വലിപ്പമുണ്ടായേക്കാം. പറഞ്ഞുവന്നത്; അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും അഥവാ പ്രപഞ്ചംമുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തെയാണ് മൺതരിയോളം മാത്രമുള്ള ഭുമിയിൽ അതിലും മൺതരിയോളം മാത്രമുള്ള സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് വിചാരിക്കുന്ന ബുദ്ധിഹീനതയ്ക്ക് പറയുന്ന പേരാണ് ത്രിത്വം.

ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം: ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം എന്നു പറഞ്ഞിരിക്കുന്നത് എന്താണ്? പൗരോഹിത്യപദവിയും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട് അഭിഷിക്ത മഹാപുരോഹിതനായി സ്വന്തരക്തത്താൽ പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചത്. (എബ്രാ, 9:12; 1പത്രൊ, 1:19).  യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനെന്ന പദവിയും ദൈവത്തിൻ്റെ കൈകളിൽ ആയിരിക്കും. (പ്രവൃ, 1:6; 1കൊരി, 15:24,25; എബ്രാ, 7:24,25; 10:12). സഹസ്രാബ്ദരാജ്യത്തിൽ ആ പദവി യിസ്രായേലിനു ലഭിക്കും. “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരുണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). പക്ഷവാദം ചെയ്യുന്നവൻ വലത്തുഭാഗത്താണെങ്കിൽ അപവാദിയുടെ സ്ഥലം ഇടത്തുഭാഗമായിരിക്കുമല്ലോ; വലത്തുഭാഗത്തെ അങ്ങനെയും മനസ്സിലാക്കാം: “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം ലഭിക്കുന്നത്. (1യോഹ, 2:1).

പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവനും (പുറ, 6:3) മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 3:14,15). മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ സ്വർഗ്ഗസിഹാസനത്തിൽ ദർശിച്ചവനെയുമാണ് സ്തെഫാനോസും കണ്ടത്. (പ്രവൃ, 7:56). അവൻ്റെ നാമം പഴയനിയമത്തിൽ യഹോവ എന്നായിരുന്നു; പുതിയനിയമത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അവൻ്റെ നാമം യേശുക്രിസ്തു എന്നാകുന്നു. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

പഴയനിയമഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ട യഹോവയെ മറ്റൊരു വ്യക്തിയായി സെതെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടില്ലെന്നതും ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്നതും അവൻ അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യേശുക്രിസ്തുവെന്ന ഏകവ്യക്തിയെയുമാണ് സ്വർഗ്ഗത്തിൽ കണ്ടു തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതെന്നും മനസ്സിലാക്കുന്നവർ ഏകസത്യദൈവമായ യേശുക്രിസ്തുവിനെ കണ്ടെത്തും.

കൂടുതൽ അറിയാൻ കാണുക:

അദൃശ്യദൈവവും പ്രത്യക്ഷതകളും

അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?