അഹീമേലെക്

അഹീമേലെക് (Ahimelek)

പേരിനർത്ഥം – രാജാവിന്റെ സഹോദരൻ

നോബിലെ പ്രധാന പുരോഹിതൻ. അഹീതൂബിന്റെ മകനും അബ്യാഥാരുടെ അപ്പനും: (1ശമൂ, 22:16,20). ശൗലിന്റെ മുമ്പിൽ നിന്നും ഓടിപ്പോയ ദാവീദ് നോബിൽ എത്തി. അഹീമേലെക് അവന് കാഴ്ചയപ്പവും ഗൊല്യാത്തിന്റെ വാളും കൊടുത്തു: (1ശമൂ, 21:1-9). ഏദോമ്യനായ ദോവേഗ് ശൗലിനെ വിവരം അറിയിച്ചു. തന്മൂലം, ശൌൽ അഹീമേലെക്കിനെയും പുരോഹിതന്മാരെയും പിടിച്ചു. അവന്റെ കല്പനപ്രകാരം ഏദോമ്യനായ ദോവേഗ് 85 പുരോഹിതന്മാരെ വധിച്ചു; നോബിലെ ജനങ്ങളെയും നശിപ്പിച്ചു: (1ശമൂ, 22:9-20). അഹീമേലെക്കിന്റെ പുത്രനായ അബ്യാഥാർ മാത്രം രക്ഷപ്പെട്ടു ദാവീദിനോടു ചേർന്നു. അനന്തരം അബ്യാഥാർ പുരോഹിതനായി: (1ശമൂ, 23:6; 30:7).

അഹീമാസ്

അഹീമാസ് (Ahimaaz)

പേരിനർത്ഥം – കോപത്തിന്റെ സഹോദരൻ

ദാവീദിന്റെ മഹാപുരോഹിതനായ സാദോക്കിന്റെ മകൻ: (1ദിന, 6:8,53). അബ്ശാലോം രാജാവിനെതിരായി വിപ്ലവം നടത്തിയപ്പോൾ രാജാവിനുവേണ്ടി രഹസ്യദൂതനായി പ്രവർത്തിച്ചു. ദൈവത്തിന്റെ പെട്ടകം യെരുശലേമിൽ നിന്നു കൊണ്ടുപോകുന്നതിനെ ദാവീദ് എതിർത്തു. ദൈവം തങ്ങളെ വീണ്ടും യെരൂശലേം പട്ടണത്തിലേക്കു തിരിച്ചുവരുത്തും എന്ന വിശ്വാസമായിരുന്നു ദാവീദിന്. അപ്പോൾ മഹാപുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി; അവിടെ താമസിച്ചു. അവരുടെ പുത്രന്മാരായ അഹീമാസും യോനാഥാനും പട്ടണത്തിനു പുറത്തു ഒളിച്ചിരുന്നു. അബ്ശാലോമിന്റെ നീക്കങ്ങളെക്കുറിച്ചു ദാവീദിനു അറിവു നൽകുക എന്നതായിരുന്നു അവരുടെ ലക്ഷ്യ: (2ശമൂ, 15:27-29). ഈ വിവരം ഒരു ബാല്യക്കാരൻ അബ്ശാലോമിനെ അറിയിച്ചു. അബ്ശാലോമിന്റെ ഭൃത്യന്മാർ വന്നപ്പോൾ അഹീമാസും യോനാഥാനും ബഹുരീമിൽ ഒരു വീട്ടിന്റെ മുററത്തിലുണ്ടായിരുന്ന ഒരു കിണറ്റിൽ ഒളിച്ചു: (2ശമൂ, 17:17-22). അഹീമാസ് ശീഘ്രഗാമിയായിരുന്നു. അബ്ശാലോമിന്റെ മരണവാർത്ത അറിയിക്കാൻ കൂശ്യന്റെ പിന്നാലെ ഓടി കൂശ്യനെ കടന്നു ദാവീദിന്റെ അടുക്കൽ ആദ്യമെത്തി. യുദ്ധത്തിലെ വിജയത്തെക്കുറിച്ചു അഹീമാസ് ദാവീദിനോടു പറഞ്ഞുവെങ്കിലും അബ്ശാലോമിന്റെ അന്ത്യത്തെക്കുറിച്ചു മറവായിമാത്രമേ സൂചി പ്പിച്ചുള്ളു. എന്നാൽ അഹീമാസ് നിൽക്കവെ തന്നേ കുശ്യൻ വന്നു രാജാവിന്റെ വികാരത്തെക്കുറിച്ചു ചിന്തിക്കാതെ അബ്ശാലോമിന്റെ മരണത്തെക്കുറിച്ചു പറഞ്ഞു: (2ശമൂ, 18:19-32). സാദോക്കിനു ശേഷം അഹീമാസിന്റെ പുത്രനായ അസര്യാവാണ് പുരോഹിതനായത്. പിതാവായ സാദോക്കു മരിക്കുന്നതിനു മുമ്പു, പൗരോഹിത്യം പ്രാപിക്കുന്നതിനു മുമ്പുതന്നെ അഹീമാസ് മരിച്ചു പോയിരിക്കണം: (1രാജാ, 4:2; 1ദിന, 6:8-10).

അഹീഥോഫെൽ

അഹീഥോഫെൽ (Ahithophel)

പേരിനർത്ഥം – ഭോഷത്വത്തിൻ്റെ സഹോദരൻ

ദാവീദിന്റെ സമർത്ഥനായ മന്ത്രിയായിരുന്നു ഗീലോന്യനായി അഹീഥോഫെൽ: (2ശമൂ, 15:12). ദാവീദിനും അബ്ശാലോമിനും ഉപദേശം നല്കിയിരുന്നു. അവന്റെ ആലോചന ദൈവികമായ അരുളപ്പാടുപോലെ കരുതപ്പെട്ടു: (2ശമൂ, 16:23). ദാവീദിന്റെ ഭാര്യയായ ബത്ത്-ശേബ അഹീഥോഫെലിന്റെ ചെറുമകളാണെന്നു കരുതുന്നവരുണ്ട്. അവൾ എലീയാമിന്റെ മകളാണ്: (2ശമൂ, 11:3). അഹീഥോഫെലിന്റെ പുത്രനായ ഒരു എലീയാം ദാവീദിന്റെ വീരയോദ്ധാക്കളുടെ പട്ടികയിലുണ്ട്: (2ശമൂ, 23:34). തന്റെ പൗത്രനെ വധിച്ചതുകൊണ്ടും, അവന്റെ ഭാര്യയോടു വഷളത്തം കാട്ടിയതുകൊണ്ടും അഹീഥോഫെലിനു ദാവീദിനോടു നീരസമുണ്ടായി എന്നു കരുതുന്നവരുണ്ട്. എന്നാൽ കാലദൈർഘ്യം ഈ വാദഗതിക്കനുകൂലമല്ല. ദാവീദ് ഈ പാപം ചെയ്ത കാലത്തു വിവാഹപ്രായമായ ചെറുമകൾ അഹീഥോഫെലിന് ഉണ്ടായിരുന്നു എന്നു കരുതാൻ അല്പം പ്രയാസമാണ്. എലിയാം എന്ന പേരിൽ രണ്ടു വ്യത്യസ്ത വ്യക്തികളുണ്ടായിരുന്നു എന്നു കരുതുകയാണു് യുക്തം. അധികാര ദുർമ്മോഹം നിമിത്തമാണു അബ്ശാലോമിന്റെ മത്സരത്തിൽ അഹീഥോഫെൽ പങ്കുചേർന്നത്. “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ” (2ശമൂ, 15:31) എന്ന ദാവീദിന്റെ പ്രാർത്ഥനയിൽ ദാവീദ് അഹീഥോഫെൽ എന്ന പേരിന്റെ അർത്ഥം ഗോപനം ചെയ്തിട്ടുണ്ട്. അധികാരം ഉറപ്പിക്കുന്നതിനു അന്തഃപുരം സ്വന്തമാക്കണമെന്നു അഹീഥോഫെൽ ഉപദേശിച്ചു. (2ശമൂ, 16:20-22). ക്ഷീണിച്ചു ധൈര്യം നഷ്ടപ്പെട്ടിരിക്കുന്ന ദാവീദിനെ പന്തീരായിരം പേരോടൊപ്പം ചെന്നു താൻ വെട്ടിക്കളയാം എന്ന അഹീഥോഫെലിന്റെ ഉപദേശം അവന്റെ ബുദ്ധിയും ധൈര്യവും വ്യക്തമാക്കുന്നു: (2ശമൂ, 17:1-4). അർഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അബ്ശാലോം സ്വീകരിച്ചത്. അബ്ശാലോമിനു അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു: (2ശമൂ, 17:14). തന്റെ ആലോചന തിരസ്കരിക്കപ്പെട്ടുവെന്നും അബ്ശാലോമിന്റെ മത്സരം പരാജയപ്പെടുകയാണെന്നും മനസ്സിലാക്കിയ അഹീഥോഫെൽ വീട്ടിലേക്കു ചെന്നു, വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങിച്ചത്തു. അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു: (2ശമൂ, 17:1-23).

അഹസ്യാവ്

അഹസ്യാവ് (Ahaziah)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ ആറാമത്തെ രാജാവ്. കാലം ബി.സി. 841. യെഹോരാമിന്റെയും അഥല്യയുടെയും ഇളയപുതനായിരുന്നു. ഒരു വർഷം മാത്രം ഭരിച്ചു. അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു. ദുഷ്ടത പ്രവർത്തിക്കാൻ അവനെ ഉപദേശിച്ചതു അമ്മ തന്നെയായിരുന്നു. (2ദിന, 22:1-4) അരാം രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യുവാൻ യിസ്രായേൽ രാജാവായ യോരാമിനോടൊപ്പം പോയി. യുദ്ധത്തിൽ യിസ്രായേൽ രാജാവിനു മുറിവേറ്റു. ചികിത്സിക്കേണ്ടതിനു അവൻ യിസ്രയേലിലേക്കു മടങ്ങിപ്പോയി. അഹസ്യാവു അവനെ സന്ദർശിച്ചു. ആ സമയം യിസായേലിലെ ഒരു പടനായകനായ യേഹൂവിനാൽ കൊല്ലപ്പെട്ടു. (2രാജാ, 9:1-28). യെഹോവാഹാസ് (2ദിന, 21:17; 25:23) അസര്യാവ് (2ദിന, 22:6) എന്നീ പേരുകളിലും അഹസ്യാവ് അറിയപ്പെടുന്നു. അവൻ്റെ ശേഷം അവൻ്റെ ആമ്മയായ അഥല്യാ ഭരണം ഏറ്റെടുത്തു. (2രാജാ, 11:1-3).

അഹസ്യാവ് (Ahaziah)

യിസ്രായേൽ രാജാവായ അഹാബിന്റെയും ഈസേബെലിന്റെയും മകൻ. യിസ്രായേലിലെ എട്ടാമത്തെ രാജാവ് (ബി.സി. 853-852). ആഹാബിന്റെ മരണശേഷം രാജാവായി, രണ്ടുവർഷം മാത്രമേ ഭരിച്ചുള്ളു. പിതാവിന്റെ വഴിയിലും മാതാവായ ഈസേബെലിന്റെ വഴിയിലും യിസ്രായലിനെ കൊണ്ടു പാപം ചെയ്യിച്ചു. (1രാജാ, 22:51-53). അഹസ്യാവിന്റെ കാലത്തെ പ്രധാന സംഭവം മോവാബ്യരോടുള്ള യുദ്ധമാണ്. മോവാബ് രാജാവായ ‘മേശ’ യിസ്രായേൽ രാജാവിനു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കപ്പമായി കൊടുത്തു വന്നു. എന്നാൽ അഹാബ് മരിച്ചശേഷം മോവാബ് രാജാവ് യിസ്രായേൽ രാജാവിനോടു മത്സരിച്ചു. (2രാജാ, 1:1; 3:4,5). യെഹൂദാ രാജാവായ യെഹോശാഫാത്ത് യിസ്രായേൽരാ ജാവായ അഹസ്യാവോടു സഖ്യതചെയ്തു. അവർ എസ്യോൻ-ഗേബെരിൽ വെച്ചു കപ്പലുകളുണ്ടാക്കി. എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസർ യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചു. “നീ അഹസ്യാവോടു സഖ്യത ചെയ്തതു കൊണ്ടു യഹോവ നിന്റെ പണികളെ ഉടച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.” കപ്പലുകൾ തർശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി. (2ദിന, 20:35:37). അഹസ്യാവു മാളികയിൽ നിന്നും വീണു രോഗിയായി. ഈ ദീനം മാറുമോ എന്നറിയാൻ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചോദിക്കാൻ ദൂതന്മാരെ അയച്ച. എന്നാൽ ആ ദൂതന്മാരോടു ഏലീയാവു പ്രവചിച്ചതനുസരിച്ച് അഹസ്യാവ് മരിച്ചു. (2രാജാ, 1:1,17).അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി. (2രാജാ, 1:17).

അഹശ്വേരോശ്

അഹശ്വേരോശ് (Ahasuerus)

പേരിനർത്ഥം – ശക്തനായവൻ

ക്ഷയർഷ എന്ന പേർഷ്യൻ നാമത്തിന്റെ എബ്രായ രൂപമാണ് അഹശ്വേരോശ്; ഗ്രീക്കുരൂപം കസെർക്സെസും (Xerses). അഹശ്വേരോശ് എന്ന പേരിൽ ബൈബിളിൽ മൂന്നു രാജാക്കന്മാർ പരാമൃഷ്ടരാണ്: 

1. എസ്രാ 4:6-ൽ പറഞ്ഞിരിക്കുന്ന അഹശ്വേരോശ്: ഈ അഹശ്വേരോശിന് യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്കു വിരോധമായി ശത്രുക്കൾ അന്യായപത്രം എഴുതി അയച്ചു. കോരെശിന്റെ പുത്രനായ കാംബിസസ്സ് ആയിരിക്കണം ഇയാൾ. ബി.സി. 529-ൽ അധികാരമേറ്റു. എഴുവർഷവും അഞ്ചു മാസവും രാജ്യം ഭരിച്ചു. 

2. ഹിന്ദുദേശം മുതൽ കൂശ്ദേശം വരെ (ഇന്ത്യ മുതൽ എത്യോപ്യവരെ) വിസ്തൃതമായ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭരണാധിപൻ (486-465 ബി.സി.). ദാര്യാവേശിന്റെ മകനും അർത്ഥഹ്ശഷ്ടാവിന്റെ പിതാവുമായിരുന്നു. അഹശ്വേരോശ് രാജാവ് തന്റെ വാഴ്ചയുടെ മൂന്നാം വർഷത്തിൽ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കുമായി ഒരു വലിയ വിരുന്നു കഴിച്ചു. തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും പ്രതാപവും നൂറ്റെൺപതു ദിവസത്തോളം കാണിച്ചു. ലഹരി പിടിച്ചിരുന്ന സമയത്ത്, വസ്ഥിരാജ്ഞിയുടെ സൗന്ദര്യം പരസ്യമായി പ്രദർശിപ്പിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരാൻ രാജാവു ഷണ്ഡന്മാരോടു കല്പിച്ചു. എന്നാൽ രാജ്ഞി രാജകല്പന മറുത്തു, രാജസന്നിധിയിൽ ചെന്നില്ല. പേർഷ്യൻ ആചാരമര്യാദകൾക്കും സ്ത്രീ സഹജമായ അന്തസിനും വിരുദ്ധമായിരുന്നതിനാലാണ് രാജ്ഞി ചെല്ലാതിരുന്നത്. ഇക്കാരണത്താൽ അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ ഉപേക്ഷിച്ചു. വസ്ഥിയെ രാജ്ഞിസ്ഥാനത്തുനിന്നു മാറ്റിയ കല്പന പുറപ്പെടുവിക്കുകയും പാർസ്യരുടെയും മേദ്യരുടെയും രാജധർമ്മത്തിൽ എഴുതിച്ചേർക്കയും ചെയ്തു. അദ്ദേഹത്തിന്റെ വാഴ്ചയുടെ ഏഴാം വർഷത്തിൽ യെഹൂദവംശത്തിൽ നിന്നും സുന്ദരിയായ എസ്ഥേരിനെ രാജാവു വിവാഹം കഴിച്ചു. (എസ്ഥേ, 2:16). 

അഹശ്വേരോശ് രാജാവിന്റെ പ്രധാനമന്ത്രിയായ ഹാമാൻ മൊർദ്ദെഖായി തന്നെ ബഹുമാനിക്കുന്നില്ല എന്ന കാരണത്താൽ മൊർദ്ദെഖായിയോടു നീരസപ്പെട്ടു. രാജാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷത്തിൽ ഹാമാൻ യെഹൂദന്മാരെ കൂട്ടക്കൊല ചെയ്യുന്നതിന് ഒരു പ്രത്യേക ദിവസം നിശ്ചയിക്കുകയും രാജാവിന്റെ ഭണ്ഡാരത്തിലേക്കു പതിനായിരം താലന്തു വെള്ളി കൊടുത്തയക്കുകയും ചെയ്തു. രാജാവു പണം സ്വീകരിച്ചില്ല; എന്നാൽ ഹാമാന്റെ അപേക്ഷ അനുവദിച്ചുകൊടുത്തു. അഞ്ചൽകാർ വശം ഈ കല്പന സകലജാതികൾക്കും പരസ്യ ചെയ്യേണ്ടതിന് രാജാവു കൊടുത്ത് തീർപ്പിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി. മൊർദ്ദെഖായി ഉടനെ എസ്ഥേറിനെ വിവരം ധരിപ്പിച്ചു. എസ്ഥേറിലുടെ ആ കല്പന റദ്ദാക്കുന്നതിനും യെഹൂദന്മാർക്കു സ്വരക്ഷയ്ക്കായി എതിർത്തു നില്ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നേടുന്നതിനും മൊർദ്ദെഖായിക്കു കഴിഞ്ഞു. കോപിഷ്ഠനായ അഹശ്വേരോശ് ഹാമാനെ തൂക്കിലേറ്റി: (എസ്ഥ, 7:10). മൊർദ്ദെഖായി പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു: (എസ്ഥേ,10:3). 

ദാര്യാവേശ് ഒന്നാമന്റെ മകനായ ക്സെർക്സെസ് ആണ് എസ്ഥറിന്റെ പുസ്തകത്തിലെ അഹശ്വേരോശ്. തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അദ്ദേഹം ഒരു വലിയ വിരുന്നു നടത്തുകയും പ്രഭുക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടുകയും ചെയ്തു. ആ വർഷം ഗ്രീസുമായുള്ള യുദ്ധം ആരംഭിച്ചു. എഴാംവർഷം അദ്ദേഹം പരാജയം ഏറ്റുവാങ്ങിക്കൊണ്ടു നാട്ടിലേക്കു മടങ്ങി; കൊട്ടാരത്തിലെ ഭോഗങ്ങളിൽ മുഴുകി സ്വയം ആശ്വസിച്ചു. ഈ സന്ദർഭത്തിലാണ് രാജാവ് സുന്ദരികളായ യുവതികളെ അന്വേഷിച്ചത്. അങ്ങനെ വസ്ഥിരാജ്ഞിയുടെ സ്ഥാനത്ത് എസ്ഥേറിനെ സ്വീകരിച്ചു. ഈ ചരിത്രവസ്തുതകൾ അഹശ്വേരോശിന്റെയും ക്സെർക്സെസിൻ്റെയും അഭിന്നത്വം വ്യക്തമാക്കുന്നു. 

3. മേദ്യനായ ദാര്യാവേശിന്റെ പിതാവ്: (ദാനീ, 9:1). ഈ അഹശ്വേരോശ് അസ്ത്യാഗസ് (Astyages) ആണെന്നും, സ്യാക്സാരെസ് (Cyaxares) ആണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്.