കുപ്രൊസ്

കുപ്രൊസ് (Cyprus)

225 കി.മീറ്റർ നീളവും 100 കി.മീറ്റർ വീതിയുമുള്ള ഒരു മെഡിറ്ററേനിയൻ ദ്വീപാണ് കുപ്രൊസ്. സിറിയയ്ക്ക് 100 കി.മീറ്റർ പടിഞ്ഞാറും ഏഷ്യാമൈനർ തീരത്തു തുർക്കീതീരത്തു നിന്നു 65 കി.മീറ്റർ അകലെയും ആയി സ്ഥിതിചെയ്യുന്നു. പഴയനിയമത്തിൽ കുപ്രൊസ് അതേ പേരിൽ പറഞ്ഞിട്ടില്ല. എലിശ എന്നു വിളിക്കുന്നത് കുപ്രൊസിനെയാകണം. അനന്തരം കിത്തീം നിവാസികൾ അവിടെ കൂടിപാർത്തു. നവീനശിലായുഗത്തിൽ ആളുകൾ ഈ ദ്വീപിൽ പാർത്തിരുന്നതിനു തെളിവുണ്ട്. ബി.സി. പതിനഞ്ചാം നൂറ്റാണ്ടിൽ ക്രീറ്റിലെ മിനോയൻ സംസ്കാരം കുപ്രൊസിലേക്കും വ്യാപിച്ചു. അടുത്ത നൂറ്റാണ്ടിൽ മൈസനേയർ ഇവിടെ കോളനി സ്ഥാപിച്ചു. ഈ നൂറ്റാണ്ടിലായിരിക്കണം കുപ്രൊസിലെ ചെമ്പുഖനികൾ ആദ്യമായി ഉപയോഗിച്ചു  തുടങ്ങിയത്. ഈ ചെമ്പുഖനികൾ റോമായുഗത്തിൽ ഖ്യാതി നേടുകയും ദ്വീപിനു കുപ്രൊസ് എന്ന പേര് ലഭിക്കുകയും ചെയ്തു. അങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളുടെ രേഖകളിൽ കുപ്രൊസ് സ്ഥാനം പിടിച്ചു. 

ഈജിപ്റ്റിലെ തുത്ത്മൊസ് മൂന്നാമൻ കുപ്രൊസ് ആക്രമിച്ചതായി അവകാശപ്പെടുന്നു. അശ്ശൂർ രാജാക്കന്മാരായ സർഗ്ഗോൻ രണ്ടാമനും, സൻഹേരീബും, ഏസർ-ഹദ്ദോനും കുപ്രൊസിന്റെ നിയന്ത്രണം കൈയിൽ വച്ചിരുന്നു. അശ്ശൂർ രാജ്യത്തിന്റെ തകർച്ചയോടുകൂടി ദ്വീപ് ഈജിപ്റ്റിൻ്റെ നിയന്ത്രണത്തിലായി. കോരെശ് ചക്രവർത്തി ബാബിലോണിനെതിരെ മുന്നേറിയപ്പോൾ കുപ്രൊസ് അദ്ദേഹത്തെ സഹായിച്ചു. തന്മൂലം പേർഷ്യയുടെ പ്രാബല്യകാലത്ത് കുപ്രൊസിനു സ്വന്തം രാജാക്കന്മാർ ഉണ്ടായിരുന്നു. ബി.സി. 333-ൽ കുപ്രൊസ് അലക്സാണ്ടറിനു കീഴടങ്ങി. ബി.സി. 58-ൽ ഒരു റോമൻ പ്രവിശ്യയായിത്തീർന്നു. ബർന്നബാസ് കുപ്രാസ് ദ്വീപുകാരനായിരുന്നു. (പ്രവൃ, 4:36). സ്തെഫാനൊസിന്റെ രക്തസാക്ഷി മരണത്തിനുശേഷം ഉണ്ടായ പീഡനം കാരണമായി ചില ശിഷ്യന്മാർ കുപ്രൊസിലേക്കു പോയി; അവർ അവിടെ സുവിശേഷം പ്രസംഗിച്ചു. (പ്രവൃ, 11:19,20). പൗലൊസും ബർന്നബാസും എ.ഡി. 44-ൽ കുപ്രൊസ് സന്ദർശിച്ചു. പൗലൊസിൻ്റെ ആദ്യ മിഷണറി പ്രവർത്തന രംഗമായിരുന്നു ഇത്. ബർന്നബാസ് മിഷണറി പ്രവർത്തനത്തിനു വേണ്ടി മർക്കൊസിനോടൊപ്പം വീണ്ടും കുപ്രൊസ് സന്ദർശിച്ചു. (പ്രവൃ, 15:38). രണ്ടുപ്രാവശ്യം ദ്വീപിനെ കടന്നു പോയിട്ടും പൗലൊസ് അവിടം സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 21:3; 27:4).

Leave a Reply

Your email address will not be published.