എസ്ഥേർ

എസ്ഥേറിൻ്റെ പുസ്തകം (Book of Esther)

പഴയനിയമത്തിലെ പതിനേഴാമത്തെ പുസ്തകം. ബൈബിളിലെ ചരിത്ര പുസ്തകങ്ങളിൽ ഒടുവിലത്തെത്. എബ്രായ ബൈബിളിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം)  അഞ്ചുചുരുളുകൾ (മെഗില്ലോത്) ഉണ്ട്. അവയിൽ അവസാനത്തെ ചുരുളാണ് എസ്ഥേർ. ഉത്തമഗീതം, രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥേർ എന്നിവയാണു അഞ്ചു ചുരുളുകൾ. പൂരീം ഉത്സവത്തിനു വായിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതു എസ്ഥറിന്റെ ചുരുളാണ്. ചാവുകടൽ ചുരുളുകളിൽ പ്രതിനിധാനം ചെയ്യപ്പെടാത്ത ഏകപുസ്തകം ഇതത്രേ. എസ്ഥേറിന്റെ ഗ്രീക്കു പാഠത്തിൽ 105 വാക്യങ്ങൾ കൂടുതലുണ്ട്. പ്രൊട്ടസ്റ്റന്റു സഭകൾ അധിക വാക്യങ്ങളെ അപ്പൊകിഫ ആയി കണക്കാക്കുന്നു.

കർത്താവും കാലവും: ഗ്രന്ഥകർത്താവിനെക്കുറിച്ചു പുസ്തകത്തിൽ യാതൊരു സൂചനയും ഇല്ല. മൊർദ്ദെഖായി ആണ് ഇതിന്റെ എഴുത്തുകാരനെന്നു ജൊസീഫസും ഇബൈൻ-എസ്രായും കരുതിയിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ചില യെദന്മാർക്കും ഉണ്ടായിരുന്നത്. അതിനു തെളിവായി എസ്ഥേർ 9:20, 32-എന്നീ വാക്യങ്ങളെ സ്വീകരിക്കുന്നു. എന്നാൽ 10:2,3-വാക്യങ്ങളുടെ വെളിച്ചത്തിൽ മൊർദ്ദെഖായി എസ്ഥേറിന്റെ ഗ്രന്ഥകാരൻ ആയിരിക്കാനിടയില്ല. പുസ്തകത്തിലെ വിവരണങ്ങളിൽ നിന്നു ഗ്രന്ഥകർത്താവിനു പേർഷ്യൻ രാജസദസ്സിനെക്കുറിച്ചും കീഴ്വഴക്കങ്ങളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നുവെന്നു മനസ്സിലാക്കാം. മൊർദ്ദെഖായിയുടെ എഴുത്തുകളും (എസ്ഥ, 9:22), ദിനവൃത്താന്ത പുസ്തകങ്ങളും (2:23; 10:2) വാമൊഴിയായ പാരമ്പര്യങ്ങളും ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചിരിക്കണം. ഉള്ളടക്കത്തിലെ ഏറിയ ഭാഗവും രാജാവിന്റെ വൃത്താന്ത പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. (എസ്ഥ, 10:2; 6:1). അതു കൊണ്ടാകാം ദൈവത്തിന്റെ നാമം ഈ പുസ്തകത്തിൽ വരാത്തത്. ഗ്രന്ഥകർത്താവു ജീവിച്ചിരുന്ന കാലവും വ്യക്തമല്ല. അഹശ്വേരോശ് രാജാവിന്റെ മരണശേഷമാണു എസ്ഥർ എഴുതപ്പെട്ടത്. (1:1; 10;2). ബി.സി. 486 മുതൽ 465 വരെ ഭരണം നടത്തിയ കസെർക്സസ് ആണ് അഹശ്വേരോശ് എന്ന നിഗമനത്തോടു അധികം പണ്ഡിതന്മാരും യോജിക്കുന്നുണ്ട്. അതിനാൽ ബി.സി. 465-നുശേഷവും പേർഷ്യൻ കാലഘട്ടം (ബി.സി. 539-333) അവസാനിക്കുന്നതിനു മുമ്പും ആണ് എസ്ഥറിന്റെ രചനാകാലം എന്നു ഉറപ്പായി പറയാം. ചില ആന്തരിക സൂചനകളെ അവലംബമാക്കി മക്കാബ്യകാലത്താണ് എസ്ഥർ രചിക്കപ്പെട്ടതെന്നു ഫൈഫർ പ്രഭൃതികൾ വാദിക്കുന്നുണ്ട്. ജോൺ ഹിർക്കാനസിന്റെ കാലത്തു (ബി.സി. 135-104) എസ്ഥർ എഴുതപ്പെട്ടു എന്നു ഫൈഫർ രേഖപ്പെടുത്തുന്നു. 

ഉദ്ദേശ്യം: യെഹൂദന്മാരെക്കുറിച്ചുള്ള ദൈവത്തിന്റെ കരുതലും അവരുടെ പരിപാലനവും വ്യക്തമാക്കുകയാണ് എസ്ഥർ. പീഡനത്തിന്റെ മദ്ധ്യത്തിൽ യിസ്രായേൽ എങ്ങനെ സംരക്ഷിക്കപ്പെട്ടു എന്നു ഈ ചരിത്രം സ്പഷ്ടമാക്കുന്നു. ദൈവിക പരിപാലനത്തെക്കുറിച്ചുള്ള അടിയുറച്ച വിശ്വാസവും അവബോധവും മൊർദ്ദെഖായിയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. ഈ നിർണ്ണായക നിമിഷത്തിൽ എസ്ഥർ പ്രവർത്തിക്കാതിരുന്നാൽ പോലും മറ്റൊരുവിധത്തിൽ യെഹൂദന്മാർ സംരക്ഷിക്കപ്പെടും. എന്നാൽ ഇപ്രകാരമുള്ള ഒരു കാലത്തിനു വേണ്ടിയാണ് എസ്ഥേർ ഇവിടെ എത്തിച്ചേർന്നതെന്നു മൊർദെഖായി ഉറപ്പായി വിശ്വസിച്ചു. “നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളാരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?“ (എസ്ഥേ, 4:14). എസ്ഥേർ 4:16-ലെ ഉപവാസം നിശ്ചയമായും പ്രാർത്ഥന ഉൾക്കൊള്ളുന്നതാണ്. പൂരീം പെരുനാളിന്റെ ഉത്ഭവത്തെക്കുറിച്ചൊരു വിശദീകരണം നല്കുക എന്നതും പുസ്തകത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്നാണ്. പീഡനത്തിനു കാരണക്കാരായവരുടെ മേൽ പീഡനം പതിക്കുകയും ദൈവത്തിന്റെ ജനം ആത്യന്തികമായി വിജയിക്കുകയും ചെയ്യുന്നതാണു പൂരീം പെരുന്നാൾ സൂചിപ്പിക്കുന്നതു. വിമോചനത്തിന്റെ പെരുനാളാണു പൂരീം. യെഹൂദന്മാർക്കു ഏറ്റവും പ്രിയങ്കമായ ഈ ഉത്സവവും ന്യായമാണത്തിൽ പറയപ്പെട്ടിട്ടുള്ളതല്ല. അതിന്റെ ചരിത്രപരമായ അടിസ്ഥാനം വിശദമാക്കുകയാണു എസ്ഥർ. 

ചരിത്രപശ്ചാത്തലം: എസ്ഥേറിനെ വെറും കഥയായി കണക്കാക്കുന്ന വിമർശകർ വിരളമല്ല. എ. ബെൻസൺ ഇതിനെ ഒരു ചരിത ആഖ്യായികയായിട്ടാണ് അംഗീകരിക്കുന്നത്. പുസ്തകത്തിന്റെ സംവിധാനം അതിന്റെ ചരിത്രപരതയെ അരക്കിട്ടുറപ്പിക്കുന്നു. യോശുവ ന്യായാധിപന്മാർ എന്നീ ചരിത്ര പുസ്തകങ്ങൾ ആരംഭിക്കുന്നതുപോലെ എസ്ഥർ ആരംഭിക്കുകയും ദിനവൃത്താന്തത്തെ പരാമർശിച്ചുകൊണ്ട് പുസ്തകം അവസാനിക്കുകയും ചെയ്യുന്നു. (10:26). പേർഷ്യൻ രാജസദസ്സിനെക്കുറിച്ചും കീഴ്വഴക്കങ്ങളെക്കുറിച്ചും സൂക്ഷമമായ അറിവു ഗ്രന്ഥകാരനുണ്ട്. രാജധർമ്മം, രാജാവിന്റെ ആലോചനാ സഭ (1:14), ശുഭദിനങ്ങളോടുള്ള ആഭിമുഖ്യം (3:7), ഒരു മഹാനെ ആദരിക്കുന്ന വിധം (6:8) എന്നിവയുടെ വിവരണം അതു വ്യക്തമാക്കുന്നു. പേർഷ്യൻ ഭാഷയിലെ ക്ഷയർഷാ ആണ് ഗ്രീക്കിലെ ക്സെർക്സസും എബ്രായയിലെ അഹശ്വേരോശും. അടുത്ത കാലത്തു ബോർസിപ്പയിൽ നിന്നു ലഭിച്ച ഒരു ക്യൂണിഫോം പാഠത്തിൽ (ഇതിന്റെ രചനാകാലം രേഖപ്പെടുത്തിയിട്ടില്ല) മൊർദ്ദെഖായിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട് അതിൽ പറഞ്ഞിട്ടുള്ള മൊർദെഖായി (മർദൂകാ) ദാര്യാവേശ് ഒന്നാമന്റെയും ക്സെർക്സസ് ഒന്നാമന്റെയും കാലത്തു ശൂശൻ രാജധാനിയിലെ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്നു. ബൈബിളിനു പുറത്തു മൊർദ്ദെഖായിയെ കുറിച്ചുള്ള ആദ്യ പരാമർശം ഇതാണ്. എസ്ഥർ 1:3-ൽ അഹശ്വേരോശ് രാജാവിന്റെ മൂന്നാം വർഷവും 2:16-ൽ ഏഴാം വർഷവും പരാമർശിക്കപ്പെടുന്നു. ബി.സി. 483-നും 480-നും മദ്ധ്യേയുള്ള ഈ ഇടവേളയിലായിരുന്നു അദ്ദേഹം വിനാശകരമായ ഗ്രീസ് ആക്രമണം ആസൂത്രണം ചെയ്തതും നടത്തിയതും. ക്സെർക്സസിന്റെ ഭാര്യ അമെത്രീസ് ആയിരുന്നുവെന്നു ഹെരോഡോട്ടസ് പറയുന്നു. അഹശ്വേരോശിനെക്കുറിച്ചു പറയുമ്പോൾ വസ്തി, എസ്ഥർ, മൊർദ്ദെഖായി എന്നിവരെക്കുറിച്ചു യാതൊന്നും പറയുന്നില്ല. ഏഴു പ്രഭുകുടുംബങ്ങളിൽ ഒന്നിൽനിന്നു മാത്രമേ പാർസിരാജാവു വിവാഹം ചെയ്യാൻ പാടുള്ളൂ എന്നും ഹെരേഡോട്ടസ് പറയുന്നുണ്ട് (എസ്ഥ, 1:14). ഈ കീഴ്വഴക്കത്തെ മാനിക്കാതെ തനിക്കു ബോധിച്ച സ്ത്രീകളെ അഹശ്വേരോശ് ഭാര്യമാരായി സ്വീകരിച്ചിരുന്നു. പ്രധാനപ്പെട്ട പലവ്യക്തികളെയും സംഭവങ്ങളെയും ഹെരോഡോട്ടസ് തന്റെ ചരിത്രത്തിൽ പരാമർശിച്ചിട്ടില്ല. അതുകൊണ്ട് അഭാവം ഒരുവിധായകതെളിവായി സ്വീകരിക്കുന്നതു വളരെ സൂക്ഷിച്ചുവേണ്ടതാണ്. 

എസ്ഥേർ 2:5-6-ലെ വിവരണം അനുസരിച്ച് മൊർദെഖായി ബി.സി. 597-ൽ ബദ്ധനായിപ്പോയി. അങ്ങനെയാണെങ്കിൽ അഹശ്വേരോശിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷം (ബി.സി. 474) പ്രധാന മന്ത്രിയായപ്പോൾ മൊർദെഖായിക്ക് കുറഞ്ഞപക്ഷം 122 വയസ്സായിരിക്കണം. തന്റെ ചിറ്റപ്പന്റെ മകളും സുന്ദരിയുമായ എസ്ഥറിനു മൊർദെഖായിയെക്കാൾ നൂറു വയസ്സ് ഇളപ്പം ഉണ്ടായിരുന്നിരിക്കണം. വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പൂർവ്വപക്ഷമാണിത്. എന്നാൽ എസ്ഥേർ 2:6-ലെ ‘അവൻ’ മൊർദ്ദെഖായിയെ അല്ല അയാളുടെ പ്രപിതാമഹനായ കീശിനെയാണു വിവക്ഷിക്കുന്നത്. എബ്രായ പാം ഈ വിധത്തിൽ വ്യാഖ്യാനിക്കാൻ സാധകമാണെന്നു പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു. ഒരു യെഹൂദൻ തന്നെ അവമതിച്ചതുകൊണ്ടു യെഹൂദാവർഗ്ഗത്തെ മുഴുവൻ ഒടുക്കിക്കളയുവാൻ ഹാമാൻ തുനിയുമോ? അതിനു ചക്രവർത്തി അനുവാദം നല്കുമോ? യെഹൂദന്മാരുടെ കൂട്ടക്കൊലയ്ക്കു ദീർഘമായ ഒരു കാലാവധി ഹാമാൻ നിശ്ചയിക്കുമോ? മനുഷ്യമനസ്സിന്റെ ചാപല്യം ഇതിനുതക്ക മറുപടിയാണ്. ഒന്നോരണ്ടോ വ്യക്തികളുടെ അഭിമാനത്തിനു നേരിട്ടക്ഷതം എത്രകൂട്ടക്കൊലകളും, യുദ്ധങ്ങളുമാണ് വരുത്തിവച്ചിട്ടുളളത്? യെഹൂദന്മാരെ ചതിയന്മാരായിട്ടാണ് ഹാമാൻ ചിത്രീകരിച്ചിരിക്കുന്നുത്. (3:8). ഹാമാൻ അന്ധവിശ്വാസിയായിരുന്നു. ചീട്ടിട്ടു ശുഭദിനം നോക്കിയാണു അവൻ കൂട്ടക്കൊലയുടെ ദിവസം നിശ്ചയിച്ചത്. (3:7). 25 മീറ്റർ പൊക്കമുള്ള കഴുമരം ഭീതനായ അധികാരിയുടെ അധികാര ദുർവിനിയോഗത്തിന്റെ ദൃഷ്ടാന്തം മാത്രം. (7:39). 

എസ്ഥേറിന്റെ ചരിത്രത്തിനു ഒരു വിചിത്രമായ വ്യാഖ്യാനവും നിലവിലുണ്ട്. അതനുസരിച്ചു എസ്ഥേർ ഇഷ്ടാർ ദേവിയാണ്; മൊർദ്ദെമായി മർദൂക്കും. ഹാമാൻ ഏലാമ്യ ദേവനായ ഹുമ്മനാണു്; വസ്ഥി ഏലാമ്യദേവിയായ മസ്തിയും. ബാബിലോന്യ ഏലാമ്യദേവന്മാർ തമ്മിലുള്ള സംഘട്ടനത്തെ കുറിച്ചുള്ളതായിരിക്കണം ഈ കഥ. യെഹൂദന്മാരുടെ ഒരുത്സവത്തിനു വിശദീകരണം നല്കുവാൻ ബഹുദൈവ വിശ്വാസികളുടെ കഥ യെഹൂദന്മാർ സ്വീകരിക്കുക അസ്വാഭാവികമാണ്. പൂരീം ഒരന്യജാതി ആചാരമായിരുന്നെങ്കിൽ യെഹൂദന്മാർ സ്വീകരിക്കയില്ലായിരുന്നു; സ്വീകരിച്ചാൽ തന്നെ കഥമുഴുവൻ മാറ്റി എഴുതുകയും പേരുകൾ മാറ്റുകയും ചെയ്യുമായിരുന്നു. എസ്ഥറിലെ ചില പേരുകൾക്കു ദേവന്മാരുടെയും ദേവിമാരുടെയും പേരുകളോടു സാമ്യമുണ്ട്. സദൃശമായ അനേകം നാമങ്ങൾ നമുക്കു തിരുവെഴുത്തുകളിൽ കാണാവുന്നതാണ്. (ഉദാ: ദാനീ, 1:7; എസ്രാ, 1:8).

പ്രധാന വാക്യങ്ങൾ: 1. “എസ്ഥേർ 2:17 രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.” എസ്ഥേർ 2:15.

2. “നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?” എസ്ഥേർ 4:14.

3. “തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.” എസ്ഥേർ 6:13.

4. “അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.” എസ്ഥേർ 7:3.

ഉള്ളടക്കം: I. എസ്ഥർ പാർസിരാജ്യത്തിലെ രാജ്ഞിയാകുന്നു: 1:1-2:23.

1. അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ ഉപേക്ഷിക്കുന്നു: 1.:22.

2. വസ്ഥിക്കു പകരം എസ്ഥേനിനെ രാജ്ഞിയാക്കുന്നു:  2:23.

II. യെഹൂദന്മാരെ നശിപ്പിക്കുവാനുള്ള ഹാമാന്റെ ശ്രമവും പരാജയവും: 3:1-10:3.

1. ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കുവാൻ മാർഗ്ഗമന്വേഷിക്കുന്നു: 3:1-15. 

2. മൊർദെഖായി എസ്ഥേറിനെ വിവരം അറിയിക്കു ന്നു; എസ്ഥേർ സ്വജനത്തിനുവേണ്ടി പക്ഷവാദം ചെയ്യുന്നു, ചക്രവർത്തിക്കു വിരുന്നു നല്കുന്നു: 4:1-5:14.

3. മൊർദ്ദെഖായിയെ രാജാവു ബഹുമാനിക്കുന്നു; ഹാമാനെ തൂക്കിലേറ്റുന്നു: 6:1-7:10.

4. യെഹൂദന്മാരുടെ മോചനം, ശത്രുക്കളോടുള്ള പകരം വീട്ടൽ, പുരീം പെരുന്നാൾ: 8:1-9:33.

5. മൊർദ്ദെഖായിയുടെ ഉന്നത പദവി: 10:1-3.

പൂർണ്ണവിഷയം

വസ്ഥി രാജ്ഞിയുടെ പതനം- 1:1-22
രാജാവിനു പുതിയ വധുവിനെ അന്വേഷിക്കുന്നു- 2:1-18
മൊര്‍ദ്ദെഖായി- 2:5-11
എസ്ഥേര്‍ പുതിയ രാജ്ഞിയാകുന്നു- 2:5-18
മൊര്‍ദ്ദെഖായി രാജാവിനെതിരെയുള്ള ഒരു ഗൂഢാലോചന കണ്ടുപിടിക്കുന്നു- 2:19-23
എല്ലാ യെഹൂദന്മാരെയും കൊല്ലാനുള്ള ഹാമാന്റെ ഗൂഢാലോചന- 3:1-15
ഹാമാനെ പരാജയപ്പെടുത്തുവാൻ, എസ്ഥേറിന്റെ സഹായം
മൊര്‍ദ്ദെഖായി ഉറപ്പുവരുത്തുന്നു- 4:1-17
രാജാവിനോടുള്ള എസ്ഥേറിന്റെ അഭ്യര്‍ത്ഥന- 5:1—9:17
ആദ്യത്തെ അപേക്ഷ- 5:1-6
രണ്ടാമത്തെ അപേക്ഷ- 5:7-8
ഹാമാന്റെ ആനന്ദം, കോപം, ആത്മപ്രശംസ
മൊർദ്ദെഖായിയെ കൊല്ലുവാനുള്ള തന്ത്രങ്ങൾ- 5:9-14
രാജാവ് മൊർദ്ദെഖായിയെ ആദരിക്കുന്നു- 6:1-14
രാജാവിനോടുള്ള എസ്ഥേറിന്റെ മൂന്നാമത്തെ അപേക്ഷ- 7:1-6
ദൈവം ഹാമാനോട് പ്രതികാരം ചെയ്യുന്നു- 7:7-10
രാജാവ് മൊർദ്ദെഖായിക്ക് ഉന്നതസ്ഥാനം നൽകുന്നു- 8:1-2
എസ്ഥേർ രാജാവിനോട് അപേക്ഷിക്കുന്നു- 8:3-6
യെഹൂദന്മാര്‍ക്കുവേണ്ടിയുള്ള രാജാവിന്റെ കല്പന- 8:7-17
യെഹൂദന്മാരുടെ വിജയം- 9:1-17
രാജാവിനോടുള്ള എസ്ഥേറിന്റെ അവസാനത്തെ അപേക്ഷ- 9:13
മൊർദ്ദെഖായിയുടെ മഹത്വം- 10:1-3

നെഹെമ്യാവ്

നെഹെമ്യാവിന്റെ പുസ്തകം (Book of Nehemiah)

പഴയനിയമത്തിൽ പതിനാറാമത്തെ പുസ്തകം. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിലാണ് (കെത്തുവീം) ഉൾപ്പെടുത്തിയിരിക്കുന്നത്. തല്മൂദിൽ എസ്രായെയും നെഹെമ്യാവിനെയും ഒറ്റ പുസ്തകമായി കണക്കാക്കിയിരിക്കുന്നു. ജൊസീഫസും മെലീത്തയും ജെറോമും ഇതേരീതി അവലംബിച്ചു. ലത്തീൻ വുൾഗാത്തയിൽ നെഹെമ്യാവിന് എസ്രയുടെ രണ്ടാം പുസ്തകം എന്നാണ് പേർ. എബ്രായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണത്തോടു പഴയനിയമ പുസ്തകങ്ങളുടെ എണ്ണം സമീകരിക്കുവാൻ വേണ്ടി പലരും എസ്രായെയും നെഹെമ്യാവിനെയും ഒറ്റപുസ്തമായി കണക്കാക്കി. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ പുസ്തകത്തെ എസ്രാ നെഹെമ്യാവ് എന്നു രണ്ടായി തിരിച്ചത്. 

കർത്താവും കാലവും: എസ്രാ നെഹെമ്യാവ് എന്നീ നേതാക്കന്മാർക്കു വളരെശേഷം ബി.സി. 330-നടുപ്പിച്ച് ഒരു ദിനവൃത്താന്തകാരൻ ദിനവൃത്താന്തം ഒന്നും രണ്ടും, എസ്രാ നെഹെമ്യാവും എഴുതി എന്നാണു വിമർശകന്മാർ കരുതുന്നത്. അവരുടെ വാദഗതികൾ സർവ്വാദൃതമല്ല. ബി.സി. 5-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നെഹെമ്യാവ് എഴുതപ്പെട്ടു എന്നു കരുതുകയാണ് യുക്തം. എസ്രാ നെഹെമ്യാവിന് മുമ്പാണോ, നെഹെമ്യാവു എസ്രായ്ക്കു മുമ്പാണോ എഴുതപ്പെട്ടത് എന്നതിൽ ചിലർക്കു സംശയമുണ്ട്. യെഹൂദപാരമ്പര്യവും പുസ്തകത്തിന്റെ നാമവും എഴുത്തുകാരനായി നെഹെമ്യാവിനെ അംഗീകരിക്കുന്നു. (നെഹ, 1:1-7:5). നെഹെമ്യാവിന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗമായിരിക്കണം. ഉത്തമപുരുഷാഖ്യാനം ചൂണ്ടിക്കാണിക്കുന്നത് അതാണ്. ഓർമ്മക്കുറിപ്പിൽ നിന്നെടുത്ത് മറ്റുഭാഗങ്ങൾ: (11:1,2; 12:27-43; 13:4-31) എന്നിവയാണ്. ഗ്രന്ഥരചനയ്ക്കു മററു ചരിത്രരേഖകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

ഉദ്ദേശ്യം: പരസ്പരബദ്ധവും പരസ്പരപൂരകവും ആയ രണ്ടു പുസ്തകങ്ങളാണ് നെഹെമ്യാവും എസ്രായും. ദൈവജനത്തിന്റെ യഥാസ്ഥാപനത്തിൽ വെളിപ്പെടുന്ന ദൈവത്തിന്റെ വിശ്വസ്തതയാണ് രണ്ടുഗന്ഥങ്ങളിലെയും പ്രമേയം. കോരെശ്, ദാര്യാവേശ് ഒന്നാമൻ, അർത്ഥഹ്ശഷ്ടാവ് എന്നീ വിജാതീയ പാർസി രാജാക്കന്മാരിലൂടെയും എസ്രാ, നെഹെമ്യാവു്, സെരുബ്ബാബേൽ, യോശുവ, ഹഗ്ഗായി, സെഖര്യാവ് തുടങ്ങിയ തന്റെ അഭിഷിക്ത ദാസന്മാരിലൂടെയും ദൈവം സ്വന്തജനത്തിനു വേണ്ടി പ്രവർത്തിക്കുന്നു. 

പ്രധാന വാക്യങ്ങൾ: 1. “അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.” നെഹെമ്യാവു 1:3.

2. “കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.” നെഹെമ്യാവു 1:11.

3. “ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു. ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.” നെഹെമ്യാവു 6:15,16.

ബാഹ്യരേഖ: I യെരൂശലേം മതിലിനെ നെഹെമ്യാവ് പുതുക്കിപ്പണിയുന്നു: 1:1-7:73.

1. നെഹെമ്യാവു യെരൂശലേമിലേക്കു മടങ്ങി വരുന്നു: 1:1-2:20.

2. മതിലിന്റെ പുതുക്കിപ്പണി: 3:16:19.

3. കാവല്ക്കാരുടെ നിയമനം; ജനസംഖ്യയെടുപ്പ്: 7:1-73. 

II എസ്രായുടെയും നെഹെമ്യാവിന്റെയും നേതൃത്വത്തിൽ നവീകരണം: 8:13:31.

1. നിയമം പുതുക്കുന്നു: 8:1-10:39.

2. യെരുശലേമിൽ വീണ്ടും പാർപ്പുറപ്പിക്കുന്നു: 11:1-36.

3. പട്ടണമതിൽ പ്രതിഷ്ഠിക്കുന്നു: 12:1-47.

4. നെഹെമ്യാവു രണ്ടാമതും ദേശാധിപതിയായി വന്നപ്പോൾ വരുത്തിയ നവീകരണം: 13:1-31.

പൂർണ്ണവിഷയം

യെരുശലേമിനെക്കുറിച്ചുള്ള നെഹമ്യാവിന്റെ ദുഃഖവും തന്റെ പ്രാര്‍ത്ഥനയും 1:1-11
പേര്‍ഷ്യൻ രാജാവ് നെഹമ്യാവിനെ യെരുശലേമിലേക്ക് അയക്കുന്നു 2:1-10
നെഹമ്യാവ് യെരുശലേം മതിലുകൾ പരിശോധിക്കുന്നു 2:11-16
“നാം പണിയുക” 2:17-18
എതിര്‍പ്പുകളുടെ ആരംഭം 2:19-20
വാതിലുകളും മതിലും പണിയുന്നു 3:1-32
കൂടുതൽ എതിര്‍പ്പുകൾ, നെഹമ്യവ് അതിനെ നേരിടുന്നു 4:1-23
പാവപ്പെട്ടവരുടെ കഷ്ടപ്പാടും, നെഹമ്യാവിന്റെ പ്രവൃത്തികളും 5:1-19
എതിര്‍പ്പ് തുടരുന്നു; നെഹമ്യാവിന്റെ സ്വഭാവം 6:1-14
മതിലിന്റെ പണി പൂര്‍ത്തിയാക്കുന്നു 6:15-19
യെരുശലേമിനെ സംരക്ഷിക്കാനുള്ള പദ്ധതികൾ 7:1-3
തിരികെ വന്ന പ്രവാസികളുടെ പട്ടിക നെഹമ്യാവ് കണ്ടുപിടിക്കുന്നു 7:4-73
എസ്രാ ജനത്തിനുവേണ്ടി ദൈവത്തിന്റെ ന്യായപ്രമാണം വായിക്കുന്നു, 8:1-12
കൂടാരപ്പെരുന്നാൾ 8:13-18
യെഹൂദന്മാര്‍ പാപം ഏറ്റുപറയുന്നു 9:1-3
ദൈവത്തിന്റെ മഹാപ്രവൃത്തികളെ ഓര്‍ത്തുകൊണ്ടുള്ള പ്രാര്‍ത്ഥന 9:5-37
എഴുതപ്പെട്ട ഒരു ഉടമ്പടി 9:38—10:39
യെരുശലേമിലും യെഹൂദയിലും പുതിയനിവാസികൾ 11:1-36
ലേവ്യരുടെയും പുരോഹിതമ്മാരുടെയും പട്ടിക 12:1-26
മതിലിന്റെ പ്രതിഷ്ഠ 12:27-43
ആലയത്തിലേക്കുള്ള വഴിപാടുകളും സേവനങ്ങളും 12:44-47
നെഹമ്യാവിന്റെ അസാന്നിദ്ധ്യത്തിൽ സംഭവിച്ചത് 13:1-9
നെഹമ്യാവിന്റെ നവീകരണം 13:10-31

എസ്രാ

എസ്രായുടെ പുസ്തകം (Book of Ezra)

പഴയ നിയമത്തിലെ പതിനഞ്ചാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽപ്പെടുന്നു. എബായബൈബിളിൽ എസ്രായും നെഹെമ്യാവും ‘എസ്രായുടെ പുസ്തകം’ എന്ന ഏകനാമത്തിൽ അറിയപ്പെട്ടിരുന്നു. ജൊസീഫസും സർദ്ദീസിലെ മെലിത്തായും, വിശുദ്ധ ജെറോമും, ബാബിലോണിയൻ തല്മൂദിലെ ബാബാബത്രയും ഈ രണ്ടു പുസ്തകങ്ങളെയും ഒന്നായി കണക്കാക്കി. ലത്തീൻ വുൾഗാത്താ നെഹെമ്യാവിനെ ‘എസായുടെ രണ്ടാം പുസ്തകം’ എന്നു വിളിച്ചു. പഴയനിയമ പുസ്തകങ്ങളുടെ എണ്ണം എബ്രായ അക്ഷരമാലയുടെ എണ്ണത്തിനു തുല്യം 22 ആക്കുവാൻ വേണ്ടിയാണ് പല എഴുത്തുകാരും എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കിയത്. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ എസ്രാ, നെഹെമ്യാവ് എന്നിങ്ങനെ രണ്ടു പുസ്തകമായി വേർതിരിച്ചു ക്രമീകരിച്ചത്. സെപ്റ്റ്വജിന്റിൽ ദിനവൃത്താന്തങ്ങൾക്കു ശേഷമാണു എസ്രായും നെഹെമ്യാവും. ദിനവൃത്താന്തങ്ങൾ അവസാനിക്കുന്നിടത്തു നിന്നാണ് എസ്രായും നെഹെമ്യാവും ആരംഭിക്കുന്നത്. തന്മൂലം സെപ്റ്റ്വജിന്റിലെ പുസ്തകക്രമം തികച്ചും യുക്ത്യധിഷ്ഠിതമാണ്. വിമർശകരിൽ അധികവും ദിനവൃത്താന്തങ്ങൾ, എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കുന്നു. ഈ മൂന്നു പുസ്തകങ്ങളും ചരിത്രത്തിന്റെ അനുക്രമമായ ആഖ്യാനമാണ്. 

കർത്താവും കാലവും: പരമ്പരാഗതമായ വിശ്വാസം അനുസരിച്ചു എസ്രായാണ് ഗ്രന്ഥകാരൻ. പുസ്തകത്തിലെ 7-9 അദ്ധ്യായങ്ങളിലെ ഉത്തമ പുരുഷാഖ്യാനം എസ്രായുടെ കർത്തൃത്വത്തിനു തെളിവാണ്. രാജകല്പനകൾ (1:2-4; 6:3-12), വംശാവലികളും നാമാവലികളും (അ.2), എഴുത്തുകൾ (4:7-22; 5:6-17) എന്നിങ്ങനെ വിവിധ രേഖകളിൽനിന്നു സമാഹരിച്ചതാണു ആദ്യത്തെ ആറു അദ്ധ്യായങ്ങൾ. അരാമ്യയിൽ എഴുതിയ രണ്ടു ഭാഗങ്ങൾ എസ്രായിൽ ഉണ്ട്. (4:8-6:18; 7:12-26). അക്കാലത്തെ നയതന്ത്ര ഭാഷ അരാമ്യ ആയിരുന്നു. എസ്രായുടെ പുസ്തകത്തിൽ ചേർത്തിട്ടുള്ള രേഖകൾക്കു തമ്മിലും സമകാലീന ചരിത്രരേഖകളോടും പറയാവുന്ന പൊരുത്തക്കേടുകൾ ഒന്നുമില്ല. വിമർശകർ ചൂണ്ടിക്കാണിക്കുന്ന ചില വൈരുദ്ധ്യങ്ങൾക്കു വലിയ കഴമ്പൊന്നും ഇല്ല. കോരെശ് രാജാവിന്റെ കല്പനയിൽ യഹോവയുടെ നാമം പരാമർശിച്ചിട്ടുള്ളത് (1:1-3) ചിലർ പൂർവ്വപക്ഷമായി ചൂണ്ടിക്കാണിക്കുന്നു. ഇതേ കാലത്തുള്ള മറ്റു രേഖകളിൽ കോരെശ് രാജാവു ബാബിലോന്യദേവന്മാരെ പരാമർശിച്ചിട്ടുണ്ട്. അതു പാർസിരാജാക്കന്മാരുടെ ഒരു പ്രത്യേക നയമായിരുന്നു. യെഹൂദന്മാരെ പ്രീതിപ്പെടുത്താൻ ഉള്ളതാകയാൽ ഈ വിളംബരത്തിൽ യഹോവയുടെ നാമം ചേർത്തു എന്നേയുള്ളൂ. ഹഗ്ഗായി 2:18-ൻ പ്രകാരം ദൈവാലയത്തിനു അടിസ്ഥാനമിട്ടതു ബി.സി. 520-ൽ ആണ്; എസ്രാ 3:10 അനുസരിച്ച് ബി.സി. 536-ലും. ഈ ഇടക്കാലത്തു അതായതു് ബി.സി. 536-നും 520-നും മദ്ധ്യ പണികൾ കാര്യമായി നടന്നില്ല. അതിനാൽ വേല വീണ്ടും തുടങ്ങിയപ്പോൾ ഒരു പുതിയ പ്രതിഷ്ഠാത്സവത്തോടെ ആരംഭിച്ചു എന്നു മാത്രം. പല പ്രധാന മന്ദിരങ്ങൾക്കും ഒന്നിലധികം അടിസ്ഥാനശിലകൾ സ്വാഭാവികമാണ്. എസ്രായുടെ പ്രവർത്തനം അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ വാഴ്ചക്കാലത്തായിരുന്നു.  ബി.സി. 465-426). എലിഫന്റൈൻ പാപ്പിറസ് ഇതിനു അസന്നിഗ്ദ്ധമായ തെളിവു നല്കുന്നു. ഈ രേഖയിൽ മഹാപുരോഹിതനായ യോഹാനാനെയും ശമര്യയുടെ ദേശാധിപതിയായ സൻബല്ലത്തിനെയും കുറിച്ചു പറഞ്ഞിട്ടുണ്ട്. ഈ യോഹാനാൻ എല്യാശീബിന്റെ പൗത്രനാണ്. (നെഹെ, 3:1,20). നെഹെമ്യാവ് എല്യാശീബിന്റെ സമകാലികനായിരുന്നു. നെഹെമ്യാവ് യെരൂശലേമിലേക്കു ആദ്യം വന്നതു അർത്ഥഹ്ശഷ്ടാവിന്റെ 20-ാം ആണ്ടിലും (ബി.സി. 445; നെഹെ, 1:1; 2:1), രണ്ടാമതു വന്നതു 32-ാം ആണ്ടിലും (നെഹെ, 13:6) ആയിരുന്നു. ഇതു അർത്ഥഹ്ശഷ്ടാവ് ഒന്നാമനാണ്. എസ്രാ യെരുശലേമിലേക്കു വന്നതു നെഹെമ്യാവിനു മുമ്പാണ്. അർത്ഥംഹ്ശഷ്ടാവിന്റെ വാഴ്ചയുടെ 7-ാം വർഷത്തിൽ അതായതു ബി.സി. 458-ൽ.

ഉദ്ദേശ്യം: ബാബിലോണ്യ പ്രവാസത്തിനൊടുവിൽ യെരുശലേമിലേക്കുള്ള യഹൂദരുടെ മടക്കമാണ് ഈ പുസ്തകത്തിൻ്റെ പ്രമേയം. പുസ്തകത്തിൻ്റെ ആഖ്യാനത്തിൽ രണ്ടു ഘട്ടങ്ങൾ ഉണ്ട്. പേർഷ്യൻ രാജാവായ കോരെശിൻ്റെ വാഴ്ചയുടെ ആദ്യവർഷമായ ബി.സി. 537-ൽ പ്രവാസികളുടെ ആദ്യഗണത്തിന്റെ യെരുശലേമിലേക്കുള്ള മടക്കവും, ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷമായ ബി.സി. 516-ൽ യഹൂദരുടെ പുതിയ ദേവാലയത്തിന്റെ പൂർത്തീകരണവും പ്രതിഷ്ഠയുമാണ് അദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിന്റെ വിഷയം: എസ്രായുടെ നേതൃത്വത്തിൽ പ്രവാസികളിൽ രണ്ടാം ഗണത്തിൻ്റെ മടങ്ങിവരവും, യഹൂദരുടെ യഹൂദേതരരുമായുള്ള വിവാഹബന്ധങ്ങൾ മൂലമുണ്ടായ പാപത്തിൽ നിന്ന് മോചിപ്പിച്ച് വിശുദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമാണ്.

പ്രധാന വാക്യങ്ങൾ: 1. “അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു.” എസ്രാ 3:11.

2. “ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.” എസ്രാ 7:6.

3. “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.” എസ്രാ 7:10.

ഉള്ളടക്കം: I. പ്രവാസികൾ സെരുബ്ബാബേലിനോടുകൂടെ മടങ്ങിവ ന്നു: 1:1-6:22.

1. കോരെശ് രാജാവു യെഹൂദപ്രവാസികളെ മടങ്ങിപ്പോകാൻ അനുവദിച്ചു: 1:1-11. (ബി.സി. 537).

2. മടങ്ങിവന്നവരുടെ പട്ടിക: 2:1-70.

3.  യാഗപീഠം പണിതു ദൈവാലയത്തിന് അടിസ്ഥാനമിട്ടു: 3:1-13. (ബി.സി. 536). 

4. ദാര്യാവേശിന്റെ കാലം വരെ ശത്രുക്കൾ പണി സ്തംഭിപ്പിച്ചു: 4:1-24.

5. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രേരണയിൽ പണി വീണ്ടും തുടങ്ങി: 5:1-6:22. (ബി.സി. 520). 

6. ദൈവാലയ പ്രതിഷ്ഠ: 6:1-22. (ബി.സി. 516) 

II . എസായോടൊപ്പം പ്രവാസികളിൽ രണ്ടാം ഗണത്തിന്റെ മടങ്ങിവരവും എസ്രായുടെ നേതൃത്വത്തിലുള്ള പരിഷ്ക്കരണവും: 7:1-10:44.

1. ന്യായപ്രമാണം നടപ്പിലാക്കുവാൻ എസ്രായെ അയച്ചു: 7:1-28. (ബി.സി. 458).

2. പ്രവാസികളോടൊപ്പം എസ്രാ സുരക്ഷിതനായി എത്തിച്ചേർന്നു: 8:1-36.

3. മിശ്രവിവാഹങ്ങളെ റദ്ദാക്കുന്നു: 9:1-10:44.

പൂർണ്ണവിഷയം

കോരെശ് രാജാവിന്റെ കല്പന 1:1-4
പ്രവാസികളുടെ ഒന്നാമത്തെ മടങ്ങിവരവും, അവര്‍ കൊണ്ടുവന്ന വസ്തുക്കളും 1:5—2:70
സത്യദൈവത്തിനുള്ള യാഗപീഠത്തിന്റെ നിര്‍മ്മാണം 3:1-6
ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നു 3:6-13
ദേവാലയത്തിന്റെ നിര്‍മ്മാണത്തിനുള്ള എതിര്‍പ്പുകൾ 4:1-24
പ്രവാചകന്മാരായ ഹഗ്ഗായിയും, സെഖര്യാവും, നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നു 5:1-2
തുടര്‍ന്നുള്ള എതിര്‍പ്പ് 5:3-17
ദേവാലയം നിര്‍മ്മിക്കുവാനുള്ള ദാര്യവേശ് രാജാവിന്റെ കല്പനകൾ 6:1-12
പൂര്‍ത്തിയായ ദൈവാലയത്തിന്റെ സമര്‍പ്പണം 6:13-18
പ്രവാസത്തിനു ശേഷം യെരുശലേമിൽ വച്ചുള്ള ആദ്യത്തെ പെസഹ 6:19-22
എസ്രാ യെരുശലേമിലേക്കു വരുന്നു 7:1-10
എസ്രായ്ക്കുള്ള അർത്ഥഹ്ശഷ്ടാരാജാവിന്റെ കത്ത് 7:11-26
എസ്രാ ദൈവത്തെ സ്തുതിക്കുന്നു 7:27-28
എസ്രായോടൊപ്പം തിരിച്ചുവന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 8:1-14
ലേവ്യരെ ആരേയും കാണുന്നില്ല 8:15-20
സുരക്ഷിതമായ യാത്രയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന 8:21-23
അപകടം നിറഞ്ഞ ഒരു യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ യെരുശലേമിൽ എത്തിച്ചേരുന്നു 8:24-36
എസ്രായുടെ സടപ്പിലാക്കിയ പരിഷ്കാരങ്ങൾ 9:1—10:17
മിശ്രവിവാഹങ്ങൾ 9:1-4
എസ്രായുടെ അനുതാപ പ്രാര്‍ത്ഥന 9:5-15
ജനങ്ങൾ അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞു എസ്രായെ അനുസരിക്കുന്നു 10:1-17
അകൃത്യങ്ങൾ ചെയ്തവര്‍ 10:18-43

2ദിനവൃത്താന്തം

ദിനവൃത്താന്തം രണ്ടാം പുസ്തകം (Book of 2 Cronicles)

പഴയനിയമത്തിലെ പതിനാലാമത്തെ പുസ്തകം.1ദിനവൃത്താന്തം അവസാനിക്കുന്നിടത്തുനിന്നും 2ദിനവൃത്താന്തം ആരംഭിക്കുന്നു. 1ദിനവൃത്താന്തം 29-ൽ ദാവീദ് ശലോമോനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. 2ദിനവൃത്താന്തം ശലോമോൻ മുതൽ ബാബിലോന്യ പ്രവാസത്തിൽനിന്നും യഹൂദാ ശേഷിപ്പ് മടങ്ങി വരുന്നതുവരെയുള്ള ദാവീദിന്റെ വംശാവലി പിൻതുടർന്നിരിക്കുന്നു. ഇതേ കാലഘട്ടത്തിലുള്ള കാര്യങ്ങൾ തന്നെയാണ് അടിസ്ഥാനപരമായി 1,2രാജാക്കന്മാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ രാജാക്കന്മാരുടെ പുസ്തകം യിസായേലിനു പ്രാധാന്യം നല്കിയിരിക്കുമ്പോൾ, ദിനവൃത്താന്തങ്ങൾ ഊന്നൽ കൊടുത്തിരിക്കുന്നത് യഹൂദയാണ്. യഹൂദയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിലയിൽ മാത്രമേ യിസ്രായേൽ രാജാക്കന്മാരെക്കുറിച്ച് ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. രണ്ടു പുസ്തകങ്ങളിലെയും വിഷയങ്ങൾ പലതും ഒന്നുതന്നെയാണെങ്കിലു ദിനവൃത്താന്തങ്ങൾ വ്യത്യസ്തമായ ഒരുദ്ദേശത്തോടെ പിൽക്കാലത്ത് എഴുതപ്പെട്ടതാകയാൽ, രാജാക്കന്മാരുടെ പുസ്തകത്തിൽ കാണപ്പെടാത്ത ചില വിശദീകരണങ്ങൾ അതിലുൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും തമ്മിലുള്ള ചില വ്യത്യാസത്തെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

പ്രധാന വാക്യങ്ങൾ: 1. “അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.” 2ദിനവൃത്താന്തം 2:1.

2. “യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.” 2ദിനവൃത്താന്തം 5:14.

3. “അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.” ദിനവൃത്താന്തം 2 6:10.

4. “പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.” 2ദിനവൃത്താന്തം 36:14.

5. “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.” ദിനവൃത്താന്തം 36:23.

ഉള്ളടക്കം: I. ശലോമോന്റെ വാഴ്ച: 1:1-9:31.

1. ശലോമോന്റെ സമ്പത്തും ജ്ഞാനവും: 1:1-17.

2. ദൈവാലയ നിർമ്മാണം: 2:1-4:22.

3. ദൈവാലയ പ്രതിഷ്ഠ: 5:1-7:22.

4. ശലോമോന്റെ പ്രവർത്തനങ്ങൾ; ശൈബാരാജ്ഞിയുടെ സന്ദർശനം; 40 വർഷത്തെ വാഴ്ചയ്ക്ക് ശേഷം മരണം: 8:1-9:31.

II. യെഹൂദാരാജാക്കന്മാരുടെ ചരിത്രം: 10:1-36:23.

1. രാജ്യവിഭജനം, രെഹബെയാമിൻ്റെ ഭരണവും മരണവും: 10:1-12:16.

2. അബീയാവിന്റെ വാഴ്ച; യൊരോബെയാമിനെതിരെയുള്ള യുദ്ധം: 13:1-23.

3. ആസാ രാജാവ്: 14:1-16:14.

4. യെഹോശാഫാത്ത്: 17:1-20:37.

5. യെഹോരാം: 21:1-20.

6. അഹസ്യാവ്: 22:1-9.

7. അഥല്യാ: 22:10-23:21.

8. യോവാശ്: 24:1-27.

9. അമസ്യാവ്, ഏദോമിനോടും യിസ്രായേലിനോടും യുദ്ധം: 25:1-28.

10. ഉസ്സീയാവിൻ്റെ (അസര്യാവ്) വാഴ്ച: 26:1-23.

11. യോഥാം രാജാവിന്റെ സത്ഭരണം: 27:1-9.

12. ആഹാസിന്റെ ദുർഭരണം: 28:1-27.

13. ഹിസ്ക്കീയാ രാജാവിൻറ സത്ഭണം: 29-1-32:33.

14. മനശ്ശെയുടെ ദുർഭരണം: 33:1-20. 

15. ആമോൻ്റെ വാഴ്ചയും വധവും: 33:21-25.

16. യോശീയാവിന്റെ സത്ഭരണം; മിസയീം രാജാവിനോടുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു: 34:1-35:27.

17. ദുഷ്ടരാജാവായ യെഹോവാഹാസ്: 36:1-3.

18. ദുഷ്ടനായ യെഹോയാക്കീം: 36:4-8.

19. സിദെക്കീയാവ്: 36:11-19.

20. ബാബിലോന്യ പ്രവാസം: 36:20,21.

21. കോരെശ് രാജാവിന്റെ വിളംബരം: 36:22,23.

പൂർണ്ണവിഷയം

ശലോമോന്റെ ഭരണകാലം 1:1—9:31
ശലോമോൻ ദൈവത്തോട് ജ്ഞാനത്തിന് വേണ്ടി അപേക്ഷിക്കുന്നു 1:7-12
ശലോമോൻ ദേവാലയം പണിയുന്നതിന് തയ്യാറെടുക്കുന്നു 2:1-18
ശലോമോന്റെ ദേവാലയം പണിയുന്നു 3:1—5:1
ലേവ്യര്‍ പെട്ടകം ദേവാലയത്തിൽ കൊണ്ടുവരുന്നു 5:2-14
ദൈവത്തിന്റെ മഹത്വം ദേവാലയത്തിൽ നിറയുന്നു 5:13-14
ശലോമോൻ ജനത്തോട് സംസാരിക്കുന്നു 6:1-11
ദേവാലയത്തെ സംബന്ധിച്ച് ശലോമോന്റെ പ്രാര്‍ത്ഥന 6:12-42
ദൈവാലയത്തിന്റെ പ്രതിഷ്ഠ 7:1-10
ദൈവം ശലോമോന് ദര്‍ശനത്തിൽ പ്രത്യക്ഷപ്പെടുന്നു 7:11-22
ശലോമോന്റെ മറ്റ് പ്രവർത്തനങ്ങൾ 8:1-18
ശലോമോനും ശേബ രാജ്ഞിയും 9:1-9
ശലോമോന്റെ സമ്പത്ത് 9:10-28
ശലോമോന്റെ മരണം 9:29-31
രെഹബെയാം രാജാവ് 10:1—12:16
രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു 10:1—11:4
മിസ്രയീം, യെഹൂദയെ ആക്രമിക്കുന്നു 12:1-12
അബിയാവ് രാജാവ് 13:1—14:1
ആസാ രാജാവ് 14:2—16:14
ആസാ രാജാവിന്റെ പരിഷ്ക്കാരങ്ങൾ 15:1-18
ആസായുടെ അവസാന വര്‍ഷങ്ങൾ 16:1-14
യെഹോശാഫാത്ത് രാജാവ് 17:1—21:1
യെഹോശാഫാത്തും ആഹാബും 18:1-3
മീഖായാവിന്റെ പ്രവചനം 18:4-27
പ്രവചനം നിവൃത്തിയാകുന്നു 18:28 -34
ഒരു പ്രവാചകൻ യെഹോശാഫത്തിനെ ശാസിക്കുന്നു 19:1-3
യെഹോശാഫാത്തിന്റെ പ്രാര്‍ത്ഥന 20:1-12
യെഹോശാഫാത്ത് മോവാബ്യര്‍, അമോന്യര്‍
എന്നിവരെ പരാജയപ്പെടുത്തുന്നു 20:15-30
യെഹോശാഫാത്തിന്റെ അവസാന വര്‍ഷങ്ങൾ 20:31—21:1
യെഹോരാം രാജാവ് 21:1-20
ഏലിയാവിൽ നിന്നൊരു കത്ത് 21:12-15
അഹസ്യാവ് രാജാവ് 22:1-9
ദുഷ്ടരാജ്ഞി അഥല്യാ 22:10—23:15
യോവാശിനെ രക്ഷപ്പെടുത്തുന്നത് 22:11-12
യഹോയാദാ പുരോഹിതന്റെ പരിഷ്ക്കാരങ്ങൾ 23:16-21
യോവാശ് രാജാവ്, പരിഷ്കാരങ്ങൾ, പതനം 24:1-27
അമസ്യാവ് രാജാവ് 25:1-28
ഉസ്സീയാവു രാജാവ് 26:1-23
ഉസ്സീയാവ് പാപം ചെയ്യുന്നു; കുഷ്ഠരോഗിയാകുന്നു. 26:16-20
യോഥാം രാജാവ് 27:1-9
ആഹാസ് രാജാവ് 28:1-27
യെഹിസ്കീയാവ് രാജാവ് 29:1—32:33
യെഹിസ്കീയാവ് ദേവാലയം പുനരുദ്ധരിക്കുന്നു,
ശുദ്ധീകരിക്കുന്നു 29:3-19
ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു 29:20-36
യെഹിസ്കീയാവിന്റെ പെസഹാ ആചരണം 30:1-27
വിഗ്രഹങ്ങൾ നശിപ്പിക്കുന്നു 31:1
ദേവാലയത്തിലെ ആരാധനക്കുള്ള സംഭാവനകൾ 31:2-21
യെഹിസ്കീയാവ്, യെശയ്യാവ്, പ്രാര്‍ത്ഥന അശ്ശൂര്‍ സേനയെ
തോല്പിക്കുന്നു 32:20-23
യെഹിസ്കീയാവ് അഹംഭാവത്തിന്റെ പാപത്തിൽ വീഴുന്നു 32:24-26
യെഹിസ്കീയാവിന്റെ മറ്റു പ്രവൃത്തികൾ, മരണം 32:27-33
ദുഷ്ടനായ രാജാവ് മനെശ്ശ 33:1-20
മനെശ്ശയുടെ മാനസാന്തരവും പരിഷ്കാരങ്ങളും 33:12-20
അമോൻ രാജാവ് 33:21-24
യോശീയാവ് രാജാവ് 34:1—35:27
യോശീയാവിന്റെ പരിഷ്കാരങ്ങൾ 34:3—35:19
ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു 34:14-33
യോശീയാവിന്റെ പെസഹാ ആഘോഷം 35:1-19
യോശീയാവിന്റെ മരണം 35:20-27
യെഹോവാഹാസ് രാജാവ് 36:2-4
യെഹോയാക്കീം രാജാവ് 36:5-8
യെഹോയാഖീൻ രാജാവ് 36:9-10
സിദെക്കീയാവു രാജാവ് 36:11-14
ബാബിലോണിയര്‍ യെരുശലേം നശിപ്പിക്കുന്നു ജനങ്ങളെ ബദ്ധന്മാരാക്കുന്നു 36:15-21
കോരെശ് ചക്രവര്‍ത്തി യെരുശലേമിൽ ദേവാലയം പുതുക്കി പണിയുന്നതിന് കല്പന നല്കുന്നു 36:22-23

1ദിനവൃത്താന്തം

ദിനവൃത്താന്തം ഒന്നാം പുസ്തകം (Book of 1 Chronicles)

പഴയനിയമത്തിലെ പതിമുന്നാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ അവസാന പുസ്തകം. ദിവ്റേ ഹയ്യാമീം (ദിവസങ്ങളുടെ വാക്കുകൾ-ദിനവൃത്താന്തം) എന്ന പേരിൽ ഒറ്റ പുസ്തകമാണ് എബ്രായയിൽ. ദിവ്റേ ഹയ്യാമീം എന്ന പ്രയോഗത്തെ 1ദിനവൃത്താന്തം 27:24-ൽ വൃത്താന്തപുസ്തകം എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ പുസ്തകത്തെ രണ്ടായി വിഭജിച്ചു് പരലൈപൊ മെനോൻ (ഒഴിവാക്കിയ ഭാഗങ്ങൾ) എന്ന പേർ നല്കി. ശമൂവേലിലും രാജാക്കന്മാരിലും വിട്ടുകളഞ്ഞ സംഭവങ്ങൾ കൂട്ടിച്ചേർത്തത് എന്ന ആശയമാണ് പ്രസ്തുത നാമത്തിനുള്ളത്. മുഴുവൻ ദൈവിക ചരിത്രത്തിന്റെയും വൃത്താന്തം (Chronicon totius divinae historiae) എന്ന് ഈ പുസ്തകം വിളിക്കപ്പെടേണ്ടതാണെന്നു ജെറോം പ്രസ്താവിച്ചു. അദ്ദേഹമാണ് ദിനവൃത്താന്തം എന്ന പേര് നല്കിയത്. സെപ്റ്റജിന്റിലും ലത്തീൻ വുൾഗാത്തയിലും മലയാളത്തിലും രാജാക്കന്മാരുടെ പുസ്തകത്തിനു ശേഷമാണ് ദിനവൃത്താന്ത പുസ്തകങ്ങൾ ചേർത്തിട്ടുള്ളത്.

കർത്താവും കാലവും: എഴുത്തുകാരൻ ആരാണെന്നറിയില്ല. ലേവ്യരോടു കാണിക്കുന്ന ആഭിമുഖ്യം അവരിൽപ്പെട്ട ആരോ ഒരാളായിരിക്കണം ഇതിന്റെ എഴുത്തുകാരനെന്ന നിഗമനത്തിനു വഴിതെളിക്കുന്നു. പക്ഷേ അതും ശരിയായിരിക്കണമെന്നില്ല. തല്മൂദ് (ബാബാബത്ര 15a) ഇതിന്റെ കർത്താവായി എസ്രായെ നിർദ്ദേശിക്കുന്നു. കാലത്തെക്കുറിച്ചു അല്പം കൃത്യമായി പറയാവുന്നതാണ്. ദിനവൃത്താന്തങ്ങളിൽ ഒടുവിലായി പറയപ്പെടുന്ന സംഭവം ബാബേൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവാണ്: (2ദിന, 36:22,23). അതിനെത്തുടർന്നു ഏറെത്താമസിയാതെ യെരുശലേമിൽ വച്ചെഴുതിയിരിക്കണം. യെഹോയാഖീൻ (യൊഖൊന്യാവ്) രാജാവിന്റെ സന്തതികളുടെ പട്ടിക പ്രവാസം മുതൽ ആറു തലമുറകളെ ഉൾക്കൊളളുന്നു. (1ദിന, 3:17-24). ഇതു കാര്യമായി എടുക്കുകയാണെങ്കിൽ ബി.സി. 400-നടുത്ത് എഴുതപ്പെട്ടിരിക്കണം. ഈ വംശാവലികൾ പിന്നീട് എഴുതിച്ചേർത്തത് ആയിരിക്കാനിടയുണ്ട്. എങ്കിൽ ദിനവൃത്താന്തങ്ങളുടെ പ്രധാനഭാഗം മുഴുവൻ പ്രവാസം കഴിഞ്ഞ ഉടൻ എഴുതപ്പെട്ടു എന്നു കരുതണം. ദിനവൃത്താന്തങ്ങളിലെ ആഖ്യാനം എസ്രായിൽ തുടരുകയാണ്. ദിനവൃത്താന്തങ്ങളിലെ അവസാനവാക്യങ്ങളും (2ദിന, 36:22,23) എസ്രായിലെ ആരംഭവാക്യങ്ങളും സമാനമാണ് (എസാ, 1:1-3). എസ്രാ 1:6 വരെയുള്ള ഭാഗം ദിനവൃത്താന്തങ്ങളുടെ തുടർച്ചയായി കണക്കാക്കുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പ്രാചീനപാരമ്പര്യവും ആധുനികപഠനങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ദിനവൃത്താന്തത്തിന്റെ കർത്താവ് എസ്രാ ആണെന്നും രചനാ കാലം ബി.സി. 450-425 ആണെന്നും കരുതുന്നതിൽ തെറ്റില്ല. 

എസ്രാ പ്രവാസാനന്തര യെഹൂദയെ ന്യായപ്രമാണത്തിന് അനുരൂപമാക്കാൻ ശ്രമിച്ചു. (എസ്രാ, 7:10). ദൈവാലയ ആരാധന പുന:സ്ഥാപിക്കുന്നതിനും (എസ്രാ, 7:19-23, 27; 8:33,34), യെഹൂദന്മാരും വിജാതീയ സ്ത്രീകളുമായി നടന്ന മിശ്രവിവാഹത്തെ ഇല്ലാതാക്കുന്നതിനും (എസ്രാ 9:10), യെരുശലേമിൻ്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും എസ്രാ ബി.സി. 458 മുതൽ ഉദ്യമിച്ചു. ഈ ഉദ്ദേശ്യങ്ങൾക്ക് അനുരൂപമായി ദിനവൃത്താന്തങ്ങൾക്കു നാലു ഭാഗങ്ങളുണ്ട്: 1. കുടുംബപാരമ്പര്യം തെളിയിക്കുന്നതിനുള്ള വംശാവലികൾ: (1ദിന, 1:9); 2.  ദാവീദിന്റെ രാജ്യം ഒരു മാതൃകാ ദൈവാധിപത്യ രാജ്യം: (1ദിന, 10-29അ); 3. ദൈവാലയം, ആരാധന എന്നിവയ്ക്കു പ്രാധാന്യം നല്കിക്കൊണ്ട് ശലോമോന്റെ മഹത്വവർണ്ണന: (2ദിന, 1-9); 4. ഭക്തന്മാരായ രാജാക്കന്മാരുടെ വിജയങ്ങൾക്കും, മതപരമായ പരിഷ്ക്കരണങ്ങൾക്കും കൂടുതൽ ഊന്നൽ നല്കിക്കൊണ്ടുള്ള യെഹൂദയുടെ ചരിത്രം: (10-36അ). 

ആകരഗ്രന്ഥങ്ങൾ: ദിനവൃത്താന്ത പുസ്തകങ്ങളും എസ്രായും ഏക കർത്തൃകമാണ്. അവയുടെ രചനയ്ക്ക് വിവിധ രേഖകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി, ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങൾ ദിനവൃത്താന്തത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ദാവീദ് രാജാവിന്റെ ചരിത്രരചനയ്ക്കു ദർശകനായ ശമൂവേലിന്റെയും നാഥാൻ പ്രവാചകൻറയും ദർശകനായ ഗാദിന്റെയും പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. (1ദിന, 29:29). ശലോമോന്റെ ചരിത്രചനയ്ക്ക് സഹായകമായിരുന്ന ഗ്രന്ഥങ്ങൾ നാഥാൻ പ്രവാചകന്റെ പുസ്തകവും ശീലോന്യനായ അഹീയാവിന്റെ പ്രവചനവും ഇദ്ദോ ദർശകൻ്റെ ദർശനങ്ങളുമാണ്. (2ദിന, 9:29). അബീയാ രാജാവിന്റെ വൃത്താന്തങ്ങളും അവന്റെ വാക്കുകളും നടപ്പും ഇദ്ദോ പ്രവാചകന്റെ ചരിത്രപുസ്തകത്തിൽ നിന്നുള്ളതാണ്. (2ദിന, 13:22). രെഹബെയാമിന്റെ വൃത്താന്തങ്ങൾ ശെമയ്യാ പ്രവാചകൻറയും ഇദ്ദോ ദർശകൻറയും വൃത്താന്തങ്ങളിൽ വംശാവലിയായി രേഖപ്പെടുത്തിയിട്ടുണ്ട്. (2ദിന, 12:15). ഉസ്സീയാവിന്റെയും ഹിസ്ക്കീയാവിന്റെയും വൃത്താന്തങ്ങൾ യെശയ്യാ പ്രവാചകന്റെ ദർശനത്തിലുണ്ട്. (2ദിന, 26:22; 32:32). യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 25:26; 27:7; 32:32; 33;18), ദർശകന്മാരുടെ വൃത്താന്തം (2ദിന, 33:19) തുടങ്ങിയ ഗ്രന്ഥങ്ങളും ദിനവൃത്താന്ത രചനയ്ക്കു പ്രയോജനപ്പെട്ടു. 

ഉദ്ദേശ്യം: ശൗൽ രാജാവിന്റെ മരണം മുതൽ ബാബേൽ പ്രവാസാന്ത്യം വരെയുള്ള പൌരോഹിത്യാരാധനയുടെ ചരിത്ര മാണ് ദിനവൃത്താന്ത പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത് എസ്രായുടെ പുസ്തകത്തിൽ ഈ ചരിത്രം തുടരുന്നു. ശമുവേലിലും രാജാക്കന്മാരിലും പ്രവാചക വീക്ഷണമാണ് കാണുന്നത്. അതിനു വിരുദ്ധമായി പൌരോഹിത്യ വീക്ഷണമാണ് ദിനവൃത്താന്തങ്ങളിൽ. തന്മൂലം മുൻ പറഞ്ഞ ചരിത്രപുസ്തകങ്ങളുടെ സമാന്തര വിവരണമോ അനുബന്ധമോ അല്ല ദിനവൃത്താന്തങ്ങൾ. യിസ്രായേലിന്റെ ആത്മീയ അഭിവൃദ്ധിക്ക് അനിവാര്യമായ ന്യായപ്രമാണത്തിലെ പൗരോഹിത്യ നിയമങ്ങൾ അനുസരിക്കുന്നതിനു പ്രേരകമായ ചരിത്ര സംഭവങ്ങൾക്കു മാത്രമാണു ഊന്നൽ നല്കിയിട്ടുളളത്. ശമൂവേലിലെയും രാജാക്കന്മാരിലെയും ചരിത്രം ദിനവൃത്താന്ത പുസ്തകങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ താഴെപ്പറയുന്ന വ്യത്യാസങ്ങൾ പ്രകടമായി കാണാം. 1. ദൈവാലയത്തിന്റെ ഘടന (1ദിന, അ.22), സാക്ഷ്യപ്പെട്ടകം, ലേവ്യർ, പാട്ടുകാർ (1 ദിന, അ.13,15,16) എന്നിവയ്ക്ക് ദിനവൃത്താന്തത്തിൽ കൂടുതൽ പ്രാധാന്യം നല്കുന്നു. 2. രാജാക്കന്മാരുടെ ചില സാന്മാർഗ്ഗിക പ്രവൃത്തികളെ ദിനവൃത്താന്തങ്ങൾ ഒഴിവാക്കുന്നു. ഉദാ: 2ശമൂ, അ.9; 1രാജാ, 3:16-28). 3. ഏലീയാവ്, എലീശ തുടങ്ങിയ പ്രവാചകന്മാരുടെ വിശദമായ ജീവചരിത്രങ്ങൾ ഉപേക്ഷിച്ചു. (1രാജാ, 17-22: 28; 2രാജാ, 1-8:15). 4. ദാവീദിന്റെ രാജത്വത്തിൻറ ആരംഭം, അപമാനം (2ശമൂ, 1-4, 1-21), ശലോമോൻ്റെ പരാജയം, ശൗലിന്റെ ചരിത്രം (1ശമൂ, 8-30) വടക്കെ രാജ്യമായ യിസ്രായേൽ എന്നിവയുടെ വിശദമായ വിവരണം ഒഴിവാക്കി. ശൗലിന്റെ ചരിത്രത്തിൽ മരണം മാത്രമാണ് (1ശമൂ, 31) ദിനവൃത്താന്തങ്ങൾ ആഖ്യാനം ചെയ്യുന്നത്. ബി.സി. 450-ലെ വ്യാമോഹിതരായ യിസ്രായേൽ ജനം പാപവും പരാജയവും വേണ്ടുവോളം മനസ്സിലാക്കിക്കഴിഞ്ഞു. അവർക്കിനി ആവശ്യമായിരിക്കുന്നത് പ്രാത്സാഹജനകമായ പുർവ്വകാലങ്ങളിലെ ദൈവദത്തമായ വിജയങ്ങളാണ്. യെഹൂദയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓർപ്പിച്ചുകൊണ്ട് അനുഗ്രഹത്തിനും അഭിവൃദ്ധിക്കും നിദാനം ന്യായപ്രമാണാനുസരണം മാത്രമാണെന്നു വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിൻറ പ്രധാന ലക്ഷ്യം.

പ്രധാന വാക്യങ്ങൾ: 1. “അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ. മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.” 1ദിനവൃത്താന്തം 11:1.

2. “ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.” 1ദിനവൃത്താന്തം 21:13.

3. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” 1ദിനവൃത്താന്തം 29:11.

ഉളളടക്കം: I. പ്രധാനപ്പെട്ട വംശാവലികൾ: 1:1-9:44.

1. പിതാക്കന്മാർ: 1-1-54.

2. യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാർ: 2:1-3:24. 

3. യെഹൂദാ വംശം: 4:1-23.

4. ശിമെയോന്റെ പുത്രന്മാർ: 4:24-43.

5. രൂബേൻ, ഗാദ്, മനശ്ശെ: 5:1-26.

6. ലേവിയുടെ കുടുംബങ്ങൾ: 6:1-66.

7. യിസ്സാഖാർ: 7:1-5.

8. ബെന്യാമീൻ: 7:6-12.

9. നഫ്താലി: 7:13. 

10. മനശ്ശെയുടെ പാതിഗോത്രം: 7:14-19.

11. എഫ്രയീം: 7:20-29.

12. ആശേർ: 7:30-44.

13. ബെന്യാമീൻ: 8:1-40.

14. പ്രവാസത്തിൽ നിന്നും മടങ്ങിവന്നവർ: 9:1-34.

15. ശൗലിൻ്റെ വംശാവലി: 9:35-44.

II. ശൗലിൻ്റെ മരണം: 10:1-14.

III. ദാവീദിന്റെ ചരിത്രം: 11:1-29:30.

1. സീയോൻ പിടിച്ചടക്കിയതും ദാവീദിൻറ വീരന്മാരും: 11:1:12:40.

2. നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ നിന്ന് യെരുശലേമിലേക്കു കൊണ്ടുവരുന്നു: 13:16:43.

3. ദൈവാലയം പണിയരുതെന്നു ദാവീദിനോടു കല്പിക്കു ന്നു: 17:27.

4. ദാവീദിന്റെ വിജയങ്ങൾ: 18:1-20:8.

5. ജനത്തെ എത്തുന്നു: 21:1-30.

6.  ദൈവാലയ നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ദാവീദ് ശേഖരിക്കുന്നു: 22:1-19.

7. ലേവ്യർ, പുരോഹിതന്മാർ, ഗായകസംഘം, ആലയ ജോലിക്കാർ എന്നിവരുടെ ക്രമീകരണം: 23:26-32.

8. രാഷ്ട്രീയ സൈനിക അധികാരങ്ങളുടെ സംവിധാനം: 27:1-34.

9. ദാവീദിന്റെ അവസാനവാക്കുകളും ശലോമോന്റെ സിംഹാസനാരോഹണവും: 28:1-29:30.

പൂർണ്ണവിഷയം

വംശാവലി, ആദാം മുതൽ ദാവീദ് വരെ1:1—9:44
ആദാം മുതൽ യാക്കോബിന്റെ പുത്രന്മാർ വരെ 1:1—1:54
യാക്കോബിന്റെ 12 പുത്രന്മാര്‍ 2:1-2
യെഹൂദായുടെ പിൻതലമുറ 2:3—4:21
യബ്ബേസിന്റെ പ്രാര്‍ത്ഥന 4:9-10
ശിമയോന്റെ കുടുംബം, പുത്രന്മാര്‍ 4:24-43
രൂബേൻ, ഗാദ്, മനശ്ശെ, പിൻതലമുറ 5:1-26
ലേവിയുടെ വംശാവലി 6:1-80
യിസ്സാഖര്‍, ബെന്യാമീൻ, നഫ്താലി, മനശ്ശെ, എഫ്രയീം, ആശേർ ഇവരുടെ വംശാവലി7:1-40
ബെന്യാമീൻ മുതൽ ശൗൽ വരെ, ശൗലിന്റെ പുത്രന്മാർ 8:1-40
ബാബിലോൺ പ്രവാസകാലത്തിന് ശേഷം യെരൂശലേമിൽ താമസിച്ചിരുന്ന യെഹൂദന്മാര്‍ 9:1-34
ശൗലിന്റെ വംശാവലി 9:35-44
ശൗലിന്റെ മരണം 10:1-14
ദാവീദ്, രാജാവാകുന്നു 11:1-3
ദാവീദ് യെരുശലേം കീഴടക്കുന്നു 11:4-9
ദാവീദിന്റെ സേനാവീരന്മാര്‍ 11:10-47
മരുഭൂമിയിൽ ദാവീദിനോടൊപ്പം ചേർന്ന ആളുകൾ 12:1-22
ഹെബ്രോനിൽ എത്തിച്ചേര്‍ന്നവര്‍ 12:23-40
ദാവീദ് ദൈവത്തിന്റെ പെട്ടകം തിരികെ
കൊണ്ടുവരാൻ ശ്രമിക്കുന്നു, ഉസ്സായുടെ മരണം 13:1-14
ദാവീദ് യെരുശലേമിൽ 14:1-7
ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു 14:8-17
ദാവീദ് പെട്ടകം യെരുശലേമിൽ കൊണ്ടുവരുന്നു 15:1—16:6
ദാവീദിന്റെ സ്തോത്രപ്രാര്‍ത്ഥന 16:7-36
ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി 17:1-15
ദാവീദിന്റെ പ്രാര്‍ത്ഥന 17:16-27
ദാവീദ് രാജ്യങ്ങൾ കീഴടക്കുന്നു 18—20
ദാവീദിന്റെ പാപം, ജനസംഖ്യാ നിര്‍ണ്ണയം 21:1-8
ദാവീദിന്റെ പാപത്തിന്റെ അനന്തരഫലങ്ങൾ 21:8-17
ദൈവദൂതന്റെ വാൾ തടയുന്നത് 21:18-30
ദേവാലയ നിര്‍മ്മാണം-പദ്ധതി 22:2-19
ലേവ്യകുടുംബാംഗങ്ങൾ, അവരുടെ ശുശ്രൂഷ 23:1-32
പുരോഹിതന്മാരുടെ വിഭജനം 24:1-19
ദേവാലയത്തിലെ ആരാധന ഗായകസംഘം 25:1-31
ദേവാലയത്തിലെ വാതിൽകാവൽക്കാര്‍ 26:1-19
വിവിധ ഉദ്യോഗസ്ഥര്‍ 26:20-32
സൈന്യവും അതിന്റെ ഉദ്യോഗസ്ഥരും27:1-15
വിവിധ ഉദ്യോഗസ്ഥർ27:16-34
ദേവാലയത്തിന്റെ പ്ലാനും പദ്ധതിയും 28:1-21
ദേവാലയം പണിക്ക് വേണ്ടിയുള്ള ദാനങ്ങൾ 29:1-9
ദാവീദിന്റെ പ്രാര്‍ത്ഥന 29:10-19
ശലോമോനെ രാജാവായി വാഴിക്കുന്നു 29:21-25
ദാവീദിന്റെ മരണം 29:26-30