1ദിനവൃത്താന്തം

ദിനവൃത്താന്തം ഒന്നാം പുസ്തകം (Book of 1 Chronicles)

പഴയനിയമത്തിലെ പതിമുന്നാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ അവസാന പുസ്തകം. ദിവ്റേ ഹയ്യാമീം (ദിവസങ്ങളുടെ വാക്കുകൾ-ദിനവൃത്താന്തം) എന്ന പേരിൽ ഒറ്റ പുസ്തകമാണ് എബ്രായയിൽ. ദിവ്റേ ഹയ്യാമീം എന്ന പ്രയോഗത്തെ 1ദിനവൃത്താന്തം 27:24-ൽ വൃത്താന്തപുസ്തകം എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ പുസ്തകത്തെ രണ്ടായി വിഭജിച്ചു് പരലൈപൊ മെനോൻ (ഒഴിവാക്കിയ ഭാഗങ്ങൾ) എന്ന പേർ നല്കി. ശമൂവേലിലും രാജാക്കന്മാരിലും വിട്ടുകളഞ്ഞ സംഭവങ്ങൾ കൂട്ടിച്ചേർത്തത് എന്ന ആശയമാണ് പ്രസ്തുത നാമത്തിനുള്ളത്. മുഴുവൻ ദൈവിക ചരിത്രത്തിന്റെയും വൃത്താന്തം (Chronicon totius divinae historiae) എന്ന് ഈ പുസ്തകം വിളിക്കപ്പെടേണ്ടതാണെന്നു ജെറോം പ്രസ്താവിച്ചു. അദ്ദേഹമാണ് ദിനവൃത്താന്തം എന്ന പേര് നല്കിയത്. സെപ്റ്റജിന്റിലും ലത്തീൻ വുൾഗാത്തയിലും മലയാളത്തിലും രാജാക്കന്മാരുടെ പുസ്തകത്തിനു ശേഷമാണ് ദിനവൃത്താന്ത പുസ്തകങ്ങൾ ചേർത്തിട്ടുള്ളത്.

കർത്താവും കാലവും: എഴുത്തുകാരൻ ആരാണെന്നറിയില്ല. ലേവ്യരോടു കാണിക്കുന്ന ആഭിമുഖ്യം അവരിൽപ്പെട്ട ആരോ ഒരാളായിരിക്കണം ഇതിന്റെ എഴുത്തുകാരനെന്ന നിഗമനത്തിനു വഴിതെളിക്കുന്നു. പക്ഷേ അതും ശരിയായിരിക്കണമെന്നില്ല. തല്മൂദ് (ബാബാബത്ര 15a) ഇതിന്റെ കർത്താവായി എസ്രായെ നിർദ്ദേശിക്കുന്നു. കാലത്തെക്കുറിച്ചു അല്പം കൃത്യമായി പറയാവുന്നതാണ്. ദിനവൃത്താന്തങ്ങളിൽ ഒടുവിലായി പറയപ്പെടുന്ന സംഭവം ബാബേൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവാണ്: (2ദിന, 36:22,23). അതിനെത്തുടർന്നു ഏറെത്താമസിയാതെ യെരുശലേമിൽ വച്ചെഴുതിയിരിക്കണം. യെഹോയാഖീൻ (യൊഖൊന്യാവ്) രാജാവിന്റെ സന്തതികളുടെ പട്ടിക പ്രവാസം മുതൽ ആറു തലമുറകളെ ഉൾക്കൊളളുന്നു. (1ദിന, 3:17-24). ഇതു കാര്യമായി എടുക്കുകയാണെങ്കിൽ ബി.സി. 400-നടുത്ത് എഴുതപ്പെട്ടിരിക്കണം. ഈ വംശാവലികൾ പിന്നീട് എഴുതിച്ചേർത്തത് ആയിരിക്കാനിടയുണ്ട്. എങ്കിൽ ദിനവൃത്താന്തങ്ങളുടെ പ്രധാനഭാഗം മുഴുവൻ പ്രവാസം കഴിഞ്ഞ ഉടൻ എഴുതപ്പെട്ടു എന്നു കരുതണം. ദിനവൃത്താന്തങ്ങളിലെ ആഖ്യാനം എസ്രായിൽ തുടരുകയാണ്. ദിനവൃത്താന്തങ്ങളിലെ അവസാനവാക്യങ്ങളും (2ദിന, 36:22,23) എസ്രായിലെ ആരംഭവാക്യങ്ങളും സമാനമാണ് (എസാ, 1:1-3). എസ്രാ 1:6 വരെയുള്ള ഭാഗം ദിനവൃത്താന്തങ്ങളുടെ തുടർച്ചയായി കണക്കാക്കുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പ്രാചീനപാരമ്പര്യവും ആധുനികപഠനങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ദിനവൃത്താന്തത്തിന്റെ കർത്താവ് എസ്രാ ആണെന്നും രചനാ കാലം ബി.സി. 450-425 ആണെന്നും കരുതുന്നതിൽ തെറ്റില്ല. 

എസ്രാ പ്രവാസാനന്തര യെഹൂദയെ ന്യായപ്രമാണത്തിന് അനുരൂപമാക്കാൻ ശ്രമിച്ചു. (എസ്രാ, 7:10). ദൈവാലയ ആരാധന പുന:സ്ഥാപിക്കുന്നതിനും (എസ്രാ, 7:19-23, 27; 8:33,34), യെഹൂദന്മാരും വിജാതീയ സ്ത്രീകളുമായി നടന്ന മിശ്രവിവാഹത്തെ ഇല്ലാതാക്കുന്നതിനും (എസ്രാ 9:10), യെരുശലേമിൻ്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും എസ്രാ ബി.സി. 458 മുതൽ ഉദ്യമിച്ചു. ഈ ഉദ്ദേശ്യങ്ങൾക്ക് അനുരൂപമായി ദിനവൃത്താന്തങ്ങൾക്കു നാലു ഭാഗങ്ങളുണ്ട്: 1. കുടുംബപാരമ്പര്യം തെളിയിക്കുന്നതിനുള്ള വംശാവലികൾ: (1ദിന, 1:9); 2.  ദാവീദിന്റെ രാജ്യം ഒരു മാതൃകാ ദൈവാധിപത്യ രാജ്യം: (1ദിന, 10-29അ); 3. ദൈവാലയം, ആരാധന എന്നിവയ്ക്കു പ്രാധാന്യം നല്കിക്കൊണ്ട് ശലോമോന്റെ മഹത്വവർണ്ണന: (2ദിന, 1-9); 4. ഭക്തന്മാരായ രാജാക്കന്മാരുടെ വിജയങ്ങൾക്കും, മതപരമായ പരിഷ്ക്കരണങ്ങൾക്കും കൂടുതൽ ഊന്നൽ നല്കിക്കൊണ്ടുള്ള യെഹൂദയുടെ ചരിത്രം: (10-36അ). 

ആകരഗ്രന്ഥങ്ങൾ: ദിനവൃത്താന്ത പുസ്തകങ്ങളും എസ്രായും ഏക കർത്തൃകമാണ്. അവയുടെ രചനയ്ക്ക് വിവിധ രേഖകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി, ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങൾ ദിനവൃത്താന്തത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ദാവീദ് രാജാവിന്റെ ചരിത്രരചനയ്ക്കു ദർശകനായ ശമൂവേലിന്റെയും നാഥാൻ പ്രവാചകൻറയും ദർശകനായ ഗാദിന്റെയും പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. (1ദിന, 29:29). ശലോമോന്റെ ചരിത്രചനയ്ക്ക് സഹായകമായിരുന്ന ഗ്രന്ഥങ്ങൾ നാഥാൻ പ്രവാചകന്റെ പുസ്തകവും ശീലോന്യനായ അഹീയാവിന്റെ പ്രവചനവും ഇദ്ദോ ദർശകൻ്റെ ദർശനങ്ങളുമാണ്. (2ദിന, 9:29). അബീയാ രാജാവിന്റെ വൃത്താന്തങ്ങളും അവന്റെ വാക്കുകളും നടപ്പും ഇദ്ദോ പ്രവാചകന്റെ ചരിത്രപുസ്തകത്തിൽ നിന്നുള്ളതാണ്. (2ദിന, 13:22). രെഹബെയാമിന്റെ വൃത്താന്തങ്ങൾ ശെമയ്യാ പ്രവാചകൻറയും ഇദ്ദോ ദർശകൻറയും വൃത്താന്തങ്ങളിൽ വംശാവലിയായി രേഖപ്പെടുത്തിയിട്ടുണ്ട്. (2ദിന, 12:15). ഉസ്സീയാവിന്റെയും ഹിസ്ക്കീയാവിന്റെയും വൃത്താന്തങ്ങൾ യെശയ്യാ പ്രവാചകന്റെ ദർശനത്തിലുണ്ട്. (2ദിന, 26:22; 32:32). യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 25:26; 27:7; 32:32; 33;18), ദർശകന്മാരുടെ വൃത്താന്തം (2ദിന, 33:19) തുടങ്ങിയ ഗ്രന്ഥങ്ങളും ദിനവൃത്താന്ത രചനയ്ക്കു പ്രയോജനപ്പെട്ടു. 

ഉദ്ദേശ്യം: ശൗൽ രാജാവിന്റെ മരണം മുതൽ ബാബേൽ പ്രവാസാന്ത്യം വരെയുള്ള പൌരോഹിത്യാരാധനയുടെ ചരിത്ര മാണ് ദിനവൃത്താന്ത പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത് എസ്രായുടെ പുസ്തകത്തിൽ ഈ ചരിത്രം തുടരുന്നു. ശമുവേലിലും രാജാക്കന്മാരിലും പ്രവാചക വീക്ഷണമാണ് കാണുന്നത്. അതിനു വിരുദ്ധമായി പൌരോഹിത്യ വീക്ഷണമാണ് ദിനവൃത്താന്തങ്ങളിൽ. തന്മൂലം മുൻ പറഞ്ഞ ചരിത്രപുസ്തകങ്ങളുടെ സമാന്തര വിവരണമോ അനുബന്ധമോ അല്ല ദിനവൃത്താന്തങ്ങൾ. യിസ്രായേലിന്റെ ആത്മീയ അഭിവൃദ്ധിക്ക് അനിവാര്യമായ ന്യായപ്രമാണത്തിലെ പൗരോഹിത്യ നിയമങ്ങൾ അനുസരിക്കുന്നതിനു പ്രേരകമായ ചരിത്ര സംഭവങ്ങൾക്കു മാത്രമാണു ഊന്നൽ നല്കിയിട്ടുളളത്. ശമൂവേലിലെയും രാജാക്കന്മാരിലെയും ചരിത്രം ദിനവൃത്താന്ത പുസ്തകങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ താഴെപ്പറയുന്ന വ്യത്യാസങ്ങൾ പ്രകടമായി കാണാം. 1. ദൈവാലയത്തിന്റെ ഘടന (1ദിന, അ.22), സാക്ഷ്യപ്പെട്ടകം, ലേവ്യർ, പാട്ടുകാർ (1 ദിന, അ.13,15,16) എന്നിവയ്ക്ക് ദിനവൃത്താന്തത്തിൽ കൂടുതൽ പ്രാധാന്യം നല്കുന്നു. 2. രാജാക്കന്മാരുടെ ചില സാന്മാർഗ്ഗിക പ്രവൃത്തികളെ ദിനവൃത്താന്തങ്ങൾ ഒഴിവാക്കുന്നു. ഉദാ: 2ശമൂ, അ.9; 1രാജാ, 3:16-28). 3. ഏലീയാവ്, എലീശ തുടങ്ങിയ പ്രവാചകന്മാരുടെ വിശദമായ ജീവചരിത്രങ്ങൾ ഉപേക്ഷിച്ചു. (1രാജാ, 17-22: 28; 2രാജാ, 1-8:15). 4. ദാവീദിന്റെ രാജത്വത്തിൻറ ആരംഭം, അപമാനം (2ശമൂ, 1-4, 1-21), ശലോമോൻ്റെ പരാജയം, ശൗലിന്റെ ചരിത്രം (1ശമൂ, 8-30) വടക്കെ രാജ്യമായ യിസ്രായേൽ എന്നിവയുടെ വിശദമായ വിവരണം ഒഴിവാക്കി. ശൗലിന്റെ ചരിത്രത്തിൽ മരണം മാത്രമാണ് (1ശമൂ, 31) ദിനവൃത്താന്തങ്ങൾ ആഖ്യാനം ചെയ്യുന്നത്. ബി.സി. 450-ലെ വ്യാമോഹിതരായ യിസ്രായേൽ ജനം പാപവും പരാജയവും വേണ്ടുവോളം മനസ്സിലാക്കിക്കഴിഞ്ഞു. അവർക്കിനി ആവശ്യമായിരിക്കുന്നത് പ്രാത്സാഹജനകമായ പുർവ്വകാലങ്ങളിലെ ദൈവദത്തമായ വിജയങ്ങളാണ്. യെഹൂദയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓർപ്പിച്ചുകൊണ്ട് അനുഗ്രഹത്തിനും അഭിവൃദ്ധിക്കും നിദാനം ന്യായപ്രമാണാനുസരണം മാത്രമാണെന്നു വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിൻറ പ്രധാന ലക്ഷ്യം.

പ്രധാന വാക്യങ്ങൾ: 1. “അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ. മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.” 1ദിനവൃത്താന്തം 11:1.

2. “ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.” 1ദിനവൃത്താന്തം 21:13.

3. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” 1ദിനവൃത്താന്തം 29:11.

ഉളളടക്കം: I. പ്രധാനപ്പെട്ട വംശാവലികൾ: 1:1-9:44.

1. പിതാക്കന്മാർ: 1-1-54.

2. യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാർ: 2:1-3:24. 

3. യെഹൂദാ വംശം: 4:1-23.

4. ശിമെയോന്റെ പുത്രന്മാർ: 4:24-43.

5. രൂബേൻ, ഗാദ്, മനശ്ശെ: 5:1-26.

6. ലേവിയുടെ കുടുംബങ്ങൾ: 6:1-66.

7. യിസ്സാഖാർ: 7:1-5.

8. ബെന്യാമീൻ: 7:6-12.

9. നഫ്താലി: 7:13. 

10. മനശ്ശെയുടെ പാതിഗോത്രം: 7:14-19.

11. എഫ്രയീം: 7:20-29.

12. ആശേർ: 7:30-44.

13. ബെന്യാമീൻ: 8:1-40.

14. പ്രവാസത്തിൽ നിന്നും മടങ്ങിവന്നവർ: 9:1-34.

15. ശൗലിൻ്റെ വംശാവലി: 9:35-44.

II. ശൗലിൻ്റെ മരണം: 10:1-14.

III. ദാവീദിന്റെ ചരിത്രം: 11:1-29:30.

1. സീയോൻ പിടിച്ചടക്കിയതും ദാവീദിൻറ വീരന്മാരും: 11:1:12:40.

2. നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ നിന്ന് യെരുശലേമിലേക്കു കൊണ്ടുവരുന്നു: 13:16:43.

3. ദൈവാലയം പണിയരുതെന്നു ദാവീദിനോടു കല്പിക്കു ന്നു: 17:27.

4. ദാവീദിന്റെ വിജയങ്ങൾ: 18:1-20:8.

5. ജനത്തെ എത്തുന്നു: 21:1-30.

6.  ദൈവാലയ നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ദാവീദ് ശേഖരിക്കുന്നു: 22:1-19.

7. ലേവ്യർ, പുരോഹിതന്മാർ, ഗായകസംഘം, ആലയ ജോലിക്കാർ എന്നിവരുടെ ക്രമീകരണം: 23:26-32.

8. രാഷ്ട്രീയ സൈനിക അധികാരങ്ങളുടെ സംവിധാനം: 27:1-34.

9. ദാവീദിന്റെ അവസാനവാക്കുകളും ശലോമോന്റെ സിംഹാസനാരോഹണവും: 28:1-29:30.

പൂർണ്ണവിഷയം

വംശാവലി, ആദാം മുതൽ ദാവീദ് വരെ1:1—9:44
ആദാം മുതൽ യാക്കോബിന്റെ പുത്രന്മാർ വരെ 1:1—1:54
യാക്കോബിന്റെ 12 പുത്രന്മാര്‍ 2:1-2
യെഹൂദായുടെ പിൻതലമുറ 2:3—4:21
യബ്ബേസിന്റെ പ്രാര്‍ത്ഥന 4:9-10
ശിമയോന്റെ കുടുംബം, പുത്രന്മാര്‍ 4:24-43
രൂബേൻ, ഗാദ്, മനശ്ശെ, പിൻതലമുറ 5:1-26
ലേവിയുടെ വംശാവലി 6:1-80
യിസ്സാഖര്‍, ബെന്യാമീൻ, നഫ്താലി, മനശ്ശെ, എഫ്രയീം, ആശേർ ഇവരുടെ വംശാവലി7:1-40
ബെന്യാമീൻ മുതൽ ശൗൽ വരെ, ശൗലിന്റെ പുത്രന്മാർ 8:1-40
ബാബിലോൺ പ്രവാസകാലത്തിന് ശേഷം യെരൂശലേമിൽ താമസിച്ചിരുന്ന യെഹൂദന്മാര്‍ 9:1-34
ശൗലിന്റെ വംശാവലി 9:35-44
ശൗലിന്റെ മരണം 10:1-14
ദാവീദ്, രാജാവാകുന്നു 11:1-3
ദാവീദ് യെരുശലേം കീഴടക്കുന്നു 11:4-9
ദാവീദിന്റെ സേനാവീരന്മാര്‍ 11:10-47
മരുഭൂമിയിൽ ദാവീദിനോടൊപ്പം ചേർന്ന ആളുകൾ 12:1-22
ഹെബ്രോനിൽ എത്തിച്ചേര്‍ന്നവര്‍ 12:23-40
ദാവീദ് ദൈവത്തിന്റെ പെട്ടകം തിരികെ
കൊണ്ടുവരാൻ ശ്രമിക്കുന്നു, ഉസ്സായുടെ മരണം 13:1-14
ദാവീദ് യെരുശലേമിൽ 14:1-7
ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു 14:8-17
ദാവീദ് പെട്ടകം യെരുശലേമിൽ കൊണ്ടുവരുന്നു 15:1—16:6
ദാവീദിന്റെ സ്തോത്രപ്രാര്‍ത്ഥന 16:7-36
ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി 17:1-15
ദാവീദിന്റെ പ്രാര്‍ത്ഥന 17:16-27
ദാവീദ് രാജ്യങ്ങൾ കീഴടക്കുന്നു 18—20
ദാവീദിന്റെ പാപം, ജനസംഖ്യാ നിര്‍ണ്ണയം 21:1-8
ദാവീദിന്റെ പാപത്തിന്റെ അനന്തരഫലങ്ങൾ 21:8-17
ദൈവദൂതന്റെ വാൾ തടയുന്നത് 21:18-30
ദേവാലയ നിര്‍മ്മാണം-പദ്ധതി 22:2-19
ലേവ്യകുടുംബാംഗങ്ങൾ, അവരുടെ ശുശ്രൂഷ 23:1-32
പുരോഹിതന്മാരുടെ വിഭജനം 24:1-19
ദേവാലയത്തിലെ ആരാധന ഗായകസംഘം 25:1-31
ദേവാലയത്തിലെ വാതിൽകാവൽക്കാര്‍ 26:1-19
വിവിധ ഉദ്യോഗസ്ഥര്‍ 26:20-32
സൈന്യവും അതിന്റെ ഉദ്യോഗസ്ഥരും27:1-15
വിവിധ ഉദ്യോഗസ്ഥർ27:16-34
ദേവാലയത്തിന്റെ പ്ലാനും പദ്ധതിയും 28:1-21
ദേവാലയം പണിക്ക് വേണ്ടിയുള്ള ദാനങ്ങൾ 29:1-9
ദാവീദിന്റെ പ്രാര്‍ത്ഥന 29:10-19
ശലോമോനെ രാജാവായി വാഴിക്കുന്നു 29:21-25
ദാവീദിന്റെ മരണം 29:26-30

Leave a Reply

Your email address will not be published.