അലക്സാണ്ടർ

അലക്സാണ്ടർ (Alexander the Great)

മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെയും ഒളിമ്പിയസ് രാജ്ഞിയുടെയും പുത്രനായി ബി.സി. 356-ൽ പെല്ലയിൽ ജനിച്ചു. ബി.സി. 336-ൽ പിതാവു വധിക്കപ്പെട്ടപ്പോൾ രാജാവായി. രണ്ടു വർഷം കഴിഞ്ഞ് (ബി.സി. 334) ലോകം കീഴടക്കുന്നതിനായി അദ്ദേഹം പുറപ്പെട്ടു. ബി.സി. 334 വസന്തകാലത്ത് 35000 വരുന്ന വമ്പിച്ച സൈന്യവുമായി ഹെലസ്പോണ്ട് കടന്നു. ഗ്രാനിക്കസ് നദിയുടെ തീരത്തു വച്ചു പേർഷ്യാക്കാർ അദ്ദേഹവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. അതോടുകൂടി ഏഷ്യാമൈനർ മുഴുവൻ അലക്സാണ്ടറിന് അധീനമായി. പേർഷ്യയിലെ രാജാവായ ദാര്യാവേശ് മൂന്നാമൻ (Darius lll) വിപുലമായ ഒരു സൈന്യം സജ്ജീകരിക്കുകയും ഇസസ്സിന് സമീപമുള്ള നദീതീരം കോട്ടകെട്ടി ബലപ്പെടുത്തുകയും ചെയ്തു. അലക്സാണ്ടർ ദാര്യാവേശിന്റെ താവളം പിടിച്ചടക്കി. അതിനുശേഷം തെക്കു ഫിനീഷ്യയിലേക്ക് നീങ്ങിയ അദ്ദേഹം സോർദ്വീപിനെ പിടിച്ചടക്കി; ഒരു ചിറ നിർമ്മിച്ചു് അതിനെ ഉപദ്വീപാക്കി മാറ്റി. തദ്ദേശവാസികളിൽ എണ്ണായിരത്തോളം പേർ കൊല്ലപ്പെടുകയും മുപ്പതിനായിരംപേർ അടിമകളായി വില്ക്കപ്പെടുകയും ചെയ്തു. ഈ വിജയം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൈനിക നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. 332-ന്റെ ഒടുവിൽ അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കി. ഈജിപ്തിലെ ഫറവോനായി കിരീടം ധരിച്ച അലക്സാണ്ടർ അമ്മൻ-റാ എന്ന ദേവന്റെ പുത്രനാണെന്നു വെളിച്ചപ്പാടു പ്രഖ്യാപിച്ചു. ഈജിപ്റ്റിൽ നൈൽഡൽറ്റയ്ക്കു നേരെ പടിഞ്ഞാറു ഭാഗത്തായി ഫറോസ് ദ്വീപിൽ അലക്സാണ്ടർ സ്ഥാപിച്ച പട്ടണമാണ് അലക്സാൻഡിയ. 

ബി.സി 331-ൽ അലക്സാണ്ടർ പേർഷ്യൻ ആക്രമണത്തിനൊരുങ്ങി. ഇതിനകം ദാര്യാവേശ് ഒരു സൈന്യം ശേഖരിച്ചു കഴിഞ്ഞിരുന്നു. ടൈഗ്രീസ് നദിയുടെ കിഴക്കുഭാഗത്തു അർബേലയ്ക്ക് സമീപം വച്ചായിരുന്നു യുദ്ധം. ദാര്യാവേശിന്റെ അശ്വസൈന്യം അലക്സാണ്ടറിന്റെ താവളം പിടിച്ചടക്കിയെങ്കിലും ഒരു പ്രത്യാക്രമണത്തിൽ ദാര്യാവേശിനെ തോല്പിച്ചു. ലോകചരിത്രത്തിലെ അതിരൂക്ഷവും നിർണ്ണായകവുമായ പതിനഞ്ചു യുദ്ധങ്ങളിൽ ഒന്നായി ഇതിനെ കരുതുന്നു. ബി.സി. 480-ൽ പേർഷ്യാക്കാർ ആതൻസ് ചുട്ടുകരിച്ചതിനു പ്രതികാരമായി പേർസിപ്പൊലീസ് അലക്സാണ്ടർ അഗ്നിക്കിരയാക്കി. അലക്സാണ്ടർ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചു അവിടെ സ്വന്തംപേരിൽ പട്ടണങ്ങൾ സ്ഥാപിച്ചു. ബാക്ട്രിയയും സോഗ്ഡിയാനയും കടന്നു ജക്സാർട്ടസ് നദിവരെ അദ്ദേഹം എത്തി. ഒരു സോഗ്ഡിയൻ പ്രഭുവിന്റെ പുത്രിയായ റൊക്സാനേ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 327-ൽ അലക്സാണ്ടർ ഇന്ത്യയിലെത്തിച്ചേർന്നു. ഒരു വിപുലമായ സൈന്യത്തിന്റെ സഹായത്തോടുകൂടി പോറസ് രാജാവിനെ കീഴടക്കി. മടക്കയാത്രയിൽ ബാബിലോണിൽവച്ച് മലമ്പനി ബാധിച്ചു. ബി.സി. 323 ജൂൺ 13-ാം തീയതി അലക്സാണ്ടർ അകാലചരമം പ്രാപിച്ചു. 

അലക്സാണ്ടറിന്റെ പേർ ബൈബിളിൽ പറയുന്നില്ല. എന്നാൽ ദാനീയേൽ പ്രവചനത്തിൽ അലക്സാണ്ടറിനെ കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ട്. കണ്ണുകളുടെ നടുവിൽ വിശേഷമായ കൊമ്പോടുകൂടി പടിഞ്ഞാറുനിന്ന് നിലംതൊടാതെ വന്ന കോലാട്ടുക്കൊറ്റൻ അലക്സാണ്ടറാണ്: (ദാനി, 8:21). നദീതീരത്തുനിന്ന രണ്ടുകൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ പാഞ്ഞുവന്ന കോലാട്ടുക്കൊറ്റൻ അതിനെ ഇടിച്ചു രണ്ടുകൊമ്പും തകർത്തുകളഞ്ഞു. ആട്ടു കൊറ്റനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. കോലാട്ടുകൊറ്റൻ ഏറ്റവും വലുതായി: (ദാനീ, 8:5-8). രണ്ടുകൊമ്പുള്ള ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു: (ദാനീ, 8:20). ദാനീയേൽ 11-ലും അലക്സാണ്ടറിനെക്കുറിച്ചുള്ള പ്രവചനമുണ്ട്: “പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും. അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടം പോലെ പ്രവർത്തിക്കും. അവൻ നില്ക്കുമ്പോൾതന്നെ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചുപോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലെയുമല്ല. അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കു അധീനമാകും. എന്നാൽ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.” (ദാനീ, 11:3-5). വിക്രമനായ രാജാവു മഹാനായ അലക്സാണ്ടർ ആണ്. അവന്റെ സന്തതിക്കല്ല അന്യർക്കു അധീനമാകും എന്ന പ്രവചനം അനുസരിച്ചു അലക്സാണ്ടറിന്റെ മരണശേഷം നാലു സൈന്യാധിപന്മാർ സാമ്രാജ്യം പങ്കിട്ടെടുത്തു. 

അലക്സാണ്ടർ യെരുശലേമിൽ ചെന്നപ്പോൾ മഹാപുരോഹിതനായ യദ്ദുവ അലക്സാണ്ടറെ എതിരേറ്റുവന്നു എന്നും പുരോഹിതൻ ധരിച്ചിരുന്ന മകുടത്തിലെ ദൈവനാമം കണ്ട് അതിന്റെ മുമ്പിൽ അദ്ദേഹം നമസ്കരിച്ചു എന്നും ഒരു വൃത്താന്തം യെഹൂദാചരിത്രകാരനായ ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *