തിമൊഥെയൊസ്

തിമൊഥെയൊസ് (Timothy)

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

പേരിനർത്ഥം — ദൈവത്തെ മാനിക്കുന്നവൻ

തിമൊഥെയൊസിൻറെ അമ്മ യെഹൂദസ്തീയും അപ്പൻ യവനനും ആയിരുന്നു. (പ്രവൃ, 16:1-2). ലുസ്ത്രയിലായിരുന്നു ജനനം. തിമൊഥെയൊസിനെ നിർവ്യാജവിശ്വാസത്തിൽ വളർത്തിയത് അമ്മയായ യുനീക്കയും വലിയമ്മയായി ലോവീസും ആയിരുന്നു. (2തിമൊ, 1:5, 3:15). പരിച്ഛേദനത്തിനു വിധേയനാകാത്ത തിമൊഥെയൊസിനെ യെഹൂദ ബാലനായി കണക്കാക്കുവാൻ പ്രയാസമാണ്. എന്നാൽ യെഹൂദ്യമായ അന്തരീക്ഷത്തിലാണ് അവൻ വളർന്നുവന്നത്. പൗലൊസ് ലുസ്ത്രയിൽ ആദ്യം വന്നപ്പോൾ ഈ കുടുംബം വിശ്വാസത്തിൽ വന്നു എന്നുവേണം കരുതുവാൻ. രണ്ടാം പ്രാവശ്യം താൻ വരുമ്പോൾ തിമൊഥെയൊസ് പ്രസിദ്ധനായി കഴിഞ്ഞിരുന്നു. (പ്രവൃ, 16:1-2). ദൈവിക ശുശ്രൂഷയ്ക്കു തിമൊഥെയൊസ് പ്രാപ്തനാണെന്ന് മൂപ്പന്മാരും സഭയും ധരിച്ചിരുന്നു. (1തിമൊ, 1:18, 4:14). മിഷണറി പ്രവർത്തനത്തിനു സമർത്ഥനും നല്ല സാക്ഷ്യം ഉള്ളവനും ആകയാൽ അവനെ തന്നോടുകൂടെ പ്രവർത്തനത്തിനു കൊണ്ടുപോകുവാൻ പൌലൊസ് ആഗ്രഹിച്ചു. (പ്രവൃ, 16:3). പിതാവു യവനനാകയാൽ തിമൊഥെയൊസ് അന്നുവരെ പരിച്ഛേദനം ഏറ്റിട്ടില്ലായിരുന്നു. യെഹൂദന്മാരെ ഓർത്തു പൗലൊസ് തിമൊഥെയൊസിനെ പരിച്ഛേദനം കഴിച്ചു. (പ്രവൃ, 16:3). തുടർന്നു തിമൊഥയൊസിന്റെ മേൽ കൈവച്ച് അവനെ ശുശ്രൂഷയ്ക്കു വേർതിരിച്ചു. (1തിമൊ, 4:14, 2തിമൊ, 1:6). അനന്തരം തിമൊഥെയൊസ് പൗലൊസിന്റെ സന്തത സഹചാരിയായിരുന്നു. അവരും സില്വാനൊസും ലൂക്കൊസും ഫിലിപ്പിയിലേക്കു യാത്രചെയ്തു. (പ്രവൃ, 16:12). മകൻ അപ്പനു ചെയ്യുന്നതുപോലെ സുവിശേഷഘോഷണത്തിൽ തിമൊഥെയൊസ് സേവ ചെയ്തത് ഫിലിപ്പിയർ അറിഞ്ഞു. (ഫിലി, 2:22). ഫിലിപ്പ്യസഭയെ സഹായിക്കുവാൻ വേണ്ടി തിമൊഥെയൊസിനെയും ശീലാസിനെയും അവിടെ വിട്ടു. (പ്രവൃ, 17:14). തുടർന്ന് അഥേനയിൽ അവർ ഒന്നിച്ചു ചേരുകയും അവിടെനിന്ന് തിമൊഥെയൊസ് തെസ്സലൊനീക്യയ്ക്ക് പോവുകയും ചെയ്തു. (1തെസ്സ, 3:2). തെസ്സലൊനീക്യയിൽ നിന്നും തിമൊഥെയൊസ് കൊരിന്തിലേക്കു ചെന്നു പൌലൊസിനോടു ചേർന്നു.

കൊരിന്തിൽ നിന്നും തെസ്സലൊനീക്യർക്കെഴുതിയ രണ്ടു ലേഖനങ്ങളിലും തിമൊഥെയാസിന്റെ പേർ ചേർത്തുകാണുന്നു. (1തെസ്സ, 1:1, 2തെസ്സ, 1:1). തുടർന്നുള്ള അഞ്ചുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു രേഖയുമില്ല. മക്കദോന്യ, അഖായ, യെരൂശലേം, റോം, എന്നീസ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ദീർഘയാത്രയ്ക്ക് ഒരുങ്ങിയ പൗലൊസ് തിമൊഥെയൊസിനെ മുമ്പുകൂട്ടി മക്കദോന്യയ്ക്കയച്ചു. (പ്രവൃ,19:22). മുമ്പു ക്രമീകരിച്ചതിനുസരിച്ച് തിമൊഥെയൊസ് പൗലൊസിനെ കണ്ടു. (1കൊരി, 16:10). കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതുമ്പോൾ തിമൊഥെയൊസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. (2കൊരി, 1:1). റോമാലേഖനത്തിൽ (16:21) റോമിലെ പരിചിതർക്കു തിമൊഥെയൊസ് വന്ദനം ചൊല്ലുന്നു. അതിനാൽ അപ്പോൾ പൗലൊസിനോടൊപ്പം തിമൊഥെയൊസ് ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. കൊരിന്തിൽ നിന്നാണ് റോമർക്കു ലേഖനം എഴുതിയത്. ഫിലിപ്പിയർ, കൊലൊസ്യർ, ഫിലേമോൻ എന്നീ ലേഖനങ്ങൾ എഴുതുമ്പോൾ അദ്ദേഹം പൗലൊസിനോടു കൂടെയുണ്ടു. (ഫിലി, 1:1, 2:19, കൊലൊ, 1:1, ഫിലേ, 1:1). രണ്ടാം പ്രാവശ്യം തടവിലായിരുന്നപ്പോൾ തിമൊഥെയൊസിനെ കാണുവാൻ പൗലൊസ് ആഗ്രഹിച്ചു, (2തിമൊ, 4:9, 21). തിമൊഥെയൊസ് തടവിൽ നിന്നും ഇറങ്ങി എന്നു എഴുതിയിരിക്കുന്നതിനാൽ അദ്ദേഹം തടവിൽ പൌലൊസിനെ ശുശ്രൂഷിച്ചു എന്നു അനുമാനിക്കുന്നു. (എബ്രാ, 13:23). വളരെ വിപുലമായ ശുശ്രൂഷയായിരുന്നു തിമൊഥെയൊസിന്. ആജ്ഞാപിക്കുക, ഉപദേശിക്കുക (1തിമൊ, 4:12), പ്രബോധിപ്പിക്കുക (5:1), മൂപ്പനെതിരെ അന്യായം എടുക്കുക, എല്ലാവരും കേൾക്കെ ശാസിക്കുക (5:19,20), ധനസംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുക (5:3-10), അധ്യക്ഷന്മാരെ ആക്കിവെക്കുക (3:1-13) എന്നിവ അതിൽപ്പെടുന്നു. തന്റെ അന്ത്യവാക്കുകളിൽ തിമൊഥെയൊസിനെ വീണ്ടും കാണാനുള്ള ആഗ്രഹം പൗലൊസ് പ്രകടിപ്പിച്ചുകാണുന്നു. (2തിമൊ, 4:9,21). പൗലൊസിൻ്റെ ഈ ആഗ്രഹം നിവർത്തിക്കുവാൻ തിമൊഥെയൊസിനു കഴിഞ്ഞുവോ എന്നറിയില്ല. തിമൊഥെയൊസിനെയും പൗലൊസ് അപ്പൊസ്തലൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (1തെസ്സ, 1:1, 2:6). പാരമ്പര്യമനുസരിച്ച് എഫെസൊസിലെ ബിഷപ്പായി തുടർന്ന തിമൊഥെയൊസ് ഡൊമീഷ്യൻ്റെയോ നെർവയുടെയോ കാലത്ത് രക്തസാക്ഷിയായി.

ശീലാസ്

ശീലാസ്, സില്വാനൊസ് (Silas, Silvanus)

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

പേരിനർത്ഥം — വൃക്ഷനിബിഡമായ

യെരുശലേം സഭയിലെ ഒരു പ്രമുഖാംഗവും പൗലൊസിൻ്റെ കൂട്ടുവേലക്കാരനും. (പ്രവൃ, 15:22). റോമാപൗരൻ ആയിരുന്നുവോ എന്നു സംശയമുണ്ട്. (പ്രവൃ, 16:37). പൗലൊസിന്റെ ലേഖനങ്ങളിൽ പരാമൃഷ്ടനാകുന്ന സില്വാനൊസ് ശീലാസ് തന്നെയാണ്. ശീലാസ് എന്ന പേരിന്റെ ലത്തീൻ രൂപമാണ് സില്വാനൊസ്. യെരുശലേം സമ്മേളനത്തിന്റെ തീരുമാനം അന്ത്യാക്ക്യസഭയെ അറിയിക്കുവാൻ പൗലൊസിനോടും ബർന്നബാസിനോടും കൂടെ പോകാൻ നിയോഗിക്കപ്പെട്ട രണ്ടു പേരിൽ ഒരാളായിരുന്നു ശീലാസ്. (പ്രവൃ, 15:22,32). പ്രവാചകന്മാർ കൂടിയായിരുന്ന യുദയും ശീലാസും അവർക്കുള്ള ലേഖനം കൊടുക്കുകയും, സഭയെ പ്രബോധിപ്പിക്കുകയും ചെയ്തശേഷം യെരുശലേമിലേക്കു മടങ്ങി. ശീലാസ് വീണ്ടും അന്ത്യാക്ക്യയിലേക്കു വന്നു. രണ്ടാം മിഷണറിയാത്രയിൽ പൗലൊസ് ശീലാസിനെ കൂട്ടാളിയാക്കി. (പ്രവൃ, 15:40). ഈ യാത്രയിലാണ് പൗലൊസിനു മക്കെദോന്യയ്ക്കുള്ള ദർശനം ഉണ്ടായത്. പ്രവൃ, 16:9). അവർ ഫിലിപ്പിയിൽ സുവിശേഷം അറിയിക്കുകയും ലുദിയ കർത്താവിനെ സ്വീകരിക്കുകയും ചെയ്തു. എന്നാൽ യജമാനന്മാർക്ക് ലാഭം ഉണ്ടാക്കിയിരുന്ന വെളിച്ചപ്പാടത്തിയായ സ്ത്രീയുടെ ഭൂതത്തെ ശാസിച്ചു, അവൾക്കു സൗഖ്യം വരുത്തുകയാൽ അവർ പൗലൊസിനെയും ശീലാസിനെയും അധിപതികളുടെ മുമ്പിൽ കൊണ്ടുവന്നു. അവർ രണ്ടുപേരെയും അടിപ്പിച്ചു കാരാഗൃഹത്തിലാക്കി. അന്നു രാത്രി വലിയ ഭൂകമ്പം ഉണ്ടാകുകയും കാരാഗൃഹം തുറക്കുകയും ചെയ്തു. തുടർന്നു കാരാഗൃഹപ്രമാണിയും കുടുംബവും ക്രിസ്തുവിനെ സ്വീകരിച്ചു. അധിപതികൾ അവരെ വിട്ടയച്ചു. (പ്രവൃ, 16:1-40). അവിടെ നിന്നും അവർ തെസ്സലൊനീക്കയിൽ എത്തി. (പ്രവൃ, 17:1). മൂന്നു ശബ്ബത്തിൽ അവരോടു പ്രസംഗിച്ചു. പൗലൊസും ശീലാസും ബെരോവയിലേക്കു പോയി. (പ്രവൃ, 17:10). അവിടെയുള്ളവർ ദൈവവചനം കൈക്കൊണ്ടു. ശീലാസും തിമൊഥയൊസും അവിടെ താമസിക്കുകയും പൗലൊസ് അഥേനയ്ക്കു പോകുകയും ചെയ്തു. (പ്രവൃ, 17:14,15). ശീലാസും തിമൊഥയൊസും പിന്നീടു കൊരിന്തിൽ വച്ചു പൗലൊസിനോടു ചേർന്നു. (പ്രവൃ, 18:5). കൊരിന്തിൽ നിന്നും തെസ്സലൊനീക്യലേഖനം പൗലൊസ് എഴുതുമ്പോൾ സില്വാനൊസും കൂടി എഴുതുന്നതായി പറഞ്ഞിരിക്കുന്നു. (1തെസ്സ1:1, 2തെസ്സ, 1:1). ശീലാസ് പിന്നീട് പൗലൊസിനോടൊപ്പം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കണം. ശീല്വാനൊസ് ക്രിസ്തുവിൻ്റെ അപ്പൊസ്തലനാണെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (1തെസ്സ, 1:1, 2:6). 1പത്രൊസ് 5:12-ൽ ‘വിശ്വസ്തസഹോദരൻ’ എന്ന് പത്രൊസ് വിശേഷിപ്പിച്ചിരിക്കുന്ന സില്വാനൊസും ഇദ്ധേഹം തന്നെയാണ്. ശീലാസ് കൊരിന്തുസഭയുടെ ബിഷപ്പായിത്തീർന്നു എന്നാണു് പാരമ്പര്യം.

തീത്താസ്

തീത്തൊസ് (Titus)

“തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും (apostolos) ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2കൊരി, 8:23). ദൂതൻ എന്നതിന് ഗ്രീക്കിൽ അപ്പൊസ്തലനാണ്.

പേരിനർത്ഥം — മാനം

അപ്പൊസ്തലനായ പൗലൊസ് തന്റെ സുവിശേഷ പ്രവർത്തനങ്ങളിൽ സഹപ്രവർത്തകരായി തിരഞ്ഞെടുത്തത് തിമൊഥയൊസ്, തീത്തൊസ് എന്നീ രണ്ടു യുവാക്കന്മാരെയായിരുന്നു. അപ്പൊസ്തലപ്രവൃത്തികളിൽ തീത്തൊസിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. പൗലൊസിന്റെ ലേഖനങ്ങളിലെ സൂചനകളിൽ നിന്നാണ് തീത്തൊസിന്റെ ചരിത്രം മനസ്സിലാക്കുവാൻ കഴിയുന്നത്. പുതിയനിയമത്തിൽ തീത്തോസിന്റെ പേര് പതിമൂന്നു പ്രാവശ്യം കാണപ്പെടുന്നുണ്ട്. അവയിൽ ഒമ്പതും 2കൊരിന്ത്യരിൽ ആണ്. അന്യപരാമർശങ്ങൾ (ഗലാ, 2:1,3 ; 2തിമൊ 4:10, തീത്താ, 1:4) എന്നിവയാണ്. തീത്തൊസ് ഒരു യവനനായിരുന്നു. പൗലൊസ് മുഖാന്തരമാണ് ക്രിസ്ത്യാനിയായത്. (തീത്തൊ, 1:4). സ്വന്തസ്ഥലം സുറിയയിലെ അന്ത്യാക്യയാണെന്ന് കരുതപ്പെടുന്നു. തീത്തൊസ് പരിച്ഛേദന ഏറ്റിരുന്നില്ല. യെരുശലേം കൗൺസിലിൽ പരിച്ഛേദന ഒരു പ്രധാന വിഷയമാകുവാൻ കാരണം തീത്തൊസ് ആയിരുന്നു കൂടെന്നില്ല. പൗലൊസ് തീത്തോസുമായി യെരുശലേമിലേക്കു യാത്രചെയ്തതായി ഗലാത്യർ 2:1-ൽ കാണുന്നു. പ്രവൃത്തികൾ 15-ൽ പറയുന്നത് ഇതേ യാത്രയാണെങ്കിൽ തീത്തോസ് അന്ത്യൊക്യയിലും യെരൂശലേമിലും പൗലൊസിനോടു കൂടെ ഉണ്ടായിരുതായി മനസ്സിലാക്കാം. കൊരിന്തിൽ ധർമ്മശേഖരം പ്രോത്സാഹിപ്പിക്കുന്നതിനും അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തീത്തൊസിനെ കൊരിന്തിലേക്ക് അയച്ചു. (2കൊരി, 2:3,4,9, 7:8-12). എഫെസൊസിൽ നിന്നു പൗലൊസ് ത്രോവാസിൽ എത്തി. എന്നാൽ തീത്തൊസ് അവിടെ തക്കസമയത്തു എത്തിച്ചേരാഞ്ഞതുകൊണ്ട് പൗലൊസ് അസ്വസ്ഥനായി. (2കൊരി, 2:12). മക്കെദോന്യയിൽ വച്ച് തീത്തൊസ് പൗലൊസിനെ വന്നു കണ്ടു. തുടർന്നു കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനവുമായി തീത്തൊസിനെയും ഒപ്പം രണ്ടു സഹോദരന്മാരെയും കൊരിന്തിലേക്കു അയച്ചു. (2കൊരി, 8:16-24). ഒന്നാം ലേഖനം കൊരിന്തിൽ കൊണ്ടുപോയ സഹോദരന്മാരിൽ ഒരുവൻ തീത്തൊസ് ആയിരിക്കണം. (2കൊരി, 16:11-12).

റോമിലെ ഒന്നാം കാരാഗൃഹ വാസത്തിനുശേഷം പൗലൊസും തീത്തൊസും സുവിശേഷ പ്രവർത്തനങ്ങൾക്കായി ക്രേത്ത സന്ദർശിച്ചു. (തീത്താ, 1:5). ഇവിടെ വച്ച് പൌലൊസ് തീത്തൊസിനെഴുതിയ ലേഖനം അവനു ലഭിച്ചു. ശുശ്രൂഷാക്രമങ്ങളെക്കുറിച്ചും മൂപ്പന്മാരുടെ യോഗ്യതകളെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങൾ ഈ ലേഖനത്തിലൂടെ പൗലൊസ് നല്കി. ക്രേത്തയിലെ സഭാഭരണകാര്യങ്ങൾ പൂർത്തിയാക്കുന്നതിനും പട്ടണംതോറും മൂപ്പന്മാരെ നിയമിച്ച് സഭകളെ സംവിധാനം ചെയ്യുന്നതിനും ദുരുപദേശ വ്യാപനം ചെറുക്കുന്നതിനും പൗലൊസ് തീത്തോസിനോടാവശ്യപ്പെട്ടു. അവിടത്തെ ശുശ്രൂഷ ഏറ്റെടുക്കുന്നതിന് അർത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയയ്ക്കുമെന്നു പൗലൊസറിയിച്ചു. നിക്കൊപ്പൊലിസിൽ ശീതകാലം ചെലവഴിക്കാൻ നിശ്ചയിച്ചിരിക്കുന്നതു കൊണ്ടു അവിടെ വന്നു തന്നോടു ചേരണമെന്നും പൗലൊസ് തീത്തൊസിനോടു ആവശ്യപ്പെട്ടു. (തീത്താ, 3:12). നിക്കൊപ്പൊലിസിൽ ചെന്ന് തീത്തൊസ് പൗലൊസിനോടു ചേർന്നുവോ എന്നതു നിശ്ചയമില്ല. ഏറെത്താമസിയാതെ തീത്തൊസ് ദല്മാത്യയ്ക്ക് പോയതായി കാണുന്നു. (2തിമൊ, 4:10). അധികം അകലെയല്ലാതെ നിക്കൊപ്പൊലിസിന് വടക്കു കിടക്കുകയാണ് ദല്മാത്യ. പൗലൊസ് റോമിൽ ഒടുവിലത്തെ കാരാഗൃഹവാസം അനുഭവിക്കുമ്പോൾ തീത്തോസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. “തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.”(2കൊരി, 8:23). ഈ വാക്യത്തിൽ ‘ദൂതന്മാർ’ എന്നതിന് ഇംഗ്ലീഷിൽ messengers എന്നാണ്. ഗ്രീക്കിൽ അത് ‘അപ്പൊസ്തലൻ’ (apostolos) എന്നാണ്. പാരമ്പര്യമനുസരിച്ച് തീത്തോസ് ക്രേത്തയിലെ സ്ഥിരം ബിഷപ്പായിരുന്നു. വളരെ വൃദ്ധനായ ശേഷം മരിച്ചു.

അപ്പൊല്ലോസ്

അപ്പൊല്ലോസ് (Apollos)

“സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: ……. ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.” (1കൊരി, 4:6-9).

പേരിനർത്ഥം — അപ്പൊളോ ദേവനുള്ളവൻ

അലക്സന്ത്രിയക്കാരനായ ഒരു യെഹൂദൻ. (പ്രവൃ,18:24-28). തിരുവെഴുത്തുകളിലും യെഹൂദമതത്തിലും അവഗാഹം നേടിയിരുന്ന അപ്പൊല്ലോസ് ഒരു നല്ല വാഗ്മിയായിരുന്നു. അദ്ദേഹം എഫെസൊസിൽ വന്നു പള്ളികളിൽ പഠിപ്പിച്ചു. യോഹന്നാന്റെ സ്ഥാനത്തെക്കുറിച്ചു മാത്രമേ അപ്പൊല്ലോസ് അറിഞ്ഞിരുന്നുള്ളു. എഫെസൊസിൽ ഉണ്ടായിരുന്ന അക്വിലാസും പ്രിസ്കില്ലയും അദ്ദേഹത്തെ സ്വീകരിക്കുകയും ക്രിസ്തുമാർഗ്ഗം അധികം സ്പഷ്ടമാക്കിക്കൊടുക്കുകയും, ചെയ്തു. പിന്നീടദ്ദേഹം കൊരിന്തിലെത്തി, യെഹൂദന്മാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു. അപ്പൊല്ലോസിന്റെ പ്രസംഗപാടവവും പൗലൊസിൽ നിന്നും വ്യത്യസ്തമായി രീതികളും കൊരിന്തിലെ വിശ്വാസികളിൽ ചിലരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടാകണം. അവർ അപ്പൊല്ലോസിനെ പൗലൊസിനെക്കാൾ ശ്രേഷ്ഠനായി എണ്ണി. അങ്ങനെ അപ്പൊല്ലോസിന്റെ പക്ഷക്കാർ ഉണ്ടായി. (1കൊരി, 1:12, 3:4-6,22, 4:6). ഇതിനു അപ്പൊല്ലോസ് കാരണക്കാരൻ ആയിരിക്കാനിടയില്ല. കൊരിന്തു സഭയിൽ വീണ്ടും പോകാൻ അപ്പൊല്ലോസിനെ പൗലൊസ് നിർബ്ബന്ധിച്ചു എങ്കിലും പോയില്ല. (1കൊരി, 16:12). അവിടെ തന്റെ പേരിലുണ്ടായ ഭിന്നപക്ഷമായിരിക്കാം കാരണം. ഈ സമയം അപ്പൊല്ലോസ് പൗലൊസിനോടൊപ്പം എഫെസൊസിലായിരുന്നു. തീത്തൊസ് 3:13-ൽ പൗലൊസ് അപ്പൊല്ലോസിനെ പരാമർശിക്കുന്നുണ്ട്. കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിൽ അപ്പൊല്ലോസിൻ്റെ അപ്പൊസ്തലത്വം പൗലോസ് അംഗീകരിക്കുന്നുണ്ട്. (6:4,9). എബ്രായ ലേഖനകർത്താവ് അപ്പൊല്ലോസ് ആയിരിക്കാമെന്നു മാർട്ടിൻ ലൂഥർ അഭിപ്രായപ്പെട്ടു. പക്ഷേ അതിനു തെളിവൊന്നുമില്ല.

യൂനിയാവ്

യൂനിയാവ് (Junia)

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

പേരിനർത്ഥം — യൗവ്വനക്കാരൻ

ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യാനിയായിരുന്നു യൂനിയാവ്. ഇദ്ധേഹത്തെ പൗലൊസ് അപ്പൊസ്തലൻ ഏറെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. “എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7). മിക്ക ആധുനിക പണ്ഡിതന്മാരുടെയും കാഴ്ചപ്പാട്, ഈ വ്യക്തി ‘യൂനിയാ’ എന്ന സ്ത്രീയായിരുന്നു എന്നാണ്. എന്നാൽ ആദ്യകാലങ്ങളിൽ യൂനിയാവിനെക്കുറിച്ച് ഇങ്ങനെയൊരു സംശയമില്ലായിരുന്നു. അന്ത്രൊനിക്കൊസും യൂനിയാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പലർക്കും ആശയക്കുഴപ്പമുണ്ട്. ഭാര്യാഭർത്താക്കന്മാർ ആയിരുന്നെന്നും, സഹോദരങ്ങൾ ആയിരുന്നെന്നും കരുതപ്പെടുന്നു. എന്തായാലും, തനിക്കു മുമ്പേ ‘ക്രിസ്തുവിൽ വിശ്വസിച്ചവരും അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും’ എന്നു പൗലൊസ് സാക്ഷ്യം പറയുമ്പോൾ, അവരുടെ അപ്പൊസ്തലത്വത്തെ സംശയിക്കേണ്ടതില്ല.

ഓർത്തഡോക്സ് പാരമ്പര്യങ്ങൾ പറയുന്നത് പന്നോണിയയിലെ യൂനിയാവും അന്ത്രൊനിക്കൊസും ധാരാളം യാത്ര ചെയ്യുകയും പുറജാതികളോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തു, അവരിൽ പലരും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. പുറജാതീയ ക്ഷേത്രങ്ങളിൽ പലതും അടച്ചിടുകയും, തൽസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പണിയുകയും ചെയ്തു. യൂനിയാവും അന്ത്രൊനിക്കൊസും ക്രിസ്തുവിനായി രക്തസാക്ഷിത്വം വരിച്ചതായും വിശ്വസിക്കപ്പെടുന്നു.